Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരിപ്പ് കൂടിയാൽ മരണമോ?

prolonged-sitting

ദീർഘനേരം ഒരേ ഇരുപ്പ് ഇരുന്നാൽ മരണസാധ്യത കൂടുമത്രേ. ലോകത്ത് ഒരു വർഷം നാലുലക്ഷത്തിമുപ്പതിനായിരം പേർ മരിക്കുന്നതിനു കാരണം ദിവസം മൂന്നു മണിക്കൂറിലധികം ഒരേ ഇരുപ്പ് ഇരിക്കുന്നതുകൊണ്ടാണെന്നു പഠനം. വ്യായാമം ചെയ്യുകയോ ചെയ്യാതിരിക്കുകയോ എന്തുമാകട്ടെ, അധികസമയം ഇരിക്കുന്നതു മരണസാധ്യത വർധിപ്പിക്കുമെന്നാണ് കഴിഞ്ഞ ദശകങ്ങളിലെ വിവിധ പഠനങ്ങൾ പറയുന്നത്. 2002 മുതൽ 2011 വരെയുള്ള കാലയളവിൽ 54 രാജ്യങ്ങളിലെ ജനങ്ങളിലാണു പഠനം നടത്തിയത്.

ലോകത്താകമാനമുള്ള ആയുസ്സെത്താതെയുള്ള മരണങ്ങൾ കുറയ്ക്കണമെങ്കിൽ ചടഞ്ഞുകൂടിയിരിക്കുന്ന ശീലം കുറയ്ക്കേണ്ടത് പ്രധാനമാണെന്നു പഠനത്തിനു നേതൃത്വം നൽകിയ ബ്രസീലിലെ സാവോപോളോ സർവകാലാശാലയിലെ ലിയോണാർഡോ റെസെന്റെ പറയുന്നു.

ലോകത്ത് 60 ശതമാനം പേരും ദിവസം മൂന്നു മണിക്കൂറിലധികം ഒരേ ഇരുപ്പ് ഇരിക്കുന്നവരാണെന്നും മുതിർന്നവരിൽ ഇത് ശരാശരി 4.7 മണിക്കൂറാണെന്നും ഇതാകട്ടെ 3.8 ശതമാനം മരണത്തിനു കാരണമാകുന്നുവെന്നും പഠനം പറയുന്നു.

പഠനം നടത്തിയ പ്രവിശ്യകളിൽ പടിഞ്ഞാറൻ പസഫിക്കിലാണ് കൂടുതൽ മരണനിരക്കുള്ളത്. പുറകിൽ യൂറോപ്യൻ രാജ്യങ്ങൾ, കിഴക്കൻ മെഡിറ്ററേനിയൻ, അമേരിക്ക, തെക്കുകിഴക്കേഷ്യ ഇങ്ങനെ പോകുന്നു മരണനിരക്ക്.

കൂടുതൽ സമയം ഇരിക്കുന്നതുമൂലം കൂടുതൽ ആളുകൾ മരിക്കുന്നത് ലെബനനിലാണ്. 11.6 ശതമാനമാണ് ഇവിടെ മരണനിരക്ക്. ഏറ്റവും കുറവ് മെക്സിക്കോയിൽ, 0.6 ശതമാനം.

ഇരിക്കുന്ന സമയം രണ്ടു മണിക്കൂറായി കുറച്ചാൽ മരണനിരക്കിൽ 2.3 ശതമാനം കുറവു വരുമെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു. ഒരേ ഇരുപ്പിരിക്കുന്നത് ദിവസവും അര മണിക്കൂർ, അതായത് 10 ശതമാനം കുറച്ചാൽ എല്ലാ കാരണങ്ങൾ കൊണ്ടുമുള്ള മരണനിരക്ക് 0.6 ശതമാനം കുറയ്ക്കാൻ സാധിക്കും.

ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്ന ശീലം മാറ്റാനുള്ള മാർഗങ്ങൾ ആരായണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ലോകാരോഗ്യസംഘടന അടുത്തിടെ ഈ വിഷയം ഉയർത്തിക്കാട്ടിയിരുന്നു. ഉദാഹരണമായി ടോംഗയിലെ സ്ത്രീകൾക്കിടയിൽ ശാരീരികപ്രവർത്തനങ്ങൾ വർധിപ്പിക്കാനായി ഒരു സ്ട്രാറ്റജിക് ഹെൽത്ത് കമ്യൂണിക്കേഷൻ കാംപയിൻ വികസിപ്പിച്ചു. ഇറാനിൽ ഒരു ബൈസിക്കിൾ ഷെയറിങ് സിസ്റ്റം ആരംഭിച്ചു. കൂടാതെ ജർമനിയിൽ ഒരു സുസ്ഥിര ഗതാഗതസംവിധാനവും തുടങ്ങിയതായി റെസെന്റെ പറയുന്നു.

അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: