Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ ആപ് ഉപയോഗം സൂക്ഷിച്ചു ചെയ്യാം

486506976

‘അച്ഛനു പ്രമേഹമുണ്ട്. നാലുവർഷം മുൻപ് അറ്റാക്കുവന്നു. പിന്നെ ഇപ്പൾ വൃക്ക രോഗത്തിന്റെ ആരംഭവവും. മൂന്നു സ്പെഷലിസ്റ്റുകളുടെ ചികിത്സയിലാണ്. എല്ലാം കൂടി ഇൻസുലിൻ അടക്കം 10–15 മരുന്നുണ്ട്. വൃക്കരോഗവിദഗ്ധന്റെ മരുന്നു കഴിച്ചു തുടങ്ങിയപ്പോൾ അച്ഛനു കടുത്ത ക്ഷീണവും അസ്വസ്ഥതയും ഓക്കാനവും. എന്റെ മൊബൈലിൽ ഡ്രഗ് ഇന്ററാക്ഷന്‍ ചെക്കർ ആപ്ലിക്കേഷൻ ഉണ്ടായിരുന്നു. കഴിക്കുന്ന മരുന്നുകളൊക്കെയും അതിൽ രേഖപ്പെടുത്തി പരിശോധിച്ചു. രണ്ടു മരുന്നുകൾ ഒരുമിച്ചു കഴിക്കാൻ പാടില്ലാത്തവയായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്. പ്രശ്നം മരുന്നുകളുടെ പരസ്പര പ്രവർത്തനം തന്നെയാണെന്നു ഡോക്ടറെ കണ്ട് ഉറപ്പുവരുത്തി. മരുന്നു മാറ്റി പകരം ഇന്ററാക്ഷനില്ലാത്ത മരുന്നാക്കിയപ്പോൾ അച്ഛന്റെ പ്രശ്നങ്ങളും മാറി.’

ആരോഗ്യ ആപ്ലിക്കേഷനുകൾ

മൊബൈലിലെ ആരോഗ്യ ആപ്പിനെ നന്ദിയോടെ സ്മരിക്കുന്ന യുവാവിന്റെ വാക്കുകളാണ് ഇവിടെ വായിച്ചത്. മരുന്നുകളുടെ പ്രതിപ്രവർത്തനം കൂടി പറഞ്ഞു തരുന്ന ഇപ്പോക്രേറ്റസ് പ്ലസും മെഡ്സ്കോപ്പും പോലുള്ള ആപ്പുകൾ ഇന്ന് ഡോക്ടർമാർക്കും ഉപകാരപ്രദമാണ്.

ആരോഗ്യസംരക്ഷണത്തിനുള്ള സ്മാർട്ഫോൺ ആപ്പുകളുടെയെണ്ണം ഒന്നരലക്ഷം കവിഞ്ഞിരിക്കുന്നു. വിവിധ രോഗങ്ങളെപ്പറ്റി ചിത്രങ്ങളും വിഡിയോകളും സഹിതം അറിവും തരുന്ന ആപ്പുകളുണ്ട്. മരുന്ന് കഴിക്കാനും ഫോളോ അപ്പിനു പോകാനുമൊക്കെ ഓർമിപ്പിക്കുന്നവയുണ്ട്. വിശദമായ റിപ്പോർട്ടുകൾ തരിക. ഡോക്ടര്‍ക്ക് അയച്ചു കൊടുക്കുക തുടങ്ങി നമ്മുടെയതേ രോഗമുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ സഹായിക്കുന്നവ വരെയുണ്ട്.

ലഘുവായ പ്രശ്നങ്ങള്‍ക്ക് ആശുപത്രിയിൽ പോവാതെ പരിഹാരമുണ്ടാക്കാനുള്ളവയുമുണ്ട്. എന്നുവച്ച് ആപ്പുകളെയെല്ലാം കണ്ണുമടച്ചങ്ങു വിശ്വസിക്കാനാവില്ല.

ആപ്പുക‌ളിലെ കുഴപ്പങ്ങള്‍

മരുന്നുകളെയോ മെഡിക്കൽ ഉപകരണങ്ങളെയോ പോലെ വിദഗ്ധ നിർദേശങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയതോ ഗവേഷണങ്ങളിൽ ഫലപ്രാപ്തി തെളിഞ്ഞവയോ അല്ല 90 ശതമാനം ആരോഗ്യ ആപ്പുകളും. വൃക്കയിൽ കല്ലുള്ള രോഗികൾ കാത്സ്യം കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ഹാനികരമാകാമെങ്കിലും അത്തരം ഭക്ഷണം നിർദേശിക്കുന്ന ആപ്പുകളുണ്ട്. 2014–ൽ ആപ്പിളിന്റെ ആപ്പ്സ്റ്റോറിൽ അഞ്ചു മാസത്തോളം ‘ടോപ്പ് 50’ ലിസ്റ്റിലുണ്ടായിരുന്ന ഇന്റസ്റ്റന്റ് ബ്ലഡ് പ്രഷർ എന്ന ആപ്പ് മിക്കപ്പോഴും തരുന്നത് തെറ്റായ റീഡിങ്ങാണെന്നു പിന്നീടു തെളിഞ്ഞു.

കണ്ണടകളൊഴിവാക്കാൻ സഹായിക്കുമെന്നവകാശപ്പെട്ട അൾട്ടീം ഐസേ, അൽസ്ഹൈമറിനെ പ്രതിരോധിക്കുമെന്നവകാശപ്പെട്ട ലൂമോസിറ്റി എന്നിവയുടെ നിര്‍മാതാക്കൾക്ക് ആ വാദങ്ങളുടെ പേരില്‍ പിഴയടക്കേണ്ടിവരികയുമുണ്ടായി. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ആപ്പുകളെപ്പറ്റി നടന്ന ഒട്ടനേകം പഠനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത് ഏറിയപങ്ക് ആപ്പുകളും ഗുണനിലവാരമില്ലാത്തവയാണെന്നാണ്. ആപ്സ്റ്റോറിൽ ഏറ്റവുമാദ്യം കിട്ടുന്നവ ഏറ്റവും ശാസ്ത്രീയവും ഫലപ്രദവുമായവയുടേതാകുമെന്ന് അനുമാനിക്കാനേയാവില്ല. ഒരു ആപ്പ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത് ‘മെഡിക്കൽ’ കാറ്റഗറിയിലാണെന്നത് അതിന്റെ ആധികാരികതയുടെ തെളിവല്ല. ആപ്പ്സ്റ്റോറുകളിലെ റേറ്റിങ്ങുകളും ശാസ്ത്രീയമായി വലിയ സാംഗത്യമില്ലാത്ത അനുഭവസാക്ഷ്യങ്ങൾ മാത്രമാണ്.

ചില പ്രധാന രോഗങ്ങളുടെ ചികിത്സയിൽ സഹായകമാകുന്ന ആപ്ലിക്കേഷനുകളുണ്ട്. ഗവേഷണങ്ങളിൽ ഫലപ്രാപ്തി തെളിഞ്ഞതോ വിദഗ്ധവിശകലനങ്ങളിൽ കുറ്റമറ്റതെന്നു ബോധ്യപ്പെട്ടതോ ആയവയുണ്ട്. ആൻഡ്രോയ്ഡ്, ഐഫോൺ പ്ലാറ്റ്ഫോമുകളിലുള്ള ഫോണുകളിലും ടാബുകളിലും ഉപയോഗിക്കാവുന്ന ചില മികച്ച ആപ്പുകളെ പരിചയപ്പെടാം.

പ്രമേഹമുള്ളവർക്ക്

രക്തത്തിലെ ഗ്ലൂക്കോസ് നിലയും എടുക്കുന്ന ഇൻസുലിന്റെയളവും ഭക്ഷണ, വ്യായാമ വിശദാംശങ്ങളും മറ്റും കുറിച്ചുവയ്ക്കാൻ സഹായിക്കുന്ന ധാരാളം പ്രമേഹ ആപ്പുകളുണ്ട്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധ നിർദേശങ്ങൾ കൂടി രോഗിക്കു നൽകുന്ന ആപ്ലിക്കേഷനുകള്‍ (Bant, Bluestar Diabetes, DAFNE Online, Glucool Diabetes, iBGStar, Diabetes Manager) രോഗികൾക്ക് ഏറെ ഉപകാരപ്രദമാണ്.

ഗ്ലൂക്കോസ് നിലയും കഴിക്കാനുദ്ദേശിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവും നൽകിയാൽ ഇൻസുലിന്റെ ഡോസ് പറഞ്ഞുതരുമെന്നവകാശപ്പെടുന്ന ആപ്പുകൾ പലതുമുണ്ടെങ്കിലും അവ നല്ലൊരു പങ്കും അക്കാര്യത്തിൽ പരാജയമാണ്.

ശ്വാസകോശരോഗങ്ങള്‍

ആസ്മ ബാധിതർക്കുള്ള ആപ്പുകൾ മൂന്നിലൊന്നും ഇൻഹേലർ ഉപയോഗിക്കുന്നതിനെ പറ്റി തെറ്റായ നിർദേശങ്ങളാണു തരുന്നതെന്ന് ഒരു പഠനം കണ്ടെത്തി. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയറിയാൻ സഹായിക്കുന്ന ആപ്പുകൾ (Peak flow calculator) മിക്കവയും തെറ്റായ ഫലമാണ് നൽകുന്നത്.

ആസ്മയോ അലർജിക് റൈനൈറ്റിസോ ഉള്ളവര്‍ക്ക് രോഗം മൂർച്ഛിക്കുന്നതിന്റെയും അതിന്റെ കാരണങ്ങളുടെയും പരിശോധനാഫലങ്ങളുടെയും വിശദാംശങ്ങൾ കുറിച്ചുവയ്ക്കാനും മറ്റും എം. കാരറ്റ് (mCARAT) ഉപകരിക്കും.

ഹൃദയാരോഗ്യത്തിൽ

ചർമത്തിലെ രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങൾ ഫോൺക്യാമറകൊണ്ടു തിരിച്ചറിഞ്ഞ് പള്‍സ്റേറ്റ് പറഞ്ഞുതരുന്ന ആപ്പുകളുണ്ട്. പല കാരണങ്ങളാലും റീഡിങ് കൃത്യമാകാറില്ല ബി. പി. അളക്കാനും ആ അളവുകൾ ആപ്പുകളിൽ സൂക്ഷിക്കാനും വിവിധ ഉപകരണങ്ങളുണ്ട് (iHealth Sense, Withings wireless Blood Pressure Monitor). വർഷത്തിലൊരിക്കല്‍ സാധാരണ ബി. പി. അപ്പാരട്ടസുമായി താരതമ്യപ്പെടുത്തി ഇവ കൃത്യത വരുത്തണം

സാദാ ഇ. സി. ജി. ശേഖരിക്കാനും ചികിത്സകർക്കയയ്ക്കാനും ഇ. സി. ജി. റിക്കോർഡർ ഡിവൈസും ആപ്പുമടങ്ങുന്ന (ECG Check, eMotion, AliverCor) സംവിധാനങ്ങളും ലഭ്യമാണ്. ഹൃദയമിടിപ്പിന്റെ തോതും താളവും നിർണയിക്കാൻ മേൽപറഞ്ഞ ഒന്നോ രണ്ടോ ഇലക്ട്രോഡു മാത്രമുള്ളവ പര്യാപ്തമാണെങ്കിലും ഹൃദ്രോഗം തിരിച്ചറിയാൻ നാല് ഇലക്ട്രോഡുള്ള കാർഡിയോസെകുർ ആക്ടീവ് (CardioSecur Active) പോലുള്ളവ തന്നെ വേണം.

മാനസികപ്രശ്നങ്ങള്‍ക്ക്

മൂഡ് ജിം(Mood Gym) എന്ന ആപ്പും വെബ്സൈറ്റും വിഷാദബാധിതർക്ക് സി ബി റ്റി എന്ന മനശ്ശാസ്ത്ര ചികിത്സ ലഭ്യമാക്കുന്നതാണ്. മൊബിലൈസ് (Mobilyze) എന്നൊരാപ്പും വിഷാദശമനത്തിനു സഹായകമാണ്. പീക്ക് (Peak) എന്ന ആപ്പിന്റെ ഭാഗമായി വിസാർഡ് (Wizard) എന്ന ഗെയിം സ്കിസോഫ്രീനിയ ബാധിതരിലെ ചിലതരം ഓർമപ്രശ്നങ്ങൾ ലഘൂകരിക്കുന്നതിലും, (Fibit) മനോരോഗിക്ക് ശാരീരിക വ്യായാമങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതിലും വിജയിച്ചിട്ടുണ്ട്.

തലവേദന, അപസ്മാരം

അടിക്കടി തലവേദനയുണ്ടാകുന്നവർ ഏതൊക്ക സന്ദർഭങ്ങളിലാണു വേദന വരുന്നത്, ഒപ്പം മറ്റെന്തൊക്കെ ലക്ഷണങ്ങൾ കാണപ്പെടാറുണ്ട് എന്നൊക്കെ കുറിച്ചുവയ്ക്കുന്നത് രോഗവും ചികിത്സയും നിശ്ചയിക്കുന്നതിനു സഹായകമാകും. ഇതിനായി ആപ്പുകളുപയോഗിക്കുന്നത് (Headache, ecoHeadache, Headache Diary Pro) വിവിധ റിപ്പോര്‍ട്ടുകൾ ഓട്ടോമാറ്റിക്കായി കിട്ടാനും പ്രവണതകൾ തിരിച്ചറിയാനും നല്ലതാണ്.

