Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്കാര ചലനങ്ങൾ നടുവേദന കുറയ്ക്കും

PHILIPPINES-RELIGION-RAMADAN

പ്രാർഥന രോഗശാന്തി വരുത്തുമോ? അതെന്തായാലും നിസ്കാരം പതിവായും കൃത്യമായും അനുഷ്ഠിക്കുന്നത് നടുവേദന കുറയ്ക്കുമെന്നു പഠനം. കുനിഞ്ഞും മുട്ടുമടക്കി നിലത്തിരുന്നും ഉള്ളതാണ് മുസ്‌ലിം പ്രാർഥനാരീതിയായ നിസ്കാരത്തിലെ ചലനങ്ങൾ. പഠനം ഇസ്‌ലാമിക പ്രാർഥനയിൽ മാത്രം കേന്ദ്രീകരിച്ചായിരുന്നു. എങ്കിലും ക്രിസ്ത്യൻ, ജൂത പ്രാർഥനകളിലും ഇതിനോടു സാമ്യമുള്ള ചലനങ്ങളാണെന്നും യോഗ, ഫിസിക്കല്‍ തെറാപ്പി ഇവ ചേർന്നതാണെന്നും ഗവേഷകര്‍ പറഞ്ഞു. യുഎസിലെ ബിങ്ഹാംടൺ സർവകലാശാലയിലെ മുഹമ്മദ് ഖസാനേയുടെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.

നടുവേദന അകറ്റാനുള്ള യോഗയിലെയും ഫിസിക്കല്‍ തെറാപ്പിയിലെയും വ്യായാമങ്ങളുമായി നിസ്കാര ചലനങ്ങൾക്കു സാമ്യമുണ്ട്. ‘ഉത്കണ്ഠയും പിരിമുറുക്കവും അകറ്റാന്‍ പ്രാർഥന സഹായിക്കും. നാഡികളുടെയും പേശികളുടെയും അസ്ഥികളുടെയും (nueromascul skeletal) പ്രവർത്തന വൈകല്യങ്ങൾക്ക് ഫലപ്രദമായ ചികിത്സ കൂടിയാണ് പ്രാർഥനാ ചടങ്ങുകൾ’- ഖസാനേ പറയുന്നു.

ആരോഗ്യവാന്മാരായ ഇന്ത്യൻ, ഏഷ്യൻ, അമേരിക്കൻ സ്ത്രീപുരുഷന്മാരുടെ കംപ്യൂട്ടർ നിർമിത ഡിജിറ്റൽ മാതൃകകളാണ് പഠനത്തിനുപയോഗിച്ചത്. കുനിയുമ്പോഴാണ് നടുവിന് ഏറ്റവും സമ്മർദ്ദം കൊടുക്കുന്നത്. എന്നാൽ നടുവേദന ഉള്ളവർ പ്രാർഥനാ സമയത്ത് ശരിയായ രീതിയിൽ നടുവും പുറവും വളയ്ക്കുന്നത് വേദന കുറയ്ക്കും.

പ്രാർഥനയിലെ ഓരോ നിലയും ചെയ്യുമ്പോഴുള്ള പരമാവധി കംപ്രഷൻ ശക്തി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്യുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (NIOSH) നിർദ്ദേശിക്കുന്ന സുരക്ഷാ പരിധിയിലും വളരെ കുറവാണ്. പതിവായുള്ള ഈ ശരീരചലനങ്ങൾ നടുവേദനയ്ക്കുള്ള ചികിത്സയായും കരുതാം എന്ന് ഗവേഷകർ പറയുന്നു.

മുട്ടു കുത്തിയിരിക്കുന്ന നില (Posture) സന്ധികളുടെ ഇലാസ്തികത കൂട്ടുന്നു. കൂടുതൽ സമയം ഈ നിലയിൽ തുടരുന്നത് നല്ലതാണെന്നും ഇന്റർനാഷനൽ ജേണൽ ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ്ങിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.