Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകാന്തത ആരോഗ്യത്തിനു ഹാനികരം

loneliness

ഏകാന്തതയും സാമൂഹ്യമായ ഒറ്റപ്പെടലും പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കൂട്ടുന്നുവെന്ന് പഠനം. ഉത്കണ്ഠയും സമ്മർദ്ദം നിറഞ്ഞ ജോലിയും രോഗകാരണങ്ങളാകുന്നതു പോലെതന്നെയാണ് ഏകാന്തതയുമെന്ന് പഠനത്തിൽ തെളിഞ്ഞു.

ഏകാന്തത ഒരു വ്യക്തിയെ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഒടുവിൽ അകാലമരണത്തിലേക്കും കൊണ്ടെത്തിക്കുമെന്ന് മുൻപേ തന്നെ വ്യക്തമായിരുന്നു. എന്നാൽ ഏകാന്തതയും ഒറ്റപ്പെടലും ഹൃദ്രോഗവും പക്ഷാഘാതവും വരുത്തുമെന്ന് ഇപ്പോൾ വ്യക്തമായി.

യുകെയിലെ യോർക്ക് സർവകലാശാലയിലെ ഗവേഷകരാണ് 181000 പേരിൽ മൂന്നു മുതൽ 21 വർഷം വരെ നീണ്ട പഠനം നടത്തിയത്. 4628 ഹൃദ്രോഗങ്ങളും 3002 പക്ഷാഘാതങ്ങളും ഈ കാലയളവിൽ രേഖപ്പെടുത്തപ്പെട്ടു. ഏകാന്തതയും സാമൂഹ്യമായ ഒറ്റപ്പെടലും ഹൃദ്രോഗസാധ്യത 29 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 32 ശതമാനവും കൂട്ടുന്നതായി കണ്ടു.

ഏകാന്തത ഒരാളുടെ ജീവിതരീതിയെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. ഒറ്റപ്പെട്ട ഒരു വ്യക്തി ശാരീരികമായി സജീവമായിരിക്കില്ല. ശരിയായി ഭക്ഷണം കഴിക്കുകയോ, വൈദ്യസഹായം തേടുകയോ ചെയ്യില്ല. പൊണ്ണത്തടിയുടെ നിരക്കും ഇവരിൽ അധികമായിരിക്കും. രോഗപ്രതിരോധ സംവിധാനത്തെയും തകരാറിലാക്കുന്ന ഏകാന്തത, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ഉയർന്ന നിരക്കുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ മരണനിരക്കിന് പ്രധാന കാരണങ്ങൾ ഹൃദ്രോഗവും പക്ഷാഘാതവുമാണ്. ഈ രണ്ടു രോഗങ്ങളെയും പ്രതിരോധിക്കാൻ സക്രിയമായ സാമൂഹ്യ ഇടപെടൽ ആവശ്യമാണെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

Your Rating: