Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താക്കോൽദ്വാര ശസ്ത്രക്രിയ സംശയമകറ്റാം

laproscopic-surgery

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ അഥവാ താക്കോൽദ്വാര ശസ്ത്രക്രിയ വളരെവേഗം വ്യാപകമാകുകയാണ് അതിന്റെ പ്രാധാന കാരണം അതിൽ നിന്നുള്ള അളവറ്റ പ്രയോജനങ്ങൾ തന്നെയാണ്. സാധാരണ ചെയ്യുന്ന ശസ്ത്രക്രിയകൾ വയറിനു മുകളിൽ വലിയ മുറിവുകളുണ്ടാക്കി ചെയ്യുമ്പോൾ ഇതിൽ വയറിന്റെ ഭിത്തികളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി അതിലൂടെയാണു ശസ്ത്രക്രിയകൾ ചെയ്യുന്നത്.

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ചെയ്യുന്നത്?

വയറിനുള്ളിലേക്ക് ഒരു പ്രത്യകതരം സൂചി കടത്തിവിട്ട് അതിൽകൂടി കാർബൺഡൈ ഓക്സൈഡ് വാതകം കടത്തിവിട്ട് വയർ വികസിപ്പിക്കുന്നു. ഒരു പ്രത്യേക മെഷീന്റെ സഹായത്തോടെ ഒരോ രോഗിയുടെയും ആവശ്യമനുസരിച്ചു വളരെ കൃത്യതയോടെ വാതകം കടത്തിവിടാൻ സാധിക്കും. അതിനുശേഷം ഒന്നോ രണ്ടോ സെന്റീമീറ്റർ നീളമുള്ള മുറിവുകൾ ആവശ്യമുള്ള ഭാഗത്തുണ്ടാക്കി അതിലൂടെ ഒരു ട്യൂബ് (ട്രോക്കാർ) കടത്തിവിടുന്നു. ശസ്ത്രക്രിയയുടെ ആവശ്യമനുസരിച്ച് ഈ ട്യൂബിന്റെ വലുപ്പത്തിലും വ്യത്യാസങ്ങൾ വരും. പല തരത്തിലും വലുപ്പത്തിലും ഉള്ള ടെലിസ്കോപ്പുകൾ ആവശ്യാനുസരണം ഉപയോഗിക്കുന്നു. മൂന്ന് എം. എം മുതൽ 12. എം.എംവരെയുള്ള ടെലിസ്കോപ്പുകൾ ഇന്നു ലഭ്യമാണ്. രോഗിയുടെ പ്രായവും ശസ്ത്രക്രിയയുടെ രീതിയും അനുസരിച്ചു ടെലിസ്കോപ്പും ഉപകരണങ്ങളും തിരഞ്ഞെടുക്കുന്നു.

ടെലിസ്കോപ്പിന്റെ അഗ്രത്തിലുള്ള ക്യാമറയിലൂടെ ഡോക്ടറുടെ മുന്നിലുള്ള ടെലിവിഷൻ സ്ക്രീനിൽ വളരെ കൃത്യമായും വലുതായും (വയറുതുറന്നു കാണുന്നതിലും വലുപ്പത്തിലും വ്യക്തമായും) ആന്തരീക അവയവങ്ങൾ കാണാം. വയറിന്റെ മറ്റുഭാഗത്ത് ആവശ്യമനുസരിച്ചു കടത്തിവിടുന്ന ട്യൂബിലൂടെ പ്രത്യേകതരം ഉപകരണങ്ങൾ കടത്തിവിടുന്നു. ഈ ഉപകരണങ്ങൾക്കു നീളമുള്ളതിനാൽ വയറിന്റെ വെളിയിൽ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്നു. അവയുടെ സഹായത്തോടെ അവയവങ്ങൾ മുറിക്കുവാനോ കരിക്കുവാനോ സാധിക്കുന്നു. ആവശ്യമുണ്ടെങ്കിൽ സൂചി ഉപയോഗിച്ച് അവയവങ്ങൾ തുന്നിച്ചേർക്കുവാനും കഴിയും. സാധാരണ ശസ്ത്രക്രിയയിൽ ചെയ്യാവുന്ന എല്ലാകാര്യങ്ങളും താക്കോൽ ശസ്ത്രക്രിയയിലൂടെ സാധ്യമാണ്.

പരിചയസമ്പന്നതയുടെ പ്രസക്തി

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ പരിചയസമ്പത്തു വളരെ അത്യാവശ്യമുള്ള കാര്യമാണ്. പരിചയസമ്പത്തുള്ള ഒരു ഡോക്ടർ ശസ്ത്രക്രിയ നടത്തിയാൽ ശസ്ത്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറയും പരിചയസമ്പത്തു കുറഞ്ഞവർ ഈ ശസ്ത്രക്രിയ ചെയ്യുമ്പോൾ വയറിനുള്ളിലേക്കു വായു കടത്തുന്നതിനുള്ള സൂചി കടത്തുമ്പോഴോ, ട്രോക്കാർ കടത്തുമ്പോഴോ അവയവങ്ങളിൽ മുറിവുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിക്കുകയാണെങ്കിലും അതു തക്കസമയത്തു മനസ്സിലാക്കുകയാണെങ്കിൽ വയർ തുറന്നു സാധാരണ ശസ്ത്രക്രിയയിലൂടെ അതിനു പരിഹാരം കാണാം.

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ മറ്റു ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഒരു ഡോക്ടർക്ക് സ്വന്തമായി പഠിച്ചു ചെയ്യുവാനുള്ള ദൈർഘ്യം അഥവാ ലേണിങ് കേർവ് കൂടുതലാണ്. ഈ പഠന പരിശീലന സമയത്താണ് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത. കൂടുതൽ സങ്കീർണമായ ശസ്ത്രക്രിയകൾ ഈ രീതിയിൽ ചെയ്യുമ്പോൾ സൂചി ഉപയോഗിച്ച് അവയവങ്ങൾ തുന്നിച്ചേർക്കേണ്ട സന്ദർഭങ്ങൾ വരുമ്പോഴും കുടലുകൾ യോജിപ്പിക്കാൻ സ്റ്റേപ്ലർ ഉപയോഗിക്കുമ്പോഴും പരിചയസമ്പത്തു വളരെ അത്യാവശ്യമായി വരുന്നു. നല്ല പരിചയ സമ്പത്ത് ഉണ്ടെങ്കിൽ മാത്രമേ വയറിനുള്ളിലുള്ള എല്ലാത്തരം ശസ്ത്രക്രിയകളും ചെയ്യാൻ സാധിക്കൂ. വളരെ ശ്രദ്ധയോടെയും സാവാധാനവും ബുദ്ധിമുട്ടു കുറഞ്ഞ ശസ്ത്രക്രിയകൾ ചെയ്താണ് മിക്ക ഡോക്ടർമാരും പരിചയസമ്പന്നരാകുന്നത്.

താക്കോൽ ദ്വാരത്തിലൂടെ പ്രധാന ശസ്ത്രക്രിയകൾക്കൊരുങ്ങുന്ന രോഗിക്ക് ആ ശസ്ത്രക്രിയയിൽ ഡോക്ടറുടെ പരിചയസമ്പന്നത ഉറപ്പുവരുത്തുന്നത് നല്ലതാണ്.

ചെലവ് വളരെ കൂടുതലാണോ?

പൊതുവേയുള്ള ധാരണയാണ് ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കു ചെലവു കൂടുതലാണ് എന്നത്. ശസ്ത്രക്രിയയുടെ മാത്രം ചെലവു സാധാരണ ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ തന്നെയായിരിക്കും. പക്ഷേ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആശുപത്രിവാസക്കാലത്തെ വരുമാനനഷ്ടം തുടങ്ങിയ ആകമാന ചെലവ് താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസം വരില്ല.

അനസ്തേഷ്യ ആവശ്യമോ?

സാധാരണ ശസ്ത്രക്രിയപോലെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കും രോഗിയെ മയക്കേണ്ടിവരും. ഇതിന് ഏറ്റവും അഭികാമ്യം പൂർണമായി മയക്കിയുള്ള അനസ്തേഷ്യ തന്നെയാണ്. കാരണം വയറിനുള്ളിൽ വാതകം കടത്തി വയർ നിറഞ്ഞു കഴിയുമ്പോൾ അതിനുള്ളിലെ സമ്മർദം വളരെ കൂടുന്നു. ഈ സമ്മർദം പ്രത്യേക മെഷീനിൽ കൂടിയാണു നിയന്ത്രിക്കുന്നത്. വയർ ഇങ്ങനെ സമ്മർദത്തിലാക്കിയിരിക്കുമ്പോൾ ഏതെങ്കിലും കാരണവശാൽ ശരീരം ചലിക്കുകയാണെങ്കിൽ കരൾ, പ്ലീഹ തുടങ്ങിയ അവയവങ്ങൾക്കു മുറിവുകൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു മൊത്തമായി മരവിപ്പിക്കുന്ന രീതിയാണു ഉത്തമം. എന്നാൽ, ഇതുകൂടാതെ ശരീരത്തിൽ പകുതി ഭാഗം മരവിപ്പിച്ചോ, ശസ്ത്രക്രിയ ചെയ്യുന്ന ഭാഗം മരവിപ്പിച്ചോ ഇതു ചെയ്യുന്നതിനു സാധിക്കും. ഈ സമയത്തുള്ള അപകടം ഒഴിവാക്കാൻ വയറിനുള്ളിലെ പ്രഷർ കുറച്ചു വയ്ക്കുകയോ രോഗിക്കു മയങ്ങാനുള്ള മരുന്നു കൊടുക്കുകയോ ചെയ്യണ്ടത് അത്യാവശ്യമാണ്. വാതകം ഉപയോഗിക്കാതെ ചെയ്യുന്ന അഥവാ ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചു വയർ മുകളിലേക്ക് വലിച്ചുകൊണ്ടു ചെയ്യുന്ന ശസ്ത്രക്രിയയിൽ ഇങ്ങനെയുള്ള അപകടസാധ്യത കുറവാണ്.

ഉപകരണങ്ങളുടെ നിലവാരം ബാധിക്കുമോ?

ലാപ്രോസ്കോപ്പി ചെയ്യുമ്പോൾ ഉപകരണങ്ങൾ ഒരു വലിയ ഘടകം തന്നെയാണ്. ഗുണമേന്മയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ തീർച്ചയായും അപകടസാധ്യതയും കുറവായിരിക്കും. വൈദ്യുതി ഉപയോഗിച്ചുള്ള ക്വാട്ടറിക്ക് പകരം തരംഗങ്ങൾ ഉപയോഗിച്ചുള്ള ഹാർമോണിക് സ്കാൽപ്പൽ ഉപയോഗിക്കുകയാണെങ്കിൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. ശസ്ത്രക്രിയയുടെ ചെലവു കുറയ്ക്കുന്നതിനു വേണ്ടി തരം താണ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അപകടസാധ്യത കൂടുന്നു.

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മോണിട്ടർ സ്ക്രീനുകൾ ഇന്നു പലതരത്തിലുണ്ട്. ഉന്നത നിലവാരമുള്ള ടെലിവിഷനുകൾ ഉപയോഗിക്കുകയാണെങ്കിൽ ആന്തരീകാവയവങ്ങളെ കൂടുതൽ വ്യക്തമായി കാണുവാൻ സാധിക്കുന്നു. അതുകൊണ്ട് അപകടസാധ്യത ഒരു പരിധിവരെ കുറയുന്നു.

ഫലപ്രദമായി ചെയ്യാവുന്ന ശസ്ത്രക്രിയകൾ

ഡോക്ടറുടെ വൈദഗ്ധ്യമനുസരിച്ച് മിക്കവാറും ശസ്ത്രക്രിയകൾക്ക് താക്കോൽദ്വാരരീതി ഉപയോഗിക്കാനാകും പ്രത്യകിച്ചും വയർ തുറന്നുള്ള ശസ്ത്രക്രിയകളിൽ ലാപ്രോസ്കോപ്പിയിലൂടെ വളരെ സാധാരണമായി ചെയ്തുവരുന്ന ശസ്ത്രക്രിയകൾ ഇവയാണ്.

അപ്പന്റിസെക്ടമി

അപ്പന്റിക്സ് എന്ന അവയവം വയറിന്റെ വലതുവശത്ത് അടിവശത്തായി വൻകുടലും ചെറുകുടലും ചേരുന്നിടത്തു സ്ഥിതിചെയ്യുന്നു. ഇതിന് അണുബാധയുണ്ടാകുമ്പോൾ വയറിന്റെ വലതുവശത്തു താഴെയായി വേദന വരാം. രക്തപരിശോധനയിലും സ്കാനിംഗിലും കൂടി രോഗനിർണയം നടത്താം. മൂന്നു ദ്വാരത്തിൽ കൂടി ചെയ്യുന്ന ഈ സാധാരണ ശസ്ത്രക്രിയയ്ക്കുശേഷം അടുത്ത ദിവസം രോഗിക്ക് ആശുപത്രിയിൽ നിന്നും മടങ്ങാം.

പിത്താശയത്തിലെ കല്ലുകൾ

കരളിനോടു ചേർന്നിരിക്കുന്ന അവയവമാണ് പിത്താശയം അഥവാ ഗാൾ ബ്ലാഡർ . ഇതിൽ കല്ലുകൾ ഉണ്ടാകുകയാണെങ്കിൽ വേദനയും അണുബാധയും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ വയറിന്റെ മുകൾവശത്തു വലതുവശത്തായി വേദനയുണ്ടാകുന്നു. സ്കാനിംഗിൽ കൂടി ഈ രോഗനിർണയം നടത്താം. മൂന്നോ നാലോ ദ്വാരങ്ങളിൽ കൂടി നടത്തുന്ന ഈ ശസ്ത്രക്രിയ ഇന്നു ലോകത്ത് ഏറ്റവും പ്രസിദ്ധിയാർജിച്ച ശസ്ത്രക്രിയയാണ്.

ഹെർണിയ അഥവാ കുടലിറക്കം

വയറിന്റെ ഭിത്തിയിലെ ബലക്ഷയമുള്ള ഭാഗത്തുകൂടി കുടൽ തള്ളിവരുന്നതിനെയാണ് ഹെർണിയ എന്നു പറയുന്നത്. ഈ രോഗം ശസ്ത്രക്രിയ കൊണ്ടു മാത്രമേ പരിഹരിക്കാൻ സാധിക്കൂ. വയറിന്റെ മുകളിൽ വലിയ മുറിവുണ്ടാക്കുന്നതിനു പകരം ചെറിയദ്വാരത്തിലൂടെ പ്രത്യേക തരത്തിലുള്ള നെറ്റ് അഥവാ മെഷ് ഇറക്കി ഈ ദ്വാരത്തെ അടയ്ക്കുകയെന്നതാണ് ഇതിനു ചികിത്സ. ശസ്ത്രക്രിയയ്ക്കുശേഷം ആവശ്യത്തിനു വിശ്രമിക്കാത്ത രോഗിക്ക് ഈ രോഗം വീണ്ടും വരുവാനുള്ള സാധ്യത , തുറന്നു ശസ്ത്രക്രിയ ചെയ്യുന്നതുമായി താരതമ്യപെടുത്തുമ്പോൾ ഏതാണ്ട് ഒരു പോലെയാണ്.

അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയ

ഇന്നു താക്കോൽദ്വാര ശസ്ത്രക്രിയയിൽ ഏറ്റവും നൂതനവും പ്രസിദ്ധിയാർജിച്ചതുമായ ഒന്നാണ് അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയ. അമിതവണ്ണത്തിനു മറ്റു പല രീതിയിലുള്ള ശസ്ത്രക്രിയകൾ താക്കോൽ ദ്വാരത്തിലൂടെ ചെയ്യുവാൻ സാധിക്കും.

ആമാശയത്തിലെ അസുഖങ്ങൾ

ആമാശയത്തിൽ കാൻസറുകൾ ഉണ്ടാകുകയാണെങ്കിൽ ആമാശയം പൂർണമായോ ഭാഗികമായോ ലാപ്രോസ്കോപ്പി ശസ്ത്രക്രിയയിൽ കൂടി നീക്കുവാൻ സാധിക്കും ആമാശയത്തിൽ അൾസർമൂലം ഉണ്ടാവുന്ന തടസ്സങ്ങൾ, ഈ രീതിയിൽ പരിഹരിക്കുവാൻ സാധിക്കുന്നു. ശസ്ത്രക്രിയകൾക്കു വിധേയമാകുന്നവർക്ക് രണ്ടോ മൂന്നോ ദിവസ്ത്തിനുള്ളിൽ ആശുപത്രിവിടാം.

യൂട്രസ്, ഓവറി

ഗർഭാശയത്തിലുണ്ടാകുന്ന മുഴകൾ നീക്കം ചെയ്യുന്നതിനും അസുഖം ബാധിച്ച ഗർഭാശയം മാറ്റുന്നതിനും ഓവറയിലുണ്ടാകുന്ന മുഴകൾ ,അസുഖങ്ങൾ ,എന്നിവയ്ക്കും അതു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ എന്നിവ ലാപ്രസ്കോപ്പി വഴി ചെയ്യാം.

ഇവയ്ക്കു പുറമേ കുടലിനുണ്ടാകുന്ന രോഗങ്ങൾ, അന്നനാളത്തിന്റെ അസുഖങ്ങൾ , പാൻക്രിയാസിനുണ്ടാകുന്ന രോഗങ്ങൾ, കരൾ, പ്ലീഹ, വൃക്കകൾ, മൂത്രസഞ്ചി തുടങ്ങിയഅവയവങ്ങളുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ വേണ്ടിവരുന്ന പല രോഗാവസ്ഥകളിലും താക്കോൽദ്വാരശസ്ത്രക്രിയ വിജയകരമായി ചെയ്യാം സാധിക്കുമെങ്കിൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറുടെ പരിചയസമ്പന്നതയും ഉപകരണങ്ങളുടെ ഗുണമേന്മയും നിർദ്ദിഷ്ട ലാപ്രസ്കോപി സെന്റെറിന്റെ വിജയനിരക്കും മനസ്സിലാക്കി വേണം ശസ്ത്രക്രിയാ കേന്ദ്രം തിരഞ്ഞെടുക്കാൻ

മേന്മകൾ എന്തെല്ലാം?

ലാപ്രോസ്കോപ്പിക് അഥവാ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കു സാധാരണ ശസ്ത്രക്രിയയെ അപേക്ഷിച്ച് പല മേന്മകളും ഉണ്ട്. സാധാരണ ശസ്ത്രക്രിയ ചെയ്യുമ്പോൾ ശരീരത്തിൽ വളരെ വലിയ മുറിവുണ്ടാക്കുന്നു. എന്നാൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിൽ ചെറിയ ദ്വാരങ്ങൾ ആയതിനാൽ കാണുവാനുള്ള അഭംഗി കുറയുന്നു. മാത്രമല്ല, വേദനയും നന്നേ കുറവായിരിക്കും. ചെറിയ മുറിവായതിനാൽ അണുബാധയുണ്ടാകുവാനുള്ള സാധ്യതയും മുറിവിലൂടെയുള്ള കുടലിറക്കം (ഹെർണിയ) വരാനുള്ള സാധ്യതയും വളരെ കുറവായിരിക്കും. ശസ്ത്രക്രിയ സമയത്തുള്ള രക്തസ്രാവം കുറയ്ക്കുന്നു.

ടെലസ്കോപ്പ് ഉപയോഗിച്ചു കാണുന്നതിനാൽ വയറിനുള്ളിലെ അവയവങ്ങൾ വളരെ വലുതായും വ്യക്തമായും കാണുവാൻ സാധിക്കും. ഇത് ശസ്ത്രക്രിയ കൂടുതൽ വ്യക്തതയോടെ പൂർത്തിയാക്കാൻ സഹായിക്കും മാത്രമല്ല, രോഗിക്ക് എത്രയും വേഗം ആശുപത്രിവിടാനും തിരികെ ജോലികൾ ചെയ്തു തുടങ്ങാനും കഴിയുന്നു. ശസ്ത്രക്രിയയോടനുബന്ധിച്ച് അപൂർവം ചിലരോഗികൾ വയറിൽ ഒരു കമ്പനാവസ്ഥ ഉണ്ടായതായി പറയുന്നുണ്ട്. വാതകം കടത്തി വയർ വീർപ്പിക്കുന്നതിനാൽ തോന്നുന്നതാകാം. പക്ഷേ അത്തരത്തിലൊരു പാർശ്വഫലം ശാസ്ത്രീയമായി തെളിയിക്കകപ്പെട്ടിട്ടില്ല.

എത്ര ദ്വാരം വേണം?

സാധാരണ ലാപ്രസ്കോപ്പി ശസ്ത്രക്രിയ ചെയ്യുന്നതിന് ഒന്നിൽ കൂടുതൽ ദ്വാരങ്ങൾ വയറിൽ ഉണ്ടാക്കുന്നു. എന്നാൽ ഇന്ന് ഒരു ദ്വാരത്തിൽ കൂടി ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. ഇതിനെ സിംഗിൾ ഇൻസിലേഷൻ ലാപ്രോസ്കോപ്പി എന്നുപറയുന്നു. ഇതിനു പ്രത്യേക രീതിയിലുള്ള ഉപകരണങ്ങൾ ആവശ്യമാണ്. ഈ രീതിയിൽ സാധാരണ ലാപ്രോസ്കോപ്പിയിൽ കൂടി ചെയ്യുന്ന എല്ലാ ശസ്ത്രക്രിയയും ചെയ്യാം

ഡോ. ചെറിയാൻ മാത്യു

ചീഫ് കൺസൾട്ടന്റ് ജനറൽ ലാപ്രോസ്കോപിക് സർജൻ

മൂത്തൂററ് മെഡിക്കൽ സെന്റർ, കോഴഞ്ചേരി

Your Rating: