Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിക്കിടെ മയങ്ങു ജീവനക്കാരേ പ്രശ്നമില്ല

health-sleep

എന്തൊക്കെ കേട്ടാൽ ജന്മം തുലയും എന്നൊക്കെ പലപ്പോഴും നമ്മൾ തലയിൽ കൈവച്ച് ആലോചിക്കാറുണ്ട്. എന്നാൽ ദാ ഒരെണ്ണം കേട്ടോ! ജീവനക്കാർ ജോലി സമയത്ത് ഉറങ്ങുന്നതിനെ കമ്പനികൾ പ്രോൽസാഹിപ്പിക്കുന്നു! തുക്കടാ കമ്പനികളല്ല ഗൂഗിൾ, ജാവ, സിസ്‌കോ തുടങ്ങിയ ഗംഭീരൻമാരാണ് ജീവനക്കാർ ലേശം മയങ്ങുന്നതിനുള്ള ഒത്താശയും സൗകര്യവും ചെയ്‌തു കൊടുക്കുന്നത്. മയക്കത്തിനു മുറികൾ തന്നെ സജ്‌ജീകരിക്കുകയാണ് ഓഫിസിൽ!

ലേറ്റസ്‌റ്റ് ഗവേഷണ പഠനത്തിൽ കണ്ടുപിടിച്ചത് എന്നൊരു മുഖവുരയോടെ നമ്മൾ അതുവരെ കേട്ട സർവതും തലതിരിയുന്നത് പതിവു പരിപാടിയാണല്ലോ. പ്രമേഹ രോഗി പഞ്ചാര കഴിക്കരുതെന്നാണ് ഇപ്പോഴുള്ള സങ്കൽപ്പമെങ്കിൽ ഇനി നാളെ പുതിയ ഗവേഷണ പഠനം പറഞ്ഞേക്കാം: നാലുകരണ്ടി പഞ്ചാരയിട്ട ചായ ദിവസം നാലെണ്ണം ചൂടോടെ അടിക്കുക, പ്രമേഹം പമ്പ കടക്കും! ഏതാണ്ടതു പോലാണ് ജോലിക്കിടെ ഉറങ്ങിക്കോ എന്ന പുതിയ ലൈൻ!

പണ്ടൊക്കെ ജോലി സമയത്ത് ഉറങ്ങിയാൽ പിരിച്ചുവിടാൻ അതു മതി. എട്ടുമണിക്കൂർ പിടിച്ചിരുത്തി പണിയെടുപ്പിക്കുന്ന കാലം പോയി. പകരം ആരും പിടിച്ചിരുത്താതെ തന്നെ പതിനാറു മണിക്കൂർ വരെ ജോലി സസന്തോഷം ചെയ്യുന്നതു ഫാഷനായി. എന്നാൽ പിന്നെ ലേശം ഉറങ്ങിയാലും മോശല്യ എന്ന ലൈനായി. മയങ്ങുന്നവരുടെ പ്രൊഡക്‌ടിവിറ്റി കൂടും എന്ന കണ്ടുപിടുത്തവും വന്നിട്ടുണ്ട്. ഉറക്കം തൂങ്ങിയിരുന്നു പണി ഉഴപ്പി പിറുപിറുക്കാതെ ഉറങ്ങി തീർത്ത് ചായയും കുടിച്ചിട്ടു പണിയെടുക്കൂ...

ഗൂഗിളിന്റെ കലിഫോർണിയയിലെ കാംപസിൽ നാപ്പിങ് പോഡുകൾ ഉണ്ട്. സ്വച്‌ഛതയുള്ള ചെറിയ മുറികൾ. അതിനകത്തുകേറിയിരുന്നാൽ ആരും മയങ്ങിപ്പോകും. ഷൂ കമ്പനിക്കാരായ നൈകി മയങ്ങാനും വേണമെങ്കിൽ ധ്യാനിക്കാനും നിശബ്‌ദ മുറികൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. ജോലിക്കിടെ മയങ്ങണമെന്ന് ആർക്കെങ്കിലും ഉൾവിളി തോന്നിയാൽ പിന്നെ താമസിപ്പിക്കരുത്: ജസ്‌റ്റ് ഡു ഇറ്റ്. നൈകി!

മൊബൈൽ ടെക്‌നോളജി കമ്പനിയായ ജാവ മയങ്ങാനുള്ള കൂട് മാത്രമല്ല ഉറങ്ങാനുള്ള കട്ടിലും വച്ചിട്ടുണ്ട്. ബ്രിട്ടിഷ് എയർവെയ്‌സ് പോലുള്ള വിമാനക്കമ്പനികൾ ദീർഘദൂര റൂട്ടുകളിൽ പ്ലെയിൻ പറത്തുന്നതിനിടെ പൈലറ്റ് മയങ്ങുന്നതു പ്രോൽസാഹിപ്പിക്കുന്നു. നിങ്ങൾ പ്ലെയിനിൽ യാത്ര ചെയ്യുമ്പോൾ പൈലറ്റ് ഉറങ്ങുകയാണെന്നു കേട്ടു ഞെട്ടരുത്. ക്യാപ്‌റ്റൻ ഉറങ്ങുമ്പോൾ ജൂനിയർ പൈലറ്റ് കൺട്രോളിൽ കാണും.

ഇരുട്ടുണ്ടെങ്കിലേ ഉറക്കം വരുത്തുന്ന മെലോടോണിൻ ഹോർമോൺ മസ്‌തിഷ്‌ക്കം പുറപ്പെടുവിക്കൂ. പ്ലെയിനിൽ രാത്രി ഉറങ്ങാൻ കൊടുക്കുന്ന കണ്ണുമൂടുന്ന തുണി (ഹൂഡ്വിങ്ക്) അതിനാണ്. കണ്ണുമൂടി സ്വസ്‌ഥമായിരുന്നു മയങ്ങാനാണു കമ്പനികളിൽ പോഡുകളും ചാരുകസേരകളും മറ്റും. ഉറങ്ങാനുള്ള ഇത്തരം സാധനങ്ങൾ സപ്ലൈ ചെയ്യാൻ കമ്പനികളായി. ചാരിയിരുന്ന് ശബ്‌ദശല്യമില്ലാതെ മയങ്ങാനുള്ള കൂടാണ് നാപ്പിങ് പോഡ്. കണ്ണു മൂടാനും ചെവി അടയ്‌ക്കാനും സൗകര്യമുള്ള ചാരുകസേരകളുണ്ട്. എനർജി പോഡ് എന്നൊക്കെ പേരിട്ടുവിളിക്കുന്നു.

ഇത്തരം പോഡൊന്നും ഇല്ലെങ്കിലും ഇൻഫൊസിസ് പോലുള്ള നമ്മുടെ കമ്പനികളും മയങ്ങാൻസൗകര്യം ചെയ്യുന്നുണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം ഡോർമിറ്ററികൾ. ജോലിക്കിടെ കട്ടിലിൽ കേറിക്കിടന്നു സുഖമായി ഉറങ്ങാം.

ലാക്‌ടേഷൻ റൂം എന്നൊരു ഏർപ്പാടും തുടങ്ങിയിട്ടുണ്ട്. മുലകുടി മാറാത്ത കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് സ്വസ്‌ഥമായിരുന്നു അമ്മിഞ്ഞ കൊടുക്കാനുള്ള മുറി. നഴ്‌സിങ് സ്‌റ്റേഷനും വന്നിട്ടുണ്ട്. ആശുപത്രികളിൽ കാണുന്ന നഴ്‌സുമാരുടെ ആപ്പീസല്ല. കുപ്പിപ്പാൽ റെഡിയാക്കാനുള്ള മുറി. കുട്ടിയെ ക്രഷിൽ വിട്ടിട്ട് ജോലിക്കു കേറുന്ന കൊച്ച് അമ്മമാർക്ക് ഇടയ്‌ക്കിടെ ഓടി വന്ന് കൊച്ചിനു പാലുകൊടുത്തിട്ടു പോകാം.

ജോലിക്കു ഫ്ലെക്‌സി ടൈം സർവ സാധാരണമായതിന്റെ ഭാഗം കൂടിയാണിതൊക്കെ. പണി നന്നായി ചെയ്യണമെന്നും സമയത്തു തീരണമെന്നും മാത്രമേയുള്ളു. അതു കമ്പനിക്കകത്തു സദാ കുത്തിയിരുന്ന തന്നെ സാധിക്കണമെന്നില്ല.

എന്തു വേണേ ആയിക്കോ, പക്ഷേ പ്രോജക്‌ട് ഡെഡ്‌ലൈനിനുള്ളിൽ ഭംഗിയായി തീർക്കണമെന്നു മാത്രം. പുതിയ തൊഴിൽ സംസ്‌ക്കാരമാണ്. അല്ലേ, കാലം പഴേതല്ലേ...

ഒടുവിൽ കിട്ടിയത്: ഇതിലെന്തിരിക്കുന്നുവെന്ന് സെക്രട്ടേറിയറ്റിലെ വകുപ്പു തലവൻമാർ ചോദിച്ചേക്കാം. ഒരു മണിക്ക് വീട്ടിൽ പോയി ഊണും ഉറക്കവും കഴിഞ്ഞ് മൂന്നിനോ മൂന്നരയ്‌ക്കോ അടുത്ത മീറ്റിങ്ങിനു വരുന്നതൊക്കെ ഇവിടെ നിത്യതൊഴിൽ അഭ്യാസം. പിന്നാ പോഡും കൂടും!