Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിത ഹൃദയവുമായി രണ്ടു പിഞ്ചോമനകൾ

heart-surgery ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങുന്ന അഖിൽ, ശിവനന്ദ് എന്നിവർക്കു നൽകിയ യാത്രയയപ്പിൽ ചികിൽസയ്ക്കു നേതൃത്വം നൽകിയ ഡോ.തോമസ് മാത്യു കേക്ക് മുറിക്കുന്നു. ഫാ.തോമസ് വൈക്കത്തുപറമ്പിൽ, ഡോ.എഡ്വിൻ ഫ്രാൻസിസ്, വി,എസ്.രാജേഷ്, ഡോ. സി.സുബ്രഹ്മണ്യം, എബിൻ എബ്രഹാം, ജെനിൻ രാജ്, ശിവന്ദിന്റെ അമ്മ ധന്യ, അഖിലിന്റെ അമ്മ സരിത, ഡോ.അനു ജോസ് എന്നിവർ സമീപം.

ആ രണ്ടു പിഞ്ചോമനകൾ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. ആ ചിരിയിൽ രണ്ടു കുടുംബത്തിന്റെ പ്രാർഥനയുണ്ടായിരുന്നു. ഒരു കൂട്ടം ഡോക്ടർമാരുടെ അർപ്പണബോധമുണ്ടായിരുന്നു. കാസർകോട് സ്വദേശികളായ രതീഷ്– സരിത ദമ്പതികളുടെ മകനായ ആറു മാസം പ്രായമുള്ള അഖിൽ, വയനാട് സ്വദേശികളായ സജിത് കുമാർ –ധന്യ ദമ്പതികളുടെ മകനായ മൂന്നു മാസം മാത്രം പ്രായമുള്ള ശിവനന്ദ് എന്നിവരാണ് ജീവിതം തിരികെ പിടിച്ചു ലിസി ആശുപത്രിയിൽ നിന്നു ഒരേ ദിവസം പടിയിറങ്ങിയത്.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ഇരുവരേയും തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്നു കൊച്ചി ലിസി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജന്മനാ തന്നെ കടുത്ത ഹൃദ്രോഗ ബാധിതനായിരുന്നു അഖിൽ. ചികിത്സക്കായി വിവിധ ആശുപത്രികളിൽ കയറിയിറങ്ങി അവസാനം തിരുവനന്തപുരത്ത് എത്തുകയായിരുന്നു ഇവർ. രക്തം പമ്പു ചെയ്യുന്ന പ്രധാന അറകളിലേക്കുള്ള രണ്ടു വാൽവുകൾ ഒരുമിച്ചു ചേർന്ന് ഒറ്റ വാൽവായിരിക്കുന്ന അവസ്ഥയായിരുന്നു കുട്ടിക്കുണ്ടായിരുന്നത്. കൂടാതെ ഹൃദയത്തിന്റെ രണ്ടു ഭിത്തികളിലും സുഷിരവും ഉണ്ടായിരുന്നു. ഇതെല്ലാം മൂലമുണ്ടായ അധിക രക്തസമ്മർദ്ദത്തെ തുടർന്നു വലതു ശ്വാസകോശത്തിനു ന്യുമോണിയ ബാധിക്കുകയും കുട്ടിയെ വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്‌തിരുന്നു. 10 ദിവസങ്ങൾക്കു മുൻപു ഒരു സുഹൃത്തിൽ നിന്നു ഫോൺ നമ്പർ സംഘടിപ്പിച്ചു അഖിലിന്റെ പിതാവ് ലിസി ആശുപത്രിയിലെ പീഡിയാട്രിക് സർജൻ ഡോ.തോമസ് മാത്യുവിനെ വിളിക്കുന്നത്.

ആ ഫോൺവിളിയോട് വളരെ വേഗം പ്രതികരിച്ച അദ്ദേഹം ഉടൻതന്നെ ചികിത്സ നടത്തുന്ന ആശുപത്രിയുമായി ബന്ധപ്പെടുകയും തന്റെ മെഡിക്കൽ സംഘത്തോടൊപ്പം തിരുവനന്തപുരത്തേക്ക് തിരിക്കുകയുമായിരുന്നു. പുലർച്ചെ അവിടെ എത്തിയ അവർ വൈകാതെതന്നെ കുട്ടിയുമായി കൊച്ചിയിലേക്കു മടങ്ങി. അത്യാസന്ന നിലയിലായിരുന്ന കുട്ടിയുമായി മൂന്നുമണിക്കൂർ കൊണ്ടു മെഡിക്കൽ സംഘം ലിസി ആശുപത്രിയിൽ എത്തിച്ചേരുകയും അന്നുതന്നെ കുട്ടിയെ ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്‌തു.

സമാനമായ രീതിയിൽ തൊട്ടടുത്ത ദിവസം പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എഡ്‌വിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ശിവനന്ദ് എന്ന മൂന്നുമാസം പ്രായമുള്ള കുട്ടികയേയും ക്രിട്ടിക്കൽ കെയർ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്നും ലിസി ആശുപത്രിയിൽ എത്തിച്ചു ഹൃദയ ശസ്‌ത്രക്രിയ നടത്തി. ഡോ. സി. സുബ്രഹ്മണ്യൻ, ഡോ. അനു ജോസ് എന്നിവരും ശസ്‌ത്രക്രിയയിലും തുടർ ചികിത്സയിലും പങ്കാളികളായിരുന്നു.

വിജയകരമായ ശസ്‌ത്രക്രിയക്കും ആശുപത്രിവാസത്തിനും ശേഷം രണ്ടു കുട്ടികളേയും ആശുപത്രിയിൽ നിന്നും ഒരേ ദിവസം തന്നെ ഡിസ്‌ചാർജ്ജ് ചെയ്‌തു. ആശുപത്രി ഡയറക്‌ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം എന്നിവരും കുട്ടികളെ യാത്രയാക്കാൻ എത്തിയിരുന്നു.

രണ്ടു കുട്ടികളുടേയും കുടുംബങ്ങൾ സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലുള്ളതാണ്. ഇതിനാൽ ഡോ. വർഗീസ് മൂലൻസ് ഫൗണ്ടേഷനുമായും ദുബായിലുള്ള മാർ ഇഗ്നേഷ്യസ് യാക്കോബായ കത്തീഡ്രലുമായും സഹകരിച്ചു പൂർണ്ണമായും സൗജന്യമായിട്ടാണു ഇരു ശസ്‌ത്രക്രിയകളും ലിസി ആശുപത്രിയിൽ നടത്തിയത്.

Your Rating: