Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യത്തിനില്ല, കുറുക്കുവഴികൾ

healthy-life

നല്ലതെന്നു കരുതപ്പെടുന്ന ഒരു കാര്യം മാത്രം കൃത്യമായി ചെയ്തതുകൊണ്ടോ, നല്ലതെന്ന് അറിയപ്പെടുന്ന ഒരു സാധനം മാത്രം പതിവായി കഴിക്കുന്നതുകൊണ്ടോ ആരോഗ്യം നേടാനാകില്ല. ആരോഗ്യത്തോടെ ജീവിക്കുന്ന ഒരാൾ അത്തരം ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ ആരോഗ്യത്തിന്റെ രഹസ്യം അതാണെന്നു പ്രചരിപ്പിക്കപ്പെടുന്ന, അല്ലെങ്കിൽ അതു പിന്തുടരുന്ന രീതി ഇന്നു നിലവിലുണ്ട്.ഉദാഹരണത്തിന് എനിക്കറിയാവുന്ന ഒരാളുണ്ട്. ദിവസം 30 മില്ലി വീഞ്ഞ് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ് എന്നൊരറിവ് അദ്ദേഹത്തിന് എവിടെ നിന്നോ കിട്ടിയിരുന്നു. അത് തന്റെ ജീവിതത്തിലും അദ്ദേഹം നടപ്പാക്കി. 30 മില്ലി വീഞ്ഞ് ദിവസവും കുടിക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്നുറച്ചു വിശ്വസിച്ചു. തനിക്കു മുന്നെയും പലരും വിശ്വസിച്ച പോലെ.

ആ ആശയം പലരും പന്തുടർന്നു എന്നു മാത്രമല്ല, അവരെ അതിനു പ്രേരിപ്പിക്കുംവിധം അതു മാർക്കറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.എന്നാൽ, യഥാർഥത്തിൽ സംഭവിച്ചതെന്താണ്? അദ്ദേഹത്തിന്റെ മറ്റു നല്ല ആരോഗ്യശീലങ്ങൾ, ചുറ്റുപാടുകൾ അദ്ദേഹത്തിനു നൽകിയ ആരോഗ്യദായകമായ പല സൗകര്യങ്ങൾ ആ 30 മില്ലി വീഞ്ഞിന്റെ ദോഷം അദ്ദേഹത്തിന് വരുത്താതെ സംരക്ഷിച്ചു. അതാണുണ്ടായത് എന്ന് ആരും പക്ഷേ തിരിച്ചറിയുന്നില്ല. അങ്ങനെ തിരിച്ചറിയാൻ ആർക്കും താൽപര്യമില്ലാത്തതുപോലെ തോന്നും നമ്മുടെ ആരോഗ്യ സങ്കൽപങ്ങളെ അപഗ്രഥിക്കുമ്പോൾ. അറിയേണ്ടത് ഇതാണ്– ആരോഗ്യത്തിന് ഒറ്റമൂലികൾ ഇല്ല.ഒരു വ്യക്തിയുടെ ആരോഗ്യം അയാളുടെ ജീവിതശൈലി, ആഹാരരീതി, അയാളുടെ പരിസ്ഥിതി അല്ലെങ്കിൽ അയാൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ ആരോഗ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.

കാര്യങ്ങൾ മനസ്സിലാക്കാനായി മാത്രം ആരോഗ്യത്തെ മൂന്നു പ്രധാന ഘടകങ്ങളായി തരംതിരിക്കാം. 1. ശാരീരികാരോഗ്യം 2. മാനസികാരോഗ്യം 3.പരിസ്ഥിതിയുടെ/സമൂഹത്തിന്റെ ആരോഗ്യം ഇവ തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഓരോ വ്യക്തിയെയും ചികിൽസിക്കുമ്പോൾ കണക്കിലെടുക്കേണ്ടത്. ആ ബന്ധമാണെ‍‍‍‍‍ങ്കിൽ ഓരോ വ്യക്തിയിലും വ്യത്യസ്തവുമായിരിക്കും. ശാരീരികാരോഗ്യം നേടാനായി നല്ല ജീവിതശൈലി സ്വായത്തമാക്കണം. അതിനായി ഓരോ വ്യക്തിയും ശാക്തീകരിക്കപ്പെടണം. ശാരീരികാരോഗ്യ പ്രശ്നങ്ങൾ വിവരിക്കാനും മനസ്സിലാക്കാനും വേണ്ടി അവയവങ്ങളായി തരംതിരിച്ചു വിശകലനം ചെയ്യാം. എന്നാൽ പ്രായോഗിക തലത്തിൽ, ഒരാളുടെ ശരീരത്തെ അവയവങ്ങളായി തരംതിരിച്ചു കാണുന്നത് തെറ്റായ രീതിയാണ്.

