Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവി പ്രതിരോധ ചികിത്സ: അനുഭവം പങ്കുവച്ച് ഡോക്ടർ

Doctor

കോട്ടയം∙ ആലപ്പുഴ മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരും ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടറുമടക്കം 12 പേർ എച്ച് ഐവി പ്രതിരോധ ചികിത്സയിൽ. അപകടത്തിൽ പെട്ട് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു രോഗിയെ ചികിത്സിക്കുന്നതിനിടയിൽ രക്തം ദേഹത്ത് വീണതും സിറിഞ്ച് കൊണ്ടതുമാണ് ചികിത്സ തേടാൻ കാരണം.

പ്രതിരോധ ചികിത്സ എടുക്കുന്ന ജനറൽ ആശുപത്രിയിലെ ഡോ. അനീസ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

അപകടം സംഭവിച്ചു വരുന്ന രോഗികളിൽ സാധാരണയായി ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി എന്നീ മൂന്ന് ടെസ്റ്റുകൾ നടത്താറുണ്ട്. ഇതിൽ ഹെപ്പറ്റൈറ്റിസ് ബിയാണ് ഏറ്റവും അപകടം പിടിച്ചത്. ഇത് രക്തത്തിൽക്കൂടി പകരാനുള്ള സാധ്യത 30 ശതമാനമാണ്. എച്ച്ഐവി .1 ശതമാനവും. രക്തം തെറിക്കുന്നതു വഴി പിടിപെടാനുള്ള സാധ്യത .03 ശതമാനമാണ്. ഇങ്ങനെ സ്ക്രീനിങ് നടത്തിയതിനു ശേഷമാണ് സുരക്ഷാ നപടികൾ എടുക്കേണ്ടത്.

അപകടം പറ്റി റോഡിൽ കിടന്ന രോഗിയെ ഒരു ഓട്ടോഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. വായിലും മൂക്കിലുമൊക്കെ രക്തം വന്ന് ശ്വാസതടസം അനുഭവപ്പെട്ട് വളരെ ഗുരുതരമായിരുന്നു രോഗിയുടെ അവസ്ഥ. ജീവൻ നിലനിർത്തണമെങ്കിൽ വെന്റിലേറ്ററിലേക്കു മാറ്റേണ്ടത് അത്യാവശ്യമായിരുന്നു. ശ്വാസകോശത്തിലേക്കു കുഴലിട്ടപ്പോഴാണ് ശരീരത്തിൽ രക്തം തെറിച്ചത്. രോഗിയുടെ ബന്ധുക്കളാരും കൂടെ ഇല്ലാത്തതിനാൽത്തന്നെ എച്ച്ഐവി ബാധിതനാണെന്നും അറിഞ്ഞിരുന്നില്ല. ഇതിനു ശേഷം രോഗിയെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

സാധാരണ രീതിയിൽ അപകടം പറ്റി ബന്ധുക്കളാരും കൂടെ ഇല്ലാതെ അൺനോൺ പേഷ്യന്റ്സ് വരികയാണെങ്കിൽ യൂണിവേഴ്സൽ പ്രിക്കോഷൻ കിറ്റ് (ക്യാപ്, മാസ്ക്, ഗൗൺ, ഗ്ലൗസ്, പാദം സംരക്ഷിക്കുന്ന രീതിയിലുള്ള ചെരിപ്പുകൾ എന്നിവയെല്ലാം അടങ്ങിയ കിറ്റ്) ധരിച്ചു മാത്രമേ രോഗിയെ പരിശോധിക്കാവൂ. ഇവിടെയാകട്ടെ മെഡിക്കൽ കോളജിനു പോലും സർക്കാർ ഈ കിറ്റ് നൽകുന്നില്ല. ഡിസ്പോസിബിൾ, നോൺ–ഡിസ്പോസിബിൾ എന്നീ രണ്ടു തരത്തിലുള്ള കിറ്റുകളാണുള്ളത്. ഇതിൽ ഡിസ്പോസിബിൾ കിറ്റിന് 800 രൂപയോളം വില വരും. സർക്കാരിനു പുറമേ നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി(നാസ്കോ)ക്കും ഇത് നൽകാവുന്നതാണ്. ഇതിന്റെ ലഭ്യത കുറവു കൊണ്ടു തന്നെ തങ്ങളുടെ സുരക്ഷ നോക്കാതെ രോഗിയെ ഡോക്ടർമാർക്ക് ശുശ്രൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ശ്വാസക്കുഴലിലിടാൻ സൂചി ഉപയോഗിച്ചപ്പോൾ ഒരു ഡോക്ടറുടെ കവിളിൽ കൊണ്ടതിനെ തുടർന്നാണ് പെട്ടെന്നു തന്നെ ടെസ്റ്റ് നടത്തിയത്. മെഡിക്കൽ കോളജിൽ ഫലം വരാൻ 48 മണിക്കൂർ താമസം ഉള്വതിനാൽത്തന്നെ സ്വകാര്യ ലാബിലാണ് പരിശോധിച്ചത്. അപ്പോഴാണ് ഈ രോഗി എച്ച്ഐവി ആയിരുന്നെന്ന് അറിഞ്ഞത്.

അതിനാലാണ് ഇപ്പോൾ പ്രതിരോധ മരുന്ന് കഴിച്ചു തുടങ്ങിയത്. 28 ദിവസമാണ് മരുന്ന് കഴിക്കേണ്ടത്. വളരെ കടുപ്പമേറിയ മരുന്നാണ്. നല്ല ബുദ്ധിമുട്ടുകളും മരുന്ന് കഴിക്കുമ്പോൾ അനുഭവപ്പെടും. ഡോക്ടർമാരെ കൂടാതെ രണ്ട് സ്റ്റാഫ്നഴസ്, രണ്ട് നഴ്സിങ് അസിസ്റ്റന്റ്, രണ്ട് ആംബുലൻസ് ഡ്രൈവർമാർ, രോഗിയെ കൊണ്ടുവന്ന ഓട്ടോഡ്രൈവർ എന്നിവരാണ് പ്രതിരോധ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.