Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശ കാന്‍സർ: ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

cancer

അന്തരീക്ഷ മലിനീകരണം വലിയ വാർത്തയാകുമ്പോൾ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ കാന്‍സർ രോഗികളുടെ എണ്ണം വർഷത്തിൽ 63,000 എന്നു കണക്കുകൾ. നാഷനൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ (എൻസിബിഐ) കണക്കുകൾ പ്രകാരം പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസറുകളിൽ 6.9 ശതമാനമാണിത്. കാൻസർ മൂലമുള്ള 9.3 ശതമാനം മരണങ്ങൾക്കാണു ശ്വാസകോശ കാന്‍സർ കാരണമാകുന്നത്.

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് കാൻസർ റജിസ്‌ട്രീസിന്റെ (ഐസിഎആർ) കാൻസർ സർവൈലൻസ് പദ്ധതിയായ ഗ്ലോബോകാൻ റിപ്പോർട്ടനുസരിച്ചു ബ്രെസ്‌റ്റ് കാൻസർ, സെർവിക്കൽ കാൻസർ, ഓറൽ കാൻസർ എന്നിവ കഴിഞ്ഞാൽ ഏറ്റവും വ്യാപകമാണു ശ്വാസകോശ കാൻസർ. പുരുഷൻമാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാൻസർ ഇനവുമാണിത്.

90 ശതമാനം ശ്വാസകോശ കാന്‍സറും പുകയില ഉപയോഗം മൂലമാണുണ്ടാകുന്നത്. അതേസമയം ഒരിക്കലും പുകവലിക്കാത്തവരിലും രോഗം കണ്ടുവരുന്നുണ്ട്. അന്തരീക്ഷ മലിനീകരണം, ഹോർമോൺ പ്രശ്‌നങ്ങൾ, ജനറ്റിക് കാരണങ്ങൾ തുടങ്ങിയവയാണ് ഈ രോഗികളിൽ കാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം പുകയില ഇതര ശ്വാസകോശ കാൻസറിന്റെ പ്രധാന കാരണമായി മാറിത്തുടങ്ങിയിട്ടുമുണ്ട്.

ശ്വാസകോശ കാൻസർ ബാധിച്ചു ചികിത്സ നേടുന്ന രോഗികളുടെ എണ്ണത്തിൽ കൊച്ചി നഗരത്തിൽ 25 ശതമാനത്തോളം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണു നിരീക്ഷണം. കഴിഞ്ഞ വർഷം വിപിഎസ് ലോക്‌ഷോർ ആശുപത്രിയിൽമാത്രം 142 പേർ ശ്വാസകോശ കാൻ‍സർ മൂലം അഡ്മിറ്റായിട്ടുണ്ട്. ശ്വാസകോശ കാൻസർ ബാധിതരിൽ 67 ശതമാനം പുരുഷൻമാരാണ്. അഞ്ചു ശതമാനം ചെറുപ്പക്കാരിലും രോഗം കാണാറുണ്ട്. ചികിത്സിച്ചു പൂർണമായും സുഖപ്പെടാൻ ഏറെ പ്രയാസമുള്ള രോഗമാണു ശ്വാസകോശ കാൻസർ

‌ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ
∙ നേരത്തെ തന്നെ രോഗനിർണയം നടത്തുക ശ്വാസകോശ കാൻസറിൽ ഏറെ പ്രധാനം
∙ താമസിച്ചുള്ള രോഗ നിർണയം മരണകാരണം വരെയായേക്കാം
∙ ട്യൂബർകുലോസിസ് എന്നു തെറ്റായി രോഗനിർണയം ചെയ്യാൻ സാധ്യതകളേറെ
∙ വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ഭാരംകുറയൽ എന്നിവ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാകുക

പ്രതിരോധ മാർഗം
∙ പുകയില ഉൽപന്നങ്ങൾ പൂർണമായി ഒഴിവാക്കുകയാണ് പ്രധാന മുൻകരുതൽ.
∙ ആരോഗ്യകരമായ ജീവിതചര്യയും ഭക്ഷണവും
∙ മലിനമായ അന്തരീക്ഷത്തിൽ നിന്നു മാറിനിൽക്കുക

നിരീക്ഷണങ്ങൾക്കും വിവരങ്ങൾക്കും

ഡോ.വി.പി.ഗംഗാധരൻ (പ്രമുഖ കാൻസർ ചികിത്സാവിദഗ്‌ധനും വിപിഎസ് ലോക്‌ഷോർ ആശുപത്രി ഓങ്കോളജി വിഭാഗം മേധാവിയും)
ഡോ.സി.എസ്.മധു (എറണാകുളം ലൂർദ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗം തലവൻ)