Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാർ രണ്ടിരട്ടി ഉപ്പുതീനികൾ!

salt

എന്താണെന്നറിയില്ല, ഇന്ത്യക്കാർ ഭയങ്കര ഉപ്പുതീനികളാണെന്നാണു ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. ഭക്ഷണക്രമത്തിൽ അനുവദനീയമെന്നു ലോകാരോഗ്യസംഘടന ക്രമപ്പെടുത്തിയ അളവിന്റെ രണ്ടിരട്ടി ഉപ്പാണ് ഇന്ത്യക്കാർ അകത്താക്കുന്നതത്രേ. ഇക്കാരണം കൊണ്ടു തന്നെ ഇന്ത്യയിൽ ഹൃദ്രോഗികളുടെയും മറ്റും എണ്ണം വളരെ കൂടുതലാണ്. നേരത്തെയുള്ള മരണനിരക്കും കൂടുതലാണ്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആരോഗ്യസംഘടനയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 19 വയസ്സിനു മുകളിലുള്ള ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിദിനം 10.98 ഗ്രാം ഉപ്പാണ് ഭക്ഷണത്തിലൂടെ അകത്താക്കുന്നത്. ലോകാരോഗ്യസംഘടന അനുവദിക്കുന്ന ഉപ്പിന്റെ അളവ് പ്രതിദിനം 5 ഗ്രാം മാത്രമാണ്. ദക്ഷിണേന്ത്യയിലും ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഉപ്പിന്റെ ഉപയോഗം കൂടുതൽ.

ത്രിപുരയിലാണ് ഏറ്റവുമധികം ഉപ്പിന്റെ ഉപയോഗം. പ്രതിദിനം ശരാശരി 14 ഗ്രാം ഉപ്പ് ഒരാളുടെ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. അതായത് ലോകാരോഗ്യസംഘടന നിർദേശിക്കുന്നതിന്റെ മൂന്നിരട്ടി! പച്ചക്കറികളും പഴവർഗങ്ങളും വേവിക്കാതെ കഴിക്കുന്ന ശീലം ക്രമേണ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും നഷ്ടമായി വരികയാണെന്നും സംഘടന കണ്ടെത്തി.

ഭക്ഷണം അമിതമായി പാകംചെയ്തും വറുത്തും പൊരിച്ചും വേവിച്ചും കഴിക്കുന്നതിന്റെ ഭാഗമായി കൂടുതൽ അളവിൽ ഉപ്പ് അകത്താക്കുന്നു. ഉപ്പു മാത്രമല്ല, മധുരവും എണ്ണയും വളരെ കൂടുതലായി നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നതായും സംഘടന വ്യക്തമാക്കുന്നു. രക്തസമ്മർദം ഉയർന്ന അളവിലെത്തിക്കുന്നതിന് ഉപ്പ് കാരണമാകുന്നു. ഇനിയെങ്കിലും ഭക്ഷണശീലത്തിൽ ഉപ്പിന്റെ അളവിനു പരിധി നിശ്ചയിക്കുന്നതു നല്ലതായിരിക്കും. 

Your Rating: