Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാൻക്രിയാറ്റൈറ്റിസിനു പരിഹാരങ്ങൾ

pancreatitis

പാൻക്രിയാറ്റൈറ്റിസ് എന്ന രോഗാവസ്ഥയ്ക്ക് നാം അത്ര പ്രാധാന്യം നൽകിയിട്ടില്ല എന്നതാണു സത്യം. അതു കൊണ്ടു നമ്മുടെ ഇടയിൽ പാൻക്രിയാറ്റൈറ്റിസ് രോഗികളുടെ എണ്ണവും വർധിക്കുന്നുണ്ട്. മദ്യപാനം ഉൾപ്പെ‌െടയുള്ള ശീലങ്ങൾ, അമിതമായ മരുന്നു കഴിക്കൽ, ശസ്ത്രക്രിയകൾ എന്നിവയൊക്കെ പെ‌ട്ടെന്നുണ്ടാക‍ുന്ന പാൻക്രിയാറ്റൈറ്റിസ‍ിന്റെ കാരണങ്ങള‍ാണ്. അതു പോലെ ദീർഘകാലമദ്യപാനവും പിത്താശയക്കല്ലുകളും മരുന്നുപയോഗവുമൊക്കെ ക്രോണിക് പാൻക്രിയാറ്റൈറ്റിസ് എന്ന പഴകിയ രോഗാവസ്ഥയ്ക്കുമിടയാക്കുന്നു. പാൻക്രിയാറ്റൈറ്റിസിനെക്കുറിച്ചു വിശദമായി അറിയാം.

1. എന്താണ് പാൻക്രിയാസ്? പാൻക്രിയാസ് ഗ്രന്ഥിയു‌ടെ ധർമങ്ങൾ എന്തെല്ലാം?
ശരീരത്തിലെത്തുന്ന പ്രോ‌ട്ടീൻ, കൊഴുപ്പ്, അന്നജം മുതലായവയുടെ ദഹനപ്രക്രിയയിലും (Digestion) രക്തത്തിലെ പഞ്ചസാര നിയന്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥി. പഞ്ചസാര നിയന്ത്രിക്കുന്ന ഇൻസുലിൻ നിർമാണം പാൻക്രിയാസിലാണു നടക്കുന്നത്. നട്ടെല്ലിലെ ഒന്നും രണ്ടും (L1,L2) ലംബാർ കശേരുക്കളുടെ കുറുകെ, കമിഴ്ന്നു കിടക്കുന്ന ഒരു ചോദ്യചിഹ്നം കണക്കെയ‍‍ാണ് ആ ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. ആമാശയത്തിന്റ‍െ പുറകുവശത്താണ് ഇതിന്റെ സ്ഥാനം. ചെറിയ നാളികൾ വഴി സ്രവിക്കുന്ന രസങ്ങളെ ഉദ്ദിഷ്ടസ്ഥാനത്തെത്തിക്കുന്ന ഗ്രന്ഥികളെ എക്സോക്രൈൻ ഗ്രന്ഥികൾ എന്നു വിളിക്കുന്നു. സ്രവിക്കുന്ന രസങ്ങൾ നേരിട്ടു രക്തത്തിൽ കലർത്തുന്ന ഗ്രന്ഥികളെ എൻഡോക്രൈൻ ഗ്രന്ഥികളെന്നു വിളിക്കുന്നു: ഉദാ: തൈറോയ്ഡ്, പിറ്റ്യൂട്ടറി (Pitituary) അഡ്രിനൽഗ്രന്ഥികൾ. പാൻക്രിയാസ് ഈ രണ്ടു ധർമവും (Exocrine and Endocrine) നിർവഹിക്കുന്നു.

പാൻക്രിയാസിനു രണ്ടു നാളികളുണ്ട്. വലിയ നാളിയെ ഡക്റ്റ് ഒാഫ് വിർസിങ് (Duct of Wirsung) എന്നും ചെറിയ നാളിയെ ഡക്റ്റ് ഒാഫ് സൻടോറിനി (Duct of Santorini) എന്നും പറയുന്നു. ഈ രണ്ടു നാളികളും പിത്തനാളിയും കോമൺ ബൈൽ ഡക്റ്റും ഒന്നിച്ചു ചേർന്നു ചെറുകുടലിന്റെ രണ്ടാമത്തെ ഭാഗത്തേക്ക് തുറക്കുന്നു. ഇവിടേക്കാണ് പാൻക്രിയാസ്‍സ്രവിക്കുന്ന രസങ്ങൾ എത്ത‍ിച്ചേരുന്നത്.

2. പാൻക്രിയാറ്റൈറ്റിസ് എന്ന രോഗാവസ്ഥ വിശദമാക്കാമോ?
സാധാരണയായി രോഗങ്ങളെ അക്യൂട്ട്(Acute) എന്നും ക്രോണിക്(Chronic) എന്നും പറയും. പെട്ടെന്നു രോഗലക്ഷണങ്ങളൾ കാണുകയും രോഗം ചികിത്സ കൊണ്ടു ഭേദപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്ക് അക്യൂട്ട് എന്നും ദീർഘകാലം രോഗവസ്ഥയിലായിരിക്കുന്നതിന് ക്രോണിക് (Chronic) എന്നും പറയും.

പാൻക്രിയാസിൽ പെട്ടെന്ന് ഉണ്ടാകുന്ന നീർക്കെട്ടിനും തുടർന്നുള്ള പ്രത്യാഘാതങ്ങൾക്കും അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് എന്നും ദീർഘകാലം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങൾ കാണിക്കുന്ന ഗ്രന്ഥിവീക്കത്തിന് ക്രോണിക് പാൻക്രിയാറ്റൈറ്റിസ് എന്നും പറയുന്നു. ചിക‍ിത്സ തക്കസമയത്തു ലഭിച്ചില്ലെങ്കിൽ പാൻക്രിയാറ്റൈറ്റിസ് പഴകിയ രോഗമായി മാറുന്നതാണ് ക്രോണിക് പാൻക്രിയാറ്റൈറ്റിസ്.

ഏകദേശം രണ്ട‍രലീറ്ററോളം വരുന്ന രസങ്ങളാണു പാൻക്രിയാസ് ദിവസവും ഡുവോഡിന (ചെറുകുടലിന്റെ ഭാഗം) ത്തിലേക്കെത്തിക്കുന്നത്. ഇവയുടെ ഒഴുക്ക് ഏതെങ്കിലും വിധത്തിൽ തടസ്സപ്പെ‌ടുന്നത് (പിത്താശയസംബന്ധമായ രോഗങ്ങൾ, മദ്യപാനം എന്നിവ) രോഗത്തിനു കാരണമാകാം. മദ്യം പാൻക്രിയാസിന്റെ കോശങ്ങളിൽ വിഷമെന്ന തോത‍ിൽ പ്രവർത്തിച്ചു ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാക്കുന്നു.

3. പാൻക്രിയാറ്റൈറ്റിസിന്റെ കാരണങ്ങൾ എന്തെല്ലാമ‍ാണ്?
∙ ഉദരസംബന്ധമായ അപകടങ്ങൾ (ട്രോമ)
∙ ഉദരസംബന്ധമായ സങ്കീർണ ശസ്ത്രക്രിയകൾ
∙ പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവർത്തനം (ഹൈപ്പർ പാരാതൈറോയ്ഡിസം)
∙ രക്ത്തിലെ കാൽസ്യത്തിന്റെയും കൊളസ്ട്രോളിന്റെയും തോതു സാധാരണയിൽ നിന്നു വർധിക്കുക
∙ പ്രമേഹം
∙ചില ഒൗഷധങ്ങളും പാൻക്രിയാറ്റൈറ്റിസിനു വഴ‍ിവയ്ക്കാം. ടെട്രാസൈക്ലിൻ, സ്റ്റീറോയ്ഡ് ഗ്രൂപ്പിൽപ്പെട്ട മരുന്നുകൾ, ഈസ്ട്രജൻ മുതലായവ
∙ മുണ്ട‍ിനീര്(Mumps) മുതലായ ചില വൈറസ് രോഗങ്ങളും പാൻക്രിയാറ്റൈറ്റിസിലേക്കു നയിക്കാം.

