Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണം?

637229780

ഇന്ന് ലോക വൃക്ക ദിനം. ജീവിതശൈലിയും ഭക്ഷണത്തിലെ പാകപ്പിഴകളും രോഗങ്ങളിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണമെന്നു നോക്കാം.

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം— രോഗം, വൃക്കരോഗത്തിന്റെ ലക്ഷണം, കാഠിന്യം എന്നിവയെ ആശ്രയിച്ചിരിക്കും. ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ അയണിന്റേയും ലവണങ്ങളുടേയും നിയന്ത്രണത്തിനും വൃക്കകൾ സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. എല്ലിന്റെ ആരോഗ്യം ഉൾപ്പെടെ ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും (തലച്ചോർ, ഹൃദയം, കരൾ) പ്രവർത്തനത്തെ വൃക്കകൾ സഹായിക്കുന്നുണ്ട്.

ആഹാരം കൊണ്ടും ചികിത്സ

വൃക്കരോഗത്തിന്റെ ചികിത്സ എന്നതു മരുന്നിന്റെയും ആഹാരത്തിന്റെയും വെള്ളത്തിന്റെയും വ്യായാമത്തിന്റെയും ഒരു മിതമായ ഒത്തിണക്കമാണ്. ഈ ഘടകങ്ങളിൽ ഏതിലെങ്കിലും കോട്ടം സംഭവിച്ചാൽ അതു വൃക്കരോഗം ഗുരുതരമാക്കാൻ ഇടയാക്കുന്നു.

പലതരത്തിലുള്ള വൃക്കരോഗങ്ങളുണ്ട്. ചിലതു വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ചിലത് മൂത്രത്തിൽ പ്രോട്ടീന്റെ അംശം കൂട്ടുന്നു. ഇതുപോലെ രോഗ ലക്ഷണങ്ങൾ അനുസരിച്ച് ആഹാരക്രമവും മാറും. അതിനാൽ പൊതുവായ ഒരു ആഹാരക്രമം വൃക്കരോഗമുള്ളവർക്കായി നടപ്പാക്കാൻ കഴിയില്ല. ഓരോ ആഹാരക്രമവും രോഗമേതാണെന്നറിഞ്ഞു തിട്ടപ്പെടുത്തി എടുക്കണം. അതിനോടൊപ്പം ആഹാരശീലങ്ങൾ, ശരീരഭാരം, രക്തത്തിൽ അയണിന്റെയും സോഡിയം, പൊട്ടാസ്യം, കാത്സ്യം പോലുള്ള ലവണങ്ങളുടെ അളവും ശ്രദ്ധിക്കണം. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഡോക്ടർ രോഗിയുടെ ഭക്ഷണം നിശ്ചയിക്കുക.

ഏഴുതരം രോഗം

സാധാരണക്കാരന് എളുപ്പം മനസിലാക്കാൻ വൃക്കരോഗം ഏഴു പ്രധാന തലങ്ങളായി തിരിക്കാം.

1 മൂത്രത്തിൽ കല്ലിന്റെ അസുഖങ്ങൾ

2 ശരീരത്തിൽ നീരുണ്ടാകുന്ന അസുഖങ്ങൾ

3 മൂത്രത്തിൽ അണുബാധ

4 പെട്ടെന്ന് ഉണ്ടാകുന്ന വൃക്കയുടെ സ്തംഭനം

5 സ്ഥായിയായ വൃക്കസ്തംഭനം

6 ഡയാലിസിസ് വേണ്ട രോഗികൾ

7 ട്രാൻസ്പ്ലാന്റ് കഴിഞ്ഞ രോഗികൾ

ഈ ഏഴുതരം രോഗികളിൽ വരുത്തേണ്ട ഭക്ഷണക്രമീകരണം എന്താണെന്നു നോക്കാം.

ശരീരത്തിൽ നീരുവരുന്ന അസുഖമുള്ളവർക്ക്

നെഫ്റ്റൈറ്റിസ്, നെഫ്റോട്ടിക് സിൻഡ്രോം എന്നീ ശരീരത്തിൽ അധികമായി നീരുവരുന്ന രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ശരീരത്തിൽ വെള്ളത്തിന്റെ അംശവും ഉപ്പിന്റെ അംശവും കൂടുമ്പോഴാണു നീരുവരുന്നത്. വൃക്കസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കു നീരുവരാൻ രണ്ടു കാരണങ്ങളുണ്ട്. (1) വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ (2) പ്രോട്ടീന്റെ അംശം മൂത്രത്തിൽ കൂടുതൽ പോകുമ്പോൾ.

അവർക്കുള്ള ആഹാരക്രമം

ഉപ്പിന്റെ ഉപയോഗം ദിവസം അഞ്ചുഗ്രാമിൽ (ഒരു ടേബിൾസ്പൂൺ) കുറയ്ക്കുക.

കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക. കുടിക്കുന്ന വെള്ളത്തിന്റെ അളവിലും കൂടുതലാണു മൂത്രത്തിന്റെ അളവെങ്കിൽ മാത്രമേ ശരീരത്തിലെ നീരു കുറയുകയുള്ളൂ.

ആഹാരത്തിൽ

കൊഴുപ്പിന്റെ അംശം കുറയ്ക്കുക.

മൂത്രത്തിൽ അധികമായി പ്രോട്ടീൻ നഷ്ടപ്പെടുകയാണെങ്കിൽ പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ (മുട്ടയുടെ വെള്ള, മീൻ, സോയാബീൻ, പനീർ) എന്നിവ കൂടുതൽ കഴിക്കുക.

എത്ര പ്രോട്ടീൻ കഴിക്കണമെന്നത് എത്ര പ്രോട്ടീൻ നഷ്ടപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും.

മൂത്രത്തിൽ അണുബാധ

മൂത്രത്തിൽ അണുബാധ വരാതിരിക്കാനും വന്നവരിൽ വീണ്ടും ആവർത്തിക്കാതിരിക്കാനും ചില കാര്യങ്ങളിൽ ശ്രദ്ധവെയ്ക്കണം.

ധാരാളം വെള്ളം കുടിക്കുക.

നെല്ലിക്കാനീരും കുടിക്കുക. നെല്ലിക്കയ്ക്ക് അണുബാധ തടയാനുള്ള ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

വൃക്കസ്തംഭനം വന്നാൽ

വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടത്തിൽ ആഹാരക്രമത്തിൽ വലിയ വ്യത്യാസം വരുത്തേണ്ടതില്ല. വൃക്കയുടെ പ്രവർത്തനം 50 ശതമാനത്തിൽ കൂടുതൽ നഷ്ടപ്പെടുമ്പോഴാണു നീരും മറ്റു ലക്ഷണങ്ങളും ഉണ്ടാകുന്നത്. ഈ ഘട്ടത്തിൽ ആഹാരക്രമത്തിൽ പ്രത്യേക മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

ജലാംശം

വൃക്കയ്ക്കു താങ്ങാവുന്നതിനുമപ്പുറം വെള്ളം ശരീരത്തിൽ നിലനിൽക്കുമ്പോഴാണു നീരുവരുന്നത്. സാധാരണ രീതിയിൽ നീരു കാണുന്ന രോഗികൾക്കു ഒരു ലീറ്ററിനു താഴെ (അഞ്ചു ഗ്ലാസ്) ജലം കുടിക്കാനാണു നിർദേശം. ഒരു ദിവസം ആഹാരവും മറ്റു പദാർഥങ്ങളും വെള്ളവും ഉൾപ്പെടെ അഞ്ചു ഗ്ലാസിനകത്ത് ഒതുക്കി നിർത്തണം.

പ്രോട്ടീൻ

വൃക്കസ്തംഭനത്തിന്റെ ആദ്യഘട്ടങ്ങളിൽ പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട ആവശ്യമില്ല. രോഗം ഗുരുതരമായി കൊണ്ടിരിക്കുമ്പോൾ പ്രോട്ടീൻ കുറയ്ക്കുക എന്നത് അത്യാവശ്യമാണ്.

ആരോഗ്യമുള്ള മനുഷ്യനിൽ പ്രോട്ടീൻ ദിവസം ഒരു കിലോഗ്രാം ശരീരഭാരത്തിന് ഒരു ഗ്രാം എന്ന ക്രമത്തിൽ വേണം. വൃക്കയുടെ പ്രവർത്തനം 65 ശതമാനത്തിനു താഴെ ആകുമ്പോൾ അതായത് 65—70 ശതമാനം പ്രവർത്തനം കുറയുമ്പോൾ പ്രൊട്ടീന്റെ അളവ് ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം ഉദാ: ഒരു 60 കിലോ ഭാരമുള്ള വൃക്കരോഗം ഉള്ള വ്യക്തിക്ക് 60×0.8= 48 ദ്ദണ്ഡ പ്രോട്ടീൻ ഒരു ദിവസം കഴിച്ചാൽ മതിയെന്നർഥം.

