Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം ദേശീയ ശരാശരിയെക്കാൾ രണ്ടര ഇരട്ടി രോഗാതുരം

doctor-visa

കോഴിക്കോട് ∙ ദേശീയ ശരാശരിയെക്കാൾ 250% അധികം രോഗാതുരത കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടന്നു കേന്ദ്ര റിപ്പോർട്ട്. കേരളത്തിൽ ആയുർദൈർഘ്യം കൂടുതലാണെങ്കിലും ആളുകൾ ആരോഗ്യവാന്മാരായല്ല ജീവിക്കുന്നതെന്നാണു കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ സാംപിൾ സർവേ ഓഫിസ് നടത്തിയ പഠനത്തിലെ വെളിപ്പെടുത്തൽ. രണ്ടാഴ്‌ചകൊണ്ട് ആയിരത്തിൽ 310 പേർ ഗ്രാമപ്രദേശങ്ങളിലും 306 പേർ നഗരപ്രദേശങ്ങളിലും രോഗികളാകുന്നു. ഒരു വർഷത്തെ കണക്കെടുത്താൽ ഗ്രാമപ്രദേശങ്ങളിൽ ആയിരത്തിൽ 117 പേരെയും നഗരത്തിൽ 99 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60 വയസ്സു കഴിഞ്ഞവരിൽ പത്തിൽ ഏഴു പേരും രോഗബാധിതരാണ്‌ എന്നതാണു മറ്റൊരു കണ്ടെത്തൽ.

ഗ്രാമപ്രദേശങ്ങളിൽ ആയിരം കുട്ടികളിൽ 221 പേരും രോഗബാധിതരാകുന്നു. നഗരപ്രദേശങ്ങളിൽ രോഗികളാകുന്ന കുട്ടികളുടെ ഇരട്ടിയാണിത്. ശുദ്ധമായ കുടിവെള്ളത്തിന്റെ ദൗർലഭ്യം, പോഷകാഹാരക്കുറവ്‌ എന്നിവയാണു ഗ്രാമങ്ങളിലെ കുട്ടികൾക്കു രോഗം വരുന്നതിനുള്ള കാരണങ്ങൾ. രാജ്യത്തു കഴിഞ്ഞ വർഷം കാൻസറിന്റെ ചികിൽസയ്‌ക്കായാണ് ഏറ്റവുമധികം പണം ആശുപത്രികളിൽ ചെലവഴിച്ചത്. ഒരു അർബുദരോഗിക്ക് സർക്കാർ ആശുപത്രിയിൽ ശരാശരി 25,000 രൂപ ചികിൽസയ്ക്കായി ചെലവായപ്പോൾ സ്വകാര്യ ആശുപത്രിയിൽ ഇത് 78,000 രൂപ വരെയായി.

കേരളത്തിൽ ആളുകൾ സർക്കാർ ആശുപത്രികളെക്കാൾ അധികം ആശ്രയിക്കുന്നതു സ്വകാര്യ ആശുപത്രികളെയാണ്. ആളുകൾ ഒപി സേവനത്തിനായി 70 ശതമാനവും കിടത്തിച്ചികിൽസയ്ക്കായി 60 ശതമാനവും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് 16% ആളുകൾ മാത്രം. ഒപി സേവനത്തിനും കിടത്തിച്ചികിൽസയ്ക്കും 90 ശതമാനത്തിൽ അധികം ആളുകളും ആധുനിക വൈദ്യശാസ്ത്രത്തെയാണ് ആശ്രയിക്കുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ആരോഗ്യരംഗത്തു ലോകത്ത് ഏറ്റവും കുറവു പണം ചെലവഴിക്കുന്ന രാജ്യം ഇന്ത്യയാണ്. ആകെയുള്ള ചെലവിന്റെ 30 ശതമാനത്തിൽ താഴെ മാത്രമാണ് ആരോഗ്യരംഗത്തു ചെലവഴിക്കുന്നത്. 86% ജനങ്ങൾക്കും രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ല. ബാക്കിയുള്ള 14% പേരിൽ ഭൂരിഭാഗമാളുകൾക്കും സർക്കാരിന്റെ ഇൻഷുറൻസ് പരിരക്ഷ മാത്രമാണുള്ളതെന്നും പഠനത്തിൽ പറയുന്നു.