Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ലഹരി വിരുദ്ധ ദിനം

World Drugs Day

ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. അതിന് ശേഷം ഒട്ടേറെ ലഹരി വിരുദ്ധ ദിനങ്ങൾ കടന്നു പോയെങ്കിലും രാജ്യാതിർത്തികൾക്കും, മത വിശ്വാസങ്ങൾക്കുമപ്പുറം ലോക വ്യാപകമായി ഇവയുണർത്തുന്ന അപകടങ്ങളെ തരണം ചെയ്യാൻ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.