Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിന്റെ കരളിനെ കരയിക്കല്ലേ...

liver-health

മനുഷ്യശരീരത്തിലെ ഏറ്റവും വലിപ്പവും പ്രാധാന്യവുമുള്ള അവയവമാണ് കരൾ. പിത്തരസം ഉത്പാദിപ്പിക്കുന്നതാണ് കരളിന്റെ പ്രധാനപ്രവർത്തി. അന്നജങ്ങൾ, കൊഴുപ്പ്, മാംത്സ്യം എന്നിവയുടെ പചനപ്രക്രിയ മുഴുവൻ നടത്തുന്നത് കരളാണ്. രക്തത്തിലെ പ്രധാനപ്പെട്ട മാംത്സ്യങ്ങളായ ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ, പ്രോത്രോംബിൻ എന്നിവ ഉത്പാദിപ്പിക്കുന്നതും കരളാണ്. വിറ്റാമിനുകളായ ഏയും, ഡിയും, ബി –12ഉം ഇരുമ്പും കരളിലാണ് ശേഖരിച്ച് സൂക്ഷിക്കുന്നത്, മദ്യം, മരുന്നുകൾ, വിഷസാധനങ്ങൾ എന്നിവയെ വിഘടിപ്പിച്ച് നിർവീര്യമാക്കുന്നത് കരളിലെ പചനരസങ്ങളാണ്.

കേരളത്തിൽ കരൾ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ ജീവിതത്തിന് പൂർണവിരാമാവും. അമിത മദ്യപാനം, വര്‍ദ്ധിച്ചുവരുന്ന ജീവിത ശൈലീരോഗങ്ങള്‍, മലിനമായ അന്തരീക്ഷവും വൃത്തിഹീനമായ ജീവിത ചുറ്റുപാടുകളുമാണ് കരൾ രോഗത്തിന്റെ പ്രധാന കാരണങ്ങൾ. കരളിന്റെ പ്രവർത്തനം തകരാറിലാണെന്ന് സൂചിപ്പിക്കുന്ന ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ് (jaundice).

പല കാരണങ്ങളാൽ കരളിലെ കോശങ്ങളുടെ പരിപൂർണ്ണമായ നാശം സംഭവിക്കുന്ന അവസ്ഥയാണ് സിറോസിസ്സ്. ഇത് കരളിനെ ആകമാനം ബാധിക്കുന്നു. ഒരു പുനഃപ്രാപ്തി സാധ്യമല്ലാത്തവിധം കരളിന്റെ കോശഘടനയിൽ മാറ്റമുണ്ടാകും. കരൾ മുഴുവൻ കുരുക്കൾ (nodules) ഉണ്ടാകുന്നു ഇൗ കുരുക്കൾക്കിടയിൽ ചികിരി പോലെ കവചങ്ങൾ ഉണ്ടാകുന്നു. അവശേഷിക്കുന്ന കരൾ കോശങ്ങളും നശിക്കുന്നു. കരളിനെ ബാധിക്കുന്ന 12 തരത്തിലുള്ള സിറോസിസ് രോഗങ്ങളുണ്ട്. മദ്യപാനം കൊണ്ടുണ്ടാകുന്ന സിറോസിസ്സിൽ കരളിലെ കുരുക്കൾക്ക് മൂന്നു മില്ലിമീറ്ററിൽ താഴെ മാത്രമേ വ്യാസമുണ്ടായിരിക്കുകയുള്ളൂ (micro nodular). എന്നാൽ ബിലിയറി, കാർഡിയാക്, പോസ്റ്റ് നെക്രോട്ടിക്, ക്രിപ്റ്റൊജെനിക് മുതലായതരം സിറോസിസ്സുകളിൽ കരളിലെ കുരുക്കളുടെ വ്യാസം മൂന്നു മില്ലിമീറ്ററിൽ കൂടുതലായിരിക്കും (macro nodular). മദ്യപിക്കുന്ന എല്ലാവർക്കും കരൾരോഗം ഉണ്ടാകുന്നില്ലെങ്കിലും സ്ഥിരം മദ്യപാനികളിൽ 90 ശതമാനത്തിലധികം പേർക്കും കരൾ കോശങ്ങളിൽ കൊഴുപ്പടിയുന്നു. ഇവരിൽ 20 ശതമാനം പേർക്ക് 10 വർഷത്തിനകം കരൾകോശങ്ങൾക്ക് നീർവീക്കവും സിറോസിസ്സും ഉണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

പോഷകാഹാരങ്ങളുടെയും വിറ്റാമിനുകളുടെയും കുറവുള്ള മദ്യപാനികളിൽ സിറോസിസ്സ് ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരം മദ്യപാനികളിൽ പലർക്കും ആമാശയത്തിലെയും ആഗ്നേയഗ്രന്ഥിയിലെയും പചനരസങ്ങൾ കുറവായിരിക്കും. അവർക്ക് വിശപ്പില്ലാത്തതിനാൽ ഭക്ഷണം വളരെ കുറച്ചായിരിക്കും കഴിക്കുന്നത്. സിറോസിസ്സ് ഉണ്ടാകുന്നതിന് ജനിതകമായ കാരണങ്ങളും ഉണ്ടെന്ന് കരുതുന്നു. കരളിനെ ബാധിക്കുന്ന വൈറൽ രോഗമായ ഹെപ്പറ്റൈറ്റിസ് സി മദ്യപാനികളിൽ സിറോസിസ്സ് ത്വരിതപ്പെടുത്തുന്നതായി കാണുന്നു.

കരൾ വീക്കമുണ്ടാക്കുന്ന വൈറൽ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി,സി എന്നീ രോഗങ്ങളിൽ കരൾ വീക്കം കാലക്രമേണ സിറോസിസ്സിലാണ് അവസാനിക്കുന്നത്. കരളിനുള്ളിലെ പിത്തവാഹിനിക്കുഴലുകൾക്കുണ്ടാകുന്ന രോഗങ്ങളും തടസ്സങ്ങളും സിറോസിസ്സിന് (ബിലിയറി സിറോസിസ്സ്) കാരണമാകും.

ഏറ്റവും സാധാരണമായി കണ്ടുവരുന്ന കരൾ രോഗമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പടിയൽ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

കരൾ നമ്മുടെ ശരീരത്തിനു വേണ്ടി പല പ്രധാനപ്പെട്ട ചുമതലകളും നിർവഹിക്കുന്നുണ്ട്. കരളിന്റെ ആരോഗ്യത്തിനുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ അതു സ്വയം പരിഹരിക്കും. അതുകൊണ്ടാണ് കാര്യമായ ലക്ഷണങ്ങൾ പുറത്തേക്ക് അനുഭവപ്പെടാത്തത്.  

വിവരങ്ങൾക്കു കടപ്പാട് : തൈറോകെയർ 

Your Rating: