Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഗിങ്ങിന് ഇവരെ പ്രേരിപ്പിക്കുന്നതെന്ത്?

ragging

റാഗിങ്– എല്ലായ്പ്പോഴും വിദ്യാർഥികളുടെ ഒരു പേടിസ്വപ്നമാണ്. സ്കൂളുകളിൽ പൊതുവേ റാഗിങ് നടക്കാറില്ലെങ്കിലും കോളജ് ജീവിത്തിലേക്കു കയറുന്ന ഓരോ കുട്ടിയുടെയും മനസ്സിൽ റാഗിങ് ഇടിത്തീ പോലെയാണ് പ്രതിധ്വനിക്കുന്നത്. എപ്പോഴാകും ഞാനിതിന് ഇരയാകേണ്ടി വരുന്നതെന്ന ചിന്ത ഓരോരുത്തരുടെയും മനസ്സിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. എത്ര ഇല്ലെന്നു പറഞ്ഞാലും ഒളിഞ്ഞും തെളിഞ്ഞും റാഗിങ്ങിന്റെ പേരിൽ ക്രൂരപീഡനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ നാട്ടകം പോളിടെക്നിക്കിലെ വിദ്യാര്‍ഥിയായ അവിനാശിന്റെ വൃക്കയെ തകരാറിലാക്കിയതും ഈ റാഗിങ് നാടകം തന്നെ. രാത്രി ഹോസ്റ്റലിലെത്തിയ ഒമ്പതോളം വിദ്യാർഥികൾ അവിനാശ് അടക്കമുള്ളവരെ നഗ്നരാക്കി ആറു മണിക്കൂറോളം വ്യായാമമുറകൾ ചെയ്യിക്കുകയും വിഷം കലർന്ന മദ്യം വായിലൊഴിക്കുകയുമായിരുന്നു.

എന്താണ് യാഥർഥത്തിൽ റാഗിങിനു പിന്നിൽ നടക്കുന്നത്? ഇതിലെ മനഃശാസ്ത്രം എന്ത്? കാലാകാലങ്ങളായി മനഃശാസ്ത്രജ്ഞരും അധ്യാപകരുമെല്ലാം രക്ഷകർത്താക്കളെ കുറ്റപെടുത്തികൊണ്ടിരിക്കുന്നു. വളർത്തു ദോഷം കൊണ്ടാണ് കുട്ടികൾ മോശക്കാരാകുതെന്നും റാഗിങ്ങ് നടത്തുന്നതെന്നും മെച്ചപ്പെട്ട പാരന്റിങ് രീതികൊണ്ട് കുട്ടികളുടെ സാമൂഹിക വിരുദ്ധ സ്വഭാവങ്ങൾ മാറ്റനാകും എന്നും അവർ പറയുന്നു. എന്നാൽ എത്രമാത്രം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നാൽത്തന്നെയും ചിലർ റാഗിങ്ങ് നടത്തുകയും വയലൻസിന് മുതിരുകയും ചെയ്യും. നിർഭയരായ ഇവർ മറ്റുള്ളവരുടെ വികാരങ്ങൾ ഉൾക്കൊള്ളാനാകാതെ പെരുമാറും. ഇത്തരത്തിലുള്ള പെരുമാറ്റ സവിശേഷതകൾ കൂടിയ അളവിൽ ഉള്ളവർ വളർന്നു വലുതായാൽ ക്രിമിനലുകളായി മാറാം.

മറ്റുള്ളവരെ പീഡിപ്പിക്കാനും പരിഹസിക്കാനും വെമ്പി നടക്കുന്ന ചിലരുണ്ട്. അവസരം കിട്ടിയാൽ അവർ അത് മുതലെടുക്കും. ജാഥയോ ഹർത്താലോ ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് കാരണങ്ങളൊന്നും കൂടാതെ തന്നെ പൊതുമുതൽ നശിപ്പിക്കുക ,അക്രമം നടത്തുക എന്നീ സാമൂഹിക വിരുദ്ധ പ്രവർത്തികളിൽ അവർ ഏർപ്പെടും.

റാഗിങിനും ആക്രമണ പ്രവർത്തനത്തിനും മുതിരുന്നവരിൽ ചില പ്രകടമായ സ്വഭാവ സവിശേഷതകൾ കാണാവുന്നതാണ്.

1. സഹപാഠികളെ പരിഹസിക്കുന്നതിൽ ആനന്ദം കണ്ടെത്തുക.
2. ശാരീരികമായി ഉപദ്രവിക്കുക.
3. കളവ് പറയുക, മോഷ്ടിക്കുക, ഒളിച്ചോടിപ്പോവുക
4. മാതാപിതാക്കളുമായി മിക്കപ്പോഴും വഴക്കിടുക.
5. ചെയ്‌തത്‌ കണ്ടു പിടിച്ചാൽ തന്നെയും അതിൽ യാതൊരു കുറ്റബോധവും ഇല്ലാതിരിക്കുക.
6. അമിതമായ ധൈര്യം
7. പലപ്പോഴും നിർദ്ദയമായി പെരുമാറുക.

ക്രൂരമായ റാഗിങ്ങ് നടത്തുന്നവരെ സൃഷ്ടിക്കുന്നത് മോശമായ പാരന്റിങ് രീതികളോ ശിഥിലമായ കുടുംബ ബന്ധങ്ങളോ മാത്രമല്ല., മറിച്ചു അവരുടെ മസ്തിഷ്ക്ക വ്യവസ്ഥയിലെ പ്രത്യേകതകളാണെന്ന് ന്യൂറോ സൈക്കോളജിയിലെ ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നു.

ക്രൂരമായ റാഗിങ്ങും പീഡനങ്ങളും നടത്തുന്നവരുടെ മസ്തിഷ്ക്കത്തിലെ അമിഗ്ദല സാധാരണ വ്യക്തികളിൽ നിന്ന് നേരിയ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവരുടെ pre frontal cortex ന്റെ ചില ഭാഗങ്ങൾ അത്ര പ്രവർത്തനക്ഷമമല്ല. അതിനാൽ മറ്റുള്ളവരുടെ വൈകാരികത ഉൾക്കൊണ്ട് അനുതാപം പ്രകടിപ്പിക്കാനുള്ള മസ്‌തിഷ്‌ക്കശേഷി ഇവരിൽ ജന്മനാ ഇല്ല. ഇത്തരക്കാരെ ഉപദേശിച്ചതുകൊണ്ട് കാര്യമില്ല. കണ്ണില്ലാത്ത ഒരാളോട് കാഴ്ച ലഭിക്കും എന്ന് പറയുന്നപോലെയാണിത് pre frontal cortex, അമിഗ്ദല എന്നീ മസ്‌തിഷ്‌ക്ക ഭാഗങ്ങളാണ് തോന്നലുകളേയും അനുഭവങ്ങളെയും വികാരങ്ങളെയും മനസിലാക്കാൻ സഹായിക്കുന്നത്.

orbito frontal cortex എന്ന ഭാഗമാണ് അക്രമങ്ങൾ നടത്താനുളള നിർദ്ദേശങ്ങൾ അമിഗ്ദലക്ക് അയക്കുന്നത്. orbito frontal cortex ന് സംഭവിക്കുന്ന മാറ്റങ്ങൾ മറ്റുള്ളവരെ പീഡിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. pre frontal cortex ആണ് സംവേദന ഇന്ദ്രിയങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മനസിലാക്കി തീരുമാനങ്ങൾ എടുക്കുന്നത്. മനുഷ്യർക്ക് സാമൂഹികമായി പെരുമാറാൻ കഴിയുന്നത് pre frontal cortex ന്റെ ഉചിതമായ ഇടപെടൽ മൂലമാണ്. എന്നാൽ റാഗിങ്ങ് പോലുള്ള പ്രവർത്തികളിൽ മുഴുകുന്നവരുടെ pre frontal cortex ന്റെ പ്രവർത്തനം മെച്ചപ്പെട്ടതല്ല. അതുകൊണ്ട് അവർക്ക് അമിഗ്ദലയിൽ നിന്നും ഹൈപോതലാമസിൽ നിന്നും വരുന്ന നിർദേശങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.

സമൂഹത്തിൽ നിന്നും നാം പലതരത്തിൽ പഠിച്ചെടുക്കുന്ന ആശയങ്ങൾ മൂല്യങ്ങൾ പെരുമാറ്റങ്ങൾ എല്ലാം നമ്മുടെ വിശ്വാസത്തിന്റെയും പെരുമാറ്റത്തിന്റെയും ഭാഗമായി മാറുന്നു. സാമൂഹികവും കുടുംബപരവുമായ സാഹചര്യങ്ങളിൽ നിന്ന് അക്രമ വാസന ഒരുതരം കണ്ടിഷനിങ് പോലെ രൂപപ്പെട്ടവർക്കും ബയോളോജിക്കൽ ആയി അക്രമ വാസന കുറഞ്ഞവർക്കും എല്ലാം വിവിധ തരം സൈക്കോളജിക്കൽ രീതികൾ, ബോധവൽക്കരണം എന്നിവ സഹായിക്കും. ബയോളജിക്കൽ ആയി അക്രമ വാസനയുള്ളവരെ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. സൈക്കോപാത്തുകൾ ആയ ഇവരെ കർശനമായ നിയമ സാമൂഹിക സംവിധാനത്തിലൂടെയും ചികിത്സയിലൂടെയുമേ സാമൂഹിക ജീവിതത്തിന് അനുകൂലമാക്കിയെടുക്കാൻ കഴിയുകയുള്ളു.

പ്രത്യേക സാഹചര്യത്തിൽ റാഗിങ്ങിന് വിധേയരായ ചിലരിൽ കഠിനമായ അപമാനബോധം ഉണ്ടാകുന്നു. പൊതുവേ ധൈര്യശാലികളായ ഇത്തരക്കാരാണ് പ്രതികാരത്തിന് മുതിരുന്നത്.

റാഗിങ്ങിന് വിധേയരായ ചില ദുർബല ചിത്തർക്ക് പിന്നീട് വിഷാദവും post-traumatic stress disorder ഉണ്ടാകാറുണ്ട്. മുൻപ് സംഭവിച്ചതുപോലെയുള്ള അനുഭവങ്ങൾ പിന്നീട് ഉണ്ടാവുക, ദുഃസ്വപ്നങ്ങൾ കാണുക, കോപം, വിഷാദാവസ്ഥ, എല്ലാത്തിൽ നിന്നുമുള്ള പിൻവലിയൽ, ഭയം, മരവിപ്പ്, ഉറക്കമില്ലായ്മ എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇത്തരക്കാരെ ക്ലിനിക്കൽ റിഹാബിലിറ്റേഷൻ സൈക്കോതെറാപ്പിയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയും.

റാഗിങ് നിരോധന നിയമം നിലവിൽ ഉണ്ടെങ്കിൽ തന്നെയും നിയമം നടപ്പിലാക്കുന്നതിൽ വരുന്ന അപാകതകളാണ് ബയോളജിക്കലായി അക്രമവാസന കൂടുതൽ ഉള്ളവർ മുതലെടുക്കുന്നത്. അതിനാൽ ബോധവൽക്കരണത്തോടൊപ്പം ശക്തമായ നിയമ സംവിധാനം നടപ്പിലാക്കിയാൽ റാഗിങ്ങ് നിയന്ത്രണ വിധമാക്കാൻ കഴിയും.

പ്രസാദ് അമോർ
ലൈസൻസ്ഡ് സൈക്കോളജിസ്റ്
സോഫ്റ്റ് മൈൻഡ്
ലക്ഷ്മി ഹോസ്പിറ്റൽ
അരൂർ.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.