Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനസംഹാരികൾ കൗമാരത്തെ മയക്കുമ്പോൾ

teanage-drugs

കടുത്ത വയറുവേദനയെ തുടർന്നാണ് എൻജിനീയറിങ് വിദ്യാർഥിയായ മനുവിനെ ആശുപത്രിയിലാക്കിയത്. സ്കാൻ ചെയ്തപ്പോൾ അപ്പെൻഡിസൈറ്റിസ്. ഉടൻ ഓപ്പറേഷൻ വേണം. തികച്ചും അപ്രതീക്ഷിതമായൊരു സംഭവം പിന്നീടുണ്ടായി. ഓപ്പറേഷനിടെ മനുവിനു ലോക്കൽ അനസ്തീഷ്യയുടെ കെട്ട് വിട്ടു. ബോധം വീണ അവൻ അലറിക്കരഞ്ഞു കൊണ്ട് ഓപ്പറേഷൻ ടേബിളിൽ നിന്നു കുതറിമാറാൻ ശ്രമിച്ചു! വേണ്ടത്ര അളവിൽ മരുന്നു കുത്തിവച്ചിട്ടും മനുവിൽ അനസ്തീഷ്യ ഏൽക്കാതെ പോയതെന്തുകൊണ്ട്...? ഒരുപാടു ചോദിച്ചപ്പോൾ അവൻ ആ സത്യം വെളിപ്പെടുത്തി. കഴിഞ്ഞ നാലു വർഷമായി താൻ ഒരു ഗുളികയ്ക്ക് അടിമയാണ്.

കാൻസർ രോഗികൾക്ക് ഓപ്പറേഷനു ശേഷമുള്ള വേദനയ്ക്കും (പോസ്റ്റ് ഓപ്പറേറ്റീവ് പെയിൻ) മറ്റും കൊടുക്കുന്ന മരുന്നു വീട്ടുകാരറിയാതെ നാലു വർഷമായി കഴിച്ചുവരികയായിരുന്നു ഈ കൗമാരക്കാരൻ. അതും ദിവസം മൂന്നും നാലും എണ്ണം വീതം! എറണാകുളം ജില്ലയിൽ മാസങ്ങൾക്കുമുമ്പു നടന്ന സംഭവമാണിത്. ഒരു മനുവിന്റെ മാത്രം കാര്യമല്ല ഇതെന്നു രക്ഷിതാക്കൾ തിരിച്ചറിയുക. പതിനാലു വയസിനും അതിനുമുമ്പും ഇത്തരം ഗുളികകൾ ശീലമാക്കുന്ന കൗമാരക്കാരുടെ എണ്ണം ഇന്നുകേരളത്തിൽ പെരുകിവരുകയാണ്.

മാറുന്ന ട്രെൻഡ്

ഡ്രഗ് അഡിക്റ്റുകൾ എന്നാൽ കഞ്ചാവും ബ്രൗൺഷുഗറും കൊക്കെയ്നും ഹെറോയ്നും പെത്തഡിൻ കുത്തിവയ്പുകളുമൊക്കെ എടുക്കുന്നവർ എന്നായിരുന്നു നമ്മുടെ പരമ്പരാഗത ധാരണ. എന്നാൽ, ഇത്തരം നാർക്കോട്ടിക് ഡ്രഗുകൾക്കു പകരം വേദനസംഹാരികൾ അടക്കമുള്ള ജീവൻരക്ഷാമരുന്നുകളാണു ഡ്രഗ് അഡിക്റ്റുകൾക്കിടയിലെ പുത്തൻ ട്രെൻഡ്. കേരളത്തിലെയും സ്ഥിതി ഇതുതന്നെ. മാർക്കറ്റിൽ സുലഭമായി ലഭിക്കുമെന്നതും വില താരതമ്യേന കുറവാണെന്നതും നിയമപ്രശ്നങ്ങളില്ല എന്നതും ഈ താൽപര്യത്തിന് ആക്കം കൂട്ടുന്നു.

കേരളത്തിൽ വ്യാപകം

എക്യെരാഷ്ട്രസംഘടനയുടെ ഡ്രഗ് കൺട്രോൾ പ്രോഗ്രാം (യുഎൻഡിസിപി) ഇന്ത്യയിൽ നടത്തിയ ഒരു പഠനമനുസരിച്ചു തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സൈക്കോട്രോപിക് ഡ്രഗുകളുടെ (മാനസികനിലയെ ബാധിക്കുന്ന മരുന്നുകൾ) ദുരുപയോഗം വൻതോതിൽ നടക്കുന്നതായി കണ്ടെത്തി.

കാൻസർ രോഗികൾക്കും മറ്റും കൊടുക്കുന്ന ശക്തിയേറിയ പെയിൻകില്ലറുകൾ, സൈക്ക്യാട്രിക് ഡ്രഗുകൾ (മാനസികാസ്വസ്ഥ്യമുള്ളവർക്കു കൊടുക്കുന്ന മരുന്നുകൾ), കോഡെയ്ൻ അടങ്ങിയ കഫ് സിറപ്പുകൾ, ആംഫിറ്റമിൻ പോലുള്ള ഉത്തേജകമരുന്നുകൾ തുടങ്ങിയ പ്രിസ്ക്രിപ്ഷൻ ഡ്രഗുകൾ (പ്രത്യേക അസുഖങ്ങൾക്കു ചുരുങ്ങിയ കാലത്തെ ഉപയോഗത്തിനായി ഡോക്ടർ നൽകുന്ന മരുന്നുകൾ) ലഹരിയ്ക്കായി ഉപയോഗിക്കുന്ന പ്രവണത കേരളത്തിലിപ്പോൾ പെരുകിവരികയാണ്.

ഞെട്ടിക്കുന്ന മറ്റൊരു സത്യം കൂടിയുണ്ട്. മേൽപ്പറഞ്ഞ എല്ലാത്തരം അഡിക്ഷനുകളും ഇന്ന് ഏറ്റവുമധികം കണ്ടുവരുന്നതു 12നും 18നുമിടയ്ക്കു പ്രായമുള്ളവരിലാണ്. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരോ തെരുവുകുട്ടികളോ ആകാം ഇവരെന്നു തള്ളിക്കളയാൻ വരട്ടെ. മിഡിൽ ക്ലാസിലും അപ്പർ മിഡിൽക്ലാസിലും പെടുന്ന വിദ്യാർഥികളാണത്രേ ഈ മരുന്നുവലയിലെ ഏറ്റവും പുതിയ ഇരകൾ. അതായതു നൂറുശതമാനവും രക്ഷിതാക്കളുടെ തണലിൽ വളരുന്ന കൗമാരക്കാർ!

ചുമ മരുന്നു മുതൽ വൈറ്റ്നർ വരെ

വടക്കേ മലബാറിലെ ഒരു വിവാഹ വീട്. മൈലാഞ്ചിയിടൽ ചടങ്ങിനിടെ മതിമറന്നെന്നോണം ഡാൻസ് ചെയ്യുന്ന കൗമാരക്കാരിൽ ചിലർ ഇടയ്ക്കു പോക്കറ്റിൽ നിന്നും ഒരു ടാബ്ലറ്റ് എടുത്തു കഴിക്കുന്നു. കാരണമന്വേഷിച്ചപ്പോൾ ഇതു കഴിച്ചാൽ നല്ല എനർജി കിട്ടും. എന്നായിരുന്നു മറുപടി.

കൂട്ടുകാരന്റെ ചേച്ചിയുടെ വിവാഹത്തിനു പങ്കെടുക്കാൻ കൊച്ചിയിലെത്തിയ പ്ലസ് ടു വിദ്യാർഥികളുടെ സംഘം കൂട്ടുകാരനോട് കുപ്പി ആവശ്യപ്പെട്ടു. സ്മോളൊന്നും കിട്ടിയില്ല, പകരം കുറച്ചു ടാബ്ലറ്റ് തരാം— വിഷമത്തോടെ ആ പതിനെട്ടുകാൻ പറഞ്ഞത്രേ. അടിച്ചു പൊളി എന്ന വാക്കിന് ടാബടിച്ച (ടാബ്ലറ്റ് എന്നതിന്റെ ചുരുക്കപ്പേര്) കിറുങ്ങിയിരിക്കുക എന്നർഥം കല്പിക്കുന്ന ചിലരും ഇന്നത്തെ കൗമാരക്കാരിൽ ഉണ്ടെന്നർഥം.

തെക്കൻ കേരളത്തിലെ ചില സ്കൂളികളിൽ കഫ് സിറപ്പുകളുടെ കുപ്പികൾ കുമിഞ്ഞു കൂടുന്നതായി ഈയിടെ കണ്ടെത്തി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ പലയിടത്തും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വിദ്യാർഥികൾക്കിടയിലെ മരുന്നടി സംസ്ഥാനത്തെ പല സ്കൂളുകളിലും പി ടി എ മീറ്റിങ്ങുകളിൽ ചർച്ചാവിഷമായിട്ടുമുണ്ട്. എന്നാൽ കുട്ടികളുടെ ഭാവിയെ കരുതി പലരും ഇത് പുറത്തു പറയുന്നില്ലെന്നു മാത്രം.

മധ്യകേരളത്തിലെ ഒരു പ്രത്യേക മേഖലയിലെ കടകളിൽ വൈറ്റ്നർഇങ്ക് വൻതോതിൽ ചെലവാകുന്നതിന്റെ കാരണമന്വേഷിച്ചുചെന്ന സന്നദ്ധ സംഘടന ഒടുവിൽ ചെന്നെത്തിയത് അവിടെയുള്ള ഏതാനും സ്കൂളുകളിൽ. വൈറ്റ്നർ ഇങ്ക് ശ്വസിക്കുന്നത് അഡിക്ഷനായ അനവധി വിദ്യാർഥികളെ അവർ കയ്യോടെ പിടികൂടി. പെയിന്റ് തിന്നറുകൾ, നെയിൽ പോളിഷ്, പശ എന്നിവയും ലഹരിയ്ക്കായി ചുരുക്കം ചില വിദ്യാർഥികൾ ഉപയോഗിച്ചുവരുന്നുണ്ടത്രേ. തൃശൂരിലെ ഒരു മെഡിക്കൽ ഷോപ്പുടമ പറഞ്ഞതു ലഹരിയ്ക്കായി ചിലതരം പെയിൻ ബാം ബ്രഡ്ഡിൽ പുരട്ടി കഴിക്കുന്നവർ വരെ ഇന്നത്തെ ചെറുപ്പക്കാർക്കിടയിലുണ്ടെന്നാണ്!

ഇരയാകുന്ന കൗമാരം

പ്രിസ്ക്രിപ്ഷൻ ഡ്രഗുകളുടെ കാര്യത്തിൽ ഉപയോഗത്തേക്കാളേറെ ദുരുപയോഗമാണ് ഇവിടെ നടക്കുന്നത്. മലയാളി മദ്യം കുടിച്ചു തുടങ്ങുന്ന പ്രായമാകട്ടെ ഇന്ന് താണു താണ് 13—ലെത്തി നിൽക്കുന്നു! മരുന്നുകളുടെയും മദ്യത്തിന്റെയും ദുരുപയോഗത്തിനെതിരെ രൂപം കൊണ്ട ദേശീയസംഘടനയായ ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (അഡിക്) ഡയറക്ടറും സാമൂഹ്യപ്രവർത്തകനുമായ ജോൺസൺ ജെ ഇടയാറന്മുള പറയുന്നു.

നിർഭാഗ്യവശാൽ, ഇത്തരം മരുന്നുകൾക്ക് അടിമകളാകുന്നവരിലേറെയും ഇന്ന് കൗമാരക്കാരാണ്. സ്കൂളും റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലുകളും കോളജ് കാംപസുകളുമാണു ഇക്കാര്യത്തിൽ കുട്ടികളുടെ പരീക്ഷണശാലകൾ. കൗമാരക്കാരുടെ സഹജമായ ജിജ്ഞാസ പരീക്ഷണമായി വളരുന്നു. പരീക്ഷണം പിന്നീടു ശീലവും.

ടാബ്ലറ്റ് മോഹങ്ങൾ

വേദനസംഹാരികൾ അമിതമായി ഉപയോഗിച്ചാലുണ്ടാകുന്ന മാരകമായ സൈഡ് ഇഫക്റ്റുകളെക്കുറിച്ച് ഇതിനടിമകളായ പല കൗമാരക്കാരും ബോധവാന്മാരല്ല. അവരുടെ കണ്ണിൽ ഈ ഗുളികകൾ മറ്റെന്തൊക്കെയോ ആണ്. അഥവാ അങ്ങനെയാണെന്ന് ആരൊക്കെയോ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്.

സൗന്ദര്യം വർധിപ്പിക്കാനുള്ള മരുന്നാണെന്നു പറഞ്ഞാണു കൂട്ടുകാരൻ ആദ്യമായി എനിക്കൊരു ഗുളിക തന്നത്; പത്താം ക്ലാസിൽ വച്ച്. ദിവസം മൂന്നുനേരം കഴിക്കണമെന്നും പറഞ്ഞു. ആറുമാസം കൊണ്ട് എനിക്കിതില്ലാതെ വയ്യെന്നായി. രണ്ടുവർഷത്തോളം ഒരു പ്രത്യേക പെയിൻ കില്ലറിനടിമയും ഇപ്പോൾ ബാംഗ്ലൂരിൽ മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറുമായ ഷിബു പറയുന്നു.

ദുശ്ശീലത്തിൽ നിന്നു മോചിതനാകുമെന്ന ദൃഢനിശ്ചയവും ഡീ അഡീക്ഷൻ സെന്ററിലെ ചികിത്സയും ഷിബുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

ടാബ്ലറ്റ് കഴിക്കുന്ന ചില പ്ലസ് ടു വിദ്യാർഥികളെ തിരഞ്ഞു പിടിച്ച് ചോദ്യം ചെയ്തപ്പോൾ വിചിത്രമായ വിവരങ്ങളാണു ലഭിച്ചത്. കണ്ണൂർ ജില്ലയിലെ ഒരു സന്നദ്ധസംഘടനയിലെ അംഗമായ അജ്മൽ പറയുന്നു. സൗന്ദര്യം കൂട്ടാൻ, ശരീരവേദനയും ടെൻഷനും മാറ്റാൻ, ആത്മവിശ്വാസം കിട്ടാൻ, നല്ല ഉറക്കം കിട്ടാൻ, തടി വയ്ക്കാൻ എന്നിങ്ങനെ പല കാരണങ്ങളാണു പലരും പറഞ്ഞത്. ടാബ്ലറ്റു ചോദിച്ചു പെൺകുട്ടികളടക്കം തങ്ങളുടെ മൊബൈൽഫോണിലേക്കു വിളിക്കാറുണ്ടെന്നും ചില കുട്ടികൾ വെളിപ്പെടുത്തി.

ദിവസം മൂന്നെണ്ണം മുതൽ മണിക്കൂറിൽ മൂന്നു ഗുളിക കഴിക്കുന്നവർവരെ (അതായത് ദിവസം മുപ്പതിലധികം ഗുളിക!) ഇപ്പോഴത്തെ ഡ്രഗ് അഡിക്റ്റുകൾക്കിടയിൽ ഉണ്ടെന്നാണു കേരളത്തിലെ കൗമാരക്കാർക്കിടയിൽ പ്രചരിക്കുന്ന ഒരു പെയിൻകില്ലറിന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞത്.

ലഹരിയ്ക്കായി വേദനസംഹാരികൾ കഴിച്ചാൽ ശരീരവേദന മാറും, നല്ല ഉറക്കം കിട്ടും എന്നൊക്കെയുള്ളതു ശുദ്ധഅസംബന്ധമാണ്. ഈ ഗുളികകൾ ചിലതരം വേദനകളെ കൂടുതൽ വഷളാക്കും. കഫീൻ അടങ്ങിയ പെയിൻകില്ലറുകൾ കഴിച്ചാൽ ഉറക്കം കുറയും.

ചില പെയിൻകില്ലറുകളുടെ ദീർഘകാലത്തെ ഉപയോഗവും അമിതോപയോഗവും ഡിലീറിയം എന്ന മാനസിക പ്രശ്നത്തിന് കാരണമാകും. മങ്ങിയകാഴ്ച, അസ്വസ്ഥത, ഇല്ലാത്തത് ഉണ്ടെന്നു തോന്നൽ, ചിന്തയും സംസാരവും തമ്മിൽ ബന്ധമില്ലാതിരിക്കൽ ഇവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. ആംഫിറ്റമിൻ പോലുള്ള ഉത്തേജക മരുന്നുകളുടെ കൂടിയ അളവിലുള്ള പയോഗം മാനസികപ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ഭയാനകമായ മരണം എന്നിവയിലേക്കും നയിക്കാം. ചില മരുന്നുകൾ അങ്ങനെയാണ്. ആവശ്യത്തിന് കഴിച്ചാൽ ജീവൻ രക്ഷിക്കും. അനാവശ്യത്തിനായാൽ ജീവനെടുക്കും!

വിലക്കുകൾ ഉണ്ടെങ്കിലും

ഡോക്ടറുടെ കുറിപ്പടിയില്ലാതെ പ്രിസ്ക്രിപ്ഷൻ ഡ്രഗുകൾ വാങ്ങാൻ കഴിയുന്നതുകൊണ്ടാണ് കൗമാരക്കാർക്കിടയിൽ മരുന്നിന്റെ ദുരുപയോഗം കൂടുന്നതെന്ന് ഡോക്ടർ കെ രാജശേഖരൻ നായർ പറയുന്നു. ഒരു മരുന്നിനു പകരം മറ്റനേകം കോംബിനേഷൻ ഡ്രഗുകൾ ലഭ്യമാണെന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.

എന്നാൽ, ദുരുപയോഗത്തിന് സാധ്യതയുള്ള മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടു കൂടി മാത്രമേ കൊടുക്കാറുള്ളൂ എന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എ കെ സി ഡി എ) പ്രസിഡന്റ് എ എൻ മോഹൻ പറയുന്നു. ഇത് അസോസിയേഷൻ അംഗീകരിച്ച തീരുമാനമാണ്. സ്കൂളുകൾക്കും പ്രഫഷണൽ കോളജുകൾക്കും സമീപമുള്ള മെഡിക്കൽ സ്റ്റോറുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധപുലർത്താറുണ്ട്.

വൻതോതിൽ ദുരുപയോഗം ചെയ്യുന്ന മരുന്നുകൾക്ക് കാലാകാലങ്ങളിൽ വിലക്ക് ഏർപ്പെടുത്താറുണ്ടെന്ന് കേരള ഡ്രഗ്സ് കൺട്രോളർ ആൻഡ് ലൈസൻസിങ് അതോറിറ്റിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞു. എന്നാൽ, ദുരുപയോഗം ചെയ്യുന്ന എല്ലാ മരുന്നുകളും നിരോധിക്കാനാവില്ല. നാർകോട്ടിക്സ് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് (എൻ റ്റി പി എസ് ആക്റ്റ്) പ്രകാരമുള്ള നാർകോട്ടിക് ഇനങ്ങളിൽ നല്ലൊരു പങ്കും പ്രിസ്ക്രിപ്ഷൻ ഡ്രഗുകളാണ്.

രക്ഷിതാക്കൾ അറിഞ്ഞിരിക്കാൻ

കൗതുകം കൊണ്ടോ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയോ കുട്ടി മരുന്നടി തുടങ്ങുന്നു. ഒരിക്കൽ പരീക്ഷിച്ച് നിർത്താമെന്ന് കരുതുമെങ്കിലും പിന്നീടത് ശീലമാകും. ധൈര്യം, ഉറക്കം, വിരസത മാറ്റൽ, ലൈംഗികസംതൃപ്തി എന്നിവയ്ക്കായും മരുന്നുപയോഗിക്കുന്ന കുട്ടികളുണ്ട്. എന്നാൽ ലഭിക്കുകയല്ല, ചോർന്നുപോവുകയാണെന്ന് ഇവർ അറിയുന്നില്ല. മരുന്ന് ചിന്താശേഷിയും സർഗാത്മകതയും നൽകുമെന്നതും മിഥ്യാധാരണയാണ്. മരുന്നിനടിമപ്പെടുന്ന കുട്ടികളുടെ വ്യക്തിത്വം പാടേ തകരും, ഓർമശക്തി കുറയും, പഠനത്തിൽ താൽപര്യമില്ലാതാകും, വീട്ടിൽ വില്ലനായിത്തീരും. കഠിനമായ വിയർപ്പ്, അമിതമായ ഉൽക്കണ്ഠ, അസ്വസ്ഥത, വൈകാരിക നിസംഗത തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. ഇതിനു പുറമേ നിരവധി രോഗങ്ങളും അവരെ കീഴടക്കും. സമയാസമയം മരുന്ന് കിട്ടിയില്ലെങ്കിൽ മതിഭ്രമം പോലുമുണ്ടാകാം. മരുന്നിനോടുള്ള അഡിക്ഷൻ ഒരു രോഗാവസ്ഥയാണ്. ശാസ്ത്രീയവും നൂതനവുമായ ചികിത്സ രോഗിയെ രക്ഷിക്കുമെന്ന് മാത്രമല്ല, പുതിയൊരു ജീവിതം ഉറപ്പാക്കുകയും ചെയ്യും.

മരുന്നിന്റെ ലഹരിയിലേയ്ക്ക് കൗമാരക്കാർ വഴുതിവീഴുന്നത് യഥാസമയം മനസിലാക്കിയാൽ അവരെ പിന്തിരിപ്പിക്കാനാവും. അത്തരക്കാർ പൊതുവേ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്.

സമൂഹത്തിൽ നിന്ന് അകന്നുനിൽക്കുക, ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുക, കുളിമുറിയിൽ ഏറെ നേരം ചെലവിടുക.

അക്രമവാസന, അനുസരണക്കേട്, ദേഷ്യം, സംസാരത്തിൽ അവ്യക്തത, ദൈനംദിനകാര്യങ്ങളിൽ താൽപര്യമില്ലാതാവുക, വിശപ്പ്, തൂക്കം എന്നിവ കുറയുക, അശ്രദ്ധവും അലക്ഷ്യവുമായ പെരുമാറ്റങ്ങൾ.

പഠിക്കാനും ജോലി ചെയ്യാനുമുള്ള മടി∙ കളവ്, ചതി, വഞ്ചന എന്നിങ്ങനെ കുറുക്കുവഴിയിൽ പണം സമ്പാദിക്കൽ.

കുട്ടികളുടെ മുറിയിൽ സിറിഞ്ചുകൾ, ടാബ്ലറ്റ് സ്ട്രിപ്പുകൾ, വിചിത്രമായ പായ്ക്കറ്റുകൾ, അവരുടെ ശരീരത്തിൽ ഇഞ്ചക്ഷൻ അടയാളങ്ങൾ, വസ്ത്രത്തിൽ രക്തക്കറ തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ രക്ഷിതാക്കൾ സൂക്ഷിക്കുക. കുട്ടിയുടെ വരവും പോക്കും, അവരുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ (ഏറെ നേരം ഒരിടത്ത് തൂങ്ങിപ്പിടിച്ചിരിക്കുന്നതും മറ്റും), കൂട്ടുകെട്ടുകൾ, പണം ചെലവിടുന്ന മാർഗങ്ങൾ എന്നിവയിലും ഒരു കണ്ണുണ്ടായാൽ നന്ന്.

ഡോ. അനീസ് അലി

ന്യൂറോ സൈക്യാട്രിസ്റ്റ്

മനശാന്തി ഹോസ്പിറ്റൽ,

രാമനാട്ടുകര, മലപ്പുറം.

(* പേരുകൾ യഥാർഥമല്ല).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.