Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെപ്പറ്റൈറ്റിസ് നിസ്സാരമാക്കല്ലേ..

470997748

അഞ്ചുതരം വൈറസുകൾ വഴിയാണ് കരൾവീക്ക മഞ്ഞപ്പിത്തരോഗങ്ങളുണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV), ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി (HCV), ഹെപ്പറ്റൈറ്റിസ് ഡി (HDV) ഹെപ്പറ്റൈറ്റിസ് ഇ (HEV) എന്നാണ് ഈ മഞ്ഞപ്പിത്തരോഗങ്ങൾ അറിയപ്പെടുന്നത്.

ഹെപ്പറ്റൈറ്റിസ് എ യും ഇ യും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണു പകരുക. നീണ്ടുനിൽക്കാത്ത ഇവ തനിയെ മാറും. ഹെപ്പറ്റൈറ്റിസ് ഇ ഗർഭിണികളിൽ ചിലപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കാമെങ്കിലും സാധാരണരീതിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല.

ശരീരസ്രവങ്ങളിലൂടെ പകരും

ഹെപ്പറ്റൈറ്റിസ് ബി യും സി യും ഡി യും ചിലപ്പോൾ അതീവ ഗുരുതരമായ കരൾരോഗങ്ങൾക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം. രക്തത്തിലൂടെയും മറ്റു ശരീരസ്രവങ്ങളിലൂടെയും ആണ് ഈ മൂന്നു വൈറസുകളും ശരീരത്തിൽ പ്രവേശിക്കുക. ലൈംഗിക ബന്ധത്തിലൂടെ പകരാമെങ്കിലും ഹെപ്പറ്റൈറ്റിസ് ബിയേക്കാള്‍ സാധ്യത കുറവാണ് ഹെപ്പറ്റൈറ്റിസ് ഡി വൈറസ്. ഡെൽറ്റ വൈറസ് എന്നും അറിയപ്പെടുന്നു. അതിനാൽ ഈ മഞ്ഞപ്പിത്തത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ് എന്നും പേരുണ്ട്. മറ്റ് മഞ്ഞപ്പിത്ത വൈറസുകളിൽ നിന്നും വ്യത്യസ്തമാണ് ഡി യുടെ ഘടന.

ഈ രോഗത്തിന്റെ പ്രധാന പ്രത്യേകത ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ കൂടെയോ (Co infection) ഹെപ്പറ്റൈറ്റിസ് ബി നേരത്തെ തന്നെ ഉള്ളവരിലോ (Super infection) മാത്രമേ ഹെപ്പറൈറ്റിസ് ഡി വൈറസിനു രോഗമുണ്ടാകാൻ സാധിക്കൂ. ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ ഒരു ഉപഗ്രഹം പോലെയാണ് ഡി വൈറസ് ഇല്ലെങ്കിൽ ഡി വൈറസിനു മനുഷ്യശരീരത്തിൽ ഒന്നും ചെയ്യാനാകില്ല.

ഗൾഫ് മലയാളികൾ

മുഖ്യമായും മുതിർന്നവരുടെ രോഗമാണിത്. ഇന്ത്യയിൽ ഹെപ്പറ്റൈറ്റിസ് ഡി അത്ര സാധാരണമല്ല. എന്നാൽ ഗൾഫ് രാജ്യങ്ങളില്‍ കൂടുതൽ കാണുന്നതിനാൽ മലയാളികൾ സൂക്ഷിക്കണം, പാക്കിസ്ഥാനിലും ഉയർന്ന തോതിൽ ഈ രോഗം കാണാറുണ്ട്.

ലക്ഷണം ഒരേ പോലെ

എല്ലാ വൈറസ് മഞ്ഞപ്പിത്തങ്ങളുടെയും രോഗലക്ഷണങ്ങൾ ഏതാണ്ട് ഒന്നു തന്നെയാണ്. ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, വയറുവേദന, ക്ഷീണം, തലകറക്കം, മഞ്ഞനിറം. മൂത്രം കടുത്ത മഞ്ഞനിറത്തിലാകുകയും (Tea-coloured) ശരീരത്തിൽ സ്വമേധയാ ചെറിയ മുറിവുകളിലൂടെ ചിലപ്പോൾ വളരെ മിതമായി ‌രക്തസ്രാവമുണ്ടാകുകയും ‌ചെയ്യാം. നല്ലൊരു ശതമാനം പേരിൽ ചോറിച്ചിലും അനുഭവപ്പെടും. മിക്കവരിലും ഹെപ്പറ്റൈറ്റിസ് ഡി യാതൊരു ലക്ഷണവും പലപ്പോഴും കാണിക്കാറുമില്ല താനും. രോഗം വന്ന കാര്യം രോഗി അറിയുകയേയില്ല. രോഗം ഉറപ്പാക്കാനും കണ്ടെത്താനും നൂതന പരിശോധനകളും ഇപ്പോൾ ലഭ്യമാണ്.

ലക്ഷണത്തിനാണു ചികിത്സ

ഹെപ്പറ്റൈറ്റിസ് ഡി ക്കു മാത്രമായി കൃത്യമായ ഒരു ചികിത്സ ഇപ്പോൾ ലഭ്യമല്ല. ലക്ഷണമനുസരിച്ചാണു ചികിത്സ. ബിയും ഡിയും കൂടെ ഒരുമിച്ചാണു ശരീരത്തിൽ പ്രവേശിച്ചതെങ്കിൽ രോഗം താനേ മാറാം. അപൂർവമായേ രോഗം നീണ്ടുനിന്ന് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളൂ.

നിലവിൽ ഹെപ്പറ്റൈറ്റിസ് ബി ഉള്ള ഒരാളിലേക്കാണ് ഡി പകരുന്നതെങ്കിൽ രോഗം അതീവ ഗുരുതരമാകാം. കരളിൽ കല്ലിപ്പും കലകളും ഉണ്ടായി കാലക്രമേണ സിറോസിൽ എത്തിപ്പെടും. കരൾ കാൻസർ സാധ്യതയും വളരെയെറെയാണ്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ദീർഘകാലം വേണ്ടിവരും. രോഗത്തിന്റെ ഗതിനിർണയത്തിനും എംആർഐ സ്കാൻ, ബയോപ്സി എന്നിവയും വേണ്ടിവന്നേക്കാം.

രോഗമുള്ളവർ രക്തദാനം നടത്തരുത്. സ്വന്തം റേസർ ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ മറ്റുള്ളവർക്ക് നൽകുകയുമരുത്. ഈ രോഗികളിൽ കാര്യമായ ഭക്ഷണനിയന്ത്രണം നിർദേശിക്കുന്നില്ല.

ഡോ. ടൈറ്റസ് ശങ്കരമംഗലം

ഇരവിപേരൂർ, തിരുവല്ല

മുൻ സീനിയർ മെഡിക്കൽ ഡോക്ടർ, ഷംബർജെ., കുവൈത്ത്