Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാസിനു മുന്നിൽ മമ്മൂട്ടിയെത്തിയതു നടനായല്ല...

riyas രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ വാഴപ്പിള്ളി, കാർഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.ശിവ്.കെ.നായർ എന്നിവർക്കൊപ്പം റിയാസ്

റിയാസിനു മുന്നിൽ മമ്മൂട്ടിയെത്തിയതു നടനായല്ല, ഹൃദയ വിശാലതയുള്ള മനുഷ്യനായാണ്. ആ സഹായത്തിൽ റിയാസ് നടന്നതു പുതു ജീവിതത്തിലേക്കും. ഹൃദയ ധമനികളിൽ 85 ശതമാനത്തോളം ബ്ലോക്കുകൾ വന്ന അപൂർവ രോഗവുമായി മല്ലടിച്ച ആലുവ കൊടികുത്തുമല സ്വദേശി റിയാസി (35) നാണു മമ്മൂട്ടി തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ വഴി സഹായമെത്തിച്ചത്.

ഹൃദയ ധമനികളിൽ 85 ശതമാനത്തോളം ബ്ലോക്കുകൾ എന്ന അവസ്ഥ തിരിച്ചറിഞ്ഞപ്പോൾ മുതൽ റിയാസിനായി ഒരു നാട് മുഴുവൻ ഉണർന്നു പ്രവർത്തിച്ചെങ്കിലും ഭീമമായ ചികിത്സാചെലവിന്റെ വളരെ ചെറിയ അളവു പോലും കണ്ടെത്താനായിരുന്നില്ല. റിയാസിന്റെ കഥയറിഞ്ഞ അൻവർ സാദത്ത് എംഎൽഎയാണു പ്രശ്‌നം മമ്മുട്ടിയുടെ അടുത്ത് എത്തിച്ചത്. കയറിക്കിടക്കാൻ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്ത റിയാസിന്റെയും കുടുംബത്തിന്റെയും നിസഹായ അവസ്ഥ മനസിലാക്കിയ മമ്മൂട്ടി സഹായത്തിനെത്തുകയായിരുന്നു. റിയാസിനെ ചികിൽസയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് ഉടൻ മാറ്റി. വിദേശത്തായിരുന്നിട്ടുകൂടി രോഗിയുടെ ചികിത്സാപുരോഗതി അദ്ദേഹം നേരിട്ട് വിലയിരുത്തുന്നുണ്ടായിരുന്നു.

42 വയസുള്ളപ്പോൾ റിയാസിന്റെ ജ്യേഷ്‌ഠനും സമാനമായ രോഗം മൂലം മരണപ്പെട്ടിരുന്നു. കടുത്ത നെഞ്ചുവേദന തുടർന്നു കൊണ്ടിരുന്ന റിയാസിനു അടിയന്തിരമായി ഹൃദയ ശസ്‌ത്രക്രിയ അത്യാവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്നു റിയാസിനു സൗജന്യ ചികിത്സയൊരുക്കാനുള്ള തീരുമാനത്തിലെത്തിച്ചേർന്നു. രാജഗിരി ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. ശിവ് കെ. നായറിന്റെ നേതൃത്വത്തിൽ കാർഡിയാക് സർജന്മാരായ ഡോ. ജോർജ് വാളൂരാൻ, ഡോ. റിനറ്റ് സെബാസ്‌റ്റ്യൻ, കാർഡിയാക് അനസ്‌തീസിയ ഡോക്ടർമാരായ ഡോ. ജിയോ പോൾ, ഡോ. റോഷിത് ചന്ദ്രൻ എന്നിവരാണു ശസ്ത്രക്രിയ നടത്തിയത്. ചികിത്സ പൂർത്തിയാക്കിയ റിയാസ് ഉടൻ തന്നെ ആശുപത്രി വിടും.

മധ്യകേരളത്തിൽ നിർധനരായ ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നുവെന്നതു ദുഖകരമായ അവസ്ഥയാണെന്നു രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു മമ്മുട്ടിയുമായി ചേർന്നു ഹൃദ്രോഗികളെ സഹായിക്കുന്നതിനുള്ള ചികിത്സാപദ്ധതി രൂപപ്പെടുത്തി വരികയാണ്. കെയർ ആൻഡ് ഷെയറിന്റെ മേൽനോട്ടത്തിൽ വരുന്ന ഈ പദ്ധതി ഉടൻ നാടിനു സമർപ്പിക്കുമെന്നും ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.