4. അക്യ‍ൂട്ട് പാൻക്രിയറ്റൈറ്റിസ‍ിന്റെ പ്രധാനകാരണം മദ്യപാനമാണോ?
ബ്ര‍ിട്ടീഷ് പഠനങ്ങളനുസരിച്ച് 50% അക്യ‍ൂട്ട് പാൻക്രിയാറ്റൈറ്റിസ്, പി‍ത്തനാളി(Bileduct)യുമായി ബന്ധപ്പെട്ട രോഗങ്ങളുടെ അനുബന്ധമായാണു കാണുന്നത്. എന്നാൽ രോഗബാധിതരിൽ 25 ശതമാനവും അമിത മദ്യപരാണ്. അമിത മദ്യാപാനമാണ് നമ്മുടെ നാട്ടിൽ ഈ രോഗത്തിനു പ്രധാന കാരണമെന്നു വിദഗ്ധഡോക്ടർമാരും പറയുന്നു. അമിതമായി മദ്യപിക്കുന്നവര‍ാണ് ഈ രോഗസംബന്ധമായി ആശുപത്രികളിലെത്തുന്നതും. മദ്യത്തിലെ തൻമാത്രകൾ പാൻക്രിയാസിലെ കോശങ്ങളെ തടസ്സപ്പെടുത്തുകയും അവയുടെ യഥാവിധിയിലുള്ള പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്നു. അമിതമദ്യപാനം മൂലം അക്യൂട്ട് പാൻക്രിയാറ്റെറ്റിസ് പല തവണ ആവർത്തിക്കുമ്പോൾ പാൻക്രിയാസിനു സ്ഥിരമായി തകരാറുണ്ട‍ായി ക്രോണിക് പാൻ‍ക്രിയാറ്റൈറ്റിസിനു കാരണമാകുന്നു.

5. പാൻക്രിയാറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
രോഗതീവ്രതയനുസരിച്ച് രോഗലക്ഷണങ്ങളിലും വ്യത്യാസം വരാം. പൊതുവിൽ സാധാരണ കാണുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

പ്രശസ്ത ശസ്ത്രക്രിയവിദഗ്ധനായ മൊയിനിഹാൻ പറയുന്നു: വേദനാജനകമായ ഉദരസംബന്ധരോഗങ്ങളിൽ ഏറ്റവും ഭയ‍ാനകമായ ഒന്നാണ് പ‍ാൻക്രിയാറൈറ്റിസ്.

∙ ഉദരത്തിന്റെ മുകൾഭാഗത്ത‍ായി കഠിനമായ വേദന അനുഭവപ്പെടുന്നു. ഈ വേദന നേരെ പുറത്തേക്കുവ്യാപിക്കുന്നു.
∙ മഞ്ഞപ്പിത്തം കണ്ടെന്നും വരാം.
∙ എക്കിൾ അനുഭവപ്പെടാം. രോഗം മൂർച്ഛിക്കുന്നതനുസരിച്ചു താഴെപ്പറയുന്ന ലക്ഷണങ്ങൾ കാണുന്നു.
∙ രക്തസമ്മർദം അപകടകരമായ നിലയിലേക്ക് താഴുന്നു (Shock)
∙ ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടു നേരിടുന്നു. (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രോം)
∙ രക്തത്തിൽ അണുബാധയുണ്ടാകുന്നു.
∙ രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുന്നതുകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവം അനുഭവപ്പെടുന്നു.
∙ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.
∙ 20% രോഗികളിൽ ശ്വാസകോശത്തിന്റെ ഇടതുഭാഗത്തു നീർക്കെട്ട് അനുഭവപ്പെടുന്നു.
∙ ഈ രോഗം മൂലം ഉദരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നു.
∙ ചിലരിൽ മാനസിക അപഭ്രംശം വരെ കാണാം.
∙ അപൂർവമായി രക്തം ഛർദിക്കുകയോ മലത്തിൽ രക്തം കാണുകയോ ചെയ്യാം.

6. തേൾ കുത്തിയാൽ പാൻക്രിയാറ്റൈറ്റിസ് വരുമോ?
1970–ൽ കരീബിയൻ ഭൂഖണ്ഡത്തിലെ ട്രിനിഡാഡിൽ ടൈറ്റിയസ് ട്ര‍ിനിഷ്യാലിസ് എന്ന കൊമ്പൻതേളിന്റെ ദംശനം (Scorpion Bite) മൂലം പാൻക്രിയാറ്റൈറ്റിസ് (അക്യ‍ൂട്ട് സ്‍കോർപിയോൺ പാൻക്രിയാറ്റൈറ്റിസ്) വന്നതായി രേഖപ്പെടുത്തിയിട്ടുണ്ടത്രേ. (ട്രിനിഡാഡ‍ിൽ ഈ രോഗത്തിന് ഒരു പ്ര‍ധാന കാരണം ഇതാണ്). എന്നാൽ നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

7. പാൻക്രിയാറ്റൈറ്റിസ് എങ്ങനെ കണ്ടെത്താം?
രോഗചരിത്രവും രോഗീപരിശോധനയും ആദ്യഘട്ടത്തിൽ ഏകദേശം രോഗനിർണയത്തിലെത്താൻ (Provisional Diagnosis) സഹായിക്കും ഇവയ്ക്കു പുറമേ ലാബ് പരിശോധനകളും രോഗനിർണയത്തിനു സഹായിക്കുന്നു. അമൈലേസും ലൈപ്പേസും പാൻ ക്രിയാസിലെ രണ്ട് എൻസൈമുകളാണ്. അവയുടെ അളവിലെ വ്യതിയാനം രോഗസൂചകമാകാം. സാധാരണഗതിയിൽ രക്തപരിശേ‍ാധനകളായ സീറം അമൈലേസ്, സീറം ലൈപ്പേസ് എ‍ന്നിവയിലൂടെ ഇതു കണ്ടെത്താം. അൾട്രാസൗണ്ട് പരിശോധനയും രോഗന‍ിർണയത്തിനു ഫലപ്രദമാണ്. നമ്മുടെ മിക്ക ആശുപത്രികളിലും ഈ രീതിയാണ് അവലംബിക്കുന്നത്.

രോഗത്തിന്റെ കാഠിന്യമനുസരിച്ചു മറ്റു പരിശോധനകളെയും ആശ്രയിക്കാവുന്നതാണ്. അവ താഴെ പറയുന്നു.

∙ കരള‍ിന്റെ തകരാറു കണ്ടു പിടിക്കാൻ സഹായിക്കുന്ന ലിവർ ഫങ്ഷൻ ടെസ്റ്റ്.
∙ ഈ രോഗം മൂലം വൃക്കകൾക്ക് തകരാറുണ്ടോ എന്നറിയാൻ സഹായി‍ക്കുന്ന റീനൽ ഫങ്ഷൻ ടെസ്റ്റ്

ഉദരത്തിന്റെ സാധാരണ എക്സ്റേ (plain X-Ray Abdomen) രോഗനിർണയത്തെ സഹായ‍ിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. പാൻക്രിയാറ്റൈറ്റിസ് മൂലം ശ്വാസകോശ തകരാറുണ്ടോ എന്നു കണ്ടു പിടിക്കാൻ നെഞ്ചിന്റെ എക്സ്റേ സഹായിക്കുന്നു. എൻഡോസ്കോപിക് റിട്രോഗ്രേസ് കൊളാൻജിയോ പാൻക്രിയറ്റോഗ്രാഫി (Endoscopic Retro Grade Cholangio Pancereatography) എന്ന മറ്റൊരു രോഗനിർണയ മാർഗമുണ്ട്. ബൈൽ ഡക്റ്റുകൾ, പാൻക്രിയാറ്റിക് ഡക്റ്റ്, ഗാൾബ്ലാഡർ എന്നിവയെക്കുറിച്ചു പഠിക്കുന്നതിനുള്ള സവിശേഷരീതിയാണിത്. ഇതിനു രണ്ടു ഗുണങ്ങളുണ്ട്.

1. രോഗനിർണയത്തോടെ‍ാപ്പം രോഗചികിത്സയ്ക്കും ഇത് ഉപകരിക്കുന്നു. പാൻക്രിയ‍ാസിന്റെ നാളികളിൽ കുടുങ്ങിക്കിടക്കുന്ന കല്ലുകൾ നീക്കം ചെയ്യൽ, ഈ നാളികൾ ചുരുങ്ങിപ്പോയിട്ടുണ്ടെങ്കിൽ വികസിപ്പിക്കൽ തുടങ്ങിയവയ്ക്ക് ഈ പരിശോധന സഹായകരമാകും. അപൂർവ സന്ദർഭങ്ങളിൽ ഈ പരിശോധന തന്നെ രോഗകാരണമായേക്കാം. സ്കാനിങ്ങ് ടെസ്റ്റുകൾ സ്പൈറൽ സി.ടി, എം.ആർ.െഎ. എന്നിവയാണ്. ഇവയും രോഗനിർണയത്തെ കുറ്റമറ്റതാക്കാൻ സഹായിക്കുന്ന ഉന്നത നിലവാരമുള്ള പരിശോധനകളാണ്.

8. പ്രമേഹം എങ്ങനെയാണ് പാൻക്രിയാറ്റൈറ്റിസിനു കാരണമാകുന്നത്?
ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സാവിഭാഗമായ ഇൻക്രെട്ടിൻ തെറപ്പി (ജി എൽ പി–1 റിസപ്റ്റർ അഗണിസ്റ്റ്സ്, ഡിപിപി–4 ഇൻഹിബിറ്റേഴ്സ് മരുന്നുകൾ) പാൻക്രിയാറ്റൈറ്റിസിലേക്കു നയിക്കാമെന്നു ചില പഠനങ്ങൾ തെളിയിക്കുന്നുണ്ട്. പാൻക്രിയാറ്റൈറ്റിസ് പാരമ്പര്യമുള്ള രോഗ‍ികൾ ആ മരുന്നുകൾ ഉപയോഗിക്കരുതെന്ന് അമേരിക്കൻ ഫൂഡ് അൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നുണ്ട്. ഈ മരുന്നു കഴിക്കുന്നവരിൽ അക്യ‍ൂട്ട് പാൻക്രിയാറ്റൈറ്റിസ് വരാനുള്ള സാധ്യത രണ്ടിരട്ടിയാണെന്നു മറ്റു പഠനങ്ങൾ പറയുന്നുണ്ട്.

9. പാൻക്രിയാറ്റൈറ്റിസിന്റെ ചികിത്സ എങ്ങനെയാണ്?
സാധാരണഗതിയിൽ ഒൗഷധങ്ങൾ ഉപയോഗിച്ചും തീവ്രപരിചരണവ‍ിഭഗത്തിൽ പ്രവേശിപ്പിച്ചുമാണു രോഗിയെ ചികിത്സിക്കുന്നത്. ഈ രോഗത്തിനു പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നതു കൊണ്ട് ഒരു മുൻകരുതൽ എന്ന നിലയിലാണ് രോഗിയെ െഎസിയുവിൽ കി‌‌ടത്തി ചികിത്സിക്കുന്നത്.

∙ ശരീരത്തിൽ ജലാംശം കുറയുന്നതുകൊണ്ട് അതു നികത്തുന്നതിനുള്ള ശ്രമങ്ങളുണ്ട‍ാകണം.
∙ ഈ രോഗത്തോടനുബന്ധിച്ചു രക്തത്തിലെ കാൽസ്യം കുറയുന്നതുകൊണ്ടു ദിവസംതോറും കാൽസ്യം പരിശോധിക്കുകയും കുറഞ്ഞു കാണുമെങ്കിൽ കാൽസ്യം കുത്തിവയ്പ് രൂപത്തിൽ നൽകേണ്ടതുമാണ്.
∙അന്നപഥത്തിനു (Gastro intestinal System) വിശ്രമം നൽകുന്നതിനു മൂക്കിൽകൂടി ഒരു ട്യൂബ് (Ryle's Tube) കടത്തുന്നതു നല്ലതാണ്. അതുപോലെ മൂത്രത്തിന്റെ അളവു പരിശോധിക്കുന്നതിനു ലിംഗാഗ്രത്തിൽ കൂടി ഒരു ട്യൂബ് ഇടണം (Catheterisation). രോഗ‍ാവസ്ഥയുടെ സ്ഥിതി നിരീക്ഷിക്കാൻ ഇവ സഹായയിക്കുന്നു.
∙ ആന്തരാവയവങ്ങളിൽ രക്തസ്രാവം ഉണ്ടാകുകയാണെങ്കിൽ സാന്ദ്രീകൃത രൂപത്തിലുള്ള പ്ലേറ്റ് ലെറ്റുകൾ കൊ‌ട‍ുക്കേണ്ടതാണ്.
∙ രോഗത്തിന്റെ മൂർധന്യാവസ്ഥയ്ക്കനുസരിച്ച് ഉയർന്ന തരത്തിലുള്ള ആന്റിബയോട്ടിക് മരുന്നുകൾ വേണ്ടിവരും. ‌
∙ രോഗം വഷളാവുകയാണെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. സാധാരണഗതിയിൽ 56 ദിവസം കൊണ്ടും രോഗം സുഖമായി രോഗിയെ ഡിസ്ചാർജ് ചെയ്യാം. പക്ഷേ, രോഗി പഴയ ജീവിതരീതികൾ തുടർന്നാൽ (പ്രത്യേകിച്ചും മദ്യപാനം) ജീവിതം നരകതുല്യമാകുമെന്നതിനു സംശയം വേ‍ണ്ട.

10. പാൻക്രിയറ്റൈറ്റിസ് രോഗിക്കു നൽകുന്ന വേദനാസംഹാരികൾ ഏതെല്ലാം?
കഠിനമായ വേദന പാൻക്രിയാറ്റൈറ്റിസിന്റെ പ്രധാന ലക്ഷണമാണ്. അതുകൊണ്ട‍ു തന്നെ വേദനാനിവാരണത്തിനുള്ള ഒൗഷധങ്ങൾ നൽകണം. നോൺ ഒപിയോയ്ഡ് വിഭാഗത്തിലുള്ള വേദനാസാഹാരികളാണ‍ു സാധാരണ നൽകുന്നത്. ചെറിയ വേദന മുതൽ സഹനീയമായ വേദനയ്ക്കു വരെയാണ് ഇവ നൽകുന്നത്. ഇതിൽ അസെറ്റാമിനോഫെൻ, ഇബുപ്രൂഫൻ എന്നിങ്ങനെയുള്ള വേദനാസംഹരികൾ ഉൾപ്പെടുന്നു. നോൺഒപിയോയ്ഡുകൾക്ക് വേദന കുറയ്ക്കാനാകുന്നില്ലെങ്കിൽ മൈൽഡ് ഒപിയോയ്ഡ് ആയ കൗഡൈൻ നൽകാറുണ്ട്. എന്നാൽ മോർഫിൻ ഗ്രൂപ്പിൽപ്പെട്ട ഒൗഷധങ്ങൾ സാധാരണയായി നൽകാറില്ല.

11. പാൻക്രിയറ്റൈറ്റിസ് രോഗനിർണയത്തിനു സഹായിക്കുന്ന പ്രധാന രക്ത പരിശോധനകൾ ഏത്?
സീറം അമൈലേസ്–പാൻക്രിയാസിന്റെ തകരാറുമൂലം ഈ എൻസൈമിന്റെ തോതു ക്രമാതീതമായി വർധിക്കുന്നു. സോമോജി (Somogyi) യൂണിറ്റിലാണ് ഇതു കണക്കാക്കുന്നത്. സാധാരണഗതിയിൽ രക്തത്തിൽ ഈ എൻസൈമിന്റെ തോത് 200–250 യൂണിറ്റ് ആയിരിക്കും. ആയിരം യൂണിറ്റാണെങ്കിൽ രോഗം മിക്കവാറും അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ആയിരിക്കും. എന്നാൽ മറ്റു പല രോഗങ്ങളിലും ഇതിന്റെ തോതു കൂടുമെന്നതിനാൽ ഇതിനെ ആശ്രയ‍ിച്ചു മാത്രം രോഗനിർണയം നടത്തുന്നത് ഉചിതമല്ല.

താഴെപ്പറയുന്ന രോഗങ്ങളിലും സീറം അമൈലേസ് എൻസൈമിന്റെ തോത് ക്രമാതീതമായി വർധിക്കാം.

∙ ഉമിനീർഗ്രന്ഥി സംബന്ധമായ രോഗങ്ങൾ.
∙ ഉദരത്തിലേക്കുള്ള രക്തപ്രവാഹത്തിൽ കുറവു വരിക. (Mesenetric Ischemia).
∙ കുടൽ തടസ്സം (Intestinal Obstruction)
∙ ഗർഭപാത്രത്തിനു പുറത്തു ഭ്രൂണം വളരുക (Ectopic Gestation).
∙ കുടൽപ്പുണ്ണിൽ തുളവീഴുക (Perforated Duodenal Ulcer) .
∙ അണ്ഡാശയത്തിൽ നിന്നു ഗർഭപാത്രത്തിലേക്കുള്ള കുഴലിൽ നീർക്കെട്ടു വരിക (Salphingitis). എന്നിവയാണ് ആ രോഗാവസ്ഥകൾ. സീറം ലൈപ്പേസ് എന്ന എൻസൈമിന്റെ തോതു നിർണയിക്കുന്നതും രോഗനിർണയം എളുപ്പമാക്കും.

12. പാൻക്രിയറ്റൈറ്റിസ് വന്നാൽ ശാസ്ത്രക്രിയ അനിവാര്യമാണോ?
പാൻക്രിയാറ്റൈറ്റിസിന്റെ ചികിത്സയിൽ ശസ്ത്രക്രിയയ്ക്ക് അധികം പങ്കില്ല. അവയവം ചീഞ്ഞളിഞ്ഞ നിലയിലേക്ക് പോകുമ്പോഴാണ് ശസ്ത്രക്രിയ ഒരു ജീവൻ രക്ഷാ രീതിയെന്ന നിലയ്ക്കു ചെയ്യുന്നത് (Salvage Operation) പക്ഷേ ഫലം അത്ര ആശാവഹമല്ല എന്നു പറഞ്ഞുകൊള്ളട്ടെ.

13. പാൻക്രിയറ്റൈറ്റിസ് തടയാൻ ജീവ‍ിത ആഹാരക്രമീകരണങ്ങള‍ിൽ എന്താണു ശ്രദ്ധിക്കേണ്ടത്?
∙ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക.

∙ പുകവലി നിർത്തുക. കൊഴുപ്പു കുറഞ്ഞ‍ ആഹാരം ശീലിക്കുക.
∙ പിത്തരസത്തിൽ കൂടുതലായി കൊളസ്ട്രോൾ അടിയുന്ന ഘട്ടത്തിൽ പിത്താശയക്കല്ലുകൾ രൂപപ്പെടാം. പിത്താശയക്കല്ലു സാധ്യത കുറയ‍്ക്കുന്നതിനു കൊഴുപ്പു കുറഞ്ഞ ആഹാരം കഴിക്കുക.
∙ മുഴുധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിലുൾപ്പെടുത്താം.
∙ പാൻക്രിയാറ്റൈറ്റിസ് തടയുന്നതിനായി വറുത്തവ, കൊഴുപ്പുള്ള പാലുത്പന്നങ്ങൾ എന്നിവ ഒഴിവാക്കണം. ‌
∙ ട്രൈഗ്ലിസറൈഡ് നില ഉയരാതെ ശ്രദ്ധിക്കണം. അതിന‍ായി പഞ്ചസാര ചേർന്ന മധുരങ്ങൾ, ഉയർന്ന കാലറിയുള്ള ബിവറേജുകൾ എന്ന‍ിവ ഒഴിവാക്കണം.
∙ കൃത്യമായി വ്യായാമം ചെയ്യുകയും ശരീരഭാരം കുറയ്ക്കുകയും വേണം‍. ക്ര‍ാഷ് ഡയറ്റിങ് പാടില്ല.

ഡോ. പോൾ വാഴപ്പള്ളി
കൺസൽറ്റന്റ് സർജൻ
നിവിൽ ഹോസ്പിറ്റൽ, ശ്രീകണ്ഠപുരം, കണ്ണൂർ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.