മാനസികാരോഗ്യം കിട്ടണമെങ്കിൽ ശരീരത്തിനാരോഗ്യമുണ്ടാവണം–ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിശ്ചയിക്കുന്നത് ആ വ്യക്തി ഉൾക്കൊള്ളുന്ന സമൂഹത്തിലെ സാമ്പത്തിക സാമൂഹിക വ്യവസ്ഥകളുടെ സൗകര്യങ്ങളുടെ, കുറവുകളുടെ, തെറ്റുകളുടെയും ശരികളുടെയും ഒക്കെ പ്രതിഫലനമാണ്. സാമ്പത്തികസുരക്ഷ, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, കൃഷി, നിയമം, പരിസ്ഥിതി തുടങ്ങി എല്ലാറ്റിനും ശാരീരികാരോഗ്യവും മാനസികാരോഗ്യവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ആരോഗ്യമുള്ള സമൂഹത്തിലേ ആരോഗ്യമുള്ള വ്യക്തികളുണ്ടാവുകയുള്ളൂ.

സമ്പത്ത് ചിലരിൽ മാത്രം കുമിഞ്ഞുകൂടുന്നതു വഴി ഉണ്ടാകുന്ന സാമ്പത്തിക അസമത്വങ്ങൾ മൂലം സംഭവിക്കുന്നത് എന്താണ്? അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഒരുക്കുവാനുള്ള സമ്പത്ത് എല്ലായിടത്തും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു.ഇന്ത്യ രോഗങ്ങളുടെ തലസ്ഥാനമായി മാറിയതിനു കാരണം ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നാം അന്വേഷിക്കേണ്ടത്.

ആരോഗ്യവും പരിസ്ഥിതിയും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ വീടും അയാളുടെ ചുറ്റുപാടും കാണുന്നതൊക്കെ അയാളുടെ പരിസ്ഥിതിയാണ്. നാളെ കഴിഞ്ഞാൽ പരിസ്ഥിതി ദിനവുമാണ്. നമ്മുടെ പരിസ്ഥിതിക്ക് ആരോഗ്യമുണ്ടെങ്കിലേ നമുക്ക് ആരോഗ്യമുണ്ടാകൂ– നമ്മുടെ ചുറ്റുമുള്ള വ്യക്തികൾക്ക് ആരോഗ്യമുണ്ടെങ്കിലേ നമുക്ക് ആരോഗ്യമുണ്ടാകൂ. സമൂഹത്തിന്റെ ആരോഗ്യമാണ് എന്റെ ആരോഗ്യം എന്ന് ഓരോ വ്യക്തിയും തിരിച്ചറിയണം.

സമൂഹത്തിലെ ഓരോ വ്യക്തിക്കും എക്കാലവും എവിടെയും ആരോഗ്യത്തിനാവശ്യമായ ഘടകങ്ങൾ ലഭ്യമായാലേ തനിക്കും അവ എപ്പോഴും എവിടെയും ലഭ്യമാകൂ എന്നു നാം ഓരോരുത്തരും മനസ്സിലാക്കണം.ഉദാഹരണത്തിന് സമൂഹത്തിൽ എല്ലാവരും മൂന്നു നേരവും സമീകൃതാഹാരം കഴിക്കുന്ന ഒരു കാലത്തു മാത്രമേ നമുക്കും മൂന്നു നേരവും സമീകൃതാഹാരം ലഭ്യമാകൂ. എവിടെയും എക്കാലവും ലഭ്യമാവൂ. സമൂഹത്തിൽ എല്ലാവർക്കും എപ്പോഴും ശുദ്ധജലം ടാപ്പിലൂടെ ലഭ്യമാവുമ്പോൾ മാത്രമേ ഒരു വ്യക്തിക്ക് എപ്പോഴും ശുദ്ധജലം ലഭ്യമാകൂ. എക്കാലവും എവിടെയും അതങ്ങനെയാണ്. ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യം തികച്ചും ഒരു സാമൂഹിക വിഷയമാണ്.

അതുകൊണ്ടാണ് ‘‘നാം എന്താണോ കഴിക്കുന്നത് അതാണ് നാം (We are what we eat)" എന്നു പറയുന്നത്. ചെറുപ്പകാലം മുതൽ നാം എന്തൊക്കെയാണോ കുടിക്കുന്നത്, കഴിക്കുന്നത്, കാണുന്നത്, ശ്വസിക്കുന്നത്, കേൾക്കുന്നത്, സ്പർശിക്കുന്നത്, അനുഭവിക്കുന്നത് അതിന്റെയൊക്കെ ആകെത്തുകയാണ് നാം എന്നു മനസ്സിലാക്കണം. സാമൂഹികാരോഗ്യം നേടാൻ ആത്മാർഥതയുള്ള അധ്യാപകർ, ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ, അഴിമതിയില്ലാത്ത ഉദ്യോഗസ്ഥരും ഭരണകൂടവും, ജനങ്ങൾക്കുവേണ്ടി സ്വയം സമർപ്പിച്ച സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയക്കാർ, മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്ന മതങ്ങളും മതനേതാക്കളും, രോഗചികിൽസയെക്കാൾ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കുടുംബ ഡോക്ടർ (ജിപി) ഇവയെല്ലാം അനിവാര്യമാണ്.

ആരോഗ്യം ലഭ്യമാക്കാൻ രോഗചികിൽസാ സംവിധാനങ്ങളുടെ വിപുലീകരണവും സാമൂഹികവൽക്കരണവുമല്ല വേണ്ടത്. മറിച്ച് സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ, ശാക്തീകരണം, മാനവിക വികസനം ഇവയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ദീർഘ വീക്ഷണമുള്ള രാഷ്ട്രീയ നേതൃത്വങ്ങളാണ്.