Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയരവും രോഗവും തമ്മിൽ

height

ഉയരവും രോഗങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ചില സാധാരണ രോഗങ്ങൾ മൂലമുള്ള മരണനിരക്കിന് ഉയരവുമായി ബന്ധമുണ്ടെന്ന് ഗവേഷകർ. ശരീരഭാരവും മറ്റു ഘടകങ്ങളും ഒന്നും കണക്കിലെടുക്കാതെയാണിത്.

ഒരാളുടെ ഉയരം നിർണയിക്കുന്നത് ജനിതകഘടകങ്ങളാണ്. എന്നാൽ അടുത്ത കാലത്തായി കുട്ടികളുടെയും മുതിർന്നവരുടെയും ഉയരം ക്രമമായി കൂടുന്നതായാാണ് നിരീക്ഷണം. അതായത് പൊക്കം കൂടുതലുള്ളവരുടെ എണ്ണം കൂടുന്നു.

ഉയരം കൂടുതലുള്ളവർക്ക് ഹൃദ്രോഗവും ടൈപ്പ് –2 പ്രമേഹവും വരാനുള്ള സാധ്യത കുറവാണെന്ന് ജർമനിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. എന്നാൽ ഇവർക്ക് അർബുദം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

ഓരോ 6.5 സെന്റീമീറ്റർ ഉയരക്കൂടുതലിനും അനുസരിച്ച് ഹൃദയസംബന്ധമായ രോഗം മൂലമുള്ള മരണനിരക്ക് ആറു ശതമാനം കുറയുന്നു. അർബുദ മരണനിരക്ക് ഇതിന് വിപരീതവും. അതായത് ഉയരം 6.5 സെന്റീമീറ്റർ കൂടുന്നതനുസരിച്ച് അർബുദം മൂലമുള്ള മരണനിരക്ക് നാലു ശതമാനം കൂടുന്നുവെന്ന് എപ്പിഡെമിയോളജിക്കൽ ഡേറ്റ സൂചിപ്പിക്കുന്നു.

ഉയരം കൂടിയ ആളുകൾ ഇൻസുലിൻ സെൻസിറ്റീവ് ആണ്. കൂടാതെ അവരുടെ കരളിലെ കൊഴുപ്പിന്റെ അളവ് കുറവുമാണ്. ഹൃദയരോഗങ്ങളും ടൈപ്പ് –2 പ്രമേഹവും ഇവർക്ക് കുറയാനുള്ള കാരണം ഇതാകാമെന്ന് പഠനം നടത്തിയ ജർമനിയിലെ ടുബിൻജൻ സർവകലാശാലയിലെ നോബർട്ട് സ്റ്റെഫാൻ പറയുന്നു.

ലിപ്പിഡ് മെറ്റബോളിസം മൂലമുണ്ടാകുന്ന ക്രമക്കേടുകളിൽ നിന്ന് ഉയരം കൂടിയ ആളുകൾക്ക് സംരക്ഷണം ലഭിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. പുതിയ കണ്ടെത്തൽ ഇതുമായി ചേർന്നു പോകുന്നു. ഉയരം കൂടിയ ആളുകൾക്ക് ഹൃദയസംബന്ധമായ രോഗങ്ങളും ടൈപ്പ് –2 പ്രമേഹവും കുറയുന്നതായും അർബുദ സാധ്യത ഏറുന്നതയായും പഠനഫലം കാണിക്കുന്നു.