Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യയ്യോ! യോ യോ രോഗം

yo-yo

ഫാഷൻ ചിറകിലേറി ജീവിത ശൈലി രോഗങ്ങളും കൊച്ചിയിലേക്കു ക്യാറ്റ് വാക്ക് നടത്തുന്നു. അത്രയധികം കേട്ടു പരിചയിച്ചിട്ടില്ലാത്ത പോഷൈറ്റിസും ടെക്സ്റ്റ് മെസേജ് ഇഞ്ചുറിയുമൊക്കെ കൊച്ചിയിലും റിപ്പോർട്ട് ചെയ്യുന്നു.

22 വയസുള്ള വിദ്യാർഥിനിയുടെ കൈവിരലുകളിലെ സന്ധി ശോഷിച്ച് അറുപതുകാരിയുടേതു പോലെയായ സംഭവം അടുത്തിടെ കൊച്ചിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ദിവസത്തിന്റെ പാതിയോളം സമയം മൊബൈൽ ഫോണിൽ മെസേജ് ടൈപ്പ് ചെയ്തതു മൂലമാണ് ഇങ്ങനെയുണ്ടായതെന്നു കണ്ടെത്തി. ദീർഘ നേരം കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്കു വരുന്ന പുറംവേദന, നടുവേദന, കഴുത്തു വേദന എന്നിവയുടെ നിരക്കും കൊച്ചിയിൽ കൂടി വരികയാണെന്നു അസ്ഥി രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പോഷൈറ്റിസ് എന്ന പേരിൽ ലോകത്തെ പലഭാഗങ്ങളിലും റിപ്പോർട്ട് െചയ്യപ്പെട്ട തോളെല്ലിനുണ്ടാകുന്ന അസുഖവും കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തോളിൽ നിന്നു കൈത്തണ്ടയിലേക്കു ബാഗ് മാറ്റി നവീന ഫാഷൻ അവതരിപ്പിച്ച സ്പൈസ് ഗേൾ വിക്ടോറിയ ബെക്കാമിന്റെ പേരിൽ അറിയപ്പെടുന്ന ഈ അസുഖം ലോകത്തിലെ എല്ലാ ഫാഷനുകളും അനുകരിക്കുന്ന കൊച്ചിക്കാരേയും തേടിയെത്തി. വേറൊരു കുഴപ്പവുമില്ലാതെ തോളെല്ലിനു വേദന വരുത്തുന്ന ഈ അസുഖത്തിന്റെ കാരണം കൈത്തണ്ടയിൽ തൂങ്ങുന്ന ബാഗ് ആണെന്നു പലരും തിരിച്ചറിയുന്നില്ല.

വാരാന്ത്യ കസർത്ത് അത്രയ്ക്കു വേണ്ട

ആഴ്ചയുടെ അവസാനം ജോലിയുടെ ടെൻഷനൊക്കെ മാറ്റി വച്ചു ഗ്രൗണ്ടിൽ ഇറങ്ങി ഒന്ന് ആരോഗ്യം വച്ചേക്കാം എന്നു കരുതുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ദിവസവും 12 മണിക്കൂർ വരെ ഇരുന്നു കൊണ്ടു ജോലി നോക്കുന്ന, പ്രത്യേകിച്ചു ദിവസവും വ്യായാമമില്ലാത്തവരുടെ കാര്യത്തിൽ ഇതു ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുന്നത്.

ബാഡ്മിന്റനും ടെന്നിസും ഫുട്ബോളുമൊക്കെ കളിച്ചു യുവത്വം വീണ്ടെടുക്കാനെത്തുന്നവർ കൈകാലുകളുടെ സന്ധി തകരാറിലായി വേദന സഹിച്ചു കഴിയേണ്ട അവസ്ഥയിലെത്തുന്നു. തെറ്റിധാരണ മൂലമാണു പലരും ആഴ്ചയിൽ ഒന്നെന്നുള്ള ഈ കസർത്തിന് ഇറങ്ങുന്നത്. ദിവസവും വ്യായാമം ചെയ്തു ശരീരത്തെ തയാറാക്കി വയ്ക്കാതെ ഒറ്റ നിമിഷം കൊണ്ടു ഗ്രൗണ്ടിലിറങ്ങി അഭ്യാസം കാണിക്കുമ്പോഴാണു പ്രശ്നങ്ങളുണ്ടാകുന്നത്. ഫുട്ബോൾ, ടെന്നിസ്, ബാഡ്മിന്റൻ തുടങ്ങിയ കളികൾ ശരീരത്തിന്റെ പെട്ടെന്നുള്ള പ്രവർത്തനം വേണ്ടി വരുന്നവയാണ്. നിശ്ചിത രീതിയിൽ വാം അപ്പ് ചെയ്തതിനു ശേഷം ഗ്രൗണ്ടിലിറങ്ങി കളിക്കുകയും അതിനു ശേഷം വാം ഡൗൺ ചെയ്തു ശരീരത്തെ സാധാരണ അവസ്ഥയിലേക്ക് എത്തിച്ച ശേഷം മാത്രം ഗ്രൗണ്ട് വിടുകയുമാണു യഥാർഥത്തിൽ ചെയ്യേണ്ടത്. പലരും കളിയൊക്കെ കഴിഞ്ഞ് അടുത്ത മിനിറ്റിൽ വാഹനത്തിൽ കയറി സ്ഥലം വിടും. പെട്ടെന്ന് ഒന്നും സംഭവിക്കില്ലെങ്കിലും കാലക്രമത്തിൽ അസ്ഥികളെ ഇതു ദോഷകരമായി ബാധിക്കും.