Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വഭാവം നോക്കി രോഗം പറയാം

493654572

എടുത്തുചാടി തീരുമാനമെടുക്കുന്നവരാണോ നിങ്ങള്‍? കാള പെറ്റെന്നു കേൾക്കുമ്പോഴെ കയറെടുക്കുന്ന സ്വഭാവക്കാർ.... എങ്കിൽ സൂക്ഷിച്ചോളൂ. നിങ്ങൾക്ക് ആമാശയ അൾസർ വരാനുള്ള സാധ്യതയുണ്ട്.

മൂക്കത്താണോ കോപം, എങ്കിൽ കരുതിയിരുന്നോളൂ, നിങ്ങളുടെ വാക്കുകളേല്‍പിക്കുന്ന മുറിവു മാത്രമല്ല ശരീരത്തിലേൽക്കുന്ന മുറിവുകളും ഉണങ്ങാൻ സമയമെടുക്കും.

എന്തിലും ഏതിലും ദോഷം കാണുന്ന ദോഷൈകദൃക്കുകള്‍ക്കും നിരാശാബാധിതർക്കും ഭാവിയിൽ പാർക്കിസൺ രോഗം വരാനുള്ള ‌സാധ്യതയുണ്ട്. ഇതൊക്കെ വായിച്ച്, വല്ലാതെ വ്യാകുലപ്പെടല്ലേ.... എപ്പോഴും ആശങ്കയും ‌വ്യാകുലതയും മാത്രമായാൽ ഹൃദയധമനീ രോഗങ്ങൾക്ക് സാധ്യത കൂടും.

ഒരാൾക്ക് എന്തൊക്കെ രോഗം വരുമെന്നറിയാൻ അയാളുടെ വ്യക്തിത്വ സവിശേഷതകളിലേക്ക് നോക്കിയാൽ മതിയെന്നു പറയുന്നത് ആധുനിക മനഃശാസ്ത്ര പഠനങ്ങളാണ്. അമിതമായ തിടുക്കവും മത്സരമനോഭാവവും ഉത്കണ്ഠയും ഹൃദയധമനീരോഗങ്ങൾക്ക് സാധ്യതയുള്ള പെരുമാറ്റ രീതികളാണെന്നു നേരത്തെ പഠനങ്ങൾ വന്നിരുന്നു. ഇവ മാനസികപിരിമുറുക്കം ഉണ്ടാക്കുന്നു എന്ന ഒറ്റ ലോജിക്കിലാണ് ഈ പഠനഫലങ്ങൾ നിന്നിരുന്നത്. പക്ഷേ, പിന്നീടുവന്ന ‌പഠനങ്ങൾ വ്യക്തിത്വ സവിശേഷതകളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളെ ‌നിരീക്ഷണ വിധേയമാക്കി. ഒരാളുടെ ശീലങ്ങൾ, വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതി. സാമൂഹികമായ ബന്ധങ്ങൾ, ആരോഗ്യകരമായ സാഹ‌ചര്യങ്ങളെ തിരഞ്ഞെടുക്കാനുള്ള വൈഭവം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. വ്യക്തിത്വപ്രകൃതങ്ങളും രോഗപ്രതിരോധ ശേഷിയുമായുള്ള ബന്ധവും പഠനവിധേയമായി. എന്തിനേയും ഏതിനേയും എതിർക്കുന്ന പ്രകൃതമുള്ളവരിൽ, പ്രതിരോധകോശങ്ങൾ സ്രവിപ്പിക്കുന്ന സൈറ്റോകൈനുകൾ (ഇവ ‌ശരീരത്തിൽ നീർവീക്കം ഉണ്ടാക്കും.) ധാരാളമുണ്ടാകുന്നെന്ന കണ്ടെത്തൽ ഉദാഹരണം ‌എന്നാൽ, ബഹിർമുഖത്വം ഇത്തരം അമിത പ്രതിരോധപ്രതികരണം കുറയ്ക്കുന്നതായും കണ്ടെത്തി.

