Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്രൈറ്റിസിനെ ഓടി തോൽപ്പിക്കാം

arthritis

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നതു മൂലമുണ്ടാകുന്ന ഈ രോഗം ഉണ്ടാക്കുന്ന വേദന ചില്ലറയല്ല. രോഗം വരാതിരിക്കാന്‍ വല്ല മാർഗവും ഉണ്ടോ? നിങ്ങൾ ചെറുപ്പമാണെങ്കില്‍ ദിവസവും ഓടിയാല്‍ മതിയത്രേ.

ഓടിയാല്‍ മുട്ടുവേദന വരാതിരിക്കുമെന്നും മുട്ടിന്റെ സന്ധികളിലെ വീക്കം കുറയുമെന്നും യൂറോപ്യൻ ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

18 നും 35 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള യുവതികളിലാണ് പഠനം നടത്തിയത്. ഓടുന്നതിനു മുൻപും ശേഷവും അവരുടെ കാൽമുട്ടിലെ സന്ധികളിലെ ഫ്ലൂയിഡിൽ ഉള്ള ഇന്‍ഫ്ലമേഷൻ സൂചകങ്ങൾ അളന്നു.

അരമണിക്കൂർ ഓടിയതിനു ശേഷം ഇവരിൽ ഈ ഫ്ലൂയിഡിന്റെ ഗാഢത കുറഞ്ഞതായി കണ്ടു. ജി എം–സി എസ് എഫ്, ഐഎൽ–15 എന്നീ പേരുകളിലുള്ള രണ്ട് സൈറ്റോകൈനുകളാണ് സിനോവിയൽ ഫ്ലൂയിഡിലുള്ളത്. ഇവയുടെ അളവ് ഓട്ടത്തിനു ശേഷം കുറഞ്ഞതായി കണ്ടു. ഓടാത്ത അവസ്ഥയില്‍ ഈ ഇൻഫ്ലമേഷൻ സൂചകങ്ങളുടെ അളവിന് മാറ്റമൊന്നും കണ്ടില്ല.

വ്യായാമം ചെയ്യുന്നതുമൂലം ദീർഘകാലം സന്ധികളുടെ ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്ന് പഠനത്തിനു നേതൃത്വം നല്കിയ റോബർട്ട് ഹിൽഡാൽ പറയുന്നു.

ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള സന്ധികളെ ബന്ധിക്കുന്ന രോഗങ്ങൾ വരാതെ കാക്കാനോ വൈകിപ്പിക്കാനോ ഓട്ടം പോലുള്ള വ്യായാമങ്ങൾ സഹായിക്കുമെന്നും വ്യായാമം ഒരുതരം ഔഷധം തന്നെയാണെന്നും ഈ പഠനം പറയുന്നു. 

Your Rating: