Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗ പിറന്നാൾ ജെല്‍വിനു മറക്കാനാകുമോ?

jelvin മാതാപിതാക്കളോടൊപ്പം പതിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ജെൽവിൻ. കൊച്ചി രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംെഎ, ഡോ. സണ്ണി ഒാരത്ത്, ദിവ്യ കെ. തോമസ്, ഡോ. മുരുകൻ ബാബു, ഡോ. ബിപിൻ ജോസ് എന്നിവർ സമീപം.

തൃശൂര്‍ പുതുക്കാട് സ്വദേശിയായ ജെല്‍വിന്‍ എന്ന പതിമൂന്നുകാരനു ഇത് രണ്ടാം ജന്മാണ്. ഏഴു മാസത്തെ ചികിൽസക്കൊടുവിൽ ആശുപത്രി വിടുന്നത് പിറന്നാൾ മധുരം നുണഞ്ഞാണ്. കഴിഞ്ഞ ഏപ്രിൽ ഇരുപ്പത്തിനാലിനാണ് ജെല്‍വിനെ തളർത്തിയ അപകടം നടന്നത്. ദേവാലയത്തില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് തൃശൂരിലെ പുതുക്കാടുള്ള വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ജെല്‍വിനെ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ശരീരത്തിനു മുകളിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. നെഞ്ചും കുടിന് കീഴ്ഭാഗം മുതല്‍ താഴേക്കുള്ള അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ജെല്‍വിന് ഒരേ സമയം എന്നാല്‍ അടിയന്തരമായി അനേകം ചികിത്സാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ശസ്ത്രക്രിയ അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ നൽകാൻ സാധിച്ചില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ ജെല്‍വിനെ ചികിത്സിക്കുന്നതിനുള്ള സന്നദ്ധത ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നു ലഭിച്ചതിനെ തുടർന്ന് തൃശൂരില്‍ നിന്നും ഇവിടെ എത്തിക്കുകയായിരുന്നു.

രക്തസമ്മര്‍ദം അപകടകരമായ രീതിയില്‍ കുറഞ്ഞ് വന്‍കുടല്‍, ചെറുകുടല്‍, മൂത്രാശയ നാളി, ഇടുപ്പ് എന്നീ അവയവങ്ങള്‍ക്ക് ഗുരുതരമായ പരുക്കിനൊപ്പം ശ്വാസകോശത്തിനു ചതവും. വലതുകാല്‍ പൂര്‍ണമായി ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു ജെല്‍വിനെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതുതന്നെ ഏറ്റവും വിഷമകരമായ ഘട്ടത്തില്‍ വിവിധ വിഭാഗങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള സങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയക്ക് ഉടന്‍ തന്നെ ശ്രമം ആരംഭിച്ചു. അപകടത്തിന്‍റെ ആഘാതത്തില്‍ ഡയഫ്രം തകര്‍ത്ത് ശ്വാസകോശത്തിന്‍റെ അകത്ത് കടന്ന കുടല്‍ ഭാഗങ്ങള്‍ ഗാസ്ട്രോ സര്‍ജറി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പുറത്തെടുക്കുകയും നശിച്ച കുടല്‍ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. മുത്രാശയനാളിക്ക് സംഭവിച്ച തകരാറ് പരിഹരിക്കാനുള്ള ശസ്ത്രക്രിയ പീഡിയാട്രിക് യൂറോളജി വിഭാഗത്തിന്‍റെ കീഴിലും നടന്നു. ഒരേ സമയം തന്നെ പീഡിയാട്രിക് ഇന്‍റന്‍സിവ് കെയര്‍, പ്ലാസ്റ്റിക്ക് സര്‍ജറി, ഓര്‍ത്തോപീഡിക്, ജനറല്‍ സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, അനസ്തേഷ്യ വിഭാഗങ്ങളും ശസ്ത്രക്രിയകളും ചികിത്സകളും ആരംഭിച്ചു. ഏകദേശം എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയില്‍ ഒരേ സമയം പത്തോളം മുതിര്‍ന്ന ഡോക്ടര്‍മാരാണ് പങ്കെടുത്തത്. പൂര്‍ണമായും ചതഞ്ഞരഞ്ഞ വലതുകാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റുകയായിരുന്നു ഡോക്ടര്‍മാരുടെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി.

ശസ്ത്രക്രിയക്കുശേഷം തുടര്‍ച്ചയായി മൂന്ന് ദിവസം വെന്‍റിലേറ്ററിന്‍റെ സഹായത്തിലായിരുന്നു ജെല്‍വിന്‍റെ ചികിത്സ. ജെല്‍വിന്‍റെ ചികിത്സയില്‍ പിഡിയാട്രിക് ഐ. സി.യുവിലെ പരിചരണമായിരുന്നു ഏറ്റവും നിര്‍ണായകം. ഐസിയുവിലെ ചികിത്സയോടൊപ്പം ദീര്‍ഘനാള്‍ കിടപ്പിലാകുന്നതുമൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ തടയുന്നതിനായി ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ജീവന്‍ രക്ഷാ ചികിത്സകള്‍ വിജയകരമായതോടെ ജെല്‍വിന്റെ നഷ്ട്ടപ്പെട്ട കാലിന് പകരം കൃത്രിമകാല്‍ വയ്ക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. പ്രത്യേക രൂപകൽപന ചെയ്ത ഭാരം തീരെ കുറഞ്ഞതും കാര്യക്ഷമവുമായ ജര്‍മ്മന്‍ നിര്‍മിതമായ കാൽ ലഭ്യമായതോടെ ജെല്‍വിന്‍ സാധാരണ ജീവിതത്തിലേയ്ക്ക് വേഗം മടങ്ങിയെത്തി. ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് പോകാൻ നേരം തന്നെ ശശ്രൂക്ഷിച്ച ഡോക്ടന്മാരെയും നഴ്സുമാരെയും യാത്ര പറയാൻ ജെല്‍വിന്‍ പടുവുകൾ നടന്ന് കയറിയത് പരസഹായമില്ലാതെയാണ്. ജീവിതത്തിലേയ്ക്ക് പുഞ്ചരിയോടെ മടങ്ങി വന്ന ജെൽവിനെ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് സർപ്രൈസ് ബർത്ത്ഡേ പാർട്ടി ഒരുക്കിയാണ് വീട്ടിലേക്ക് യാത്രയാക്കിയത്.

ജെല്‍വിന്‍റെ ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും നേതൃത്വം നല്‍കിയ ഡോ. ബിപിന്‍ ജോസ് (പീഡിയാട്രിക് ഇന്‍റന്‍സിവ് കെയര്‍,), ഡോ. ജോസഫ് ജോര്‍ജ് (സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ട്രോളജി), ഡോ. ജിജി രാജ് കുളങ്ങര (പ്ലാസ്റ്റിക്ക് സര്‍ജറി) ഡോ. മുരുകന്‍ ബാബു, ഡോ. ടോം ജോസ് (ഓര്‍ത്തോപിഡിക്സ്), ഡോ. സഞ്ജയ് ഭട്ട്, ഡോ. സന്ദീപ് ആര്‍. നാഥ് (യൂറോളജി), ഡോ. ജോയ് ജോര്‍ജ്, ഡോ. ബിനില്‍ ബാബു (ജനറല്‍ സര്‍ജറി) ഡോ. ശിവ്. കെ. നായര്‍, ഡോ. ജോര്‍ജ് വാളൂരാന്‍, ഡോ. റിനറ്റ് സെബാസ്റ്റ്യന്‍ (കാര്‍ഡിയോ തോറാസിക്ക് സര്‍ജറി), ഡോ. ആനി തോമസ്, ഡോ. സച്ചിന്‍ (അനസ്ത്യേഷ) ഡോ. നിതിന്‍ അജിത്കുമാര്‍ മേനോന്‍, ശ്രീ വിജയന്‍ ഗോപാലകൃഷ്ണ കുറുപ്പ് (ഫിസിയോ തെറാപ്പി)എന്നിവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് ആശംസകൾ നേർന്നു. മാതാപിതാക്കള്‍ക്കൊപ്പം യാത്ര പറയാൻ നേരം ജെല്‍വിൻ സ്വതസിന്ധമായ പുഞ്ചിരിയോടെ പറഞ്ഞു... നന്ദി ഇൗ പുനർജന്മത്തിന് !

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.