Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അധികമായാൽ ഉരുളക്കിഴങ്ങും

potato

ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനു കാരണമാകുമെന്നു പഠനം. ആഴ്ചയിൽ നാലോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് വേവിച്ചോ ഉടച്ചോ ബേക്ക് ചെയ്തോ ഫ്രഞ്ച് ഫ്രൈഡ് ആയോ എങ്ങനെ കഴിച്ചാലും രക്തസമ്മർദ്ദം കൂടുമത്രേ.

യുഎസിലെ 187000 സ്ത്രീ പുരുഷൻമാരിൽ 20 വർഷത്തിലധികം നീണ്ടുനിന്ന പഠനമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. യു.എസിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും ബ്രിഘാം ആൻഡ് വുമൺസ് ഹോസ്പിറ്റലിലെയും ഗവേഷകർ പറയുന്നത് ഉരുളക്കിഴങ്ങിനു പകരം അന്നജം അധികം അടങ്ങിയിട്ടില്ലാത്ത ഏതെങ്കിലും പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദ സാധ്യത കുറയ്ക്കുമെന്നാണ്.

ഉരുളക്കിഴങ്ങിന്റെ പതിവായ ഉപയോഗം ഉൾപ്പടെയുള്ള ഭക്ഷണശീലങ്ങൾ ഒരു ചോദ്യാവലിയിലൂടെ മനസിലാക്കി. ആഴ്ചയിൽ നാലോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലായി. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള മറ്റു സാധ്യതകൾ പരിശോധിച്ച ശേഷമാണ് ഈ കണ്ടെത്തൽ.

സ്ത്രീകളിലാണ് ഇതിനുള്ള സാധ്യത കൂടുതലായി കണ്ടത്. എന്നാൽ ഫ്രഞ്ച് ഫ്രൈഡിന്റെ അമിതോപയോഗം സ്ത്രീകളിലും പുരുഷൻമാരിലും രക്തസമ്മർദ്ദത്തിനു കാരണമാകും.

ഉരുളക്കിഴങ്ങിൽ മറ്റു പച്ചക്കറികളെ അപേക്ഷിച്ച് ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാനും രക്തസമ്മർദ്ദം കൂടാനും ഇതാവാം കാരണം. ബയോമെഡിക്കൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകിച്ചിരിക്കുന്നത്.