Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചറിയാം മാനസിക വൈകല്യം

mental-health

മുതിർന്നവരുടെ കാര്യത്തിലെന്നപോലെ കുട്ടികളുടെ കാര്യത്തിലും മാനസിക സംഘർഷങ്ങളും വൈകല്യങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളിലെ മാനസിക വൈകല്യങ്ങൾ പലപ്പോഴും കുട്ടിയും അവനോട് ബന്ധപ്പെട്ടവരും തമ്മിലുള്ള ഇടപെടലിൽനിന്നുണ്ടാകുന്നതാണ്. പാരമ്പര്യവും ശാരീരിക പ്രത്യേകതകളും സ്വഭാവ പ്രത്യേകതകളും ഇതിനൊരു പങ്കു വഹിക്കാം. ചെറുപ്പത്തിലുണ്ടാകുന്ന ചില മാനസിക ആഘാതങ്ങളും കാരണമാകാം. എന്നാൽ എല്ലാവരെയും സംഭവങ്ങൾ ഒരുപോലെയല്ല ബാധിക്കുന്നത്.. മൂന്നു വയസിൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിക്ക് ജീവിതത്തിൽ എന്തെങ്കിലും സ്‌ഥായിയായ വേർപാട് അനുഭവിക്കേണ്ടിവരുമ്പോൾ വിഷാദവും ആകാംക്ഷയുണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.

രോഗവും ലക്ഷണവും

കുട്ടികളിലും കൗമാരപ്രായക്കാരിലും സാധാരണയായി കണ്ടുവരുന്ന ചില മാനസിക വൈകല്യങ്ങളും പ്രധാനപ്പെട്ട ലക്ഷണങ്ങളും.

ആശയവിനിമയത്തിനു പ്രയാസം

സാധാരണരീതിയിൽ മൂന്നു വയസിനു മുൻപ് ആരംഭിക്കുന്ന ഈ വൈകല്യത്തിന്റെ പ്രധാന ലക്ഷണങ്ങൾ വ്യക്‌തിബന്ധങ്ങളുടെ കുറവ്, ഭാവനാശക്‌തിയുടെ അഭാവം, സംസാരത്തിലും പ്രവൃത്തിയിലും കാണിക്കുന്ന ആവർത്തനങ്ങൾ എന്നിവയാണ്. മറ്റുള്ളവരുമായി ഇടപെടുമ്പോൾ അവരുടെ മുഖത്തു നോക്കുക ഇവർക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഭാഷാ പഠനത്തിലും ഇവർ പിന്നിലായിരിക്കും.

പഠന വൈകല്യം

വായനയിലും എഴുത്തിലുമുള്ള ബുദ്ധിമുട്ട്, വളരെ കൂടുതലായ അക്ഷരത്തെറ്റ്, കണക്ക് പഠിക്കുന്നതിനുള്ള വിഷമം, അക്ഷരങ്ങൾ തിരിച്ചെഴുതുക എന്നിവയാണ് ലക്ഷണങ്ങൾ. ചോദ്യോത്തരങ്ങൾ പറയാൻ ഇവർക്കു സാധിക്കുമായിരിക്കും. എന്നാൽ എഴുതാൻ കഴിയില്ല. ഇവരുടെ ബുദ്ധിപരമായ കഴിവും പഠന നിലവാരവും തമ്മിൽ പൊരുത്തമുണ്ടായിരിക്കുകയില്ല.

ബുദ്ധിമാന്ദ്യം

പഠനത്തിൽ തീരെ പിന്നോക്കം നിൽക്കുകയും തുടർച്ചയായുള്ള പരാജയങ്ങൾ സംഭവിക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ബാഹ്യമായ ശാരീരിക ലക്ഷണങ്ങൾ ഈ കുട്ടികൾ കാണിക്കണമെന്നു നിർബന്ധമില്ല. തക്കസമയത്തു വേണ്ട നടപടികൾ എടുക്കാത്തതുകൊണ്ട് പല കുട്ടികളുടെയും ഭാവി നഷ്‌ടപ്പെട്ടുപോകാറുണ്ട്.

പെരുമാറ്റ വൈകല്യം

ഇത് പ്രധാനമായും മൂന്നുതരം.

1. ശ്രദ്ധയില്ലായ്‌മ, മറവി, അടങ്ങിയിരിക്കാൻ സാധിക്കാത്ത അവസ്‌ഥ, ആഗ്രഹ പൂർത്തീകരണങ്ങൾ മാറ്റിവയ്‌ക്കാനുള്ള കഴിവില്ലായ്‌മ, നിർബന്ധ ബുദ്ധി, കാത്തിരിപ്പിൽ അക്ഷമരാകുന്ന അവസ്‌ഥ. സാധാരണയായി ഏഴു വയസിനു മുൻപ് ഈ വൈകല്യം ആരംഭിച്ചിരിക്കും.

2. കളവ്, നുണ, അക്രമാസക്‌തി, സ്‌കൂളിൽനിന്ന് ഒളിച്ചോടിപ്പോകൽ, മറ്റുള്ളവരുടെ സാധനങ്ങൾ നശിപ്പിക്കൽ മുതലായവ പ്രധാന ലക്ഷണങ്ങൾ. മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുക, സാമൂഹിക നിയമങ്ങൾ ലംഘിക്കുക ഇവയും ഇതിന്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. പൊട്ടിത്തെറിക്കലുകളും ഈർഷ്യയും ഇവരിൽ സാധാരണമായിരിക്കും. ഇതിലൊന്നും ഇവർക്കു കുറ്റബോധമില്ല എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്.

3. എതിർപ്പ്, വിദ്വേഷം, നിഷേധാത്മക കാഴ്‌ചപ്പാട്, വാദപ്രതിവാദം, മറ്റുള്ളവരെ അരോചകപ്പെടുത്തുന്ന പെരുമാറ്റരീതികൾ, മറ്റുള്ളവരെ കുറ്റപ്പെടുത്തൽ, തൊട്ടാവാടി സ്വഭാവം മുതലായവ ലക്ഷണങ്ങളാണ്. സ്വയം മതിപ്പുകുറവ്, പൊട്ടിത്തെറിക്കൽ സ്വഭാവം ഇവയും ഇതിനോടു ചേർന്നു കാണപ്പെടാറുണ്ട്. എട്ടു വയസോടെ ഇത് ആരംഭിച്ചിരിക്കും.

വിഷാദത്തിന്റെ വഴി

മനസിന്റെ വിഷാദാവസ്‌ഥ അല്ലെങ്കിൽ പെട്ടെന്ന് അസ്വസ്‌ഥമാക്കപ്പെടുന്ന മനസിന്റെ ഭാവം ഇതാണ് ഇതിന്റെ പ്രധാന ലക്ഷണം. പഠനത്തിലും മറ്റുള്ളവരുമായുള്ള സൗഹൃദത്തിലുമുള്ള താൽപര്യമില്ലായ്‌മ, എല്ലാറ്റിനോടുമുള്ള ഇഷ്‌ടക്കേടും മടുപ്പും, ഉറക്കമില്ലായ്‌മയോ ഉറക്ക കൂടുതലോ, ഭക്ഷണത്തോടുള്ള താൽപര്യ കുറവ്, പെട്ടെന്നു ക്ഷീണിക്കുക, മരണത്തെക്കുറിച്ചുള്ള ചിന്ത, എല്ലാറ്റിലും നിഷേധാത്മക വശം കാണുന്നതിനുള്ള പ്രവണത, അനാശ്യ കുറ്റബോധം ഇവയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽപെടുന്നു. ആത്മഹത്യാ ചിന്തകളും ഇതിനോടു ചേർന്നുണ്ടാകാവുന്നതാണ്.

മാനസികാസ്വസ്‌ഥതയിൽനിന്നുണ്ടാകുന്ന ശാരീരിക രോഗങ്ങൾ, സ്‌കൂൾ ഫോബിയ തുടങ്ങിയ വിവിധതരം ഭയങ്ങളും കുട്ടികളിലും കൗമാരപ്രായക്കാരിലും സാധാരണയായി കണ്ടുവരുന്ന മാനസിക വൈകല്യങ്ങളാണ്. ഏതുതരം വൈകല്യമായാലും അതു കുട്ടിയുടെ പഠനത്തെയും മാനസിക വളർച്ചയെയും ബാധിക്കും. ഇതു മനസ്സിലാക്കി ആരംഭത്തിലേതന്നെ വേണ്ടതു ചെയ്‌താൽ അവരുടെ വ്യക്‌തിത്വ വളർച്ചയും പഠനവും സാധാരണരീതിയിലാകാൻ ബുദ്ധിമുട്ടില്ല. മാനസിക വൈകല്യ നിവാരണത്തിനു പ്രധാനമായും രണ്ടു വഴികളാണുള്ളത്. മനഃശാസ്‌ത്രപരമായ മാർഗങ്ങളും മരുന്നും. പാർശ്വഫലങ്ങളില്ലാത്ത പല മരുന്നുകളും ഇന്നു ലഭ്യമാണ്. ഏതു മാർഗമായാലും മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹകരണം കുട്ടികളുടെ ചികിൽസയിൽ ഏറെ ആവശ്യമാണെന്നുള്ള വസ്‌തുതയും നമുക്കു മറക്കാതിരിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി. ഷാലു കോയിക്കര, ഒ. എ. സി. ചൈൽഡ് കെയർ

ആൻഡ് സൈക്കോ മെഡിസിൻ വിഭാഗം ഹോളി ഫാമിലി ഹോസ്‌പിറ്റൽ

മുതലക്കോടം, തൊടുപുഴ.