Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂൺ കഴിച്ചാൽ മറവിരോഗത്തെ പേടിക്കേണ്ട

mushroom

കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചാൽ സ്മൃതിനാശവും മറവി രോഗവും തടയാമെന്നു പഠനം. ഭക്ഷ്യയോഗ്യവും ഔഷധഗുണമുള്ളതുമായ ചില കൂണുകളിൽ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ തലച്ചോറിലെ നാഡികളുടെ വളർച്ചയെ സഹായിക്കുന്നു. അങ്ങനെ സ്മൃതിനാശവും മറവിരോഗവും വരാതെ സംരക്ഷിക്കുന്നു. നാഡികളിൽ വീക്കമുണ്ടാക്കുന്ന ന്യൂറോടോക്സിക് ആയ ഉദ്ദീപനത്തെ തടയുകവഴിയാണ് ഇതു സാധ്യമാകുന്നത്.

ഭക്ഷണമെന്ന രീതിയിൽ കൂണിന്റെ പ്രാധാന്യം വിവരിക്കുന്നതോടൊപ്പം പ്രായമാകുമ്പോഴുണ്ടാകുന്ന ഞരമ്പുകളുടെ നാശത്തെ തടയാനും കൂണുകൾക്കു കഴിയുമെന്ന് മെഡിസിനൽ ഫുഡ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

2020ഓടെ അമേരിക്കയിൽ മാത്രം 5.1 ദശലക്ഷം പേരും ലോകത്താകമാനം 42 ദശലക്ഷം പേരും സ്മൃതിനാശം ബാധിച്ചവരാകുമെന്ന് പഠനം പറയുന്നു. മലേഷ്യയിലെ മലയ സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം ഭക്ഷ്യയോഗ്യമായ കൂണുകളുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കുന്നു.

കൂണിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളുടെ പ്രവർത്തനം പരിശോധിച്ചു. ഇവ നാഡികളെ സംരക്ഷിക്കുന്നതായി കണ്ടു. അർബുദം, ഹൃദയാരോഗ്യം, ഉപാപചയപ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഗുണകരമാകുന്ന ഭക്ഷ്യവസ്തുക്കളുമായി താരതമ്യപ്പെടുത്തിയാൽ ന്യൂറോഡിജനറേറ്റീവ് രോഗങ്ങൾ തടയുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള വളരെ കുറച്ച് പഠനങ്ങളേ നടന്നിട്ടുള്ളുവെന്ന് പഠനത്തിനു നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലെ സമ്പത്ത് പാർഥസാരഥി പറയുന്നു.

ഓരോ കൂണും നെർവ് ഗ്രോത്ത് ഫാക്ടർ അഥവാ എൻജിഎഫിന്റെ നിർമാണത്തെ വർധിപ്പിക്കുന്നുവെന്ന് പഠനത്തിൽ കണ്ടു. വളർച്ചാ നിയന്ത്രണം, സ്വയം പെരുകൽ, തലച്ചോറിലെ ചില നാഡീകോശങ്ങളുടെ നിലനിൽപ്പ് എന്നിവയിലെല്ലാം പങ്കുള്ള ഒരു തൻമാത്രയാണ് നെർവ് ഗ്രോത്ത് ഫാക്ടർ. നാഡികളെ സംരക്ഷിക്കുന്ന കൂടുതൽ ഭക്ഷ്യവസ്തുക്കളെ തിരിച്ചറിയാനുള്ള ഗവേഷണങ്ങൾക്ക് ഈ പഠനഫലം ആക്കും കൂട്ടുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.