Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില മഴക്കാല മുൻകരുതലുകൾ

monsoon-disease

വെയിൽ കൊണ്ടു പൊള്ളിക്കരിഞ്ഞ മാസങ്ങൾക്കു തൽക്കാലത്തേക്കു വിട. തുള്ളിക്കൊരു കുടമെന്ന ശേലിൽ മഴ തുടങ്ങിക്കഴിഞ്ഞു. ഇടയ്ക്കിടെ, സൂര്യൻ കണ്ണു തുറുപ്പിക്കുന്നുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും വിങ്ങിപ്പൊട്ടി പെയ്യാവുന്ന മട്ടിലാണു മാനം. വേനൽക്കാലത്തു ഹോ, എന്തൊരു ചൂട്, ഒരു മഴ പെയ്തിരുന്നെങ്കിൽ എന്നു പ്രാർഥിക്കുകയും, മഴക്കാലത്ത്, നാശം പിടിച്ച മഴ എന്നു പരിതപിക്കുകയും ചെയ്യുന്നവരാണു നമ്മളിൽ മിക്കവരും. വേനലും മഴയും രണ്ടുതരം അനുഭവങ്ങളാണെന്നതുപോലെ തന്നെ രണ്ടു തരത്തിലുള്ള ശ്രദ്ധയും കരുതലുമാണ് ഇരു കാലാവസ്ഥയിലും ആവശ്യം.

വേനൽക്കാലത്തെ ശീലങ്ങൾ അപ്പാടെ മാറുകയാണു മഴക്കാലത്ത്. മഴയെത്തുമ്പോൾ പനി പടരുന്നതു പതിവാണ്. മുടിയും മുഖവും മിനുക്കലിനു പോലും ഒരു മഴക്കാല ടച്ച് അത്യാവശ്യം. പക്ഷേ, ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല, മഴക്കാല സംഭാവന. ശ്രദ്ധിച്ചില്ലെങ്കിൽ ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ പണിമുടക്കും. പെരുമഴയത്തും നമുക്ക് ഉപേക്ഷിക്കാൻ കഴിയില്ല, സ്മാർട് ഫോണിനെ. പക്ഷേ, മഴ നനഞ്ഞാൽ ഫോണിനും കിട്ടും പണി. മൂളിപ്പറന്നു നടക്കുന്ന കൊതുകുകൾക്കു മുട്ടയിട്ടു വളരാനുള്ള ഈറ്റില്ലങ്ങളും മഴക്കാലത്തൊരുങ്ങും. ഒന്നു ശ്രദ്ധിച്ചാൽ പ്രശ്നരഹിതമാക്കാം, ഈ മഴക്കാലം. മൺസൂണിനെ നേരിടാൻ ഇതാ, കുറച്ചു മുൻകരുതലുകൾ. അപകടരഹിത മഴക്കാലത്തിന് വേനലിൽ സൂര്യാതപത്തെ മാത്രം പേടിച്ചാൽ മതിയായിരുന്നെങ്കിൽ ഇനി രണ്ടുമാസത്തേക്ക് ഓടകളെയും പുഴയെയും കായലിനെയും മരങ്ങളെയും ഇടിമിന്നലിനെയുമെല്ലാം പേടിക്കണം. അപകടമുണ്ടായാൽ ഓടിയെത്താനുള്ള സംവിധാനങ്ങളൊക്കെ അഗ്നിശമന സേന ഒരുക്കിയിട്ടുണ്ട്. പക്ഷേ, അപകടമുണ്ടാകാതെ നോക്കുകയാണു പ്രധാനം.

റോഡരികിൽ മറിഞ്ഞു വീഴാറായി നിൽക്കുന്ന മരങ്ങളുണ്ടെങ്കിൽ സാമൂഹിക വനവൽക്കരണ വകുപ്പിന്റെയും ജില്ലാ കലക്ടറുടെയും അനുമതിയോടെ അപകടമുണ്ടാക്കുന്ന ചില്ലകൾ നീക്കം ചെയ്യേണ്ടതു ബന്ധപ്പെട്ട റോഡിന്റെ ചുമതലയുള്ള സർക്കാർ വകുപ്പോ, തദ്ദേശസ്ഥാപനമോ ആണ്. സമീപത്ത് ഇങ്ങനെയുള്ള മരങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്താൻ പൊതുജനങ്ങൾക്കാകണംഓടകൾ വൃത്തിയാക്കലാണു മറ്റൊന്ന്. വൃത്തിയാക്കാത്ത ഓടകളിൽ വെള്ളം തിരിച്ചൊഴുകുന്ന പ്രതിഭാസം കൊച്ചിയിലുണ്ട്. ഇതു വെള്ളക്കെട്ടിനിടയാക്കും.

ഇതൊക്കെ ഭരണകൂടമാണു ചെയ്യേണ്ടതെങ്കിൽ നമുക്കു ചെയ്യാനും ചിലതുണ്ട്:

കിണറിനു പാരപ്പെറ്റ് കെട്ടൽ അടിയന്തരമായി ചെയ്യണം. പാരപ്പെറ്റ് ഇല്ലെങ്കിൽ മൂടി സ്ഥാപിക്കണം. വെള്ളം നിറഞ്ഞ കിണറിൽ കുട്ടികൾ വീണ് അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ ഉപകരിക്കും.

തിട്ട ഇടിയാൻ സാധ്യതയുള്ള ഉപയോഗശൂന്യമായ കിണറുകൾ പറമ്പിലുണ്ടെങ്കിൽ മൂന്നു മീറ്റർ അകലമിട്ടു ചുറ്റുവേലി കെട്ടി പരിസരവാസികൾക്കു മുന്നറിയിപ്പ് നൽകണം.

പഴകിയ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്യുകയോ, ഇത്തരം കെട്ടിടങ്ങളിലെ താമസം ഒഴിവാക്കുകയോ വേണം

കെട്ടിടത്തിൽ എവിടെയെങ്കിലും തിരശ്ചീനമായ വിള്ളൽ വീണിട്ടുണ്ടെങ്കിൽ ഇടിഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്.

ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങാനുള്ള ആവേശം ഒഴിവാക്കുക

പുഴയിലോ, കായലിലോ കുട്ടികളെ കുളിക്കാൻ അയയ്ക്കുന്നതു മുതിർന്നവർക്കൊപ്പം മാത്രം

മദ്യപിച്ചു വെള്ളത്തിലിറങ്ങൽ ഒരു കാരണവശാലും പാടില്ല.

മഴക്കാലത്തു വീട്ടിലും വേണം കരുതൽ

വയറിങ് മുതൽ വൈദ്യുത ഉപകരണങ്ങളുടെ കാര്യത്തിൽ വരെ ശ്രദ്ധ വേണം. എർത്ത് വയറുകളും പരിശോധിക്കണം. എർത്തിങ് ശരിയായില്ലെങ്കിൽ അപകടങ്ങൾക്കു സാധ്യതയുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കു കേടും സംഭവിക്കാം. സ്വിച്ച് ബോർഡ്, മീറ്റർ എന്നിവയിൽ വെള്ളം വീഴുന്ന സാഹചര്യം ഒഴിവാക്കണം. നനഞ്ഞ പ്രതലത്തിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യരുത്. മിന്നലും ഇടിയുമുള്ളപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുന്നതാണ് ഉചിതം. മൊബൈൽ ഫോണിൽ കൂടിയുള്ള സംസാരവും ഒഴിവാക്കാം.

ലാൻഡ്ഫോൺ വഴി സംസാരിക്കുന്നതും പാടില്ല. ടെലിഫോൺ ലൈനുകൾ വൈദ്യുത ലൈനുകളുമായി സമ്പർക്കത്തിലെത്തി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മഴയും ഇടിയും ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കുത്തിയിടരുത്. ഡിടിഎച്ച്, കേബിൾ കണക്‌ഷനുകൾ ടിവിയിയിൽ നിന്ന് ഊരി മാറ്റുന്നതും ഉപകരണങ്ങളുടെ സുരക്ഷയ്ക്കു സഹായകരമാണ്

