Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനെട്ടാം വർഷം രോഗക്കിടക്ക തോറ്റു; നൂർജഹാൻ എഴുന്നേറ്റു

noorjahan വാക്കറിന്റെ സഹായത്തോടെ നടക്കുന്ന നൂർജഹാൻ

പതിനെട്ടു വർഷത്തിനു ശേഷം ഭൂമിയിൽ കാൽ തൊട്ടപ്പോൾ ഇടപ്പിള്ളി പീച്ചിങ്ങപറമ്പിൽ നൂർജഹാന്റെ സന്തോഷം അണപൊട്ടി. ഒരിക്കലും നടക്കില്ലെന്ന് കരുതി വിധിയെ പഴിച്ചും ദുഃഖിച്ചും കഴിഞ്ഞ നൂർജഹാനു വേണ്ടി ബന്ധുക്കളും മക്കളും ഭർത്താവും കൊച്ചി കിംസ് ആശുപത്രിയിലെ ഡോക്ടർമാരും ഇടമുറിയാതെ നടത്തിയ പ്രാർത്ഥനയും പരിശ്രമങ്ങളും ഫലം കണ്ടു. ഇടപ്പിള്ളി കിംസ് ആശുപത്രിയിലെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം കഴിഞ്ഞ ദിവസം നൂർജഹാൻ സ്വന്തം കാലുകളിൽ ബലം കൊടുത്ത് എഴുന്നേറ്റു നിന്നു. വാക്കറിന്റെ സഹായത്തോടെ ചുവടുകൾ വച്ചു. കണ്ടു നിന്ന ബന്ധുക്കളും ഭർത്താവ് ഹനീഫും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. ജീവിതത്തിൽ ഇതുവരെ കിട്ടാത്ത വെളിച്ചം കിട്ടിയതിന്റെ സന്തോഷം, നൂർജഹാൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ് തന്നെ കാണാൻ വന്നവരുമായി പങ്കിട്ടു.

പുറംലോകം കാണാതെ 18 വർഷത്തെ അസുഖം മൂലം തളർന്നു കിടക്കുകയായിരുന്ന നൂർജഹാൻ. സന്ധിവാതം മൂലം രണ്ട് കാൽമുട്ടുകളുടെയും ഇടത്തേ ഇടുപ്പ് സന്ധിയുടെയും ചലനശേഷി നഷ്ടപ്പെട്ട് 18 വർഷമായി നടക്കാനോ ഇരിക്കാനോ സാധിക്കാത്ത ദുരിത പൂർണ്ണമായ അവസ്ഥയിൽ കിടപ്പിലായിരുന്നു നൂർജഹാൻ. 90 ഡിഗ്രി മടങ്ങിയ നിലയിൽ ഉറച്ചുപോയ രണ്ട് കാൽമുട്ടുകളിലും ഇടത്തേ ഇടപ്പിലും അസഹനീയമായ വേദനയും നിരന്തരമായി അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് കൊച്ചി കിംസ് ആശുപത്രിയിലെ ഓർത്തോപീഡിക്സ് ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം മേധാവി ഡോ. ജോസ് റ്റി. പാപ്പിനശ്ശേരി നൂർജഹാനെ പരിശോധിക്കാൻ ഇടവരുന്നത്. ഈ പരിശോധനകളെ തുടർന്ന് നൂർജഹാനെ ജോയിന്റ് റീപ്ലേസ്മെന്റ് (സന്ധി മാറ്റിവയ്ക്കൽ) ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുവാൻ ഡോക്ടർ നിർദ്ദേശിച്ചു. ഉണ്ടായിരുന്ന 15 സെന്റും വീടും വിറ്റ് മക്കളുടെ വിവാഹം നടത്തിയ നൂർജഹാന്റെ ചികിത്സയ്ക്കു വലിയ തുക കണ്ടെത്താൻ ബന്ധുക്കൾക്ക് കഴിയുമായിരുന്നില്ല.

ശസ്ത്രക്രിയ്ക്കായി പണം കണ്ടെത്തുന്നതിന് വാർഡ് കൗൺസിലർ ജലീൽ പാമങ്ങാടന്റെയും മുൻ മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടന്റെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ചികിത്സാ ചെലവിന്റെ പകുതി ഭാഗം വഹിക്കാൻ കിംസ് ആശുപത്രി അധികൃതർ സന്നദ്ധത അറിയിച്ചതോടെ ആറു ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തുവാനുള്ള വഴി തെളിഞ്ഞു. 90 ഡിഗ്രി വളഞ്ഞ് മടങ്ങി ഉറച്ചുപോയ വലത് കാൽമുട്ട് നേരെയാക്കുന്ന സന്ധിമാറ്റിവയ്ക്കലായിരുന്നു ഏറ്റവും ആദ്യഘട്ടം. ശ്രമകരമായ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചതോടെ ആറ് ആഴ്ചകൾക്ക് ശേഷം ഇടത്തെ കാൽമുട്ടും വിജയകരമായി മാറ്റിവച്ചു. തുടർന്ന് അവസാനഘട്ടത്തിൽ ഇടത്തേ ഇടുപ്പിലെ സന്ധിയും മാറ്റിവച്ചു. വിജയകരമായ മൂന്ന് സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം നൂർജഹാൻ വാക്കറിന്റെ സഹായത്തോടെ നടക്കുവാനും ഫിസിയോ തെറാപ്പിയും ആരംഭിച്ചു. ഏതാനും മാസത്തെ പരിശീലനത്തിനുശേഷം വാക്കറുപേക്ഷിച്ച് സ്വന്തം കാലിൽ നടക്കുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നൂർജഹാനും കുടുംബവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.