Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യ ഇൻഷുറൻസിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

health-insurance

കുഞ്ഞക്ഷരങ്ങളിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ന്യായങ്ങളും നിബന്ധനകളും മനസ്സിലാക്കാതെ, നികുതി ഇളവ് ലഭിക്കുമല്ലോ എന്നു ധരിച്ച് മെഡിക്കൽ പോളിസികൾ വാങ്ങുന്നതു ഗുണം ചെയ്യില്ല. അസുഖം വന്ന് ആശുപത്രിയിലായാൽ ചെലവുകൾക്കു പരിരക്ഷ ലഭിക്കുമെന്നും ക്ലെയിം സമർപ്പിക്കുമ്പോൾ മധ്യവർത്തികളായ ടിപിഎകളും മറ്റും ആശുപത്രി ബില്ലുകളിൽ വെട്ടി നിരത്താൻ മുതിരുകയില്ലെന്നും ഉറപ്പാക്കിയ ശേഷം പോളിസികൾ എടുക്കണം. മുട്ടുന്യായങ്ങൾ പറഞ്ഞ് ക്ലെയിം നിരസിക്കുന്നതിലും അനുവദിച്ചാൽത്തന്നെ ഭാഗികമായി വെട്ടിക്കുറയ്ക്കുന്നതിലും ഇൻഷുറൻസ് കമ്പനികളിൽ സ്വകാര്യമേഖലയെന്നോ, പൊതുമേഖലയെന്നോ വ്യത്യാസമില്ല. ആരോഗ്യ ഇൻഷുറൻസ് പോളിസികളെപ്പറ്റി സി.എസ്.രഞ്ജിത് എഴുതുന്നു.

ചികിത്സാച്ചെലവുകൾക്കു പരിരക്ഷ

രോഗം മൂലമോ അപകടങ്ങൾ മൂലമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തേടേണ്ടിവരുന്ന സന്ദർഭങ്ങളിൽ മുറി വാടക, ഡോക്‌ടറുടെ ഫീസ് ഓപ്പറേഷൻ ചെലവുകൾ, നഴ്‌സിങ് ചെലവുകൾ, മരുന്നുകൾ, പരിശോധന ചെലവുകൾ എന്നിവയ്‌ക്കു വേണ്ടി വരുന്ന തുക ആശുപത്രികൾക്കു നേരിട്ടോ, പണം മുടക്കിയശേഷം പിന്നീടു മടക്കി നൽകുന്ന രീതിയിലോ ഇൻഷുറൻസ് കമ്പനി നൽകുന്ന പോളിസികളാണ് അടിസ്ഥാനപരമായി മെഡിക്കൽ പോളിസികൾ.

24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്ന സന്ദർഭങ്ങളിലാണു സാധാരണ ഗതിയിൽ പോളിസികളിൽ ആനുകൂല്യം ലഭിക്കുക. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നതിനു മുൻപും ഡിസ്‌ചാർജിനുശേഷവും അധികമായി വേണ്ടി വരുന്ന ചികിത്സാ ചെലവുകളും മിക്ക മെഡിക്കൽ പോളിസികളിലും അനുവദിച്ചു നൽകും. ചികിത്സ ചെലവുകൾക്കു പുറമെ ആശുപത്രിയിലെ അനുബന്ധ ചെലവുകൾക്കായി ഒരു നിശ്ചിത തുക കാഷ് അലവൻസായും പല പോളിസികളിലും ലഭിക്കും.

