Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തനാർബുദം പുരുഷൻമാരിലും, ശസ്ത്രക്രിയാ നിരക്ക് കൂടുന്നു

breastcancer-in-men Image Courtesy : The Week Smartlife Magazine

സ്തനാർബുദം ബാധിച്ച് ശസ്ത്രക്രിയക്കു വിധേയരായ പുരുഷൻമാർ അർബുദം ബാധിക്കാത്ത സ്തനവും നീക്കം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി പഠന റിപ്പോർട്ട്.

അർബുദം ബാധിച്ച സ്തനത്തോടൊപ്പം അർബുദം ബാധിക്കാത്ത സ്തനവും നീക്കം ചെയ്യുന്ന സിപിഎം സർജറിക്ക് വിധേയരാകുന്നത് സ്ത്രീകൾ മാത്രമല്ലെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ പ്രധാന ഗവേഷകനായ അഹമ്മദീൻ ജമാൽ പറഞ്ഞു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിൽ സ്തനാർബുദ നിരക്ക് വളരെ കുറവാണ്.

1998ൽ 2.2 ശതമാനമായിരുന്ന സ്ത്രീകളിലെ സിപിഎം (CPM- Contralateral Prophylactic Mastectomy) ശസ്ത്രക്രിയാ നിരക്കിൽ 2011 ആയപ്പോഴേക്കും 11 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. കാൻസറിന്റെ പിടിയിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് ചിലവേറിയതാണെങ്കിലും ഭൂരിഭാഗം പേരും ഈ ശസ്ത്രക്രിയക്ക് തയാറാവുന്നത്.

അമേരിക്കയിൽ സ്തനാർബുദം ബാധിച്ച 6332 പുരുഷൻമാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം സർജറിക്കു വിധേയരായ പുരുഷൻമാരുടെ നിരക്ക് 2004ൽ 3 ശതമാനമായിരുന്നത് 2011ൽ 5.2 ശതമാനമായി ഉയർന്നിട്ടുണ്ട്. കാൻസർ ബാധിതരായ പുരുഷൻമാരോട് സിപിഎം ശസ്ത്രക്രിയയുടെ ഗുണദോഷങ്ങളെക്കുറിച്ചും ചിലവിനെക്കുറിച്ചും വിശദീകരിക്കാറുണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

ഡോക്ടറുടെ നിർബന്ധം കാരണമല്ല സ്വന്തം അഭിപ്രായ പ്രകാരമാണ് കൂടുതൽ പേരും സിപിഎം സർജറിക്ക് വിധേയരാകുന്നതെന്നും ഡോ. ജമാൽ പറയുന്നു. ദി ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ആണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.