മുട്ടയുടെ വെള്ളയും മീനും

വൃക്കരോഗം ഗുരുതരമായവരിൽ പ്രൊട്ടീന്റെ അളവ് ദിവസം ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.6 ഗ്രാം എന്ന ക്രമത്തിൽ വേണം. എന്നാൽ, ഇങ്ങനെയുള്ള കഠിനമായ പ്രൊട്ടീൻ നിയന്ത്രണം പോഷകക്കുറവിലേക്കു വഴിയൊരുക്കാം. അതിനാൽ, പ്രോട്ടീന്റെ ഗുണനിലവാരത്തിനും അളവിനെപ്പോലെ പ്രാധാന്യമുണ്ട്. മുട്ടയുടെ വെള്ളയിലും മീനിലും അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഗുണമേന്മ കൂടിയ പ്രോട്ടീനാണ്. സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന പ്രോട്ടീന് ആ ഗുണനിലവാരമില്ല. അതിനാൽ വൃക്കസ്തംഭനമുള്ള വ്യക്തിക്ക് ആഹാരത്തിൽ പ്രോട്ടീന്റെ അളവു കുറയ്ക്കുമ്പോൾ കഴിക്കുന്നതിൽ 50—60 ശതമാനം പ്രോട്ടീനും ഗുണമേന്മ കൂടിയത് ആയിരിക്കണമെന്നാണു നിർദേശം. പക്ഷേ, ഗുണമേന്മ കൂടിയ പ്രോട്ടീനിൽ മറ്റൊരു പ്രശ്നമുണ്ട്. അവ ഫോസ്ഫറസിനാൽ സമ്പന്നമാണ്. അത് വൃക്കകൾക്ക് അത്ര നല്ലതല്ല. അതിനാൽ മുട്ടയുടെ വെള്ളയും മീനും കഴിക്കുമ്പോൾ അവയുടെ അളവും നിയന്ത്രിച്ചു കൊണ്ടു പോകേണ്ടതാണ്. എന്നാൽ പെട്ടെന്നുണ്ടാക്കുന്ന വൃക്കസ്തംഭനത്തിന് പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട ആവശ്യമില്ല.

കരിക്കും പഴങ്ങളും കഴിക്കുമ്പോൾ

വൃക്കസ്തംഭനം വന്ന രോഗി പൊട്ടാസ്യം അടങ്ങിയ ആഹാരസാധനങ്ങൾ കുറയ്ക്കണം. പഴങ്ങൾ, ബദാം, നിലക്കടല, കശുവണ്ടി എന്നിവയും അക്കാരണത്താൽ തന്നെ ഒഴിവാക്കണം.

കരിക്കിൻ വെള്ളത്തിലും പൊട്ടാസ്യം കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ വൃക്കസ്തംഭനമുള്ളയാൾ അത് കഴിക്കരുത്. എന്നാൽ മറ്റ് വൃക്കരോഗങ്ങളിൽ കരിക്കിൻ വെള്ളത്തിന് നിയന്ത്രണമില്ല. മിക്കവാറും എല്ലാ പഴവർഗങ്ങളിലും പൊട്ടാസ്യം കൂടുതലാണ്. എന്നാൽ ആപ്പിൾ, പപ്പായ, പേരയ്ക്ക, പൈനാപ്പിൾ എന്നിവ വൃക്കരോഗിക്ക് കഴിക്കാം.

ഡയാലിസിസ് ചെയ്യുന്നവർക്ക്

ഡയാലിസിസ് ചെയ്യുന്നവർ വെള്ളത്തിന്റെയും ഉപ്പിന്റെയും അളവു വൃക്കസ്തംഭനമുള്ളവരുടേതു പോലെ തന്നെയാണ് പാലിക്കേണ്ടത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കു പ്രോട്ടീന്റെ അളവു കുറയ്ക്കേണ്ട കാര്യമില്ല. ഒരു കിലോഗ്രാം ശരീരഭാരത്തിന് 1.2 ഗ്രാം വരെ കഴിക്കാൻ അനുമതിയുണ്ട്. വെള്ളത്തിന്റെയും ഉപ്പിന്റെയും അംശം പ്രധാനമായും ശ്രദ്ധിക്കണം.

വൃക്ക മാറ്റിവെച്ചവർക്ക്

ട്രാൻസ്പ്ലാന്റ് കഴിയുന്ന രോഗികളിൽ അധിക രക്തസമ്മർദം സാധാരണമാണ്. അതിനാൽ ഉപ്പിന്റെ അളവു നിയന്ത്രിക്കണം. ട്രാൻസ്പ്ലാന്റ് ചെയ്ത വൃക്കയുടെ പ്രവർത്തനം സാധാരണ രീതിയിൽ ആണെങ്കിൽ ധാരാളം വെള്ളം കുടിക്കുന്നതു നല്ലതാണ്. ട്രാൻസ്പ്ലാന്റ് വൃക്കയുടെ പ്രവർത്തനം കുറവാണെങ്കിൽ ജലാംശം കുറയ്ക്കണം. കൊഴുപ്പുള്ള ആഹാരവും ബേക്കറി പലഹാരങ്ങളും കഴിവതും ഒഴിവാക്കുക.

മൂത്രത്തിൽ കല്ലുള്ളവർ ശ്രദ്ധിക്കേണ്ടത്

മൂത്രത്തിൽ കല്ലുള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിക്കുക എന്നതു തന്നെ. പക്ഷേ, ഡോക്ടറുടെ കൂടി അഭിപ്രായം ഇക്കാര്യത്തിൽ ചോദിച്ചിരിക്കണം. കാരണം കല്ലിനൊപ്പം മറ്റ് ചില വൃക്കരോഗങ്ങൾ കൂടിയുണ്ടെങ്കിൽ വെള്ളം കുടി നിയന്ത്രിക്കേണ്ടിയും വരാം.

ആഹാരത്തിൽ ഉപ്പു കുറയ്ക്കുക എന്നതും പ്രധാനമാണ് അതുപോലെ പാലും പാലിന്റെ അംശം അടങ്ങിയ ആഹാരവും ഒഴിവാക്കുന്നതാണ് നല്ലത്. കല്ലുകളുടെ വളർച്ചയെ സജീവമാക്കുന്ന ഫോസ്ഫറസ്, ഓക്സലേറ്റ് എന്നീ ഘടകങ്ങൾ അവയിലുണ്ട് എന്നതാണ് അതിനു കാരണം. മാട്ടിറച്ചിയും ആട്ടിറച്ചിയും (ബീഫ്, മട്ടൻ) ഒഴിവാക്കണം. അവ യൂറിക്ക് ആസിഡിന്റെ ഉൽപാദനം ത്വരിതപ്പെടുത്തുന്നതിനാലാണ് അവ ഒഴിവാക്കാൻ നിർദേശിക്കുന്നത്.

അണ്ടിപരിപ്പ്, ബദാം, കപ്പലണ്ടി എന്നിവ ഒഴിവാക്കുക. കാരണം, അവയും യൂറിക് ആസിഡ് കൂട്ടും.

തക്കാളിയും പച്ചക്കറികളും കൂടുതൽ കഴിക്കരുത്. അമിതമായി ഇലക്കറികൾ കഴിക്കരുത്. മത്തങ്ങ, കാബേജ്, കത്തിരിക്ക, കോളിഫ്ലവർ, കുമിൾ എന്നിവയാണ് പ്രത്യേകം ഒഴിവാക്കേണ്ടത്.

മൂത്രത്തിൽ കല്ലു വരാതിരിക്കാൻ

ധാരാളം വെള്ളം കുടിക്കുക (10—15 ഗ്ലാസ്)

ഉപ്പു കുറയ്ക്കുക

ലഘുഭക്ഷണം ഒഴിവാക്കുക

എണ്ണപലഹാരങ്ങൾ ഒഴിവാക്കുക

ബീഫും മട്ടണും കുറയ്ക്കുക.

ഡോ പ്രവീൺ നമ്പൂതിരി

കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്,

ബിഷപ് ബെൻസിഗർ ഹോസ്പിറ്റൽ,

ശങ്കേഴ്സ് ഹോസ്പിറ്റൽ, കൊല്ലം.