Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗ പരിശോധനകളും ഗുണദോഷങ്ങളും

heart-test

ഹൃദയാഘാതം ഒരു കീറാമുട്ടി പോലെ, അനാവശ്യ അതിഥിയെ പോലെ എത്തുക പതിവാണ്. ഇത് ജീവൻ മാത്രമല്ല. കുടുംബത്തെയും സമൂഹത്തെയും വല്ലാതെ വിഷമിപ്പിക്കും. ഈ വരവിനെ തടയാൻ പൂർണമായും പറ്റണമെന്നില്ല. പകരം ശരിയായ പരിശോധനകൾക്ക് ഈ വരവിന്റെ സൂചനകൾ തരാൻ സാധിക്കും. കൂടാതെ രോഗമുണ്ടോ? രോഗത്തിന്റെ തീവ്രത എത്രമാത്രമുണ്ട്? ഇടപെടലുകൾ ഉടൻ വേണമോ? ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ അറിയാനും ചികിത്സാരീതി തീരുമാനിക്കാനുമൊക്കെ വിവിധ പരിശോധനകൾ ഇന്നുണ്ട്. രക്തസമ്മർദം അറിയാനുള്ള പരിശോധനകൾ മുതൽ വിവിധ രക്തപരിശോധനകള്‍ വരെ ഹൃദയാരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കും വേണ്ടിവരാം. എന്നാൽ രോഗികൾക്ക് ഏറെ സംശയമുള്ളത് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പുതിയ ഉപകരണ പരിശോധനകളുടെ കാര്യത്തിലാണ്.

ഇ സി ജി

ഹൃദയത്തിലെ താളക്രമങ്ങളുടെ പഠനമാണ് ഇലക്ട്രോ കാർഡിയോ ഗ്രാം എന്ന ഇ സി ജി. വൈദ്യുത തരംഗങ്ങളുടെ ഒരു പഠനമാണ് ഇത്. ഇ സി ജിയിലൂടെ ഹൃദയാഘാത ലക്ഷണങ്ങൾ മാത്രമല്ല ഹൃദയതാളത്തിലുള്ള വ്യതിയാനങ്ങളും അറിയാം. ഗ്രാഫിലെ വ്യതിയാനമനുസരിച്ച് എത്രത്തോളം ഭീകരമാണ് രോഗാവസ്ഥ എന്ന് മനസ്സിലാക്കാൻ സാധിക്കും. എളുപ്പത്തിൽ ചെയ്യാവുന്നതും ഹൃദയാഘാത സാധ്യത പെട്ടെന്നു ബോധ്യപ്പെടുത്തുന്നതും കൊണ്ടാണ്, ഇ സി ജി കാർഡിയോളജി സ്റ്റിന്റെ ആദ്യപരിശോധനയായി മാറുന്നത്. മാത്രമല്ല ചെലവും കുറവാണ്.

ഇതൊക്കെയാണെങ്കിലും രണ്ടു പ്രധാന പ്രശ്നങ്ങൾ ഉണ്ട്.

∙ മുമ്പുള്ള ഇ സി ജി വ്യതിയാനമാണോ, അതോ പുതിയ വ്യതിയാനമാണോ എന്നറിയാൻ പലപ്പോഴും സാധിക്കാറില്ല. അതിനാൽ നെഞ്ചുവേദനയുമായി ആശുപത്രിയിൽ പോകുമ്പോൾ പഴയ ഇ സി ജി റിപ്പോർട്ട് മറക്കരുത്.

∙ ഇ സി ജി നോര്‍മൽ ആയതുകൊണ്ട് ഹൃദയാഘാതമില്ല എന്നു പറയാൻ സാധിക്കില്ല. മൂന്ന് ഇ സി ജി എട്ടുമണിക്കൂർ ഇടവിട്ട് എടുക്കുകയും മൂന്നിലും ഇ സി ജി വ്യതിയാനം ഇല്ല എന്നു കണ്ടാൽ90 ശതമാനം സാധ്യതയോടെ നെഞ്ചുവേദന ഹൃദയാഘാതം അല്ല എന്ന് പറയാം.

മുമ്പുണ്ടായിരുന്ന ഹൃദയാഘാതമോ, രക്തധമനിയുടെ അടവുകളോ ഇതുമൂലം പറയാൻ സാധിക്കുകയില്ല.

∙ ശരീരത്തിലെ ധാതുലവണങ്ങളുടെ മാറ്റങ്ങൾ പലപ്പോഴും ഇ സി ജി വ്യതിയാനങ്ങൾക്കും കാരണമാകുന്നു. ഇതിനെ ഹൃദയാഘാതമായി തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

∙ ജന്മനായുള്ള ഇ സി ജി വ്യതിയാനങ്ങൾ പലപ്പോഴും ഹൃദയാഘാതമായി തെറ്റിദ്ധരിക്കുക സാധാരണയാണ്.

ഇ സി ജിയിലുള്ള ഡോക്ടറിന്റെ അഗാധമായ അറിവ് പലപ്പോഴും ഈ ബുദ്ധിമുട്ടുകളെ മറികടക്കാൻ സഹായിക്കും.

എക്കോ ടെസ്റ്റ്

രണ്ടാമത്തെ പ്രധാന പരിശോധന എക്കോ കാര്‍ഡിയോഗ്രാം ആണ്. എക്കോ കാർഡിയോ ഗ്രാം എന്നാൽ ഹൃദയത്തിന്റെ അൾട്രാസൗണ്ട് സ്കാൻ പരിശോധനയെന്നര്‍ത്ഥം. ഹൃദയാഘാതം വരുന്ന രോഗികളിലെ ആദ്യ മാറ്റം ഈ പരിശോധനയിൽ വ്യക്തമാകുന്നതാണ്.

∙ ഹൃദയത്തിലെ മാംസപേശികളുടെ പ്രവർത്തനക്ഷമത മനസ്സിലാക്കാൻ ഈ പരിശോധന സഹായിക്കും ഹൃദയത്തിന്റെ ഭിത്തിയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും അറിയാനാകുന്നതിനാൽ ഹൃദയാഘാതം തുടങ്ങിയാലുടൻ തന്നെ മനസ്സിലാക്കാൻ സാധിക്കും.

∙ വാൽവുകളിലെ ലീക്ക് (അഥവാ മറ്റ് അറകളിലേക്ക് രക്തം ചലിക്കുന്നത്) അറിയാനുകുന്നതു ചികിത്സയുടെ ഗതി മാറ്റാം. ഹൃദയാഘാതം മൂലമുള്ള ഇത്തരം പ്രത്യാഘാതങ്ങൾ മരണനിരക്കു കൂട്ടുന്നു.

∙ ഹൃദയത്തിലെ ഭിത്തി പൊട്ടുന്നതാണ് വെറൊരു അപകടം. ഇതുനേരത്തെ കണ്ടുപിടിച്ച് രോഗി മരിക്കുന്നതു തടയാൻ ഈ പരിശോധന സഹായിക്കുന്നു.

∙ ഹൃദയത്തിനു ചുറ്റും വെള്ളം കെട്ടിനിൽക്കുക (അഥവാ പെരി കാർ‍ഡിയൽ ഇഫ്യൂഷൻ) എന്ന പ്രശ്നവും മനസ്സിലാക്കാൻ എക്കോ പരിശോധന അത്യന്താപേക്ഷിതമാണ്.

ട്രെഡ് മിൽ ടെസ്റ്റ്

വ്യായാമം ചെയ്യുമ്പോഴുള്ള ഇ സി ജിയിൽ ഉണ്ടാകുന്ന വ്യതിയാനത്തിലൂടെ ഹൃദത്തിന്റെ പ്രവർത്തനക്ഷമത മനസ്സിലാക്കുന്ന പരിശോധനയാണ് ട്രെഡ്മിൽ ടെസ്റ്റ് എന്ന ടി എം ടി. ഇതു ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത മനസിലാക്കുന്നതിനോടൊപ്പം ആളിന്റെ വ്യായാമം ചെയ്യാനുള്ള പരിധി മനസ്സിലാക്കാനും സഹായിക്കും. നെഞ്ചുവേദന ഹൃദയരക്ത ധമനികളുടെ അടവു മൂലം ഉള്ളതാണോ അതോ നെഞ്ചിലെ മാംസപേശികളുടെ വലിവു മൂലം ഉള്ളതാണോ അതോ ഉദരസംബന്ധമായ രോഗലക്ഷണമാണോ എന്നറിയാൻ ഈ പരിശോധന സഹായിക്കുന്നു.

∙ ട്രെഡ്മില്ലിൽ വ്യായാമം ചെയ്ത് ആറു മിനിറ്റിനുള്ളിൽ തന്നെ ഇ സി ജി വ്യതിയാനം ഉണ്ടാകുകയും അതു വ്യായാമം നിർത്തി ആറു മിനിറ്റിൽ കൂടുതൽ നിൽക്കുകയും ചെയ്താൽ വളരെ കടുത്ത അടവ് ആണെന്ന് മനസ്സിലാക്കാം. ഒന്നിൽ കൂടുതൽ രക്ത ധമനികൾക്ക് അടവുണ്ട് എന്നതിന്റെ സൂചനയാകാമത്.

∙ രോഗികളിൽ ധമനികളിലെ അടവ് മാറിയോ എന്നറിയാനും സഹായിക്കും. ഒപ്പം ആൻജിയോപ്ലാസ്റ്റിയ്ക്കോ ബൈപാസ് ശാസ്ത്രക്രിയയ്ക്കോ ശേഷമുള്ള വേദന ഹൃദയാഘാതലക്ഷണം ആണോ എന്നറിയാനും സാധിക്കും.

∙ നെഞ്ചിടിപ്പിലെ വ്യതിയാനം വ്യായമത്തിൽ കൂടുന്നോ എന്നു മനസ്സിലാക്കാൻ സാധിക്കും.

∙ ടി എം ടി, രക്തധമനിയിൽ അടവുണ്ടോ എന്ന് അറിയാനുള്ള ഏറ്റവും പ്രാധാന വഴികാട്ടിയാണ്.

ഹോൾട്ടർ പരിശോധന

ശരീരത്തിൽ ബന്ധിപ്പിച്ചു വയ്ക്കുന്ന ഉപകരണ സഹായത്താല്‍ 24 മണിക്കൂർ തുടർച്ചയായി ഇ സി ജി പരിശോധിക്കുന്നതാണ് ഹോർട്ടർ പരിശോധന. നെഞ്ചിടിപ്പു വ്യതിയാനം ബോധമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ടോ, നെഞ്ചിടിപ്പ് വല്ലാതെ കുറഞ്ഞു പോകുന്നുണ്ടോ എന്നറിയാൻ ഈ പരിശോധന സഹായിക്കും. മിടിപ്പു കൂടുന്ന സമയത്ത്, ഏതുതരം വ്യതിയാനമാണ് ഉണ്ടാകുന്നതെന്നറിയാനും ഈ പരിശോധന സഹായിക്കും. പേസ്മേക്കർ വയ്ക്കേണ്ടിവരുന്ന രോഗികളിൽ നെഞ്ചിടിപ്പിന്റെ അളവ് തീരെ കുറഞ്ഞു പോകുന്നുവെന്ന് തെളിയിക്കുന്നത് ഈ ഉപകരണമാണ്.

ആൻജിയോഗ്രാം

ഹൃദയരക്ത ധമനികളുടെ പരിശോധനയുടെ അവസാന വാക്കാണ് ആൻജിയോഗ്രാം. ധമനികളുടെ അടവു നേരിട്ടു മനസ്സിലാക്കാം. ആവശ്യമുള്ള ചികിത്സയും ഒപ്പം ചെയ്യാവുന്നതാണ്. അടവിന്റെ വ്യാപ്തി, എത്ര അടവ് ഉണ്ടെന്നറിയുക, ചികിത്സ ആൻജിയോപ്ലാസ്റ്റിയോ അഥവാ ബൈപാസ് ശാസ്ത്രക്രിയയോ എന്നു തീരുമാനിക്കുക ഇവ നിർണയിക്കാൻ ആൻജിയോഗ്രാം സഹായിക്കും.

∙ തുടയിലെയോ കൈത്തണ്ടയിലെയോ രക്തധമനി വഴി പരിശോധിക്കുന്നതാണ്. ഇത് ഒ. പി. പരിശോധനയായി നടത്താം.

∙ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് (മഷി 20മി. ലി മുതൽ40 മി. ലി. മതിയാകും. ആ അളവ് വൃക്കകൾക്ക് സുരക്ഷിതമാണ്.

ന്യൂക്ലിയർ സ്കാൻ

രക്തധമനിയിൽ അടവു വന്ന് മാംസപേശികളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ട രോഗികളിൽ രക്തധമനികളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ട രോഗികളിൽ രക്തധമനികളുടെ അടവു ബൈപ്പാസ് മുഖേനയോ. ആൻജിയോപ്ലാസ്റ്റി മൂലമോ മാറ്റിയാൽ പ്രവർത്തനക്ഷമത കൂടുമോ എന്നറിയാൻ ഈ പരിശോധന സഹായിക്കും ഇതു ചികിത്സയ്ക്കു ശേഷം ഉള്ള പരിശോധനയാണ്.

സി ടി സ്കാൻ

64 സ്ലൈസ് സി ടി സ്കാൻ, 128 സ്ലൈസ് സി ടി സ്കാൻ 256 സ്ലൈസ് സി ടി സ്കാൻ ഇവയുടെ സഹായത്തോടെ ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ അടവു മനസ്സിലാക്കാൻ സാധിക്കും. ഇതു ആന്‍ജിയോഗ്രാം ചെയ്യുന്ന കാത്‌ ലാബിന്‍റെ സഹായം കൂടാതെ ഒ പി പരിശോധന ആയി നടത്താം.

∙ ഹൃദയത്തിലെ മാത്രമല്ല, വൃക്കകൾ, തലച്ചോറ്, മഹാധമനി ഇവയുടെ അളവ് പരിശോധിക്കാം.

∙ രക്ത ധമനികളിലെ കാൽസ്യത്തിന്റെ അളവു മനസ്സിലാക്കാം.

∙ രോഗസാധ്യത തീരെ കുറഞ്ഞവർക്ക് ആൻജിയോഗ്രാം പരിശോധന കൂടാതെ ഹൃദയധമനിയിലെ അടവു കണ്ടെത്താം.

∙ മഷ ി ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ഇതിന്റെ അളവ് എപ്പോഴും 80 ml-ൽ കൂടുത‌ൽ വേണം. അതുകൊണ്ട് വൃക്കകള്‍ക്കു കേടുവരാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഈ പരിശോധനകൾ എല്ലാം എപ്പോഴും വഴികാട്ടിയാണ്. എന്നാലും ഒരു വ്യക്തിയുടെ രോഗലക്ഷണങ്ങൾ ആണ് ചികിത്സയില്‍ പരിശോധന ഏതു വേണമെന്ന് തീരുമാനിക്കാൻ പ്രേരിപ്പിക്കുന്നതും.

അതുകൊണ്ടുതന്നെ ഡോക്ടറോട് രോഗിയും ബന്ധുക്കളും രോഗലക്ഷണങ്ങൾ പൂർണമായും പങ്കുവയ്ക്കണം. അതു ഡോക്ടർ ശരിയായി വിശകലനം ചെയ്യുകയും വേണം. ഇതിലൂടെയാണ് ഹൃദയാഘാത ചികിത്സ വിജയം കാണുന്നത്.

ഡോ. പ്രാതാപ്കുമാർ എൻ
കാർഡിയോളജിസ്റ്റ്
മെഡിട്രിന ആശുപത്രി
കൊല്ലം, തിരുവനന്തപുരം