Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവരറിയുന്നില്ല തങ്ങൾ എച്ച്ഐവി ബാധിതരെന്ന്

hiv-infection

ലോകത്ത് എച്ച്ഐവി ബാധിതരായ പകുതിയോളം പേർക്ക് തങ്ങൾ രോഗബാധിതരാണെന്ന് അറിയില്ലെന്ന് ലോകാരോഗ്യസംഘടന. 2015–ലെ കണക്കനുസരിച്ച് 40 ശതമാനം ആളുകൾക്കും അതായത് 14 ദശലക്ഷം പേർക്ക് തങ്ങൾ എയ്ഡ്സ് ബാധിതരാണെന്ന് അറിയില്ല. രോഗനിർണയം നടത്താത്തതാണ് എച്ച്ഐവി ബാധിതരായ എല്ലാവർക്കും ആന്റിറെട്രോവിയൽ തെറാപ്പി അഥവാ ആർട്ട് നടപ്പാക്കാനുള്ള തടസ്സമായി നിൽക്കുന്നത്.

എച്ച്ഐവി ബാധിതരായ 80 ശതമാനത്തിലധികം ആളുകളും ജീവൻ രക്ഷാമാർഗമായ ആർട്ട് സ്വീകരിക്കുന്നുണ്ട്. പക്ഷേ, ദൗർഭാഗ്യമെന്നു പറയട്ടെ ദശലക്ഷക്കണക്കിന് എച്ച്ഐവി ബാധിതർക്കും തങ്ങൾ രോഗികളാണെന്ന് തിരിച്ചറിയപ്പെടാത്തുകൊണ്ടുമാത്രം, മറ്റുള്ളവരിലേക്കു രോഗം പകരാതിരിക്കാൻ സഹായിക്കുകകൂടി ചെയ്യുന്ന ജീവൻരക്ഷാചികിത്സ നഷ്ടമാകുന്നു.

എച്ച്ഐവി ഉണ്ടോയെന്ന്് സ്വയം പരിശോധിക്കുന്ന സംവിധാനം എല്ലാവർക്കും ലഭ്യമാകുന്നതോടൊപ്പം ചികിത്സയും രോഗം തടയാനുള്ള മാർഗങ്ങളും ലഭ്യമാകണമെന്ന് ലോകാരോഗ്യസംഘടനാ മേധാവി മാർഗരറ്റ് ചാൻ പറയുന്നു.

എച്ച്ഐവി സ്വയം പരിശോധന എന്നാൽ ഓരോരുത്തർക്കും തികച്ചും സ്വകാര്യമായി അവരവരുടെ വീടുകളിൽ തന്നെയിരുന്ന് ചെയ്യാവുന്ന പരിശോധനാരീതിയാണ്. ഉമിനീരോ വിരലിന്റെ അറ്റത്തെ ഒരുതുള്ളി രക്തമോ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽതന്നെ തങ്ങൾ രോഗബാധിതരാണോ എന്ന് കണ്ടെത്താവുന്നതാണ്.

ടെസ്റ്റ് പോസിറ്റീവ് ആണെന്നു കണ്ടാൽ അടുത്തുള്ള ക്ലിനിക്കിൽ പോയി രോഗം സ്ഥിരീകരിക്കണം. അവിടെനിന്ന് രോഗത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടൊപ്പം കൗൺസലിങും ലഭിക്കും. തുടർചികിത്സ, രോഗം തടയൽ, മറ്റു സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ക്ലിനിക്കിൽ നിന്നു വിവരം ലഭിക്കുമെന്നും അതുകൊണ്ട് ഉടൻ സ്വയംപരിശോധയനയ്ക്ക് വിധേയരാകണമെന്നും ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നു.

പുരുഷൻമാർ തമ്മിൽ ലൈംഗികബന്ധം പുലർത്തുന്നവരിൽ സ്വയംപരിശോധന വഴി എച്ച്ഐവി ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകളുടെ പുരുഷപങ്കാളികൾക്ക് സ്വയംപരിശോധന ലഭ്യമായിരുന്നെങ്കിൽ എച്ച്ഐവി പരിശോധന നടത്താനുള്ള സാധ്യത രണ്ടുമടങ്ങാണെന്ന് അടുത്തിടെ കെനിയയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

എച്ച്ഐവിക്ക് സ്വയം പരിശോധനാസൗകര്യം ലഭ്യമാക്കുന്നതിലൂടെ ആളുകളെ ശാക്തീകരിക്കാനും അവരുടെ പങ്കാളികളെക്കൂടി പരിശോധന നടത്താൻ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്ന് ഡബ്ലൂഎച്ച്ഒയുടെ എച്ച്ഐവി തലവനായ ഗോട്ട്ഫ്രൈഡ് ബിൻഷാൽ പ്രസ്താവിച്ചു.

ഇപ്പോൾ 23 രാജ്യങ്ങളിൽ എച്ച്ഐവി സ്വയം പരിശോധനയെ പിന്തുണയ്ക്കുന്ന ദേശീയനയം രൂപീകരിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളും നയരൂപീകരണത്തിന്രെ പാതയിൽ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യും എച്ച്ഐവി സെൽഫ്ടെസ്റ്റിങ് പ്രോത്സഹിപ്പിക്കുന്ന ദേശീയനയം രൂപീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.