Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ഡോക്ടർമാരോടു പറഞ്ഞു, വരൂ നല്ല ചായ ഞാൻ തരാം

jayalalitha-condolence

രാഷ്ട്രീയ എതിരാളികളെ വരച്ചവരയിൽ നിർത്തുന്ന ജയലളിതയ്ക്ക് ചികിൽസയിൽ കഴിഞ്ഞ അപ്പോളോ ആശുപത്രിയിലെ ചായ അത്ര പ്രിയപ്പെട്ടതായിരുന്നില്ല. ‘നിങ്ങൾ എന്റെ വീട്ടിലേക്കു വരൂ, ഞാൻ നിങ്ങൾക്ക് കോടനാട് എസ്റ്റേറ്റിലെ തേയിലയിൽ ഏറ്റവും നല്ല ചായ തരാം’– അപ്പോളോ ആശുപത്രിയിലെ ജീവനക്കാരോട് ജയലളിത പറഞ്ഞു.

വനിതാ ജീവനക്കാർക്ക് ചർമ്മ സംരക്ഷണത്തിനുള്ള പൊടികൈക്കൾ കൈമാറി, ചില വനിതാ ഡോക്ടർമാരോട് നിർബന്ധമായും ഹെയർസ്റ്റൈൽ മാറ്റണമെന്ന് ‘ഉത്തരവിട്ടു’. ഏതൊരു രോഗിയേയും പോലെ കുത്തിവയ്പ്പിനെ വെറുത്തു. കർക്കശക്കാരിയായിരുന്ന ജയലളിതയുടെ മറ്റൊരു മുഖമാണ് അപ്പോളോ ഹോസ്പിറ്റലിൽ അവരെ ചികിൽസിച്ച ജീവനക്കാർ വരച്ചുകാട്ടുന്നത്.

അപ്പോളോയിലെ 75 ദിവസത്തെ ചികിൽസയ്ക്കിടെ ജയലളിത എങ്ങനെയായിരുന്നു തങ്ങളോടു സഹകരിച്ചതെന്നും, സ്നേഹത്തോടെ,ചിലപ്പോൾ‍ കുസൃതിയോടെ പെരുമാറിയതെന്നും ആശുപത്രിയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും അനുസ്മരിച്ചു. ജയ നിര്യാതയായതിന്റെ പിറ്റേദിവസമാണ് യോഗം ചേർന്നത്.

ജയലളിതയെ പരിചരിക്കാൻ 16 നഴ്സുമാരുടെ സംഘത്തെ മൂന്നു ഷിഫ്റ്റുകളായി നിയോഗിച്ചിരുന്നു. ഇവരിൽ ‘അമ്മയ്ക്ക്’ ഏറ്റവും പ്രിയപ്പെട്ട മൂന്നു പേരായിരുന്നു ഷീലയും രേണുകയും ചാമുണ്ഡീശ്വരിയും. ഇവരെ മൂവരെയും ‘കിങ് കോങ്’ എന്നായിരുന്നു തമാശരൂപേണ മുഖ്യമന്ത്രി വിളിച്ചിരുന്നത്. ചികിൽസയോട് അവർ പരമാവധി സഹകരിച്ചു. ‘ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ പറയൂ, ഞാനത് ചെയ്യാം’- നിരവധി തവണ ‘അമ്മ’ ഇങ്ങനെ പറഞ്ഞിട്ടുള്ളതായി ഷീല ഓർക്കുന്നു.

‘നമ്മളെ കാണുമ്പോൾ ആദ്യം ഒരു പുഞ്ചിരി സമ്മാനിക്കും. പിന്നെ വിശേഷങ്ങൾ തിരക്കും. ഞങ്ങൾ ചുറ്റുമുള്ളപ്പോൾ കഴിക്കാനുള്ള വിഷമതകളെല്ലാം മറന്ന് അമ്മ ആഹാരം കഴിക്കുമായിരുന്നു. ഞങ്ങൾക്കുവേണ്ടി ആഹാരം പകർന്നുനൽകാൻ നിർദേശം നൽകിയിട്ടായിരുന്നു അവർ ആഹാരം കഴിച്ചിരുന്നത്. ഉപ്പുമാവ്, പൊങ്കൽ, തൈര്സാദം, ഉരുളക്കിഴങ്ങ് കറി എന്നിവയായിരുന്നു ഇഷ്ടവിഭവങ്ങൾ.

സെപ്റ്റംബർ 22നാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ജയലളിതയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിലെ ഡോക്ടർമാർ അവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങൾ ആരംഭിച്ചു. നാലു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പ്രധാന അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായി. ബോധം വീണ്ടെടുത്തപ്പോൾ അവർ സാൻഡ്‍വിച്ചും കോഫിയും ആവശ്യപ്പെട്ടതായി സീനിയർ കൺസൾട്ടന്റായ ഡോ.സെന്തിൽകുമാർ പറയുന്നു. പിന്നീട് അവരെ വെന്റിലേറ്ററിലേക്ക് മാറ്റി. അഴ്ചകൾ പിന്നിട്ടപ്പോൾ അവർ സ്വയം ശ്വസിക്കാൻ തുടങ്ങി.

എത്ര ക്ഷീണിച്ച അവസ്ഥയിലും ഡ്യൂട്ടിയിലുള്ള ഡോക്ടർമാരോട് അവർ സംസാരിച്ചിരുന്നു. ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുമ്പോൾ ഡോക്ടർമാരോട് ആംഗ്യം കാണിക്കുകയോ കുറിപ്പുകൾ എഴുതിക്കാണിക്കുകയോ ചെയ്യും. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്നു ആറ് ആഴ്ച വെന്റിലേറ്ററിൽ ആയിരിക്കുമെന്നു പറഞ്ഞപ്പോൾ അവർ തലയാട്ടി സമ്മതിക്കുകയും ട്രീറ്റ്മെന്റിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്തതായി പൾമനോളജിസ്റ്റ് ഡോ. ബാബു എബ്രഹാം അനുസ്മരിച്ചു.

ചില ദിവസങ്ങളിൽ ഒരുപാട് ഇൻജക്ഷനുകൾ നൽകേണ്ടി വരുമ്പോൾ അവർ അസ്വസ്ഥ പ്രകടിപ്പിച്ചിരുന്നു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബുകളും വയറുകളും അവരുടെ ദിനചര്യയെ യാതൊരുവിധത്തിലും തടസ്സപ്പെടുത്തിയിരുന്നില്ല. ആഹാരം കഴിക്കുന്നതിനും ടിവി കാണുന്നതിനുമെല്ലാം അവർക്ക് പ്രത്യേകസമയം ഉണ്ടായിരുന്നു. സംഗീതം അവരുടെ ഓരോ ജീവശ്വാസത്തിലുമുണ്ടായിരുന്നു. മെലഡി, ഭക്തിഗാനം, കർണാട്ടിക് ഉൾ‌പ്പടെ 40,000 ത്തോളം തമിഴ്പാട്ടുകളുടെ ശേഖരവും ഉണ്ടായിരുന്നു. ഇതുകേട്ടുകൊണ്ടാണ് അവർ സമയം ചിലവഴിച്ചിരുന്നത്.

ആശുപത്രിക്കിടക്കയിലും രാഷ്ട്രീയത്തോടുള്ള അവരു‌െട താൽപര്യം വ്യക്തമാക്കുന്നതാണ് ഡോ. ഭാമയുടെ ഈ ഓർമ്മകൾ. ‘ഭരണാധികാരിയും ജനനേതാവുമാണെന്ന കാര്യം അവർ ഒരിക്കലും മറന്നില്ല. നവംബർ 22ന് എഐഎഡിഎംകെ മൂന്ന് സീറ്റുകളിൽ വിജയിച്ചപ്പോൾ വലിയ സന്തോഷമാണ് ‘അമ്മ’ പ്രകടിപ്പിച്ചത്-ഡോ. ഭാമ പറഞ്ഞു.

‘അസുഖം ഭേദമായതിനുശേഷം, ഞങ്ങളെ നിയമസഭ കാണാനായി കൊണ്ടുപോകാമെന്ന് അമ്മ പലപ്പോഴും പറഞ്ഞിരുന്നു’-ഒരു ജീവനക്കാരി ഓർക്കുന്നു.

ഇതിനിടയിൽ ആരോഗ്യനില മെച്ചപ്പെടുകയും അവരെ റൂമിലേക്കു മാറ്റുകയും ചെയ്തു. ‘കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽചെയറിൽ ഇരിക്കും. ഫിസിയോതെറാപ്പി വ്യായാമങ്ങളും ചെയ്തിരുന്നു. ഇതൊക്കെ കണ്ടപ്പോൾ അധികം വൈകാതെ അവരെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു’- ഹോസ്പിറ്റൽ ചെയർമാൻ ഡോ. പ്രതാപ് സി റെഡ്ഡി പറഞ്ഞു. അദ്ദേഹം മിക്കവാറും എല്ലാദിവസവും അമ്മയെ സന്ദർശിച്ചിരുന്നു.

പ്രതീക്ഷകൾ കീഴ്മേൽ മറിഞ്ഞത് ഞായറാഴ്ചയായിരുന്നു. തമിഴ് സംഗീതം കേട്ടുകണ്ടിരിക്കുകയായിരുന്ന ജയലളിത ജീവനക്കാർ അടുത്തേക്ക് ചെന്നിട്ടും ചിരിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വിദഗ്ധഡോക്ടർമാരുടെ സംഘം പാഞ്ഞെത്തി. പരിശോധനയിൽ അവർക്ക് ഹൃദയസ്തംഭനം ഉണ്ടായതായി മനസിലാക്കി. സാധ്യമായ എല്ലാ ചികിൽസയും ഡോക്ടർമാർ നൽകി. എന്നാൽ, അവർ പിന്നീട് ഉണർന്നിട്ടില്ല.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.