Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്‍സര്‍ ചികില്‍സയില്‍ അപൂർവ നേട്ടവുമായി മലയാളികൾ

cancer-new

കാന്‍സര്‍ ചികില്‍സയില്‍ സൂക്ഷ്മ നാനോകണങ്ങളുടെ പ്രയോഗം സംബന്ധിച്ച മലയാളി ശാസ്ത്രകാരന്‍മാരുടെ ഗവേഷണത്തിനു രാജ്യാന്തര അംഗീകാരം. നാനോകണങ്ങള്‍ ഉപയോഗിച്ചുള്ള ചികില്‍സാരീതിക്കു കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ. മന്‍സൂര്‍ കോയക്കുട്ടി, ഡോ. ശാന്തികുമാര്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ടീമിന് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളുടെയും പേറ്റന്റ് ലഭിച്ചു. അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയനിലെയും പ്രമുഖ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ നിലവിലെ പേറ്റന്റ് മറികടന്നാണ് ഈ നേട്ടം.

ഇന്ത്യയില്‍ നിന്ന് ഈ മേഖലയില്‍ ലഭിക്കുന്ന ആദ്യ രാജ്യാന്തര പേറ്റന്റാണ് ഇതെന്നു മെഡിക്കൽ സംഘം പറയുന്നു. കാന്‍സര്‍ കോശങ്ങളുടെ പ്രതിരോധ സംവിധാനം തകര്‍ക്കുന്ന നാനോ മെഡിസിന്റെ കണ്ടുപിടിത്തത്തിനാണു പേറ്റന്റെന്നു ഡോ. മന്‍സൂര്‍ പറയുന്നു. ഒരു മുടിയിഴയുടെ ആയിരത്തിലൊരംശം മാത്രം വലുപ്പമുള്ള നാനോകണങ്ങളില്‍ ഒന്നില്‍ക്കൂടുതല്‍ മരുന്നുകള്‍ സൂക്ഷ്മമായി സംയോജിപ്പിച്ചു കാന്‍സര്‍ കോശങ്ങളില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിലേക്കു കടത്തിവിടുന്ന നാനോ മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി ഫലപ്രദമായി നശിപ്പിക്കുന്നു. എന്നാല്‍ മരുന്നുകള്‍ മറ്റു കോശങ്ങളെയോ അവയവങ്ങളെയോ ദോഷകരമായി ബാധിക്കുന്നതു നിലവിലെ മരുന്നുപ്രയോഗരീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതാണ് കണ്ടുപിടിത്തത്തിന്റെ ഏറ്റവും പ്രധാന നേട്ടം. കാന്‍സര്‍ കോശങ്ങളില്‍ പ്രവേശിക്കുന്ന നാനോകണങ്ങളെ ലേസര്‍ രശ്മികളുടെ സഹായത്തോടെ ആക്ടിവേറ്റ് ചെയ്തു കാന്‍സറിനെ ഇല്ലാതാക്കാനാകും എന്നതും സവിശേഷതയാണ്.

ഡോ. മന്‍സൂര്‍ ‍, ഡോ. ശാന്തികുമാര്‍ നായര് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഓങ്കോളജി വിഭാഗം തലവന്‍ ഡോ. കെ.പവിത്രന്‍, ഹിമറ്റോളജിയിലെ ഡോ. നീരജ് സിദ്ധാര്‍ഥന്‍ എന്നിവരുടെ അനുഭവസമ്പത്തിന്റെ കൂടി പിന്‍ബലത്തോടെ അഞ്ചു വര്‍ഷമായി ഈ മേഖലയിൽ പ്രവർത്തനം നടത്തി വരികയാണ്. സുപ്രധാനമായ ഇത്തരം കണ്ടുപിടിത്തങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ഉണ്ടാകുന്നത് പ്രധാനമാണെന്നും സാധാരണക്കാരായ രോഗികള്‍ക്ക് അത്യാധുനിക ചികില്‍സാരീതികള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകാന്‍ ഇതു സഹായിക്കുമെന്നും നാനോ സെന്റര്‍ ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ പറഞ്ഞു.

മനുഷ്യരില്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി മൃഗങ്ങളില്‍ നടത്തേണ്ട സുരക്ഷാപരിശോധനകളിലാണ് ഗവേഷകര്‍ ഇപ്പോള്‍. ഈ കണ്ടുപിടിത്തത്തിന്റെ നേട്ടം മൂന്നു വര്‍ഷത്തിനുള്ളില്‍ മനുഷ്യരില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ സഹായത്തോടെയാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്.