Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിനു നൽകാം സവിശേഷ ശ്രദ്ധ: ഒാർമപ്പെടുത്തലായി രാജേഷ് പിള്ളയുടെ വേർപാട്

rajesh-pillai

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ദിശ മാറ്റിയ പ്രതിഭാശാലിയായ യുവസംവിധായകനായിരുന്നു രാജേഷ് പിളള. തന്റെ നാലാമത്തെ സിനിമയുടെ അവസാന മിനുക്കുപണികളും തീർത്ത് മരണത്തിനു കീഴ്പ്പെടുമ്പോൾ അദ്ദേഹത്തിനു പ്രായം വെറും 41 വയസ്സ്. അവസാനം ചെയ്ത സിനിമയായ ‘വേട്ട’ യുടെ ഷൂട്ടിങ്ങിനിടയിൽ അസുഖം കൂടി പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ചിത്രത്തിന്റെ മിക്സിങ് സമയത്ത് കടുത്ത ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. അതോടെ നില മോശമാവുകയും ശരീരം മരുന്നുകളോട് പ്രതികരിക്കാൻ വിസമ്മതിക്കുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് എറണാകുളത്തെ പിവിഎസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചർച്ചയായ മരണം

വൈദ്യശാസ്ത്രരംഗത്ത് ഇന്നേറെ ചർച്ച ചെയ്യപ്പടുന്ന നോൺ ആൽക്കഹോളിക് ലിവർ ഡിസീസിന്റെ ഇരയായിരുന്നു രാജേഷ് എന്നു പിന്നാലെ വാർത്തകൾ വന്നു. അദ്ദേഹത്തിന്റെ സിനിമകളെ പോലെ തന്നെ മരണവും വലിയ ചര്‍ച്ചാവിഷയമാകുന്നതാണ് പിന്നീട് കണ്ടത്. ജങ്ക് ഫുഡും കാർബണേറ്റഡ് പാനീയങ്ങളും അമിതമായി ഉപയോഗിച്ചതാണ് രാജേഷിന്റെ അകാലത്തിലുളള മരണത്തിനു പിന്നിലെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളുണ്ടായി.

എന്നാൽ, രാജേഷിനെ കൊന്നത് സോഫ്റ്റ് ഡ്രിങ്കുകളാണോ? നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ‌ രോഗത്തിനു പിന്നിലെ കാരണമെന്താണ്? തെറ്റായ ഭക്ഷണശീലങ്ങള്‍ ഈ രോഗത്തെ എങ്ങനെ സ്വാധീനിക്കുന്നു? പിവിഎസ് ആശുപത്രിയിൽ രാജോഷിനെ ചികിത്സിച്ചിരുന്ന പ്രമുഖ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ.മാത്യു ഫിലിപ് പറയുന്നു.

അമിതഭാരവും നോൺ ആൽക്കഹോളിക് കരൾ രോഗവും

‘‘ രാജേഷ് പിളളയെ രോഗിയെന്ന നിലയിൽ എനിക്ക് ഒരു വർഷത്തിലേറെയായി അറിയാം. രാജേഷിന് എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. ‍ഡോക്ടറെന്നതിലുമധികം വിശ്വാസം പുലർത്തുകയും ചെയ്തിരുന്നു. പിവിഎസ് ആശുപത്രിയിലായിരുന്ന അവസാന നിമിഷങ്ങളിൽ ഞാൻതന്നെ രാജേഷിനെ നോക്കിയാൽ മതിയെന്നു പ്രത്യേകം നിർദേശിച്ചിരുന്നു.

അദ്ദേഹത്തിന് അമിതഭാരവും നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവും പോർട്ടൽ ഹൈപ്പർടെൻഷനും (കരളിലേക്കുളള പോർട്ടൽ സിരകളിലുണ്ടാകുന്ന അമിതമർദം)‌ കരളിന് ജോലിഭാരം താങ്ങാനാവാതെ വന്നതുമൂലമുളള ലിവർസീറോസിസും ഉണ്ടായിരുന്നു.

ഇക്കാരണത്താൽ നേരത്തെ കരൾ മാറ്റി വെക്കൽ നിർദേശിച്ചിരുന്നെങ്കിലും രാജേഷ് തന്റെ പുതിയ പ്രോജക്ട് തീർക്കുന്ന തിരക്കിലായിരുന്നു. പക്ഷേ അതു പൂർത്തിയാക്കും മുമ്പേ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രക്തസ്രാവം, ന്യൂമോണിയ, സെല്ലുലൈറ്റിസ്, സെപ്റ്റിസീമിയ എന്നിങ്ങനെയുളള ഗുരുതരാവസ്ഥകളുണ്ടായി. തുടർന്ന് വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും മരണത്തിനു കീഴ്പ്പെടുകയുമായിരുന്നു.’’

പുതിയ തലമുറ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽ‍ഡി). സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്ന വ്യായാമം ചെയ്യാത്ത പുതിയ തലമുറയിലെ ആളുകൾക്കിടയിൽ ഈ രോഗത്തിനുളള സാധ്യത കൂടുതലാണെന്നതു തന്നെ കാരണം.

മദ്യം കഴിച്ചില്ലെങ്കിലും വരാം

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി നീർക്കെട്ടും ലിവർ സീറോസിസും തുടർന്ന് കരൾ പ്രവർത്തനരഹിതമാവുകയോ കരൾ കാൻസർ വരുകയോ ചെയ്യുന്ന അവസ്ഥാവിശേഷമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. മദ്യപാനം മൂലം വരുന്ന കരൾ രോഗങ്ങളിലും ഈ വ്യതിയാനങ്ങൾ കാണാറുണ്ട്. എന്നാൽ മദ്യം കഴിക്കാത്തവരിൽ ഇത്തരം പ്രശ്നങ്ങളുണ്ടായി കരൾ നാശം സംഭവിക്കുമ്പോൾ അത് എൻഎഎഫ്എൽഡ‌ി എന്നു വിശേഷിപ്പിക്കപ്പെടുന്നു. കുട്ടികളും സ്ത്രീകളും ചെറുപ്പക്കാരും മുതിർന്നവരുമെന്നു വേണ്ട പ്രായലിംഗഭേദമില്ലാതെ ഈ രോഗം ആളുകളിൽ ഇന്നു കാണപ്പെടുന്നുണ്ട്.

അമിതകൊഴുപ്പിനെ സൂക്ഷിക്കുക

നോൺ ആൽക്കഹോളിക് ലിവർ ഡിസീസിന്റെ പ്രധാന അപകടഘടകം വ്യായാമക്കുറവും കൊഴുപ്പും കാർബോഹൈഡ്രേറ്റും നിറഞ്ഞ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതുൾപ്പെടെയുളള താറുമാറായ ജീവിതരീതിയാണ്. കേരളീയർക്കു പ്രത്യേകമായുളള കുടവയറും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനുളള സാധ്യത കൂട്ടും. ജീവിതശൈലിയൊക്കെ മാറ്റിയാൽ തിരുത്താവുന്ന രോഗമാണിത്. പക്ഷേ അതിനു സാധ്യതയുളള ആദ്യഘട്ടങ്ങളിലൊന്നും രോഗം ലക്ഷണങ്ങളിലൂടെ പ്രകടമാകണമെന്നില്ല. പലപ്പോഴും പതിവു ചെക്കപ്പുകളിലോ മറ്റു രോഗങ്ങൾക്കായുളള പരിശോധനകളിലോ കരളിലെ എൻസൈം അളവു കൂടി നിൽക്കുന്നതു കാണുമ്പോഴാകും രോഗം സംശയിക്കുക.

ഫാറ്റി ലിവറിനു രണ്ടു ഘട്ടങ്ങളുണ്ട്. സ്റ്റിയറ്റോസിസ് അഥവാ കൊഴുപ്പ് അടിഞ്ഞുകൂടല്‍. നാഷ് അഥവാ നോൺ ആല്‍ക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ്. കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനൊപ്പം കരളിനു വീക്കവും ഉണ്ടാകാവുന്ന ഗുരുതര അവസ്ഥ. ഇതിനെ തുടർന്ന് കരളിലെ കോശങ്ങൾ നശിക്കുക, സിറോസിസ്, കരൾ പ്രവർത്തനരഹിതമാകുക, കരൾ കാൻസർ എന്നിങ്ങനെയുളള കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് പോകാം. തുടർചികിത്സയായി കരൾ മാറ്റിവയ്ക്കലും നിർദ്ദേശിക്കാറുണ്ട്.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമായി ബന്ധമുളള മറ്റൊരു ഘടകമാണ് മെറ്റബോളിക് സിൻഡ്രം. രക്തത്തിലെ പഞ്ചസാര, ബിപി, ലിപിഡ് ഘടകങ്ങൾ എന്നിവ ഉയർന്നുനിൽക്കുകയും ശരീരത്തിന്റെ മധ്യഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് മെറ്റബോളിക് സിൻഡ്രത്തിന്റെ സവിശേഷത. കുടുംബപരമായി കരൾ രോഗമുളളവരിൽ പാരമ്പര്യസ്വാധീനം മൂലവും രോഗം വരാം.

മെലിഞ്ഞവരും സൂക്ഷിക്കുക

അമിതവണ്ണമോ കൊഴുപ്പോ ഇല്ലാത്തവരിലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ വരുന്നതായി കാണാറുണ്ട്. ഇതിനെ ലീൻ നോൺ ‌ആൽക്കഹോളിക് ഫാറ്റി ലിവർ എന്നാണു പറയുക. തൈറോയ്ഡ് ഹോർമോണ്‍ പ്രശ്നങ്ങളും മെറ്റബോളിക് സിൻഡ്രവുമൊക്കെയാണ് ഇതിനു കാരണം.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുളളവർ കരൾരോഗത്തിന്റെ മറ്റേതെങ്കിലും കാരണമുണ്ടോ എന്നു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ. അയണും കോപ്പറുമായി ബന്ധപ്പെട്ടുളള കരൾ രോഗം, ഒാട്ടോ ഇമ്യൂണ്‍ കരൾ രോഗം എന്നിവയ്ക്കുളള സാധ്യതയും പരിശോധിക്കണം.

രണ്ടു രോഗവും ഒരുമിച്ച് വന്നാൽ

കരൾ രോഗത്തിന്റെ കാര്യത്തിൽ കേരളത്തിനു പ്രത്യേകമായുളള ഒരവസ്ഥയും കാണുന്നുണ്ട്. അമിതവണ്ണവും പ്രമേഹവും ഉയർന്ന കൊളസ്ട്രോളുളള മദ്യപാനികളിൽ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസും കൂടിക്കുഴഞ്ഞു വരുന്ന അവസ്ഥ. ഇവരിൽ കൂടുതൽ ഗുരുതരമായുളള കരൾ രോഗം ഉടലെടുക്കുകയും അതിവേഗത്തിൽ ലിവർ സിറോസിസെന്ന ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

പ്രതിരോധം ഇങ്ങനെ

∙ അമിതഭാരമുളളവർ ഇടയ്ക്ക് ലിവർ ഫങ്ഷൻ പരിശോധനകൾ നടത്തുക.

∙ വ്യായാമം പതിവാക്കുക

∙ ‌ഭക്ഷണശീലങ്ങൾ ആരോഗ്യകരം ആക്കുക. അസമയത്തുളള കഴിക്കലും ജങ്ക് ഫു‍ഡും വേണ്ട

∙ ശരീരഭാരം അമിതമാകരുത്. ബോഡി–മാസ് ഇൻഡക്സ് സാധാരണ നിലയിൽ നിർത്തുക.

ശീതളപാനീയങ്ങളും കരൾരോഗവും

soft-drinks

ദിവസം രണ്ട് കാൻ ശീതളപാനീയങ്ങളിൽ കൂടുതൽ സ്ഥിരമായി കഴിക്കുന്നവരിൽ ഇത്തരം പാനീയങ്ങൾ കഴിക്കാത്തവരെ അപേക്ഷിച്ച് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനുളള സാധ്യത വർധിക്കുന്നതായി പഠനങ്ങൾ പറയുന്നു. ശീതളപാനീയങ്ങളിലെ ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് എന്ന ഘടകമാണ് പ്രശ്മാകുന്നത്. രാസഘടനയിൽ സാധാരണ മധുരത്തോടു സാമ്യമുണ്ടെങ്കിലും ഇതിനെ ശരീരം സംസ്കരിക്കുന്നതിൽ വ്യത്യാസമുണ്ട്. അതാണ് ഈ മധുരത്തിന്റെ പ്രധാന പ്രശ്നവും. പാനീയങ്ങളിലെ അമിതമായ മധുരമാണ് മറ്റൊരു പ്രശ്നം. 12 ഒൗൺസുളള ഡ്രിങ്കിൽ ഏതാണ്ട് 10 ടീസ്പൂൺ ഫ്രക്ടോസ് മധുരമുണ്ടെന്നാണ് കണക്കുകൾ. ഒരു കാൻ ശീതളപാനീയം ഉള്ളിൽ ചെല്ലുമ്പോൾ രക്തത്തിലെ ഫ്രക്ടോസ് നിരക്ക് നാലു മടങ്ങായി വർധിക്കുമെന്നു പഠനങ്ങൾ പറയുന്നു. ശരീരത്തിലെത്തിയാൽ, എളുപ്പം ദഹിക്കുന്ന ഈ സിംപിൾ ഷുഗർ വിഘടിക്കപ്പെട്ട് ഗ്ലൂക്കോസായി മാറ്റപ്പെടുന്നു. ശരീരാവയവങ്ങളുടെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്ന ഗ്ലൂക്കോസ് കൊഴുപ്പായി കരളിൽ ശേഖരിക്കപ്പെടുന്നു.

ഒരു കാൻ സോഫ്റ്റ് ഡ്രിങ്കിൽ ഏതാണ്ട് 150 കാലറിയോളം ഊർജമുണ്ട്. ശരീരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചശേഷമുളള ഊർജവും കൊഴുപ്പായാണ് മാറ്റപ്പെടുന്നത്. ഇങ്ങനെ അമിതമായി കൊഴുപ്പടിയുന്നത് മെറ്റബോളിക് സിൻഡ്രത്തിനും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനും കാരണമാകും. രക്തക്കുഴലുകളെ റിലാക്സ് ചെയ്യുന്ന മഗ്നീഷ്യത്തെ മൂത്രത്തിലൂടെ പുറം തളളുന്നതിനാൽ ബിപി വർധിക്കുവാനും കാരണമാകുന്നു. കഫീൻ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഒരുതരം അഡിക്ഷനും ഉണ്ടാക്കാം. അതുകൊണ്ട് എത്രയളവ് ശീതളപാനീയങ്ങൾ കുടിക്കുന്നു എന്നതു ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇത് ഉപയോഗിക്കുന്നത് വിശേഷാവസരങ്ങളിലോ മാസത്തിലെരിക്കലോ മാത്രമായി പരിമിതപ്പെടുന്നതാകും ആരോഗ്യത്തിന് നല്ലത്.

രോഗം പാരമ്പര്യമായി വന്നത്’ തിരക്കഥാകൃത്ത് സഞ്ജയ്

എന്റെ എറ്റവുമടുത്ത സുഹൃത്തായിരുന്നു രാജേഷ്. രാജേഷിന്റെ രോഗം ആദ്യമായി തിരിച്ചറിഞ്ഞത് എന്റെ സഹോദരൻ ഡോ.ബോബിയാണ്. മിലിയുടെ ഷൂട്ടിങ്ങിനു തൊട്ടുമുമ്പാണ് ഇതിനായുളള സ്കാനിങ് നടത്തിയതെന്നാണ് എന്റെ ഒാർമ. രാജേഷ് ദിവസം 30 കാൻ സോഫ്റ്റ് ഡ്രിങ്ക് കുടിച്ചിരുന്നു എന്നു പറയുന്നതൊക്കെ ശുദ്ധ അബദ്ധമാണ്. ജങ്ക് ഫുഡ് പ്രേമി ആയിരുന്നെങ്കിലും കരൾ രോഗമുണ്ടെന്ന് അറിഞ്ഞപ്പോഴേ അദ്ദേഹം ഭക്ഷണശീലങ്ങളൊക്കെ മാറ്റിയിരുന്നു. രാജേഷിന് പാരമ്പര്യമായി കരൾ രോഗത്തിന്റെ സാധ്യതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മ മരിച്ചതും ഇതേ രോഗം മൂലമാണ്. രാജേഷ് പിളളയുടെ മരണം സംബന്ധിച്ച് കമൽഹാസൻ സാറിന്റെ കുറിപ്പ് കണ്ടിരുന്നു. അദ്ദേഹത്തിന് രാജേഷിനെ വലിയ സ്നേഹമായിരുന്നു. ‘ട്രാഫിക്കി’ നു ശേഷമാണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. ഒരുമിച്ചായിരുന്ന ഭക്ഷണവേളകളിൽ പലപ്പോഴും രാജേഷിന്റെ ജങ്ക് ഫുഡ് ശീലത്തെ അദ്ദേഹം കളിയാക്കുമായിരുന്നു. പിന്നീട് അസുഖമാണെന്നറിഞ്ഞപ്പോൾ ‘രാജേഷിനോട് ഇനി ജങ്ക് ഫുഡ് കഴിക്കരുതെന്നു ഞാൻ പറഞ്ഞതായി പറയാനും’ അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

വിവരങ്ങൾക്ക് കടപ്പാട്– ഡോ. ജി. നന്ദകുമാർ, കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്, ഇഎംഎസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