Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തിനു കാൻസർ വരുമോ?

heart

ശരീരത്തിലെ കോശങ്ങളുടെയും കലകളുടെയും വളർച്ചയ്ക്ക് കൃത്യമായ ജനിതക നിയന്ത്രണവും സമയവും കാലവും നിയതമായ സ്വഭാവവും ഒക്കെയുണ്ട്. ഈ നിയന്ത്രണം വിടുമ്പോഴാണ് കളി കാര്യമായി മാറുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാതെ കോശങ്ങൾ പെറ്റുപെരുകുമ്പോൾ, നമ്മുടെ ആരോഗ്യം ചോദ്യചിഹ്നമാകുന്നു. ഈ അവസ്ഥ– കോശങ്ങളും കലകളും അനിയന്ത്രിതവും അസാധാരണവുമായി പെരുകുന്നതിനെ– കാൻസർ അഥവാ അർബുദം എന്നു പറയുന്നു. കോശവിഭജനം അതിന്റെ നിയമങ്ങളെല്ലാം തെറ്റിക്കുന്നതാണ് അർബുദം.

വെദ്യശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യന്റെ ചിന്തയ്ക്കും അപ്പുറം പറക്കുമ്പോൾ, ഇന്നു കണ്ടുപിടിക്കപ്പെട്ട കാൻസറുകൾ ഒട്ടേറെ രൂപത്തിലും ഭാവത്തിലും നമ്മുടെ ആരോഗ്യത്തിനു ഭീഷണിയായി നിൽക്കുന്നു. അർബുദം എന്നാൽ മരണം എന്ന കാലത്തു നിന്ന് നമ്മൾ ഒരുപാടു മുന്നേറിക്കഴിഞ്ഞു. കൃത്യമായ ചികിൽസയും പരിചരണവും കൊണ്ട് അർബുദത്തെ കീഴടക്കിയവർ ഒട്ടേറയുണ്ട് നമുക്കു ചുറ്റും.

അപ്പോൾ പറ‍‍ഞ്ഞുവരുന്നത് എന്താണെന്നുവച്ചാൽ– തലച്ചോറ്, നട്ടെല്ല്, അസ്ഥി, വായ, ശ്വാസകോശം എന്നിങ്ങനെ മിക്കവാറും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. എന്നാൽ ഹൃദയത്തിനു കാൻസർ ബാധിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ..? ഹൃദയത്തിനു കാൻസർ ബാധിക്കുമോ..?

ഹൃദയത്തിനു കാൻസർ ബാധിക്കാമെന്നും എന്നാൽ അത് അപൂർവങ്ങളിൽ അത്യപൂർവമാണെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഹൃദയം നിർമിച്ചിരിക്കുന്ന കോശങ്ങളുടെ പ്രത്യേകതയാണ് അതിനു കാരണം. വിഭജനം നടക്കാത്ത കോശങ്ങളാലാണ് ഹൃദയത്തിന്റെ നിർമിതി. കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നത് വിഭജനം വഴിയാണല്ലോ. അപ്പോൾ വിഭജനം നടക്കുന്ന കോശങ്ങളിൽ, ആ കോശവിഭജനം നിയന്ത്രണത്തിനും അപ്പുറം ആകുമ്പോൾ കാൻസർ ആകും. എന്നാൽ വിഭജിക്കുകയേ ഇല്ലാത്ത കോശങ്ങളിൽ അതിനുള്ള സാധ്യത തുലോം വിരളമാണെന്നതാണ് നമ്മൾ മുകളിൽ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം.

ഹൃദയത്തിൽ മുഴകളുണ്ടാകാം, പക്ഷേ അവയിൽ ഭൂരിഭാഗവും നോൺകാൻസറസ് ആണ്. മിക്കവാറും മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനുമാവും. ഹൃദയ വാൽവുകളെയും പേശികളെയും ഒക്കെ അപൂർവമായി കാൻസർ ബാധിക്കാറുണ്ട്.

ശരീരത്തിലെ മൃദുകോശങ്ങളെ ബാധിക്കുന്ന സാർകോമ പോലുള്ള കാൻസറാണ് ഹൃദയത്തെ ബാധിക്കുന്നാതായി കാണുന്നത്. എന്നാൽ ശ്വാസകോശത്തിലോ കരളിലോ ഒക്കെ ബാധിച്ച കാൻസർ സെക്കൻഡറി സ്റ്റേജിൽ എത്തുന്ന സാഹചര്യത്തിൽ ഹ‍ൃദയത്തിലേക്കും പടരാറുണ്ട്.

Your Rating: