Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിപ്നോട്ടിസം : ശരിയും തെറ്റും

hypnotise

മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ശോഭന ഇടയ്ക്കിടെ മൺമറഞ്ഞുപോയ ഒരു തമിഴ് നർത്തകിയായി സംസാരിക്കുന്നതും ഒടുവിൽ മനോരോഗവിദഗ്ധനായ മോഹൻലാൽ അതിവിദഗ്ധമായി ഹിപ്നോസിസ് ഉപയോഗിച്ച് അവരെ ചികിത്സിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? ഇത്തരത്തിലുള്ള ഹിപ്നോസിസ് മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണ്. മന്ത്രവാദത്തിനും പ്രേതബാധയ്ക്കും ആധുനിക ലേബലുകൾ നൽകി അവതരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.

ഹിപ്നോട്ടിസം ഒരു അദൃശ്യ ശക്തിവിശേഷമോ അത്ഭുത പ്രതിഭാസമോ നിഗൂഢതകൾ നിറഞ്ഞ അനുഷ്ഠാനമോ അല്ല. ഹിപ്നോട്ടിസം പഠിക്കുന്നതിന് ബ്രഹ്മചര്യമോ നേത്രശക്തിയോ മന്ത്രശക്തിയോ ആവശ്യമില്ല. മന:ശക്തി കൂടിയ ഹിപ്നോട്ടിസ്റ്റ് മന:ശക്തി കുറഞ്ഞ വൃക്തിയെ കീഴ്പ്പെടുത്തുകയാണെന്ന വിശ്വാസവും വസ്തുതകൾക്ക് നിരക്കാത്തതാണ്.

യഥാർത്ഥത്തിൽ ഹിപ്നോസിസ് മാനസിക ഏകാഗ്രതയുടെ ഒരു അവസ്ഥയാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുമ്പോൾ ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധം കുറയുന്നു. സിനിമ കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും നല്ല പാട്ട് കേൾക്കുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഈ അവസരത്തിൽ മനസ്സിന് പ്രേരണകൾ (suggestion) കൂടുതൽ സ്വീകാര്യമാകുന്നു. വ്യക്തിയെ ചുറ്റുപാടുകൾ മറന്നുള്ള ഏകാന്തതയിലേക്ക് നയിച്ച് ഗുണകരമായ പ്രേരണകൾ നൽകുകയാണ് ഹിപ്നോട്ടിസ്റ്റ് ചെയ്യുന്നത്. ഹിപ്നോട്ടിസ്റ്റ് ഒരു സഹായി മാത്രമാണ്. ഹിപ്നോട്ടൈസ് ചെയ്യപ്പെടുന്നു എന്നുള്ള വ്യക്തിയുടെ സഹകരണമില്ലാതെ ഹിപ്നോസിസ് സാധ്യമല്ല. ഹിപ്നോട്ടിസ്റ്റിന്, നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കാമെന്നതും തെറ്റായ ധാരണയാണ്. ഹിപ്നോട്ടിസത്തിൽ സംഭവിക്കുന്നത് നിർദ്ദേശങ്ങൾക്ക് വിധേയനാകുന്ന വ്യക്തിയിൽ വിധേയത്വം (suggestibility) വളരെയധികം വർദ്ധിക്കുകയും തത്ഫലമായി നിർദ്ദേശങ്ങൾ അനുഭവങ്ങളായി തോന്നിപ്പിക്കുകയും ചെയ്യുന്നു.

ഹിപ്നോട്ടിസത്തിന്റെ ആരംഭം തന്നെ 18-ാം നൂറ്റാണ്ടിൽ വിയന്നയിൽ ജീവിച്ചിരുന്ന ആന്റൺ മെസ്മർ തന്ന ഭിക്ഷഗ്വരന്റെ ജാലവിദ്യ സമാനമായ ചികിത്സാ പദ്ധതിയിൽനിന്നാണ്. മെസ്മറിസം, മാസ്മരികശക്തി തുടങ്ങിയ വാക്കുകളുടെ ഉത്ഭവം ആ പേരിൽനിന്നു തന്നെയാണ്. മെസ്മറുടെ ചികിത്സാ സമ്പ്രദായം ഒരു തട്ടിപ്പാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. ജെയിംസ് ബ്രൈഡ് എന്ന സ്കോട്ട്ലാന്റുകാരനായ ഡോക്ടറാണ് ഹിപ്നോട്ടിസം എന്ന പ്രതിഭാസത്തിന് ഒരു ശാസ്ത്രീയ വിശദീകരണം നൽകിയത്. ഒരു വസ്തുവിലേക്കുള്ള തുടർച്ചയായ നോട്ടം കാഴ്ച എന്ന ഇന്ദ്രീയാനുഭവത്തെ സഹായിക്കുന്ന നാഡീകേന്ദ്രങ്ങൾക്ക് ഒരു തരം തളർച്ചയുണ്ടാക്കുന്നുവെന്നും ബോധപൂർവ്വം ഏതെങ്കിലും ഒരു വസ്തുവിലേക്ക് അമിതമായ ശ്രദ്ധ കേന്ദ്രീകരിച്ച് നാഡീകേന്ദ്രങ്ങളുടെ തളർച്ച കൃത്രിമമായി ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംജാതമാകുന്ന അവസ്ഥയ്ക്ക് ഡോ. ബ്രൈഡ് നൽകിയ പേരാണ് ഹിപ്നോസിസ്. വ്യക്തിയെ ഹിപ്നോസിസിൽ എത്തിക്കുന്ന അവസ്ഥയ്ക്ക് ഹിപ്നോട്ടിസം എന്നും അദ്ദേഹം പേരിട്ടു.

ഹിപ്നോസിസിന് ചില രോഗങ്ങളുടെ ചികിത്സയിൽ പങ്കുവഹിക്കാനാകുമെന്നതിന് തെളിവുകളുണ്ട്. മനോജന്യ രോഗങ്ങൾക്കാണ് (Psycho Somatic Disorder) ഹിപ്നോസിസ് കൂടുതൽ ഫലപ്രദം. വേദനകളുടെ തീവ്രത കുറയ്ക്കുന്നതിന് ഹിപ്നോസിസ് പ്രയോജനപ്പെടുത്താനാകും. ഇതിൽ അത്ഭുതപ്പെടാനില്ല. വേദന എന്നതിന് ശാരീരിക കാരണം ഉണ്ടാകാമെങ്കിലും അതിന്റെ തോത് നാഡികളിലൂടെ വരുന്ന സന്ദേശങ്ങളെ തലച്ചോറ് എങ്ങിനെ പരിഭാഷപ്പെടുത്തുന്നു എന്നതിനെ ആശ്രിയിച്ചിരിക്കുന്നു. ശസ്ത്രക്രിയക്കുമുമ്പ് ബോധം കെടുത്തുന്നതിന്റെ ആദ്യവേളയിൽ ഹിപ്നോസിസ് പ്രേരണ നൽകുന്നത് പിന്നീടുള്ള വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നതായി ചില പഠനങ്ങളിൽ കാണിക്കുന്നു. ചിലർക്ക് കുടലിനെ ദൃശ്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടെയുള്ള വയറുവേദനയും വയറിളക്കവുമൊക്കെയുണ്ടാകുന്നു Irritable Bowel Syndrome (IBS)2എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ഒരു മനോശാരീരിക രോഗമായാണ് അറിയപ്പെടുന്നത്. ഈ രോഗത്തിന് ഹിപ്നോസിസ് ഫലപ്രദമായ ഒരു ചികിത്സയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ലഘു മനോരോഗങ്ങളിൽ ചിലത് പരിഹരിക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്. മനസ്സിനെ ഏകാഗ്രതപ്പെടുത്തി നിർദ്ദേശങ്ങൾ നൽകുമ്പോൾ പെരുമാറ്റത്തിൽ മാറ്റം വരുന്നു. പഠനത്തിന് ഏകാഗ്രതയുമായി ബന്ധമുണ്ട്. അതിനാൽ ഹിപ്നോട്ടിസത്തിന് പഠനമേഖലയിൽ ക്രിയാത്മകമായ സംഭാവന നൽകാൻ കഴിയുന്നു. ഇന്ന് വിദ്യാർത്ഥികൾ പഠനവുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് പരീക്ഷപ്പേടി, പഠിക്കാൻ താല്പര്യമില്ലായ്മ, ഏകാഗ്രത ഇല്ലായ്മ, ഓർമ്മക്കുറവ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് ഇല്ലാതാക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്.

എന്നാൽ ഹിപ്നോട്ടിസം ഇത്തരം രോഗങ്ങളുടെ ഒറ്റമൂലിയല്ല. സ്കിസോഫ്രീനിയ പോലുള്ള ഗുരുതരമായ രോഗം ബാധിച്ചവരെയും കഠിനമായ വിഷാദരോഗികളേയും സംശയരോഗികളേയും ഹിപ്നോട്ടൈസ് ചെയ്യുന്നത് ദോഷകരമായി തീരാൻ സാദ്ധ്യതയുണ്ട്.

ശാസ്ത്രീയമല്ലാത്ത രീതിയിലും ഹിപ്നോസിസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഹിപ്നോട്ടൈസ് ചെയ്താൽ ഒരു വ്യക്തിയുടെ കഴിഞ്ഞ ജന്മത്തെപ്പറ്റി അറിയാൻ കഴിയും എന്നുപറയുന്നവരുണ്ട്. ഹിപ്നോട്ടിക് പ്രായപിന്മാറ്റവുമായി (age regression) ബന്ധപ്പെടുത്തിയാണ് പലരും ഇതിനെ സമർത്ഥിക്കുന്നത്. ഹിപ്നോസിസിൽ ആയൊരു വ്യക്തിയെ അവരുടെ ഭൂതകാലത്തിലെ അനുഭവങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്ന സമ്പ്രദായമാണ് Hypnotic regression ഇതനുസരിച്ച് ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്തിട്ട് കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ഒരു പൂച്ചയായിരുന്നുവെന്ന് നിർദ്ദേശം കൊടുക്കുകയാണെങ്കിൽ അവൻ/അവൾ പൂച്ചയെപോലെ ശബ്ദമുണ്ടാക്കാൻ തുടങ്ങും. 50 വയസ്സുള്ള ഒരു വ്യക്തിയെ ഹിപ്നോസിസിൽ എത്തിച്ചതിനുശേഷം അയാൾക്ക് 5 വയസ്സേയുള്ളു എന്ന് ഹിപ്നോട്ടീക് നിർദ്ദേശങ്ങൾ നൽകി വിശ്വസിപ്പിക്കാനായാൽ 5 വയസ്സുകാരനെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങും. ഒരു 5 വയസ്സുകാരന്റെ പ്രവർത്തികളുടെ സ്വഭാവത്തെപ്പറ്റി അയാൾക്കുള്ള ധാരണയാണ് ആ അവസരത്തിലെ പെരുമാറ്റത്തിന്റെ കാരണം. ഒരു പുരുഷനോട് കഴിഞ്ഞ ജന്മത്തിൽ ഒരു സ്ത്രീയായിരുന്നു താങ്കൾ എന്നുപറഞ്ഞാൽ അയാൾ സ്ത്രീയെപോലെ പെരുമാറുകയും സ്ത്രീയുടെ പേരുപറയുകയും ചെയ്യും. പ്രേതങ്ങളെപ്പറ്റി വിശ്വാസമുള്ള ആളാണെങ്കിൽ അയാളോട് മരിച്ചുപോയ ഒരാളുടെ പ്രേതം അയാളിൽകൂടി സംസാരിക്കും എന്നുപറഞ്ഞാൽ ചിലപ്പോൾ അയാൾ അതുപോലെ സംസാരിച്ചും എന്നുവരാം. ഇതെല്ലാം സംഭവിക്കുന്നത് ഹിപ്നോട്ടിസ്റ്റിന്റെ നിർദ്ദേശങ്ങൾക്ക് അടിമപ്പെടുന്ന വിധേയന്റെ മനസ്സിലുള്ള ധാരണകൾ അയാൾ പറയുന്നതുകൊണ്ടാണ് പുനർജന്മവിശ്വാസത്തിന്റെ പ്രചാരകർ പലപ്പോഴും തങ്ങളുടെ അന്ധവിശ്വാസ പ്രചരണത്തിന് മേൽകൊടുത്ത സംഭവങ്ങളെ കൂട്ടുപിടിക്കാറുണ്ട്.

ഹിപ്നോട്ടിസം ആർക്കും പഠിക്കാനാവുന്നതാണ്. എന്നാൽ വേണ്ട ത്ര യോഗ്യതകളില്ലാതെ ഒരാൾക്ക് ഹിപ്നോതെറാപിസ്റ്റ് ആയി പ്രവർത്തിക്കാൻ കഴിയില്ല. സൈകോ തെറാപ്പി സമ്പ്രദായങ്ങൾ പ്രാക്ടീസ് ചെയ്യുന്നതിന് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ റജിസ്ട്രേഷൻ ആവശ്യമുണ്ട്. RCI റജിസ്ട്രേഷൻ ഇല്ലാതെ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നത് Under section 13(3) of RCI Act 1992 പ്രകാരം ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

പ്രസാദ് അമോർ

കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്

സോഫ്റ്റ് മൈന്റ് ലക്ഷ്മി ഹോസ്പിറ്റൽ

അരൂർ