നിബന്ധനകൾക്കു വിധേയം

പോളിസി എടുത്ത ഉടൻ തന്നെ എല്ലാ അസുഖങ്ങൾക്കും പരിരക്ഷ ലഭിക്കുന്നില്ല. പോളിസി എടുത്ത രണ്ടു മുതൽ നാലു കൊല്ലം വരെ കാത്തിരുന്നാൽ മാത്രം പരിരക്ഷ ലഭിക്കുന്ന പല അസുഖങ്ങളുമുണ്ട്. പല്ല് സംബന്ധമായ ചികിത്സകൾ, പ്രസവ സംബന്ധമായ ചികിത്സകൾ, കണ്ണടയ്ക്കു വേണ്ടിവരുന്ന ചെലവുകൾ തുടങ്ങിയവ സാധാരണ ഗതിയിൽ പരിരക്ഷ ലഭിക്കാത്തവയാണ്. പരിരക്ഷ തുകയിൽ മുറി വാടക, നഴ്‌സിങ് ഫീസ്, തീവ്ര പരിചരണ ചെലവ് എന്നിങ്ങനെ പ്രത്യേകം പ്രത്യേകം പരിധികൾ ഉള്ളതിനാൽ അവയ്‌ക്ക് അനുസൃതമായി മാത്രമേ ക്ലെയിം അനുവദിക്കുകയുള്ളൂ.

രാജ്യത്തെ പട്ടണങ്ങളെ പല മേഖലകളായി തിരിച്ച് പ്രിമീയം കണക്കാക്കുന്നതിനാൽ സാധാരണ സ്ഥലങ്ങളിൽ ചികിത്സ തേടുമ്പോഴും വൻ നഗരങ്ങളിൽ നിന്നു ചികിത്സ തേടുമ്പോഴും ലഭിക്കുന്ന ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ടാകും. ഇന്ത്യയ്‌ക്ക് അകത്തുള്ള ആശുപത്രികളിൽ ചികിത്സിക്കുമ്പോൾ മാത്രമേ സാധാരണ പോളിസികളിൽ പരിരക്ഷയ്‌ക്ക് അർഹതയുണ്ടാകൂ.

നിലവിലുള്ള അസുഖങ്ങൾ

നിലവിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ ആ വിവരം വെളിപ്പെടുത്തിയശേഷം മാത്രമേ പുതുതായി മെഡിക്കൽ പോളിസികൾ വാങ്ങാൻ അനുവദിക്കുകയുള്ളൂ. പോളിസി വാങ്ങുന്നതിന് മുൻപ് അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണുക, പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കുക, ചികിത്സ സ്വീകരിക്കുക എന്നിങ്ങനെയുള്ള എല്ലാ അവസ്ഥകളും പോളിസി എടുക്കും മുൻപു വെളിപ്പെടുത്തേണ്ടതുണ്ട്.

പോളിസി എടുത്തു പരമാവധി നാലു കൊല്ലത്തിനുശേഷം, ഇത്തരത്തിൽ നിലവിലുണ്ടായിരുന്ന അസുഖങ്ങൾക്കു കൂടി ചികിത്സ ആവശ്യമായി വരുമ്പോൾ പോളിസി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. മുൻപുണ്ടായിരുന്ന അസുഖങ്ങളെക്കുറിച്ച് വെളിപ്പെടുത്താതെ പോളിസി എടുത്താൽ ക്ലെയിം ഉണ്ടാകുമ്പോൾ അവ നിരസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പോളിസികളിൽ കമ്പനി മാറ്റം

നിലവിലുള്ള ഇൻഷുറൻസ് കമ്പനിയിൽ നിന്നു മറ്റു കമ്പനികളിലേയ്‌ക്കു പോളിസികൾ മാറ്റുന്നതിന് ഇൻഷുറൻസ് പോർട്ടബിലിറ്റി എന്നറിയപ്പെടുന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകൾ അനുസരിച്ച് ഇരുപത്താറോളം കമ്പനികൾ മെഡിക്കൽ പോളിസികൾ വിൽക്കുന്നതിനായി റജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്.

ഏത് ഇൻഷുറൻസ് കമ്പനിയോട് അന്വേഷിച്ചാലും അവരുടേതാണ് ഏറ്റവും കെട്ടുറപ്പുള്ള കമ്പനിയെന്നും അവരുടെ പോളിസികളെക്കാൾ മികച്ചവയില്ലെന്നും അവകാശവാദമുന്നയിക്കും. പോളിസി എടുത്തിട്ടുള്ളവരോട് ക്ലെയിം അനുഭവങ്ങൾ അന്വേഷിച്ചാൽ മിക്കവർക്കും പരാതികളാകും പറയുവാനുണ്ടാകുക.

കമ്പനികൾ തമ്മിൽ മത്സര ബുദ്ധിയോടെ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന ഉദ്ദേശ്യത്തോടെയാണ് ഇൻഷുറൻസ് പോർട്ടബിലിറ്റി നടപ്പാക്കിയത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ മറ്റു കമ്പനികളിലേക്കു പോളിസികൾ മാറ്റാൻ അപേക്ഷിക്കാവുന്ന ഫോം ലഭ്യമാണ്.

നിലവിൽ പോളിസിയുള്ള കമ്പനി പോളിസി സംബന്ധമായ എല്ലാ വിവരങ്ങളും പോളിസി മാറ്റാൻ ഉദ്ദേശിക്കുന്ന കമ്പനിയ്‌ക്ക് ഏഴു ദിവസത്തിനുള്ളിൽ നൽകിയിരിക്കണമെന്നാണു നിയമം. നിലവിൽ ഗ്രൂപ്പ് ഇൻഷുറൻസിൽ അംഗമായിട്ടുള്ള വ്യക്തികൾക്ക് അതേ കമ്പനിയിൽ തന്നെ വ്യക്തിഗത പോളിസികൾ ആക്കി മാറ്റുന്നതിനും പോർട്ടബിലിറ്റി സൗകര്യം ഉപയോഗിക്കാം. ഒരു കമ്പനിയിൽ നിലവിലുള്ള പോളിസിയിൽ മെച്ചപ്പെട്ട സേവനം ലഭിക്കാതെ വരുമ്പോൾ മറ്റു കമ്പനികളിലേക്കു പോളിസികൾ മാറ്റാമെങ്കിലും ശ്രദ്ധിക്കേണ്ട പല സംഗതികളുമുണ്ട്.

∙ നിലവിലുള്ള പോളിസികളിൽ നോ ക്ലെയിം ബോണസ് ഉൾപ്പെടെയുള്ള പരിരക്ഷത്തുക ലഭ്യമാക്കുന്ന രീതിയിലായിരിക്കണം പോളിസി മാറ്റുന്നത്.

∙ നിലവിലുള്ള പോളിസി തീരുന്ന തീയതിയ്‌ക്ക് 45 ദിവസത്തിന് മുൻപ് പോളിസി മാറ്റാൻ ശ്രമിക്കുകയും നിലവിലുള്ള പോളിസി ലാപ്‌സ് ആകുന്നതിനുമുൻപു പുതിയ പോളിസി നിലവിൽ വരുന്ന രീതിയിൽ പോളിസി മാറ്റം പ്രാവർത്തികമാക്കണം.

∙ പോളിസി നൽകണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കുന്നതിനു കമ്പനികൾക്ക് പൂർണ അധികാരമുണ്ട്. എന്നാൽ പോളിസി മാറ്റാനായി അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ എതിർ അഭിപ്രായം അറിയിക്കാതിരുന്നാൽ പിന്നീടു പോളിസി നൽകുന്നതു നിരസിക്കാൻ കഴിയില്ല.

∙ പുതിയ കമ്പനിയുടെ നിബന്ധനകളും പഴയ കമ്പനിയുടെ നിബന്ധനകളും താരതമ്യം ചെയ്‌ത ശേഷം പ്രയോജനകരമാണെങ്കിൽ മാത്രമേ പോളിസി മാറ്റാവൂ.

∙ കമ്പനിയുടെ ഏജന്റ്, ഉദ്യോഗസ്ഥർ എന്നിവരുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം പോളിസികൾ മാറ്റാൻ കാരണമാക്കരുത്.

∙ നിലവിലുള്ള പോളിസിയിൽ തുടർച്ചയായി പൂർത്തിയാക്കിയ വർഷങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ അസുഖങ്ങൾക്ക് കാത്തിരിപ്പ് കാലാവധി ഇല്ലാതെ ലഭിക്കുന്ന പരിരക്ഷ പുതിയ പോളിസികളിലും ലഭിക്കുമെന്ന് ഉറപ്പാക്കണം.

∙ മറ്റു കമ്പനിയിലേക്കു പോളിസി മാറ്റാൻ അപേക്ഷിച്ചു എന്ന കാരണം പറഞ്ഞു നിലവിലുള്ള പോളിസി പുതുക്കി നൽകാതിരിക്കാൻ പഴയ കമ്പനിക്ക് അവകാശമില്ല.

∙ വിവിധ ചികിത്സാ ചെലവിനങ്ങൾക്കു ലഭ്യമായ പരിധി, പോളിസി ഉടമ കൂടി വഹിക്കേണ്ടുന്ന ചെലവനുപാതം, പരിരക്ഷ ലഭിക്കാതിരിക്കുന്ന അസുഖങ്ങൾ എന്നിങ്ങനെ ഓരോ തരം പോളിസികളിലും വ്യവസ്ഥകൾ വ്യത്യാസമുണ്ടാകും.

അസുഖ വിവരങ്ങൾവെളിപ്പെടുത്തുക മൂലം സംഭവിക്കാവുന്ന കാര്യങ്ങൾ:

∙ നിലവിലുള്ള അസുഖങ്ങൾ ഒഴിവാക്കി പുതിയ പോളിസി നൽകും.

∙ അധിക പ്രീമിയം വാങ്ങി നിലവിലുള്ള അസുഖങ്ങൾക്കു കൂടി ബാധകമാക്കിക്കൊണ്ടു പോളിസി നൽകും.

∙ നിലവിൽ അസുഖമുണ്ടെന്ന തിരിച്ചറിവോടെ സാധാരണ പോളിസി നൽകും.

∙ പോളിസി നിരസിക്കും.

എന്തൊക്കെയായാലും നിലവിലുള്ള അസുഖങ്ങൾ വെളിപ്പെടുത്തുകയും അത് അംഗീകരിച്ച് ഇൻഷുറൻസ് കമ്പനി നൽകുകയും ചെയ്യുന്ന പോളിസികൾ കൊണ്ടുമാത്രമേ പ്രയോജനമുള്ളൂ. ക്ലെയിം ഉണ്ടാകുമ്പോൾ നേരത്തേ നിലനിന്നിരുന്ന അസുഖങ്ങൾ മൂലമാണോ എന്നു പരിശോധിക്കാൻ എല്ലാ ഇൻഷുറൻസ് കമ്പനികളിലും കുറ്റമറ്റ സംവിധാനങ്ങളുണ്ട്.

പരിരക്ഷത്തുക തികയാതെ വന്നാൽ

നിലവിലുള്ള മെഡിക്കൽ പോളിസികളിൽ ക്ലെയിം ഉണ്ടാകുമ്പോൾ കാലാവധി ബാക്കി നിൽക്കെ പരിരക്ഷ തുക നാമമാത്രമായി കുറഞ്ഞാൽ ഇൻഷുറൻസ് ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. ഫാമിലി ഫ്‌ളോട്ടർ പോളിസികളിൽ ആദ്യമേ ഉണ്ടാകുന്ന ഉയർന്ന തുകയ്‌ക്കുള്ള ക്ലെയിം ബാക്കിയുള്ള അംഗങ്ങൾക്കു പര്യാപ്‌തമായ പരിരക്ഷ ഇല്ലാതെ വരുന്നു. ഇതിനൊരു പരിഹാരമായി അധിക പ്രിമീയം നൽകി റിസ്റ്റോറേഷൻ സൗകര്യം പ്രയോജനപ്പെടുത്താം. ഉപയോഗിച്ച തുകയ്‌ക്കു സമാനമായി പരിരക്ഷത്തുക പുനഃസ്ഥാപിച്ചുനൽകുകയാണ് റിസ്റ്റോറേഷൻ സൗകര്യത്തിൽ. അടിസ്ഥാന പോളിസിയിൽ ലഭ്യമായ പരിരക്ഷത്തുകയ്‌ക്ക് അധികമായി വർഷത്തിൽ ഉയർന്ന ഒരു ക്ലെയിമോ ഒന്നിലധികം ക്ലെയിമുകളോ ലഭിക്കത്തക്ക രീതിയിൽ ടോപ്അപ്, സൂപ്പർ ടോപ്അപ്, എന്നിങ്ങനെയുള്ള സേവനങ്ങളും ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

അസാധാരണ പരിരക്ഷകൾ

പരമ്പരാഗത മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ ലഭ്യമല്ലാതിരുന്ന പല പരിരക്ഷകളും ഇന്നിപ്പോൾ ലഭ്യമാണ്. ഉയർന്ന പ്രിമീയം നൽകി അധികമായി വാങ്ങാവുന്ന ഇത്തരം ഇൻഷുറൻസ് സേവനങ്ങൾ പല സ്വകാര്യ കമ്പനികളും മെഡിക്കൽ പോളിസികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

∙ പ്രസവ സംബന്ധമായി അമ്മയ്‌ക്കും കുട്ടിയ്‌ക്കും വേണ്ടി വരുന്ന ചികിത്സാ ചെലവുകളും, വന്ധ്യതാ നിവാരണ ചികിത്സകൾ എന്നിവയ്‌ക്ക് പരിരക്ഷ.

∙ വീട്ടിൽ കിടത്തി ചികിത്സിക്കുമ്പോൾ പരിരക്ഷ.

∙ ആശുപത്രികളിൽ മാത്രമല്ല പരിശോധനാ കേന്ദ്രങ്ങളിലും പണം നൽകാതെ ചികിത്സാ സൗകര്യം.

∙ അവയവ ദാനം സ്വീകരിക്കുന്നവർക്കും നൽകുന്നവർക്കും പരിരക്ഷ.

ഒന്നിലധികം പോളിസികൾ തടസ്സമില്ല

ഒരേ വ്യക്തിയ്‌ക്ക് ഒന്നിലധികം മെഡിക്കൽ പോളിസികൾ എടുക്കുന്നതിന് നിയമ തടസ്സമില്ല. ഒന്നിലധികം പോളിസി ഉള്ളവർ ഒരു കമ്പനിയിൽ നിന്ന് മാത്രമായോ, ഒന്നിലധികം കമ്പനികളിൽ നിന്ന് ഇഷ്‌ടമുള്ള അനുപാതത്തിലോ ക്ലെയിം ആവശ്യപ്പെടാം. ചികിത്സാ ചെലവ് ഒരു ഒറ്റ പോളിസിയുടെ പരിരക്ഷ പരിധിയ്‌ക്കുള്ളിൽ വരുന്ന ഘട്ടങ്ങളിൽ ആ പോളിസിയിൽ നിന്ന് മാത്രമായി ക്ലെയിം വാങ്ങാം. ഒന്നിലധികം കമ്പനിയിൽ നിന്ന് ക്ലെയിം ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ എല്ലാ കമ്പനികൾക്കും അറിയിപ്പ് നൽകുകയും പ്രത്യേകം പ്രത്യേകം ക്ലെയിം ഫോറങ്ങളും ആശുപത്രി രേഖകളും സമർപ്പിക്കേണ്ടി വരും. ഒരു കമ്പനിയിൽ നിന്ന് ക്ലെയിം തുക ഭാഗികമായി വാങ്ങി സെറ്റിൽമെന്റ് സർട്ടിഫിക്കറ്റ് കൂടി സമർപ്പിച്ചാലേ മറ്റ് കമ്പനികൾ ബാക്കിയുള്ള ക്ലെയിം തുക നൽകുകയുള്ളൂ. പണം നൽകാതെയുള്ള ചികിത്സ സൗകര്യം ഏതെങ്കിലും ഒരു ഒറ്റ പോളിസിയിൽ നിന്നു മാത്രമേ ഉപയോഗിക്കാനാകൂ.

ക്ലെയിം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കാൻ:

∙ ചികിത്സ തേടേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇൻഷുറൻസ് കമ്പനിക്ക് രേഖാമൂലം അറിയിപ്പ് നൽകണം.

∙ അടിയന്തര ഘട്ടങ്ങളിൽ കമ്പനിയുടെ മുൻകൂർ അനുമതിക്കായി കാത്തു നിൽക്കാതെ ചികിത്സ തേടേണ്ടതും അടിയന്തര സ്വഭാവം കമ്പനിയെ ധരിപ്പിക്കേണ്ടതുമാണ്.

∙ ചികിത്സ തേടാൻ സാവകാശം ലഭിക്കുന്ന സന്ദർഭങ്ങളിൽ സമാന ചികിത്സ രീതികൾക്ക് ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് ഈടാക്കുന്ന ചെലവ് നിരക്കുകളിൽ സാധാരണ ഈടാക്കുന്ന നിരക്കുകൾ തമ്മിലും വ്യത്യാസമുണ്ടോ എന്നു നേരത്തേ അന്വേഷിക്കണം. മാത്രമല്ല സമാന ചികിത്സ രീതികൾക്കു ചികിത്സ തേടാൻ ഉദ്ദേശിക്കുന്ന ആശുപത്രി ഈടാക്കുന്ന നിരക്കുകൾ മറ്റ് ആശുപത്രികളുടേതിനു സമാനമാണോ എന്നും അന്വേഷിക്കുന്നതു നല്ലതാണ്.

മെഡിക്കൽ പോളിസി എടുത്തവരുടെ അവകാശങ്ങൾ

മെഡിക്കൽ പോളിസി എടുത്തവർക്ക് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പല അവകാശങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

∙ എല്ലാ രേഖകളും സഹിതം ക്ലെയിം സമർപ്പിക്കുമ്പോൾ പണം നൽകുന്നതിന് 30 ദിവസത്തിനു മുകളിൽ വീഴ്‌ച വന്നാൽ ഇൻഷുറൻസ് കമ്പനി പലിശ കൂടി നൽകണം.

∙ പോളിസി ആനുകൂല്യങ്ങളും പ്രധാനപ്പെട്ട നിബന്ധനകളും സംബന്ധിച്ച് ഒറ്റ പേജിൽ തയാറാക്കിയ രേഖ കൂടി പോളിസിയോടൊപ്പം നൽകേണ്ടതാണ്.

∙ വ്യക്തമായ കാരണങ്ങളില്ലാതെ ക്ലെയിം നിരസിക്കുക, ഭാഗികമായി അനുവദിക്കുക എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഐആർഡിഎയുടെ വെബ്‌സൈറ്റിൽ നേരിട്ടോ ഇൻഷുറൻസ് ഓംബുഡ്‌സ്‌മാനോ പരാതി നൽകി പരിഹാരം തേടാം.

∙ പോളിസി ഉള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ത നിരക്കിൽ ആശുപത്രി ചാർജുകൾ ഈടാക്കുമ്പോഴും ഐആർഡിഎയ്‌ക്കു പരാതി നൽകാം.

ക്ലെയിം സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കാൻ

പണം നൽകാതെ ചികിത്സിക്കാൻ സൗകര്യമുള്ളപ്പോൾ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടത് ആവശ്യമാണ്. ഡോക്‌ടർമാരുടെ സാക്ഷ്യപത്രം, പരിശോധനാ റിപ്പോർട്ടുകൾ, ബില്ലുകൾ എന്നിവ ആശുപത്രി അധികൃതർ നേരിട്ട് ഇൻഷുറൻസ് കമ്പനികൾക്കോ ക്ലെയിം കാര്യങ്ങൾ നടത്താനായി ഇൻഷുറൻസ് കമ്പനി ഏർപ്പെടുത്തിയ ഇടനിലക്കാരായ ടിപിഎകൾക്കോ സമർപ്പിച്ചു കൊള്ളും. പണം നൽകി ചികിത്സ നേടിയ ശേഷം ഇൻഷുറൻസ് ക്ലെയിം ചെയ്‌തെടുക്കുന്നവർക്ക് ആശുപത്രി രേഖകൾ എല്ലാം തന്നെ കമ്പനിക്കു നേരിട്ടു നൽകേണ്ടതുണ്ട്.