സ്മാർട്ടായി സൂക്ഷിക്കണം

മഴയത്തു പുറത്തിറങ്ങുമ്പോൾ നമ്മൾ നനയുമോയെന്നതിനേക്കാൾ ആശങ്ക മൊബൈൽ ഫോൺ നനയുമോ എന്നാകും. ഒന്നു നനഞ്ഞാൽ പണി തരുന്ന ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ മഴക്കാല യാത്രയിൽ എല്ലാവരുടെയും ആശങ്കയാണ്. ക്യാമറ, ലാപ്ടോപ് തുടങ്ങിയവയ്ക്കും മഴ ഭീഷണിയാണ്. വീടിനകത്തെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സംരക്ഷണവും മഴക്കാലത്തു പ്രധാനമാണ്. വൈദ്യുതാഘാതം ഉൾപ്പെടെയുള്ളവ ഏൽക്കാതെ നോക്കുകയും വേണം.

സന്തത സഹചാരികളായ സ്മാർട്ട് ഫോണുകളുടെ പോർട്ടുകൾ വഴി വെള്ളം അകത്തെത്താൻ സാധ്യതയുണ്ട്. ഫലം, ഫോൺ കേടാകും. ഇതിനെ പ്രതിരോധിക്കാൻ വാട്ടർ പ്രൂഫ് കവറുകൾ ഇപ്പോൾ വിപണിയിൽ കിട്ടും. 200 മുതൽ 1,500 രൂപ വരെ റേഞ്ചിലാണു വാട്ടർ പ്രൂഫ് കവറുകളുടെ വില. കവറുകൾ വാങ്ങുമ്പോൾ ഫോണിനായാലും ടാബ്‌ലറ്റിനായാലും നന്നായി ചേരുന്നതു വേണം തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ കവറിനിടയിലൂടെ വെള്ളം അകത്തു കയറും.

െചറുതായി നനഞ്ഞ അവസ്ഥയുണ്ടെങ്കിൽ ഫോൺ ചാർജ് ചെയ്യരുത്. ഫോൺ നനഞ്ഞാൽ ഉടൻ സ്വിച്ച് ഓഫ് ചെയ്തു ബാറ്ററി ഊരിയെടുക്കണം.

ബ്ലൂ ടൂത്ത് ഹെഡ്സെറ്റുകൾ ഉപയോഗിക്കുന്നതാണു മഴക്കാലത്തു ഫോൺ നനയാതിരിക്കാൻ നന്ന്. ബാഗിൽ എവിടെയെങ്കിലും ഫോൺ വച്ചിട്ടു ഹെഡ്സെറ്റ് വഴി സംസാരിക്കാം.

ഈർപ്പമുണ്ടായാൽ ക്യാമറ ലെൻസിൽ ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയുണ്ട്. മഴയത്ത് ഉപയോഗിക്കേണ്ടി വരുമ്പോൾ ക്യാമറയ്ക്കായി പ്രത്യേക റെയിൻ കോട്ട് വാങ്ങാം. ഈർപ്പം വലിച്ചെടുക്കുന്ന സിലിക്കാ ജെൽ ക്യാമറ ബാഗിൽ വാങ്ങിയിട്ടാൽ ഒരു പരിധി വരെ ഈർപ്പം ഒഴിവാക്കാം. ക്യാമറ റെയിൻ കോട്ടുകൾ 1,500 രൂപ മുതൽ ലഭ്യമാണ്.

ലാപ്ടോപ് സൂക്ഷിക്കാനായി വാട്ടർപ്രൂഫ് ബാഗുകൾ ഉപയോഗിക്കണം. പുറത്തു പോകുമ്പോൾ ഇത്തരം ബാഗുകളിൽ മാത്രമേ ലാപ്ടോപ് വയ്ക്കാൻ പാടുള്ളു. നിലവാരമുള്ള ലാപ്ടോപ് ബാഗുകൾ 1,500 രൂപ മുതൽ ലഭ്യം. ലാപ്ടോപ് കീപാഡ് മാത്രമായി സംരക്ഷിക്കാവുന്ന വാട്ടർപ്രൂഫ് കവറുകളും ലഭിക്കും. 500 രൂപ മുതലാണ് ഇതിന്റെ വില.

കരുതൽ വേണം, വാഹനം എടുക്കാൻ

വേനലായാലും മഴയായാലും സ്വന്തം വാഹനങ്ങളെ ആശ്രയിച്ചാണു മിക്കവരുടെയും യാത്രകൾ. ഇരുചക്ര വാഹനത്തിലെ യാത്രയാണു നാലുചക്ര വാഹനത്തെ അപേക്ഷിച്ചു കൂടുതൽ വിഷമകരം. മഴക്കോട്ടിട്ടാലും നനഞ്ഞു കുളിക്കും. വസ്ത്രം നനയുമെന്ന ആശങ്കയ്ക്കപ്പുറം വേറെയും അപകടങ്ങൾ കാത്തിരിക്കുന്നുണ്ടു മഴക്കാലത്ത്. കാറ്റും മഴയും റോഡിലെ വെള്ളക്കെട്ടുകളും കുഴികളും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. വാഹനങ്ങൾ നന്നായി സൂക്ഷിച്ചില്ലെങ്കിൽ അപകട സാധ്യത വർധിക്കും. മൺസൂണിൽ സൗഹൃദ വാഹനയാത്ര സാധ്യമാക്കാൻ ചില കാര്യങ്ങൾ.

മഴക്കാലത്തിനു മുൻപു വിശദമായ സർവീസിങ് ആവാം. ഇലക്ട്രിക്കൽ ഭാഗങ്ങളും ബ്രേക്കും പരിശോധിക്കണം.

മഴക്കാലത്തു റോഡിലേക്കുള്ള കാഴ്ച കുറയുമെന്നതിനാൽ ലൈറ്റുകളും ബാറ്ററിയും നല്ല അവസ്ഥയിലായിരിക്കണം.

ടയറുകളിൽ അമിത മർദം പാടില്ല.

നാലുചക്ര വാഹനങ്ങളുടെ വൈപ്പറുകൾക്കു വലിയ റോളുണ്ട്, മഴക്കാലത്ത്. പുതിയ വൈപ്പർ റബർ ഉപയോഗിക്കുകയാണു നല്ലത്.

ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റിന്റെ വൈസർ കാര്യമായി ശ്രദ്ധിക്കണം. രാത്രിയാത്രയിൽ മഴ പെയ്യുമ്പോൾ വൈസർ നല്ലതല്ലെങ്കിൽ റോഡ് കാണാനാകില്ല. നിലവാരം കുറഞ്ഞ ഹെൽമറ്റും ഒഴിവാക്കണം.

മഴക്കാലത്ത് അതിവേഗം അഭികാമ്യമല്ല. വാഹനം പഴയതാണെങ്കിൽ ബ്രേക്ക് ലൈനറിൽ വെള്ളം കയറി ബ്രേക്കിങ് ശേഷി കുറയും. ഡ്രം ബ്രേക്ക് ഉള്ള വാഹനങ്ങൾ വെള്ളക്കെട്ടുകളിൽ കയറിയിറങ്ങുമ്പോൾ ബ്രേക്ക് ചവിട്ടി ശേഷി പരിശോധിക്കണം.. ബ്രേക്ക് മോശമെങ്കിൽ സർവീസ് ചെയ്യാൻ വൈകരുത്.

റോഡുകളിൽ വെള്ളക്കെട്ടുണ്ടെങ്കിൽ സൈലൻസർ വെള്ളത്തിൽ മുങ്ങാതെ നോക്കണം. ജലനിരപ്പു സൈലൻസറിനു മുകളിലാണെങ്കിൽ ആക്സിലേറ്റർ കൊടുത്തുവേണം വാഹനമോടിക്കാൻ. മഴക്കാലം രോഗങ്ങളുടെ പ്രിയപ്പെട്ട കാലമാണ്. ഇക്കാലത്ത് ആരോഗ്യകാര്യത്തിൽ കരുതൽ അനിവാര്യമാണ്

പനികളുടെ കാലമാണു മഴക്കാലം. ഓരോ മഴക്കാലത്തും ഓരോ പുതിയ പനികൾ ഉദയം ചെയ്യുന്നുവെന്നതാണു കേരളത്തിലെ പ്രത്യേകത. മഴക്കാലത്തു താപനില 20 ഡിഗ്രി സെൽഷ്യസിലധികം താഴുമെന്നതിനാൽ ബാക്ടീരിയകൾക്കും വൈറസുകൾക്കും പെരുകാൻ പറ്റിയ കാലമാണ്. മഴ തുടങ്ങുന്നതോടെ രോഗാണുക്കളുമെത്തും. അതിനുള്ള വളക്കൂറ് ഒരുക്കിക്കൊടുക്കുന്നതു നമ്മൾ തന്നെയാണെന്നോർക്കുക. ചില ശീലങ്ങളിൽ മാറ്റം വരുത്തി മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം.

തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കണം. റഫ്രിജറേറ്ററിനെ ആശ്രയിക്കാതെ അടുപ്പിനെ ആശ്രയിക്കാം. ഭക്ഷണം എപ്പോഴും ചൂടുള്ളതാവട്ടെ. വൃത്തിയുള്ളതും തിളപ്പിച്ചാറ്റിയതുമായ കുടിവെള്ളം ശീലമാക്കണം. അഞ്ചു മിനിറ്റെങ്കിലും വെള്ളം തിളയ്ക്കണം. എണ്ണയിൽ വറുത്ത പലഹാരം കഴിക്കാം. പക്ഷേ, വറുത്തുകോരിയിട്ടു മൂന്നു മണിക്കൂർ കഴിഞ്ഞിട്ടാണെങ്കിൽ വേണ്ട. കുരുമുളക്, ചുക്ക്, ഇഞ്ചി, കറിവേപ്പില എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.കുളി ചൂടുവെള്ളത്തിലാക്കിയാൽ നല്ലത്. തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തല കുളിക്കാം. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയെക്കാൾ വൃത്തിക്കാവണം പ്രാധാന്യം.

കൊതുകിനെ പേടിക്കണം

രോഗപ്പകർച്ചയിൽ കൊതുകാണു പ്രധാന ഭീഷണി. നാലുതരം കൊതുകുകളാണു മഴക്കാല രോഗങ്ങൾ പരത്തുന്നത്. മലേറിയ പരത്തുന്ന അനോഫിലസ് കൊതുകുകൾ ശുദ്ധമായ ജലാശയങ്ങളിൽ മുട്ടയിട്ടു പെരുകുന്നവയാണ്. അൽപം ശുദ്ധജലമെങ്കിലും കിട്ടിയാൽ വളരാൻ സാധ്യതയുള്ള ഈഡിസ് കൊതുകാണു ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും പരത്തുന്നത്. ജപ്പാൻ ജ്വരം പരത്തുന്ന ക്യൂലക്സ് കൊതുക് അഴുക്കുവെള്ളത്തിലും മന്തു പരത്തുന്ന മൻസോണിയ കൊതുകുകൾ കുളങ്ങളിലും വളരുന്നു.കുടിവെള്ള ടാങ്ക് കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കുക. വീട്ടിലും പരിസരത്തും മാലിന്യം കെട്ടിക്കിടക്കാൻ ഇടയാകരുത്.വെള്ളക്കെട്ടുകൾ പൂർണമായി ഒഴിവാക്കുക. കൂത്താടിയെ തിന്നുന്ന മീനുകളെ കുളത്തിൽ വളർത്തുക. ഉറങ്ങുമ്പോൾ കൊതുകുവല ശീലമാക്കുക.

മൺസൂണിനും ഫാഷൻ

ഏതു പെരുമഴയിലും നല്ല സ്റ്റൈലായി വേണം ഒരുങ്ങാൻ. ഇപ്പോൾ, മൺസൂൺ ഫാഷന്റെ സമയമാണ്. മഴയത്ത് എന്തുതരം ഡ്രസ് ധരിക്കണം, സൗന്ദര്യം മഴയിലൊലിക്കാതിരിക്കാൻ ഏതു തരം മേക്കപ് ഉപയോഗിക്കണം എന്നിങ്ങനെയുള്ള സംശയങ്ങൾ സ്വാഭാവികം. വേനലിൽനിന്നു മഴക്കാലത്തേക്കെത്തുമ്പോൾ ഫാഷനും ട്രെൻ‍ഡും മാറുകയാണ്.

വേനലിൽ ഇളം നിറമുള്ള വസ്ത്രങ്ങളായിരുന്നെങ്കിൽ മൺസൂണിന് അനുകൂലം കടുത്ത നിറങ്ങളാണ്. വെളുത്ത നിറം പറ്റിയതല്ല. പെട്ടെന്ന് അഴുക്കാകുമെന്നതു മാത്രമല്ല, നനഞ്ഞാൽ സുതാര്യമാവുകയും ചെയ്യും.മഴ തീരുംവരെ ജീൻസ് പുറത്തെടുക്കേണ്ട. പകരം സിന്തറ്റിക്, നൈലോൺ, ഷിഫോൺ, സോഫ്റ്റ് കോട്ടൺ വസ്ത്രങ്ങളാകാം. ഈർപ്പം തങ്ങിനിന്നു ഫംഗസ് ബാധയുണ്ടാകുമെന്നതിനാൽ സ്കിൻ ഫിറ്റ് വസ്ത്രങ്ങൾ വേണ്ട. ത്രീഫോർത്തുകൾക്കു മഴക്കാലത്തു പ്രിയമേറും. ത്രീഫോർത്ത് നീളത്തിലുള്ള സ്കർട്ടുകൾ പെൺകുട്ടികൾക്കു പരീക്ഷിക്കാം.ലെതർ, വെൽവെറ്റ് ചെരിപ്പുകളും ഷൂസുകളുമൊന്നും മഴക്കാലത്തു വേണ്ട. തെന്നാൻ സാധ്യതയുള്ളതിനാൽ ഗ്രിപ്പുള്ള ചെരിപ്പാണ് ആവശ്യം. ഹീൽ അധികമായ ചെരിപ്പും വേണ്ട. നനഞ്ഞ ഷൂസ് ഏറെ നേരം ധരിക്കരുത്.

നഖവും മുഖവും മുടിയുമാണു മഴക്കാലത്ത് ഏറ്റവുമധികം പരിചരണം ആവശ്യപ്പെടുന്നവ. മഴക്കാലത്തു ചർമത്തിലെ അണുബാധ അധികമാകുമെന്നതിനാൽ തലയിൽ താരനും കൂടും. മുടിയിൽ പുകയേൽപിക്കലാണ് ഒരു പരിഹാരം.രണ്ടു ദിവസത്തിലൊരിക്കൽ മുടി ഷാംപു ഉപയോഗിച്ചു കണ്ടിഷണർ ചെയ്യാം.സ്ത്രീകൾ പുറത്തുപോകുമ്പോൾ മുടി ഹെയർ ഡ്രയർ കൊണ്ട് ഉണക്കി അഴിച്ചിടുകയോ, കെട്ടിവയ്ക്കുകയോ വേണം. നനഞ്ഞ മുടിയുമായി പുറത്തേക്കിറങ്ങേണ്ട.

മഴക്കാലത്തു ലൈറ്റ് മേക്കപ് മതി. ഫൗണ്ടേഷനും ലിപ്സ്റ്റിക്കും തന്നെ ധാരാളം. ലിക്വിഡ് ഫൗണ്ടേഷനാണു നല്ലത്. എണ്ണമയമുള്ള ചർമമുള്ളവർ വാട്ടർ ബേസ്ഡ് ഫൗണ്ടേഷനും വരണ്ട ചർമക്കാർ ഓയിൽ ബേസ്ഡ് ഫൗണ്ടേഷനും ഉപയോഗിക്കണം.കൈകാലുകൾക്കു പ്രത്യേക സംരക്ഷണം ആവശ്യം. പുറത്തുപോയി വന്നാൽ ഷാംപൂവും നാരങ്ങാനീരും ഉപ്പും ചേർത്ത ചെറു ചൂടുവെള്ളത്തിൽ കാൽ മുക്കിവയ്ക്കണം. നഖങ്ങൾ കൃത്യമായ ഇടവേളകളിൽ വെട്ടിയൊതുക്കി വൃത്തിയായി സൂക്ഷിക്കണം. മഴക്കാലത്ത് ആദ്യം അണുബാധയേൽക്കുന്നതു നഖം വഴി കാലുകളിലാണെന്നതു മറക്കരുത്.