Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശ്രമങ്ങൾ ഫലം കണ്ടു; കേരളം നവജാതശിശുക്കളുടെ സ്വർഗം

 അമ്മയ്ക്കുണ്ടാകുന്ന വികാര അനുഭവങ്ങൾ ശിശുവിനെയും ബാധിക്കുമെന്നറിയുക.

കേരളത്തിനിത് അഭിമാന നിമിഷം; നവജാത ശിശുമരണ നിരക്ക് കുറച്ചു കൊണ്ടു വരുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ സംസ്ഥാനം നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടിരിക്കുന്നു. അതും ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനും അസൂയ തോന്നിപ്പിക്കുന്ന നേട്ടത്തിലൂടെ. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾക്ക് തുല്യമായ അവസ്ഥയിലേക്കാണ് കേരളത്തിന്റെ നവജാത ശിശുമരണ നിരക്ക് താഴ്ന്നിരിക്കുന്നത്. ഓരോ 1000 കുട്ടികൾ ജനിക്കുന്നതിലും (ഒരു വയസ്സിനു താഴെയുള്ളവർ) സംഭവിക്കുന്നത് ആറു മരണം മാത്രം. നാലാമത് ദേശീയ കുടുംബാരോഗ്യ സർവേ(2015–16)യിലാണ് ഈ വിവരങ്ങളുള്ളത്.

ശ്വാസം മുട്ടൽ, ജനന സമയത്തെ സങ്കീർണതകൾ തുടങ്ങിയവ മൂലമാണ് നവജാത ശിശുമരണങ്ങൾ ഏറുന്നതെന്നാണ് നിലവിലെ വിലയിരുത്തൽ. ഇതിനു മുൻപ് 2005–06 സർവേയിൽ ശിശുമരണനിരക്ക് കേരളത്തിൽ 1000ത്തിന് 15 എന്ന കണക്കിനായിരുന്നു. ഒറ്റസംഖ്യയിലേക്ക് ഈ നിരക്ക് കുറയ്ക്കുന്നതിനു വേണ്ടി ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യമൊട്ടുക്ക് വിവിധ പദ്ധതികളും നടപ്പാക്കി വരികയായിരുന്നു. കേരളത്തിൽ നഗരമേഖലയിൽ ശിശുമരണനിരക്ക് ആയിരത്തിന് ആറും ഗ്രാമീണ മേഖലയിൽ അഞ്ചും ആണ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കിലുമുണ്ട് ഗണ്യമായ കുറവ്. 10 വർഷം മുൻപ് ഇത് ആയിരത്തിന് 16 എന്ന കണക്കിലായിരുന്നു. നിലവിൽ അത് ഏഴിലേക്കു ചുരുങ്ങിയിട്ടുണ്ട് (നഗരമേഖലയിൽ ആയിരത്തിന് എട്ട്, ഗ്രാമീണ മേഖലയിൽ ആയിരത്തിന് ആറ് എന്ന കണക്കിൽ)

2016 മാർച്ച് എട്ടു മുതൽ ഒക്ടോബർ മൂന്നു വരെയായിരുന്നു സർവേയുടെ ഭാഗമായുള്ള വിവരശേഖരണം. സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് യൂത്ത് ആൻ‍ഡ് മാസസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 11,555 വീടുകളിലായിരുന്നു കണക്കെടുപ്പ്. ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ കേരളത്തിന്റെ അതേ മാതൃക ഇന്ത്യയൊട്ടാകെ പിന്തുടരുകയായിരുന്നെങ്കിൽ ഏഴു ലക്ഷത്തോളം കുരുന്നുകളുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. നിലവിൽ ഇന്ത്യയിലെ ശിശുമരണനിരക്ക് ആയിരത്തിന് 41 എന്ന കണക്കിലാണ്. ഇക്കാര്യത്തിലും പക്ഷേ രാജ്യം നേട്ടം കൈവരിച്ചിട്ടുണ്ട്. 2005–06ലെ സർവേ പ്രകാരം ഇന്ത്യയിലെ ശിശുമരണനിരക്ക് ആയിരത്തിന് 57 ആയിരുന്നു. 1993–93ൽ ആദ്യ സർവേ നടത്തുമ്പോൾ ഇന്ത്യയിലെ ശിശുമരണനിരക്ക് ആയിരത്തിന് 79 എന്നായിരുന്നു.

സർവേയുടെ ഭാഗമായി ഇന്ത്യയൊട്ടുക്ക് ആറുലക്ഷത്തിലേറെ വീടുകളിലാണ് വിവരശേഖരണം നടത്തിയത്. സർവേയുടെ ചരിത്രത്തിലാദ്യമായി ജില്ല തിരിച്ചുള്ള ഫലങ്ങളും ഇത്തവണ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശിശുമരണനിരക്ക് കുറയുന്നതായി സർവേയിലുണ്ട്. ത്രിപുര, ബംഗാൾ, ജാർഖണ്ഡ്, അരുണാചൽപ്രദേശ്, രാജസ്ഥാൻ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഇരുപത് ശതമാനം വരെയാണ് ശിശുമരണനിരക്കിൽ കുറവുണ്ടായരിക്കുന്നത്.

2005ലെ സർവേഫലം വന്നതിനു പുറകെയാണ് കേന്ദ്രസർക്കാർ പ്രസവശുശ്രൂഷയെന്ന ലക്ഷ്യവുമായി ജനനി സുരക്ഷ യോജന നടപ്പാക്കുന്നത്. നിലവിലുണ്ടായിരുന്ന നാഷനൽ മെറ്റേണിറ്റി ബെനഫിറ്റ് സ്ക്മീനെ പരിഷ്കരിച്ചായിരുന്നു ഇത്. ദേശീയ ഗ്രാമീണ സുരക്ഷാപദ്ധതിയുടെ കീഴിലായിരുന്നു ജനനി സുരക്ഷ യോജന ന‍ടപ്പാക്കിയത്. ഇതുവഴി ഗ്രാമീണമേഖലയിലെ സ്ത്രീകൾക്ക് ആശുപത്രികളിൽ പ്രസവത്തിനുള്ള സൗകര്യവും ശുശ്രൂഷയും ഒരുക്കാനും മാറി വന്ന സർക്കാരുകൾ തയാറായി. ഗർഭകാലത്ത് നാലു തവണയെങ്കിലും വിദഗ്ധരുടെ ശുശ്രൂഷ ലഭ്യമാക്കാൻ ജനനി സുരക്ഷായോജനയിലൂടെ സാധിച്ചെന്ന് ആരോഗ്യവകുപ്പും സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ഗുണഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

2013ൽത്തന്നെ കേരളത്തിലെ നവജാത ശിശുമരണ നിരക്ക് രാജ്യത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയിരുന്നു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീഷന്റെ നേതൃത്വത്തിൽ നടത്തുന്ന ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നവജാത ശിശു പുനരുജ്‌ജീവന പരിപാടി (ബിഎൻആർപി) യും ഇക്കാര്യത്തിൽ സഹായകരമായി. നാലു വർഷത്തിനിടെ ശിശുമരണ നിരക്ക് കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പ്രകാരം കേരളത്തിലെ 14 ജില്ലകളിലെ 4580 പേർക്കാണ് പരിശീലനം നൽകിയത്. രാജ്യത്തെ ഓരോ പ്രസവത്തിന്റെ സമയത്തും പരിശീലനം ലഭിച്ച ഒരാളെങ്കിലും അടുത്തുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് പ്രസ്തുത കർമ പരിപാടി ആസൂത്രണം ചെയ്‌തത്.

Your Rating: