Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം കുറഞ്ഞാൽ ആളെ തിരിച്ചറിയാതാകുമോ?

sleep-diet

ആരെയെങ്കിലും വഴിയിൽ കണ്ടുമുട്ടുമ്പോൾ എവിടെയോ നല്ല പരിചയം തോന്നാറുണ്ടോ? എത്ര ഓർമിക്കാൻ ശ്രമിച്ചിട്ടും ആ മുഖം ഓർമയിൽ തെളിയാതിരിക്കുന്നുണ്ടോ? എങ്കിൽ സംശയിക്കേണ്ട. ഒരാളുടെ മുഖം ഓർമയിൽനിന്നു കണ്ടെത്താൻ കഴിയാതെ പോകുന്നതിന്റെ പ്രധാനവില്ലൻ നിങ്ങളുടെ ഉറക്കക്കുറവാണ്.

വേണ്ടത്ര സമയം ഉറക്കം ലഭിക്കാത്തവരിൽ ആണ് ഈ താൽക്കാലിക മറവികൾ സംഭവിക്കുന്നതെന്നാണ് മെൽബണിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ ആണ് ഉറക്കം സംബന്ധിച്ച പഠനം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കൂടുതലായും പഠനത്തിനു വിധേയരാക്കിയത്. ഇവർക്കാണല്ലോ രേഖാചിത്രങ്ങളിൽനിന്നും സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽനിന്നും കുറ്റവാളികളെ തിരഞ്ഞുകണ്ടെത്തേണ്ടിവരുന്നത്.

ആവശ്യത്തിന് സമയം ഉറക്കം ലഭിക്കാത്ത ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ മുഖചിത്രം കണ്ട് കുറ്റവാളികളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതായി പഠനത്തിൽ നിന്നു വ്യക്തമായി. എന്നാൽ നന്നായി ഉറങ്ങുന്ന ഉദ്യോഗസ്ഥർക്കാകട്ടെ രേഖാചിത്രങ്ങളിൽനിന്നും മറ്റും എളുപ്പം പ്രതികളെ കണ്ടെത്താൻ കഴിയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരിൽ നടത്തിയ ഇതേ പരീക്ഷണം സാധാരണക്കാരായ ജനങ്ങളിലും ഗവേഷകർ ആവർത്തിച്ചു.

കണ്ടുമറന്ന മുഖങ്ങളെ ചിത്രങ്ങളുടെ സഹായത്തോടെ ഓർമിച്ചെടുക്കാൻ പലരോടും ആവശ്യപ്പെട്ടു. ചിലർ ഒറ്റക്കാഴ്ചയിൽ തന്നെ ആളെ തിരിച്ചറിഞ്ഞു. എന്നാൽ മറ്റു ചിലർ വളരെ സമയമെടുത്ത് സംശയത്തോടെയാണ് ആളുകളെ തിരിച്ചറിഞ്ഞത്. വേറെ ചിലർക്കാകട്ടെ എത്ര ആലോചിച്ചിട്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞതുമില്ല.

പിന്നീട് ഇവരുടെ ഉറക്കം സംബന്ധിച്ച കണക്കുകൾ പരിശോധിച്ചപ്പോൾ ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവർക്കാണ് ആളെ തിരിച്ചറിയാൻ കഴിയാതെ പോയതെന്നു വ്യക്തമാകുകയായിരുന്നു. ഇനി എല്ലാ ദിവസവും കൃത്യമായ സമയം ഉറക്കത്തിനു നീക്കിവച്ചോളൂ. പരിചയക്കാരെ മറന്നുപോകാൻ ഇടയാകരുതല്ലോ.