ഹൃദ്രോഗവും വ്യക്തിത്വടൈപ്പുകളും

1950–കളിൽ ഹൃദ്രോഗവിദഗ്ധരായ മെയർ ഫ്രീഡ്മാനും ആർ. എച്ച് റോസൻമാനും ഹൃദയധമനി ആരോഗ്യം സംബന്ധിച്ചു പഠനം നടത്തിയപ്പോഴാണ് ശാരീരിക രോഗ‌ങ്ങളും ആരോഗ്യവും ചില സ്വഭാവപ്രത്യേകതകളും തമ്മിൽ ബന്ധമുള്ളതായി കണ്ടത്. 3000 പുരുഷന്മാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ആളുകളെ രോഗസാധ്യ‌തകളനുസരിച്ച് ടൈപ്പ് എ. ടൈപ്പ് ബി എന്നിങ്ങനെ ‌തിരിച്ചു. എന്തിലും ഏതിലും തിടുക്കവും മത്സരമനോഭാവവും കാണിക്കുന്ന, ജോലിഭ്രാന്തന്മാരായ, മുൻകോപമുള്ള ആളുകളെ ടൈപ്പ് എ വിഭാഗത്തിൽപ്പെടുത്തി. അമിതമായ ടെൻഷൻ മൂലം ഉത്പാദിപ്പിക്കപ്പെടുന്ന അടിയന്തിര ഹോർമോണുകളുടെ ‌സ്വാധീനം ഇവരിലെ ‌ഹൃദയ–ധമനീ വ്യ‌വസ്ഥയെ തകരാറിലാക്കുന്നുവെന്ന് അവർ നിരീക്ഷിച്ചു. പൊതുവേ ശാന്തരും സൗമ്യരും എളുപ്പം സന്തോഷം കണ്ടെത്തുന്നവരുമായവരെ ടൈപ്പ് ബി എന്നു വർഗീകരിച്ചു. പിന്നീട് ടൈപ്പ് സി, ടൈപ്പ് ഡി എന്നീ വർഗീകരണങ്ങളും ഉണ്ടായി.

എന്നാൽ, സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതുകൊണ്ടും വളരെ പൊതുവായ വർഗീകരണം ആയതിനാലും വ്യക്തിത്വടൈപ്പുകളെ അടിസ്ഥാനമാക്കിയുള്ള പഠന‌ങ്ങൾക്ക് ശാസ്ത്രീയത കുറവാണെന്ന അഭിപ്രായം വന്നു. അതുകൊണ്ട് ‌സ്വഭാവടൈപ്പുകളിലേക്കു പോകാതെ സ്വഭാവപ്രത്യേകതകളും അവയുമായി ബന്ധ‌പ്പെട്ട രോഗസൂചനകളും മനസ്സിലാക്കുന്നതാകും ഉചിതമെന്നാണ് പുതിയ കാഴ്ചപ്പാട്.

പെരുമാറ്റ രീതികളും രോഗവും

വ്യക്തിപ്രകൃതങ്ങളും രോഗസാധ്യതകളും സംബന്ധിച്ച ചില പഠനങ്ങളാണ് ചുവടെ.

∙ എടുത്തുചാട്ടക്കാർ അഥവാ ഇംപൽസീവ് വ്യക്തത്വമുള്ളവർക്ക് ആമാശയ അൾസർ വരാൻ സാധ്യത കൂടുതലെന്ന് ഫിന്നിഷ് പഠനം. മാനസിക സംഘർഷം അനുഭവിക്കുമ്പോള്‍ സാധാരണയിലുമധികം അമ്ലം ഇവരുടെ ആമാശയത്തിലുണ്ടാകുന്നതാണത്രെ കാരണം. ഭക്ഷണം കഴിക്കുന്നതിലും ഈ എടു‌ത്തു ചാട്ടം പ്രതിഫലിക്കുന്നതുമൂലം അമിതവണ്ണത്തിനുള്ള സാധ്യതയുമുണ്ട്.

∙ നോർത്തേൺ അരിസോണ യൂണിവേഴ്സിറ്റിയിലെ ഒരു പഠനം പറയുന്നത് ഉത്‌കണ്ഠാ പ്രകൃതക്കാരിൽ ഉയർന്ന ബിപിക്കും ഹൃദയ–ധമനീപ്രശ്നങ്ങള്‍ക്കും ഇടയുണ്ടെന്നാണ്.

∙ കടിച്ചു കീറാൻ വരുന്ന സ്വഭാവക്കാരിൽ രക്തധമനികൾ ചുരുങ്ങുന്നതു മൂലമുള്ള അതിറോസ്ക്ലീറോസിസിനുള്ള സാധ്യതയുണ്ടത്രെ. 2000–ത്തിലധികം പേരിൽ നടത്തിയ സ്കോട്ടിഷ് പഠനം പറയുന്നതാണിത്. ഇവരിൽ, ശരീരം മുഴുവൻ നീർവീക്കം വരാനുള്ള ‌സാധ്യത ‌കൂടുതലാണെന്ന് മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. ഇത് ‌ഹൃദ്രോഗം പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമായേക്കാം. ഈ സ്വഭാവക്കാരിൽ ‌പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട പ്രത്യേകതരം പ്രോട്ടീൻ ഉയർന്ന നിരക്കിൽ കാണാറുണ്ടെന്നും ഇതാണ് നീർവീക്കമുണ്ടാക്കുന്നതെന്നും പഠനം ‌പറയുന്നു.

ഇവരിൽ, അരിത്‌മിയ അഥവാ ക്രമാതീതമായ നെഞ്ചിടിപ്പ്, കാർഡിയാക് ഇസ്കീമിയ (ഹൃദയപേശികളിലേക്ക് രക്ത ഓട്ടം കുറയുന്ന അവസ്ഥ) എന്നിവയ്ക്കുള്ള ‌സാധ്യതയുമുണ്ട്. ഇവര്‍ ഇടയ്ക്കിടെ വിഷാദത്തിലടിമപ്പെടാം മുറിവുണങ്ങാനും സമയമെടുക്കും.

∙ അമിത നാണക്കാരിൽ വൈറസ് അണുബാധകൾക്കുള്ള സാധ്യത കൂ‌ടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവരിൽ ലിംഫ് നോഡുകൾ കുറ‌വാണെന്നതാണ് കാരണം. അണുക്കളെ എതിരിടാൻ സഹായിക്കുന്നവയാണല്ലോ ലിംഫ് നോഡുകൾ.

∙ വൈകാരിക പ്രശ്നങ്ങളെ ഉള്ളിലൊതുക്കുന്നത് ആരോഗ്യകരമായി സുരക്ഷിതമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇവരിൽ അർബുദ, ഹൃദ്രോഗസാധ്യത വളരെ ‌കൂടുതലാണത്രെ. പുറത്തേക്ക് പ്രകടമാകുന്നില്ലെങ്കിലും. ടെൻഷൻ അനുഭ‌വിക്കുന്ന സമയത്ത് ഇവരുടെ ഹൃദയമിടിപ്പ് കൂടുകയും രക്തക്കുഴലുകൾ വലിഞ്ഞു മുറ‌ുകുകയും രക്തസമ്മർദം കുതിച്ചുയരുകയും ഇതെല്ലാം ഹൃദയ–ധമനി ആരോ‌ഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യും. പ്രതിരോധ സംവിധാനത്തിന്റെ അമിത പ്ര‌തികരണം നീർവീക്കത്തിനിടയാക്കാം.

∙ എന്തിലും ഏതിലും നെഗറ്റീവ് കാണുന്ന നിരാശാമനോഭാവക്കാരിൽ ആരോ‌ഗ്യവും കൂടെ നിൽക്കില്ല. ഇവരിൽ പാർക്കിൻസൺസ് രോഗം പോലുള്ള നാഡീരോഗ ‌സാധ്യത കൂടുതലാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.

ആരോഗ്യത്തിനു ചേർന്ന പ്രകൃതം

∙ അർപ്പണബോധവും അടുക്കും ചിട്ടയുമുള്ളവരാണ് ഏറ്റവും മികച്ച ആരോഗ്യടൈപ്പ് വ്യക്തിത്വങ്ങളെന്നാണ് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി പഠനം പറയുന്നത് ഇവരുടെ സ്വഭാവത്തിലെ അടുക്കും ചിട്ടയും ജീവിതരീതിയിലും പ്രതിഫലിക്കും. അതിനാൽ, രക്തസമ്മർദവും കൊളസ്ട്രോളുമൊക്കെ ഇവരിൽ എപ്പോഴും ആരോഗ്യകരമായ അളവിൽ ആയിരിക്കും.

∙ എപ്പോഴും പ്രത്യാശ കൈവിടാത്തവരും അക്ഷോഭ്യരും ആയവരെ ആരോഗ‌്യവും കൈവിടില്ലെന്നാണ് കാർ‌ണഗിമെലൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ‌കണ്ടെത്തൽ ഇവർക്ക് പൊതുവേ ടെൻഷ കാണില്ല, സ്വാഭാവിക പ്ര‌തിരോധശേഷി മികച്ചതുമായിരിക്കും.

അഞ്ചു സ്വഭാവങ്ങൾ; ആരോഗ്യപ്രശ്നങ്ങൾ

അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം വ്യ‌ക്തിത്വവും രോഗസാധ്യതയും സംബന്ധിച്ച് കുറച്ചുകൂടി സൂക്ഷ്മമായ വിലയിരുത്തൽ നട‌‌ത്തിയിട്ടുണ്ട്. അവർ മുതിർന്ന പൗരന്മാരിൽ പക്ഷാഘാതം, ശ്വാസകോശരോഗങ്ങൾ, അമിത ബിപി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഭാവിയിൽ കൂടുതൽ ഉണ്ടാകുമെന്നു കണ്ടെത്തി. അഞ്ച് പ്രധാന സ്വഭാവസവിശേഷതകളെ തിരഞ്ഞെടുത്ത് അതിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം ‌നടത്തിയത്. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന ആ അഞ്ചെണ്ണം ഇവയാണ്. അനുഭവങ്ങളെ തുറന്ന മന‌സ്സോടെ സ്വീകരിക്കുക (ഓപ്പൺനെസ്സ്). മറ്റുള്ളവരുമായി യോജിക്കുന്ന സ്വഭാവം (എഗ്രീയബിൾ), ബഹിർമുഖത്വം (എക്സ്ട്രോവേർട്ട്), ഉത്തരവാദിത്വവും അർ‌പ്പണബോധവും (കോൺഷ്യൻറ്റിയസ്നെസ്), അമിത ഉത്കണ്ഠയും മൂഡ് മാറ്റവും (ന്യൂറോട്ടിസം). ആദ്യ നാലു ഘടകങ്ങൾ മുന്നിട്ടു നിൽക്കുന്നതും ന്യൂറോട്ടിസം കുറഞ്ഞതുമായ വ്യക്തിത്വമാണ് ആരോഗ്യകാരണമെന്നായിരുന്നു പഠനഫലം. ‌മറ്റു ‌നിരീക്ഷണങ്ങൾ ഇങ്ങനെ.

∙ അടുക്കും ചിട്ടയും ഉത്തരവാദിത്ത മനോഭാവവും ഉള്ള കഠിനാധ്വാനികളിൽ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 37 ശതമാനം കണ്ടുകുറയുന്നു. ∙ അനു‌ഭവങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള മനോഭാവത്തിൽ ഒറ്റ യൂണ‌ിറ്റ് വർധനവുണ്ടായാൽ പക്ഷാഘാത സാധ്യത 31 ശതമാനത്തോളം കുറയുന്നു. മറിച്ച് ‌ന്യൂറോട്ടിക് സ്വഭാവം ഒരു യൂണിറ്റ് കൂടുന്നതനുസരിച്ച് ഹൃദ്രോഗം, ‌ശ്വാസകോശരോഗങ്ങൾ, രക്തസമ്മർദം, വാതരോഗം ഇവ വർധിക്കാം. ഇത്തരക്കാരിലെ അതിയായ ഉത്കണ്ഠയും മൂഡ് മാറ്റവും അനുസരിച്ച് അടിക്കടി ഉൽപാദിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോണുകള്‍ ആണത്രെ രോഗങ്ങൾക്ക് കാരണം.

ഒരാളുടെ വ്യക്തിത്വം കൊണ്ടുമാത്രം രോഗം വരാമെന്നല്ല ഈ പറഞ്ഞതിന്റെ അർഥം, പെരുമാറ്റവും വ്യക്തിത്വവും പോലുള്ള മാനസികഘടകങ്ങൾ കൂടാതെ ജൈവികഘടകങ്ങൾ (ജനിതകസ്വാധീനം), സാമൂഹികഘടകങ്ങൾ (സംസ്കാരം, കുടുംബപാരമ്പര്യം, സാമ്പത്തികം) എന്നിവയും രോഗനിദാനമാകാറുണ്ട്.

വ്യക്തിത്വമെന്നത് പ്രധാനമായും ആദ്യകാല അനുഭവങ്ങളിൽ നിന്നും രൂപപ്പെടുന്നതാണ്. ഒരാളുടെ ആദ്യ അഞ്ചു വർഷങ്ങളിലെ (ജനനം മുതൽ അഞ്ചു വയസ്സുവരെ) അനുഭവങ്ങളാണ് അയാളുടെ വ്യക്തിത്വ വികാസത്തെ ഏറ്റവും ‌സ്വാധീനിക്കുന്നത്. ജീനുകളുമായി ബന്ധപ്പെട്ട് നേരത്തേ ‌തീരുമാനിക്കപ്പെടുന്ന ‌സ്വഭാവങ്ങളും ഉണ്ട്. ഉദാഹരണത്തിന് എംഎസ് ആർ എ പോലുള്ള ജീനുകൾ ഉള്ളവർ പ്രകൃത്യാ നിസ്സാരകാര്യങ്ങള്‍ക്ക് അസ്വസ്ഥപ്പെടുന്നവരായിരിക്കും.

തിരുത്താം ആരോഗ്യത്തിനായി

ഒരാളുടെ വ്യക്തിത്വം പൂർണമായും മാറ്റുക എന്നത് സാധാരണഗതിയിൽ സാധ‌്യമല്ല. എന്നാല്‍ വ്യക്തിത്വപരമായ ചില സവിശേഷതകൾ ചില രോഗങ്ങള്‍ക്കുള്ള സാധ്യത വർധിപ്പിക്കാമെന്നുള്ള തിരച്ചറിവ് രോഗപ്രതിരോധത്തിനും തുടക്കത്തിലേയുള്ള രോഗ‌നിർണയത്തിനും സഹായകമാകും. മാത്രമല്ല, അർബുദം പോലുള്ള രോഗ‌‌ങ്ങൾ വന്നശേഷമെങ്കിലും ആരോഗ്യപരമായ സ്വഭാവരീതികളിലേക്കു മാറുന്നത് ‌രോഗത്തെ അതിജീവിപ്പിക്കാൻ കരുത്തുപകരും, രോഗം വീണ്ടും വരാനുള്ള ‌സാധ്യതയും കുറയ്‍‌ക്കും.

രോഗസാധ്യത കുറയ്ക്കാനായുള്ള ബിഹേവിയറൽ മോഡിഫിക്കേഷൻ പദ്ധതികൾക്ക് വിദേശങ്ങളിലൊക്കെ ഇന്ന് ഏറെ പ്രചാരമുണ്ട്. ഓരോ രോഗവുമായും ബന്ധപ്പെട്ട പ്ര‌‌കൃതങ്ങളെ സ്വയം തിരിച്ചറിയാൻ രോഗിയെ സഹായിക്കുകയാണ് ഈ പദ്ധ‌തിയുടെ ആദ്യപടി. എങ്ങനെയാണ് ഈ പ്രകൃതം ആരോഗ്യത്തിന് ദോഷമാകുന്നതെന്നും; എന്തുകൊണ്ടാണ് ഇതു മാറ്റേണ്ടതെന്നും രോഗിക്കു ‌മനസ്സിലാക്കി കൊടുക്കുന്നു. ഈ അറിവ് അവരുടെ മനോഭാവത്തെ സ്വാ‌ധീനിക്കുകയും സ്വഭാവമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. ബിഹേവിയറിസ്റ്റ്, ഫിസിയോളജിസ്റ്റ് പോഷകവിദഗ്ധർ എന്നിവർ ചേർന്ന ഒരു ടീം വർക്കാണിത്.

രോഗിയുമായി സംസാരിച്ച്, അമിത ഉത്കണ്ഠയും വിഷാദവുമുണ്ടാക്കുന്ന സാഹച‌ര്യങ്ങൾ ഉണ്ടെങ്കിൽ അവ നേരിടാനുള്ള നിർദേശങ്ങളും റിലാക്സേഷൻ മാർഗങ്ങളും നൽകുന്നു. ഹൃദയധമനീ രോഗങ്ങൾ, അണുബാധകൾ എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയിൽ ബിഹേവിയറൽ മോഡിഫിക്കേഷൻ ഫലപ്രദമായി ഉപയോഗിക്കുന്നു.

രോഗം സുഖമമാക്കാൻ രോഗിയിലേക്കു തന്നെ തിരിയണമെന്ന മനഃശാസ്ത്രഗവേഷണ ഫലങ്ങൾ ആത്യന്തികമായി ചെന്നെത്തുന്നത് ‌വ്യക്ത്യാധിഷ്ഠിത ചികിത്സ എന്ന ഭാവിവാഗ്ദാനത്തിലേക്കാണ്. ഇത് രോഗചികിത്സയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നതിൽ സംശയമില്ല.

കാൻസർ തടയും വ്യക്തിത്വം

അർബുദസാധ്യതയുള്ളതും അർബുദത്തെ അതിജീവിക്കാൻ കഴിവുള്ളതും എന്ന‌ു രണ്ടുതരം വ്യക്തിത്വങ്ങളുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.

വികാരങ്ങൾ അടിച്ചമർത്തുന്നതു ദോഷം

∙ നല്ലതും ചീത്തയുമായ എല്ലാ വികാരങ്ങളെയും അടിച്ചമർത്തിവയ്ക്കുന്നത് അർബുദ കാരണമാകാം. ∙ മറ്റുള്ളവരോട് ദേഷ്യവും ശത്രുതയും കാണിക്കുന്നത്. ∙ മാനസികമായ പിരിമുറുക്കം ഉണ്ടാക്കുന്നുവെങ്കിലും അധികമായ കടമകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നത് എന്നിവയും ദോഷകരം തന്നെ. ∙ ജീവിതത്തിലെ മാറ്റങ്ങളോട് പൊ‌രുത്തപ്പെടാനാവാത്തതും നെഗറ്റീവ് അല്ലെങ്കിൽ നിരാശാമനോഭാവവും വിശാദവും അർബുദ കാരണമാകാം. ∙ മറ്റുള്ളവരെക്കുറിച്ച് അമിതമായും പതിവായും വ്യാകുലതയനുഭവിക്കുന്നവരിലും അർബുദസാധ്യതയുണ്ട്. ∙ ദേഷ്യം നിയന്ത്രിക്കുന്നവര്‍ ∙ എപ്പോൾ നോ പറയണമെന്ന് ഇവർക്കറിയാം. ∙ ഏതു സാഹചര്യത്തിലും സമനില കൈവിടില്ല. ∙ ടെൻഷനുമായി പൊരുത്തപ്പെടും. ∙ സാമൂഹികബന്ധങ്ങളെ കണ്ടെത്താനും നിലനിർത്താനും ഇവര്‍ക്കറിയാം. അമിതമായി വ്യാകുലപ്പെടുന്നത് ഇവരുടെ സ്വഭാവമല്ല– ഇത്തരം മനോഭാവങ്ങൾ അർബുദ‌ത്തെ ‌പ്രതിരോധിക്കുമെന്നു പഠനങ്ങൾ.

ഇതിനും അപവാദങ്ങളുണ്ടാകാം. നല്ലവരും പോസിറ്റീവ് എനര്‍ജിയുള്ളവരുമായവർക്കും കാൻസർ വരാം. എന്നാൽ അര്‍ബുദം ആണെന്നറിഞ്ഞ ശേഷം മേൽപറഞ്ഞ സവിശേഷതകൾ സ്വീകരിച്ചാൽ ‌സ്വാഭാവിക പ്രതിരോധ സംവിധാനം ഉത്തേജിക്കപ്പെട്ട് രോഗമുക്തി എളുപ്പമാകുമെന്നു പഠന‌‌ങ്ങള്‍ പറയുന്നു.

വിവരങ്ങൾക്കു കടപ്പാട്
ഡോ.ടൈറ്റസ് ശങ്കരമംഗലം
ഇരവിപേരൂർ, തിരുവല്ല

ഡോ.റോയ് എബ്രഹാം കള്ളിവയലിൽ
സൈക്യാട്രി വിഭാഗം മേധാവി, പുഷ്പഗിരി മെഡി.കോളജ്, തിരുവല്ല