Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലവേദന മാറ്റാൻ പല വഴികൾ

headache

ഒാഫീസിൽ, വീട്ടിൽ, യാത്രയ്ക്കിടയിൽ, പാർട്ടിയിൽ എന്നു വേണ്ട എവിടെയും കടന്നു വന്ന് ശല്യപ്പെടുത്തുന്ന ഒന്നാണ് തലവേദന. പലതരം ലേപനങ്ങൾ നെറ്റിയിൽ വാരിപ്പൂശിയും തല അമർത്തിപ്പിടിച്ചും മരുന്നു കഴിച്ചുമൊക്കെ തലവേദനയോട് യുദ്ധം ചെയ്യുന്നവരുമുണ്ട്. പിരിമുറുക്കം, വിശ്രമമില്ലാതെ ജോലിചെയ്യൽ, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്കു പിന്നിലെ സാധാരണ കാരണങ്ങൾ. ഒരുപാട് എടുത്തു തളർന്ന തലച്ചോർ ‘‘എനിക്ക് വിശ്രമം വേണേ...’’ എന്നു നിലവിളിക്കുന്നതാണ് മിക്കപ്പോഴും തലവേദനയായി അനുഭവപ്പെടുന്നത്. മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമം കൊടുത്താൽ ഇത്തരം തലവേദന മാറിക്കിട്ടും.

ടെൻഷൻ തലവേദനയ്ക്ക്

ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. അത്തരത്തിൽ തലവേദന വരുമ്പോൾ നേരിടാൻ ചില ലളിത മാർഗങ്ങളിതാ.

ഒാഫീസിലിരുന്ന് ജോലി ചെയ്ത് മുഷിഞ്ഞ് തലവേദന വരുമ്പോൾ ഒന്ന് കെട്ടിടത്തിനു പുറത്തിറങ്ങി കാറ്റുകൊണ്ട് ശുദ്ധവായു ശ്വസിക്കൂ. ആശ്വാസം ലഭിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നതും തലവേദനയെ അകറ്റി നിർത്താൻ സഹായിക്കും.

വെളിച്ചം കുറഞ്ഞ മുറിയിൽ സുഖമായി ഒന്ന് മയങ്ങുന്നതും ഉറങ്ങുന്നതുമൊക്കെ തലവേദനയ്ക്കുളള ഏറ്റവും നല്ല മരുന്നായി മാറാറുണ്ട്. ഒന്നുറങ്ങിയെഴുന്നേൽക്കുമ്പോളേക്കും തലവേദന മാറും. തോളുകൾ ഉയർത്തി തലയുയർത്തിപ്പിടിച്ച് നടക്കുന്നതൊക്കെ നല്ല കാര്യം. ദീർഘനേരം ഇങ്ങനെ നടന്നാൽ ചിലപ്പോളത് തലവേദനയ്ക്ക് കാരണമാകും.

തലവേദന വരുമ്പോൾ തോളുകൾ അയച്ചിട്ട് നോക്കൂ. തോളുകൾ അയച്ചിട്ട് തലവേദനയ്ക്ക് മുൻപിൽ വിനയാന്വിതരാകാം. തലവേദന പിന്തിരിയും!

നല്ല ശ്വസനവും യോഗയും

ശരിയായ രീതിയിലല്ല നമ്മൾ ശ്വസിക്കുന്നതെങ്കിൽ തലച്ചോറിന് ആവശ്യത്തിന് ഒാക്സിജൻ ലഭിക്കണമെന്നില്ല. ദീർഘമായി ശ്വാസമെടുക്കുന്നതിലൂടെ രക്തത്തിലേക്ക് ധാരാളം ഓക്സിജന്‍ കലരും. ഇത് തലച്ചോറിലേക്ക് ചെല്ലുകയും ചെയ്യും. അല്പനേരം ഇങ്ങനെ ചെയ്താൽ ചെറിയ തലവേദനയ്ക്ക് മാറ്റം വരും. തലവേദന തുടങ്ങുമ്പോൾ തന്നെ സൗകര്യപ്പെടുമെങ്കിൽ ശ്വാസഗതിയ്ക്കു പ്രാധാന്യമുളള ലളിതമായ ഒന്ന് രണ്ട് യോഗാസനങ്ങൾ ചെയ്തു നോക്കൂ ഫലം കിട്ടും.

ഇനി തലവേദന വരുമ്പോൾ മരുന്നു വാങ്ങിക്കഴിക്കും മുൻപ് താഴെ പറയുന്നവയിലൊന്ന് പ്രയോഗിച്ചു നോക്കൂ.

വെളളം കുടിക്കാം മദ്യം വേണ്ട

ഡീഹൈഡ്രേഷൻ അഥവാ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥ തലവേദയ്ക്ക് കാരണമാകും. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും നല്ലതാണ്.

തലവേദനയുളളപ്പോൾ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ.

ഐസ് പാക്ക്

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നതാണ് തലവേദനയ്ക്ക് മറ്റൊരു പരിഹാരമാർഗം. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. മാനസിക സംഘർഷം കൊണ്ടും സൈനസ് കൊണ്ടും ഉണ്ടാകുന്ന തലവേദന ശമിപ്പിക്കാൻ ഉത്തമമാർഗമാണിത്. ഫ്രീസറിൽ വെച്ച് തണുപ്പിച്ച തുണിയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഫ്രിഡ്ജിൽ വച്ച പച്ചക്കറികൾ നിറച്ച പായ്ക്കറ്റും നെറ്റിയിൽ വെയ്ക്കാവുന്നതാണ്. ഐസ് നേരിട്ട് നെറ്റിയിൽ അമർത്തി വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് ചർമത്തെ ദോഷകരമായി ബാധിക്കും. ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞു തണുപ്പേൽപ്പിക്കാം.

കഴുത്തിൽ ചൂടു പിടിക്കാം

കഴുത്തിന്റെ പിൻഭാഗത്ത് മിതമായി ചൂടുപിടിക്കുന്നത് തലവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ ഉത്തമമാണ്. ചൂടേൽക്കുന്നതോടെ പേശികൾ റിലാക്സ് ചെയ്യും. നല്ല തലവേദനയുളളപ്പോൾ ഇളം ചൂടുളള വെളളം നിറച്ച ബക്കറ്റിൽ കാൽ മുക്കി വച്ചു നോക്കൂ. തലവേദന പടി കടക്കും.

പെൻസിൽ സൂത്രം

ഒരു പെൻസിൽ പല്ലുകൾക്കിടയിൽ വച്ച് അധികം അമർത്താതെ കടിച്ചു പിടിച്ച് അല്പനേരം നിൽക്കൂ. ടെൻഷനും അതുവഴിയുണ്ടാകുന്ന തലവേദനയും മാറ്റാൻ സഹായിക്കുന്ന ചെറിയൊരു വിദ്യയാണിത്.

ചൂടു നാരങ്ങാവെളളം

ചെറുനാരങ്ങ കൊണ്ടും തലവേദന മാറ്റാം. ശരീരത്തിലെ ആസിഡ് ആൽക്കലൈൻ അനുപാതം നിലനിർത്താൻ നാരങ്ങ കൊണ്ട് കഴിയും. മാത്രമല്ല ശരീരത്തേയും മനസ്സിനേയും റിലാക്സ് ചെയ്യിക്കാനും ഉന്മേഷമുളളതാക്കാനും ചെറുനാരങ്ങയ്ക്കുളള കഴിവ് അപാരമാണ്. ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിച്ച് നോക്കുക. ഗ്യാസ് കൊണ്ടും മറ്റുമുണ്ടാകുന്ന തലവേദന മാറും. ചെറുനാരങ്ങ മൊത്തത്തിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ ലേപനം ചെയ്യുന്നതും ആശ്വാസം നല്‍കും.

മൈഗ്രേൻ മാറ്റും ആപ്പിൾ

തലവേദനയ്ക്കെതിരെ പൊരുതാൻ ആപ്പിളും സഹായിക്കും. ആസിഡ് ആൽക്കലൈൻ ബാലൻസ് നിലനിർത്താൻ ഉത്തമമാണ് ആപ്പിൾ. മൈഗ്രേൻ തലവേദനയ്ക്ക് പച്ച ആപ്പിൾ ഗന്ധം പോലും ശമനമുണ്ടാക്കും. രാവിലെ തലവേദനയുമായിട്ടാണ് എഴുനേൽക്കുന്നതെങ്കിൽ ഒരു കഷ്ണം ആപ്പിളിൽ അൽപം ഉപ്പു വിതറി തിന്നുക. ഒപ്പം ആവശ്യത്തിനു വെളളവും കുടിക്കുക. മാറ്റം അനുഭവിച്ചറിയാം.