അപസ്മാരത്തിന്റെ വീഡിയോ റിക്കോർഡ് ചെയ്യാനും പ്രഥമശുശ്രൂഷയെപ്പറ്റി മനസ്സിലാക്കാനുമൊക്കെ മികച്ച ആപ്പുകൾ
(Young Epilepsy, Epilepsy Toolkit) സഹായകരമാണ്.

ചർമരോഗങ്ങൾ

കാലാവസ്ഥയ്ക്കും ചർമ പ്രകൃതത്തിനും അനുസരിച്ച് സൺസ്ക്രീൻ നിർദേശിക്കാനും അലർജിയുണ്ടാക്കുന്ന ഘടകങ്ങളുടെ പ്രഭാവം രേഖപ്പെടുത്തിയിടാനുമെല്ലാം ആപ്പുകളുണ്ട്. അതേസമയം, ഫോട്ടോകളിലൂടെ സ്കിൻ കാൻസർ കണ്ടെത്താമെന്നവകാശപ്പെട്ട സ്കിൻ സ്കാൻ (Skin Scan) ഏറിയപങ്കു കാൻസറുകളെയും തിരിച്ചറിയാതെ വിടുന്നെന്നു തെളിയിക്കുകയാണ്ടായി.

മിഷിഗൺ സർവകലാശാല വികസിപ്പിച്ച യു. എം. സ്കിൻ ചെക് (UMSkinCheck) മറുകുകളുടെയും പാടുകളുടെയും ചിത്രമെടുത്ത് സൂക്ഷിക്കാനും അവ വലുതാകുന്നുണ്ടോയെന്നു നിരീക്ഷിക്കാനുമെല്ലാം സഹായകമാണ്.

വേദന കുറയ്ക്കാനും ആപ്പ്

കാൻസർ പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് വേദനയുടെ തീവ്രത കുറിച്ചു വയ്ക്കാന്‍ മനശ്ശാസ്ത്രജ്ഞരാൽ രൂപപ്പെടുത്തപ്പെട്ട പെയ്നോമീറ്റർ–വി2 (Painometer v2) ഉപയോഗിക്കാം. കാൻസർ ബാധിതരായ കുട്ടികൾക്ക് ഈയാവശ്യത്തിന് ഒരു ഗെയ്മിന്റെ കെട്ടും മട്ടുമുള്ള പെയ്ൻ സ്ക്വാഡും (Pain Squard) ലഭ്യമാണ്.

എന്നാൽ മറുവശത്ത്, പുകവലി നിർത്താൻ യത്നിക്കുന്നവർക്ക് (Smokerface, Smokerfree28) പ്രയോജനകരമായ ആപ്പുകളുമുണ്ട്.

ഹെൽത് ഗാഡ്ജറ്റുകള്‍

പ്രമേഹനിലയും രക്തസമ്മർദവും അളക്കാൻ ഫോണിനോട് കൂട്ടിച്ചേർക്കുന്ന ഗാഡ്ജറ്റുകൾ മാത്രമല്ല സ്വതന്ത്രമായി പ്രവർത്തിക്കുന്നവയുമുണ്ട് അവയിൽ ഏറ്റവും പ്രചാരം നേടുന്നത് ഫിറ്റ്നസ് ബാന്‍ഡുകളാണ്. കൈയില്‍ കെട്ടിയിരുന്നാൽ എത്ര ചുവടുകൾ നടന്നുവെന്നും തത്സമയ ഹൃദയമിടിപ്പ്, എത്ര ഊർജം വിനിയോഗിച്ചു തുടങ്ങിയ വിവിധ കാര്യങ്ങൾ ഈ ഉപകരണങ്ങൾ നൽകും. ഉപകരണവുമായി ബന്ധപ്പെട്ട ഫോണിലുള്ള ആപ്പുകളാണ് ഉറക്കത്തിന്റെ പാറ്റേൺ അടക്കമുള്ള കൂടുതൽ വിശകലനങ്ങള്‍ നടത്തുക.

ഇവിടെ പരിചയപ്പെടുത്തിയ ആപ്പുകൾ എല്ലാം തന്നെ രോഗനിർണയത്തേയോ ചികിത്സയേയോ സഹായിക്കാനുള്ളവയാണ്, മറിച്ച് അവയ്ക്ക് പകരം നിൽക്കുന്നവയല്ലെന്ന് പ്രത്യേകം ഓർമിക്കുക.

ഡോ. ഷാഹുൽ അമീന്‍

സൈക്യാട്രിസ്റ്റ്,

സെന്റ് തോമസ് ഹോസ്പിറ്റൽ,

ചെത്തിപ്പുഴ, ചങ്ങനാശ്ശേരി