Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം തലയല്ലേ? ഹെൽമറ്റ് ശരിയായി വയ്ക്കാം

helmet

ഇരുചക്ര വാഹനയാത്രക്കാരിൽ 95 ശതമാനവും ഹെൽമറ്റ് വയ്ക്കുന്നുവെന്നത് അഭിമാനകരമായ കാര്യം. പക്ഷേ, ഇവരെല്ലാം ശരിയായി ഹെൽമറ്റ് ധരിക്കുന്നവരാണോ ...അല്ലെന്നാണു പഠനങ്ങൾ പറയുന്നത്. പൊലീസിന്റെ കണ്ണിൽ പൊടിയിടാനും പിഴയിൽ നിന്നു രക്ഷപ്പെടാനുമുള്ള മാർഗം മാത്രമായാണു പലരും ഹെൽമറ്റ് ധരിക്കുന്നത്.

ഹെൽമറ്റ് ധരിക്കുന്നവരിൽ ഭൂരിഭാഗവും ചിൻ സ്ട്രാപ് ഘടിപ്പിക്കുന്നില്ലെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. റോട്ടറി ഇന്റർനാഷനലിന്റെ റോഡ് സേഫ്റ്റി പരിപാടിയുടെ ഭാഗമായി കളമശേരി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ക്യാംപയിനിൽ വളരെക്കുറച്ചു പേർ മാത്രമാണു ചിൻസ്ട്രാപ് ധരിച്ചിരിക്കുന്നതെന്നു കണ്ടെത്തി.

ഇരുചക്ര വാഹന യാത്രക്കാരിൽ ട്രാഫിക് നിയമങ്ങളിൽ പാലിക്കുന്നവർക്കു സമ്മാനങ്ങളുമായി ദേശീയ പാതയുടെ വിവിധ സ്ഥലങ്ങളിലാണു പ്രവർത്തകർ കാത്തിരുന്നത്. 710 ൽ 700 പേരും ഹെൽമറ്റ് ധരിച്ചിരുന്നതായി ഇവർ പറയുന്നു. ഇതിൽ എൺപതിൽ താഴെ ആളുകൾ മാത്രമാണു ചിൻ സ്ട്രാപ് ഇട്ടു ഹെൽമറ്റ് കൃത്യമായി ധരിച്ചിരുന്നത്.

ഹെൽമറ്റ് ധരിക്കുന്നതിന്റെ പ്രയോജനം ലഭിക്കണമെങ്കിൽ ചിൻ സ്ട്രാപ് കൂടി അണിയണമെന്നു വിദഗ്ധർ പറയുന്നു. തലയുടെ സംരക്ഷണം ഉറപ്പാക്കാനാണു ഹെൽമറ്റ് ധരിക്കുന്നത്. ഹെൽമറ്റ് ധരിക്കുന്നുണ്ടെങ്കിലും ഇരുചക്ര വാഹനാപകടങ്ങളിൽ മരണം പതിവാകുന്നതിനു കാരണം ഇത്തരം ചില മറവികളാണ്. അപകടങ്ങളിൽ തലയ്ക്കു ക്ഷതമേറ്റു മരണവും ഗുരുതരമായി പരുക്കേൽക്കുന്നതും പതിവാണ്. കൃത്യമായി ഹെൽമറ്റ് ധരിക്കുന്നതിലുടെ 40 ശതമാനം മരണം ഒഴിവാക്കാമെന്നു ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി ന്യൂറോ സർജൻ ഡോ. ടി.കെ. മനോജ് പറയുന്നു.

ഗുരുതര അപകടങ്ങളിൽ നിന്നു രക്ഷനേടാനും സാധിക്കും. അപകടം സംഭവിക്കുമ്പോൾ ഹെൽമറ്റ് തലയിലുണ്ടെങ്കിൽ മാത്രമേ ഗുരുതരാവസ്ഥയിൽ നിന്നു രക്ഷപ്പെടാൻ സാധിക്കൂ. തലയിൽ ഹെൽമറ്റ് ഉണ്ടെന്ന് ഉറപ്പാക്കുന്ന ഏക ഘടകം ചിൻസ്ട്രാപ്പാണ്. അല്ലെങ്കിൽ അപകടത്തിൽ ഹെൽമറ്റ് തെറിച്ചു പോകാനുള്ള സാധ്യതയുണ്ട്. ഹെൽമറ്റിന്റെ സ്ഥാനചലനം പോലും ഗുരുതര പരുക്കുകൾക്കു കാരണമാകാം.

ഇരുചക്ര വാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണു കൂടുതൽ ക്ഷതമേൽക്കുക. ഇടിയുടെ ആദ്യ സെക്കൻഡിൽ സംഭവിക്കുന്ന പ്രഥമ ക്ഷതങ്ങളും (പ്രൈമറി ഇൻജുറി) പിന്നീടുണ്ടാകുന്ന കേടുപാടുകളും (സെക്കൻഡറി ഇൻജുറി) കൂടുതൽ അപകടകരമാവാതിരിക്കാൻ ഹെൽമറ്റ് കൃത്യമായി ധരിക്കുന്നതു സഹായിക്കുമെന്നു ഡോക്ടർമാർ പറയുന്നു.

അപകടത്തിന്റെ ആദ്യ സെക്കൻഡിൽ തലയ്ക്കകത്തു സംഭവിക്കുന്ന ക്ഷതമോ രക്തസ്രാവമോ ആണു പ്രൈമറി ഇൻജുറി. മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം തലച്ചോറിൽ സംഭവിക്കാവുന്ന ആഘാതമാണു സെക്കൻഡറി ഇൻജുറി. ചികിത്സയിൽ കഴിയുന്നവർ മരിക്കാനുള്ള കാരണം ഇതാണ്.

തലച്ചോറിലേക്കു ഓക്സിജൻ എത്താത്തതിലൂടെ സംഭവിക്കുന്ന കേടുപാടുകൾ അഥവാ ഹൈപ്പോക്സിക് ഇൻജുറി, ഹൈപ്പോ ടെൻഷൻ (അമിത രക്തസ്രാവമോ ഹൃദയത്തിൽ ക്ഷതമേൽക്കുന്നതുകൊണ്ടോ സംഭവിക്കുന്ന ശരീരത്തിലെ ബിപിയിലെ കുറവ്), സെറിബ്രൽ ഇസ്കീമിയ(തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്ന അവസ്ഥ), ഐസിപി അഥവാ ഇൻട്രാ ക്രാനിയൽ പ്രഷർ (തലയോട്ടിക്കകത്തെ അമിത സമ്മർദ്ദം) എന്നിവയെല്ലാം സെക്കൻഡറി ഇൻജുറിയിലാണു പെടുന്നത്.

ചിൻസ്ട്രാപ് ഇട്ടു ഹെൽമറ്റ് കൃത്യമായി ഉപയോഗിച്ചാൽ അപകടങ്ങളുടെ ആഘാതം കുറയാൻ സഹായിക്കുമെന്നു ഡോ. മനോജ് വ്യക്തമാക്കി. തലയ്ക്കേൽക്കുന്ന ആഘാതം കുറയ്ക്കുകയാണു ഹെൽമറ്റ് ചെയ്യുന്നത്. ഇങ്ങനെ സംഭവിക്കണമെങ്കിൽ ചിൻസ്ട്രാപ് മുറുക്കി ഹെൽമറ്റ് തലയിൽ യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.