ചൂടുവെളളത്തിൽ മൂന്ന് നാല് ടേബിൾ സ്പൂണ്‍ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. എന്നിട്ട് ആവി പിടിക്കുക. തലവേദനയ്ക്ക് ശമനം ഉണ്ടാകും. ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഒപ്പം രണ്ടു തുളളി തേനും നാരങ്ങാ ജ്യൂസും ചേർക്കാം. ഒരു ദിവസം രണ്ടു മൂന്നു തവണയായി ഇതു കഴിക്കാം. തലവേദന മാറാൻ ഉത്തമമാണിത്. ആപ്പിൾ സിഡർ വിനഗർ സൂപ്പർമാർക്കറ്റുകളിലും മറ്റും ലഭ്യമാണ്.

യൂക്കാലിപ്റ്റസ് ഒായിൽ

യൂക്കാലിപ്റ്റസ് ഒായിൽ വേദന മാറ്റാൻ ഏറെ സഹായകരമാണ്. പേശികൾക്ക് വേണ്ടത്ര റിലാക്സേഷനിലൂടെയാണ് ഇതു വേദന കുറയ്ക്കുന്നത്. ഈ രൂക്ഷഗന്ധമുളള എണ്ണ നെറ്റിയിൽ സാവധാനം തടവിയാൽ മതി. യൂക്കാലിപ്റ്റസ് ഒായിൽ പുരട്ടി ശക്തമായി തിരുമ്മരുത്. അത് ചർമത്തിൽ തകരാറുണ്ടാക്കും.

ഇഞ്ചി ചേർത്ത ചായ

തലയിലെ രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ ഇഞ്ചി സഹായിക്കും. തലയിലെ വീക്കങ്ങളും മറ്റും മാറ്റാൻ പ്രകൃതിദത്തമായി ശരീരത്തിലുണ്ടാകുന്ന വേദനസംഹാരക സ്വഭാവമുളള വസ്തുക്കളുടെ ഉത്പാദന തോത് വർദ്ധിപ്പിക്കാനും ഇഞ്ചി സഹായിക്കുന്നു. ഇഞ്ചി ചേർത്ത ചായ ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് നല്ലതാണ്. തലവേദന തുടങ്ങുമ്പോൾ തന്നെ ഈ പ്രതിവിധി സ്വീകരിച്ചാൽ ഫലവും പെട്ടെന്ന് ലഭിക്കും. പാൽ ചേർക്കാതെ ഉപയോഗിക്കുന്നതാണ് കൂടുതൽ നന്ന്.

കറുവപ്പട്ട

തണുത്ത കാറ്റേറ്റുണ്ടാകുന്ന തലവേദനയ്ക്ക് ഉത്തമമാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ലേപനം ചെയ്യുന്നത് വേദന ശമിപ്പിക്കും.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം

ചിലർക്ക് ചില പ്രത്യേക ഭക്ഷണം തലവേദനയുണ്ടാക്കും. ഏത് ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ കാര്യം എളുപ്പമാണ്. അതങ്ങ് ഒഴിവാക്കിയാൽ മാത്രം മതി!

മോണോ സോ‍ഡിയം ഗ്ലൂട്ടാമേറ്റ് എം.എസ്.ജി പോലുളള(അജിനോമോട്ട) രാസവസ്തുക്കൾ ഭക്ഷണത്തിന്റെ നിറവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്നവയാണ്. അജിനോമോട്ടോ ചേർന്ന ഭക്ഷണം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഹോട്ടൽ ഭക്ഷണത്തെ തുടർന്നുണ്ടാകുന്ന മിക്ക തലവേദനയ്ക്കും പിന്നിലെ വില്ലൻ ഈ രാസവസ്തുവാണ്. ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കളിൽ എം.എസ്.ജി ചേർത്തിട്ടുണ്ടെങ്കിൽ ലേബലിലുണ്ടാകും . ഇത് കണക്കിലെടുത്തുവേണം ഭക്ഷ്യവസ്തു തിരഞ്ഞെടുക്കാൻ.

ഇതൊന്നും ചെയ്തിട്ടും ശമനമില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്.

Your Rating: