Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവി രോഗിയുടെ അവയവദാനം: ആരോഗ്യരംഗത്ത് പുതിയ നേട്ടം

aids-hiv

ലോകത്തിൽ ആദ്യമായി എച്ച്ഐവി രോഗിയുടെ അവയവങ്ങൾ ദാനം ചെയ്തു. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ സർജൻമാരാണ് ഇതിനു നേതൃത്വം നൽകിയത്. എച്ച്ഐവി ബാധിതയായ പെൺകുട്ടിയുടെ കിഡ്നിയും കരളുമാണ് എച്ച്ഐവി പോസിറ്റീവായ രണ്ടു പേർക്ക് നൽകിയത്.

എച്ച്ഐവി പോസിറ്റീവായവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം 2013–ൽ മാറ്റിയിരുന്നു. ഇതുപോലുള്ള അവയവദാനത്തിനുള്ള സാധ്യതകൾക്കാണ് ഈ ശസ്ത്രക്രിയ വഴിവച്ചിരിക്കുന്നതെന്നും എച്ച്ഐവി പോസിറ്റീവായ നിരവധി പേരുടെ ജീവിതത്തിന് ഇതു പുതുവെളിച്ചമാകുമെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ഡോറി സെഗേവ് അഭിപ്രായപ്പെട്ടു. ഇത് തങ്ങളുടെ ആശുപത്രിക്ക് അവിസ്മരണീയമായ ഒരു ദിവസമാണ്. അവയവങ്ങൾ സ്വീകരിച്ച രണ്ടു പേരും സുഖം പ്രാപിക്കുന്നുണ്ട്– അദ്ദേഹം കൂട്ടിച്ചേർത്തു. അവയവങ്ങൾ ദാനം ചെയ്യാൻ മനസ് കാണിച്ച കുംടുബത്തിനോടും ഡോക്ടർ നന്ദി പറഞ്ഞു.

അമേരിക്കയിൽ മാത്രം 120,000 പേരാണ് അവയവ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നത്. ആയിരകണക്കിന് ആളുകൾക്കാണ് എല്ലാവർഷവും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഇതിൽ ദിവസവും 22 ആളുകൾ ശസ്ത്രക്രിയ നടത്താനുള്ള അവയവങ്ങൾ ലഭിക്കാതെ മരിക്കുന്നു. വർഷത്തിൽ 31000 ആളുകൾക്കാണ് അമേരിക്കയിൽ മാത്രം അവയവ മാറ്റിവയ്ക്കലിന് വിധേയരാകുന്നത്. ഇതിൽ എച്ച്ഐവി ബാധിതരുമുണ്ട്. എല്ലാ വർഷവും 500 മുതൽ 600 വരെ എച്ച്ഐവി ബാധിതരാണ് മരണത്തിന് കീഴടങ്ങുന്നത്. അവർ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായാൽ നിരവധി േപർക്ക് ഉപകാരപ്രദമാകുമെന്നും ഡോ. ഡോറി സെഗേവ് പറയുന്നു.

ആരോഗ്യ രംഗത്തെ ഏറ്റവും മികച്ച നേട്ടമായിരിക്കും എച്ച്ഐവി രോഗിയുടെ അവയവ ദാന ശസ്ത്രക്രിയയെന്നും ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലാതെ തന്നെ എച്ച്ഐവി രോഗിയ്ക്ക് തങ്ങളുടെ അവയവങ്ങൾ ഡോക്ടറിന്റെ നിർദേശപ്രകാരം ദാനം ചെയ്യാൻ കഴിയുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

Your Rating: