Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയുടെ 'മധുരം' പരിധി വിടുന്നു

icecream-kochi

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ നടത്തിയ പഠനങ്ങളിൽ ഇന്ത്യയിൽ പ്രമേഹത്തിന്റെ വ്യാപ്തി കൂടുതലുള്ള സ്ഥലങ്ങളിൽ എറണാകുളം ഒന്നാമത്.

19.5 ശതമാനമാണു എറണാകുളത്തു പ്രമേഹത്തിന്റെ വ്യാപ്തി. 6.1 ശതമാനമുള്ള കശ്മീർ വാലിയാണ് ഈ കണക്കിൽ ഏറ്റവും പിന്നിൽ. മറ്റു സ്ഥലങ്ങൾ 10 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇന്റർനാഷനൽ ഡയബറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 6.51 കോടി ആളുകൾ‍ക്കാണ് രാജ്യത്തു പ്രമേഹ രോഗമുള്ളത്.

2030 ആകുമ്പോഴേക്കും ഇതു രണ്ടിരട്ടി വർധിക്കുമെന്നാണു പഠനത്തിൽ വ്യക്തമാകുന്നത്. ഇന്ത്യയിൽ 100 പേരിൽ അഞ്ചു പേർക്കു പ്രമേഹമുണ്ടെന്നാണു കണക്ക്. കേരളത്തിൽ ഇതു 100 പേരിൽ 20 എന്നാണ്. പ്രമേഹം അറിയാതെ ജീവിക്കുന്നവരുടെ എണ്ണവും വർധിക്കുന്നെന്നു വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ജീവിത ശൈലീ രോഗമായ പ്രമേഹം ഇന്നു സർവ സാധാരണമായി കണ്ടുവരുന്നതിന്റെ പ്രധാനകാരണം ഭക്ഷണ ശീലങ്ങൾആണെന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ സീനിയർ എൻഡോ ക്രൈനോളജിസ്റ്റായ ഡോ. വി.പി.വിപിൻ പറ‍ഞ്ഞു ജങ്ക് ഫുഡിന്റെ അമിത ഉപയോഗം കൊഴുപ്പു കൂട്ടുന്നു. അമിത വണ്ണവും കുടവയറും പ്രമേഹ സാധ്യത വർധിപ്പിക്കുന്നുണ്ട്. വ്യായാമത്തിൽ നിന്നു മലയാളി അകന്നു പോയതും പ്രമേഹമടക്കമുള്ള ജീവിത ശൈലീ രോഗങ്ങൾ കേരളത്തിലേക്കു വണ്ടി കയറിയെത്തുന്നതിനു കാരണമായി.

കേരളത്തിൽ പ്രമേഹ രോഗ നിരക്ക് ഏറ്റവും കൂടുതൽ‍ കണ്ടുവരുന്നത് 40 മുതൽ 59 വയസുവരെയുള്ള വിഭാഗത്തിലാണ്. എന്നാൽ അടുത്ത കാലത്ത് ഇതു 25 വയസ് വിഭാഗത്തിലേക്ക് ഇറങ്ങി വരുന്നതായി കാണുന്നതു ആരോഗ്യമില്ലായ്മയുടെ തെളിവാണ്. പൊണ്ണത്തടി കുറഞ്ഞപ്രായത്തിലുള്ളവർക്ക് ഏറി വരുന്നതും ഇതിനു കാരണമാണ്. കായികമായ അധ്വാനമില്ലാത്ത ജോലികളിലേക്കു യുവ തലമുറ കൂടുമാറുന്നതും ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

diabetes-kochi (അവലംബം ഇന്റർ‍നാഷനൽ ഡയബറ്റിസ് ഫെഡറേഷൻ)

പ്രമേഹം തടയാനുള്ള നടപടികൾ

∙ ഭക്ഷണക്രമം ക്രമീകരിക്കുക

‌∙ പ്രഭാത ഭക്ഷണം ഒഴിവാക്കുക

∙ ഇടവേളകളിലെ ഭക്ഷണം ഒഴിവാക്കുക

∙ കലോറി കൂടിയ ഭക്ഷണം ഒഴിവാക്കുക

∙ അമിത വണ്ണം കുറയ്ക്കുക. ഇപ്പോഴുള്ള ഭാരത്തിൽ നിന്നു 5% ശരീരഭാരം കുറയ്ക്കാനായാൽത്തന്നെ പ്രമേഹത്തെ പിടിച്ചു നിർത്താം.

∙ ബോഡി മാസ് ഇൻഡെക്സ് 24ൽ താഴെ നിലനിർത്തുക.

∙ ഒന്നര മണിക്കൂറിൽ കൂടുതൽ ഇരുന്നു ജോലി ചെയ്യരുത്.

∙ ആഴ്ചയിൽ രണ്ടര മണിക്കൂറെങ്കിലും ൈസക്ലിങ്, സ്വിമ്മിങ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യണം.

∙ രണ്ടു ദിവസത്തിൽ കൂടുതൽ വ്യായാമം ഒഴിവാക്കരുത്.

∙ മദ്യപാനവും പുകവലിയും ഒഴിവാക്കുക.

∙ അമിതവണ്ണമുള്ള കുട്ടികൾ ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്യണം.

പ്രമേഹ ദിനാചരണം

എല്ലാവർഷവും നവംബർ 14നാണു ലോക പ്രമേഹദിനമായി ലോകാരോഗ്യ സംഘടനയും ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷനും സംഘടിപ്പിക്കുന്നത്. നീല വൃത്തമാണു ലോഗോയായി സ്വീകരിച്ചിരിക്കുന്നത്. ബോധവൽക്കരണ പരിപാടികൾക്കാണ് എല്ലാവർഷവും പ്രാധാന്യം നൽ‍കുന്നത്. ഇൻസുലിൻ കണ്ടു പിടിച്ച ഫ്രെഡറിക് ബാൻഡിങ് എന്ന കനേഡിയൻ ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് പ്രമേഹ ദിനാചരണമായി 1991 മുതൽ ആചരിച്ചു വരുന്നത്.