Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമശക്തി പരിശോധിച്ചറിയാം

memory-power

ഇന്നലെ പരിചയപ്പെട്ട ആളിന്റെ പേര് ഇന്ന് ഓർത്തെടുക്കാൻ പ്രയാസം അനുഭവപ്പെടുക, ഏതെങ്കിലും പ്രധാനപ്പെട്ട സാധനം സൂക്ഷിച്ചുവച്ച സ്ഥലം മറന്നു പോകുക, ഒരു കാര്യം പറയാൻ ഉദ്ദേശിച്ച് ഫോൺ വിളിച്ച് പെട്ടെന്ന് എന്തു കാര്യമായിരുന്നെന്ന് മറന്നു പോകുക തുടങ്ങിയ പ്രശ്നങ്ങൾ എപ്പോഴെങ്കിലുമൊക്കെ നിങ്ങളെ അലട്ടിയിട്ടുണ്ടോ? മറവി രോഗമോണോ എന്നു പോലും ശങ്കിച്ചിട്ടുണ്ടായ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ? എന്താണ് ഇത്തരം മറവിക്കു പിന്നിലെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാകും ഓർമ നമ്മളെ ചതിച്ചത്?

നമ്മൾ മുൻപ് പഠിച്ചതോ നേടിയതോ ആയ അറിവിനെ രേഖപ്പെടുത്തി സൂക്ഷിച്ചുവച്ച് ഭാവിയിൽ അതിനെ വീണ്ടെടുത്ത് ഉപയോഗിക്കാനുള്ള കഴിവാണ് ഓർമ. ഒരു സംഭവം ഓർമിക്കാനായി രേഖപ്പെടുത്തുമ്പോൾ നമ്മുടെ നാഡീവ്യൂഹത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഈ മാറ്റങ്ങളെ എൻഗ്രാം എന്നു പറയുന്നു. സംവേദന ഇന്ദ്രിയങ്ങളുടെ റജിസ്റ്ററിൽ സൂക്ഷിച്ച ചില വിവരങ്ങൾ ഹ്രസ്വകാല ഓർമയിലേക്ക് പ്രവേശിക്കുന്നു. പക്ഷേ ഈ വിവരങ്ങൾ റിഹേഴ്സലിന് വിധേയമാക്കിയില്ലെങ്കിൽ മുപ്പത് സെക്കൻഡിനുള്ളിൽ നഷ്ടപ്പെടാം. റിഹേഴ്സൽ നടത്തിയ വിവരങ്ങൾ ദീർഘകാല ഓർമയിൽ സൂക്ഷിച്ചുവയ്ക്കുന്നു.

നിങ്ങൾക്ക് എത്രത്തോളം ഓർമശക്തി ഉണ്ടെന്ന് മനസിലാക്കാനായി ഒരു ഗെയിം കളിച്ചാലോ? താഴെക്കൊടുത്തിരിക്കുന്ന സ്റ്റാർട്ട് ഗെയിം ബട്ടൺ ക്ളിക്ക് ചെയ്യുക. പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ആപ്പിൾ ഏതു പാത്രത്തിലായിരുന്നുവെന്ന് ഓർത്ത് ആ പാത്രത്തിൽ ക്ലിക്ക് ചെയ്യുക. ഉത്തരം ശരിയാണെങ്കിൽ ആ പാത്രത്തിൽ ആപ്പിൾ പ്രത്യക്ഷപ്പെടും. ഇങ്ങനെ എത്ര ലെവൽ വരെെ ചെയ്യാൻ പറ്റുന്നുണ്ടെന്ന് സ്വയം പരിശോധിച്ചു നോക്കൂ, എന്നിട്ട് ഓർമശക്തിയെക്കുറിച്ച് സ്വയം ഓർത്തോളൂ...

ഓർമകൾ സൂക്ഷിക്കുന്നത് എവിടെ?

ഓർമകൾ സൂക്ഷിക്കുന്നത് ന്യൂറോണുകൾക്ക് അകത്തല്ല, അവയുടെ സിനാപ്സുകളിലാണ്. കുറിയ ഓർമകൾക്കു വെറും താൽക്കാലികമായ തരംഗങ്ങൾ അവിടെ ഉണ്ടായാൽ മതി. പക്ഷേ, സ്ഥിര സ്മൃതികൾക്ക് അവിടെ പ്രത്യേക പ്രോട്ടീനുകൾ ഉണ്ടാകണം. അവ പുതിയ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കും. നാമറിയാതെ ഇവയൊക്കെ നടക്കുന്നുവെന്നതാണ് അത്ഭുതം.

കാഴ്ച, കേൾവി, രുചി, മണം, സ്പർശം എന്നു തുടങ്ങി പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്കത്തിലേക്കെത്തുന്ന തരംഗങ്ങൾ അനുഭവങ്ങളും വിവരങ്ങളുമായി വിഘടിക്കപ്പെടുന്നത് തലച്ചോറിലെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണ്. മസ്തിഷ്കത്തിന്റെ മുൻഭാഗമായ ഫ്രോണ്ടൽ ലോബിൽ വച്ചാണ് ഈ വിവരങ്ങൾ തിരിച്ചറിയപ്പെടുന്നതും അപഗ്രഥിക്കപ്പെടുന്നതും.

ഫ്രോണ്ടൽ ലോബിലെത്തുന്ന വിവരങ്ങളിൽ നിന്നും ഒരു തരംതിരിവിലൂടെയാണ് ഓർമകൾ ശേഖരിക്കപ്പെടുന്നത്. തലച്ചോറിലെത്തുന്ന എല്ലാ വിവരങ്ങളും ഓർമയായി സൂക്ഷിക്കപ്പെടുന്നില്ല. വിവരങ്ങൾ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ തിരഞ്ഞെടുപ്പ്, സ്വീകരിക്കൽ എന്നീ ഘട്ടങ്ങളിലൂടെ ഓർമകളുടെ വിന്യാസം നടക്കുന്നു.

ഏറെക്കാലം സൂക്ഷിക്കേണ്ടതെന്നു കരുതപ്പെടുന്നവ ഓർമകളായി തലച്ചോറിലെ ഹിപ്പോകാംപസിൽ സൂക്ഷിക്കപ്പെടുന്നു. ടെമ്പറൽ ലോബ് എന്നറിയപ്പെടുന്ന ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

മസ്തിഷ്ക കോശങ്ങൾ അറിയപ്പെടുന്നത് ന്യൂറോണുകൾ എന്നാണ്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിൽ കൈകാര്യം ചെയ്യപ്പെടുന്ന പ്രവർത്തനങ്ങൾ കൈമാറുന്നത് ന്യൂറോണുകൾ വഴിയാണ്. നാരുകൾ പോലുള്ള സിനാപ്സുകൾ കൊണ്ടാണ് ഈ ന്യൂറോണുകൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നത്.

കാഴ്ച, കേൾവി, മണം, രുചി, സ്പർശം എന്നിവ നിങ്ങൾ മനസിലാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ? തലച്ചോറിന്റെ ഏത് ഭാഗമാണ് ഇത്തരം നിർദേശങ്ങൾ സ്വീകരിക്കുന്നതെന്ന് അറിയാൻ ഇടതുവശത്തു കൊടുത്തിരിക്കുന്ന പേരുകളിൽ ക്ലിക്ക് ചെയ്യൂ.

ഓർമ മറയുന്നതിന്റെ ശാസ്ത്രം

പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറിലേക്ക് എത്തുന്ന ഓരോ തരംഗങ്ങളും അനുഭവങ്ങളാകുന്നത് ഓക്സിപിറ്റൽ, ഫ്രോണ്ടൽ, ടെമ്പറൽ, പെരൈറ്റൽ ലോബുകളുടെ പ്രവർത്തനങ്ങളിലൂടെയാണ്. ഈ നാലു കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം ന്യൂറോണുകൾ എന്ന സന്ദേശ വാഹകരിലൂടെയാണ്. അനുഭവങ്ങളിൽ വൈകാരികമായി നമ്മോടു ചേർന്നു നിൽക്കുന്നവ ഓർമയുടെ കേന്ദ്രമായ ടെമ്പറൽ ലോബിൽ രേഖപ്പെടുത്തും. ഓർമരോഗങ്ങളുള്ള ആളുകളിൽ ന്യൂറോണുകൾ തമ്മിലുള്ള സംവേദനത്തകരാറുകളാണ് പ്രധാനമായി ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. അൽഷിമേഴ്സ് രോഗികളുടെ തലച്ചേറിൽ ന്യൂറോഫ്രിബില്ലറി ടാംഗിൾസ്, നാശോന്മുഖമായ ന്യൂറോണുകളുടെ അവശിഷ്ടവും ബീറ്റാ അമൈലോയ്ഡ് പെപ്റ്റൈഡ്, അസ്ട്രോസൈറ്റുകൾ, മൈക്രോഗ്ലയൽ തുടങ്ങിയ കോശങ്ങൾ ചേർന്നുള്ള സെനൈൽ പ്ലാക്ക് എന്നിവ കണ്ടെത്തിയിട്ടുണ്ട്.