Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷയാണോ? ഒന്ന് ഓടിയിട്ടു വരൂ...

exam-study

പഠിച്ചതെല്ലാം മറന്നുപോകുന്നയാളാണോ നിങ്ങൾ? എങ്കിൽ ഒന്ന് ഓടിയിട്ടു വരൂ... ഓട്ടം ഓർമശക്തി മെച്ചപ്പെടുത്തുമത്രേ. പരീക്ഷയ്ക്ക് മനപ്പാഠം പഠിച്ച ശേഷം ചെയ്യുന്ന പ്രവൃത്തികൾക്ക് വിവരങ്ങൾ ഓർമിച്ചു വയ്ക്കാനുള്ള കഴിവുമായി ബന്ധമുണ്ടെന്നു പഠനം.

പഠിച്ചതെല്ലാം ഓർമിച്ചു വയ്ക്കണം എന്ന് ആഗ്രഹിക്കുന്നെങ്കിൽ കംപ്യൂട്ടർ ഗെയിം പോലുള്ള കളികളിൽ മുഴുകാതെ ഓട്ടം പോലുള്ള ചെറിയ വ്യായാമത്തിൽ ഏർപ്പെടണമെന്ന് ഓസ്ട്രിയയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിലെ ഗവേഷകർ പറയുന്നു. വ്യായാമവും പഠിച്ച കാര്യങ്ങൾ ഓർത്തു വയ്ക്കാനുള്ള കഴിവും തമ്മിലുള്ള ബന്ധം അറിയുകയായിരുന്നു പഠനലക്ഷ്യം.

16 മുതൽ 29 വയസ്സുവരെ പ്രായമുള്ള 60 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഒരു നഗരത്തിന്റെ മാപ്പ് നോക്കി വഴി പഠിക്കുക, ജർമൻ, ടർക്കിഷ് വാക്കുകൾ ഓർമിച്ചു വയ്ക്കുക തുടങ്ങി കുറെയേറെ വിവരങ്ങൾ ഓർമിച്ചു വയ്ക്കാൻ ഇവരോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ ഗ്രൂപ്പിന് വയലന്റ് ആയ ഒരു കംപ്യൂട്ടർ ഗെയിം കളിക്കാൻ നൽകി. ഒരു ഗ്രൂപ്പിനോട് ഒന്ന് ഓടിയിട്ടുവരാൻ ആവശ്യപ്പെട്ടു. മൂന്നാം ഗ്രൂപ്പിനോട് പുറത്തു കുറച്ചു സമയം ചെലവഴിക്കാനും ആവശ്യപ്പെട്ടു.

ഗവേഷകർ നൽകിയ വിവരം എത്ര നന്നായി ഓരോരുത്തർക്കും ഓർമിക്കാൻ സാധിച്ചു എന്നു താരതമ്യപ്പെടുത്തി. ഓട്ടക്കാരാണ് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചത്. ഓടുന്നതിനു മുമ്പുള്ളതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഓടിയ ശേഷം ഓർത്തടുക്കാൻ അവർക്ക് സാധിച്ചു. മൂന്നാം ഗ്രൂപ്പിൽപ്പെട്ടവർ ഇവരെക്കാൾ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ കംപ്യൂട്ടർ ഗെയിം കളിച്ചവർക്ക് ഒന്നും ഓർമിക്കാൻ കഴിഞ്ഞില്ല.

കോർട്ടിസോൾ എന്ന സ്ട്രെസ്സ് ഹോർമോണിന് ഓർമശക്തിയുമായി ബന്ധമുണ്ട്. ചില സാഹചര്യങ്ങളിൽ വസ്തുതകൾ ഓർമിക്കാൻ അതു നമ്മളെ സഹായിക്കുമ്പോൾ ചിലയിടത്ത് അതു നമ്മുടെ ഓർമശക്തി കുറയ്ക്കുന്നു. ഫിസിക്കൽ സ്ട്രെസ്, സൈ‌ക്കോളജിക്കൽ സ്ട്രെസ് എന്നിങ്ങനെ രണ്ടുതരം സ്ട്രെസ് ഉണ്ട്. ഓടുമ്പോൾ ഓർമശക്തി കൂടുന്നതിനു കാരണം ഫിസിക്കൽ സ്ട്രെസ് ഉണ്ടാകുമ്പോൾ കോർട്ടിസോളിന്റെ ഉൽപാദനം കൂടുന്നു എന്നതാണ്.

മറ്റൊരു കണ്ടെത്തൽ, ഓട്ടം പോലുള്ള ഫിസിക്കൽ സ്ട്രെസ് തലച്ചോറിനെ ഓർമശക്തി സൂക്ഷിച്ചു വയ്ക്കുന്ന (memory storage mode) അവസ്ഥയിൽ‌ എത്തിക്കുന്നുവെന്നാണ്. അങ്ങനെ വിദ്യാര്‍ഥികൾക്ക് ആവശ്യമുള്ള വിവരങ്ങൾ ഓർമിച്ചെടുക്കാൻ സാധിക്കുന്നു.

എന്നാൽ വിഡിയോ ഗെയിം കളിക്കുമ്പോൾ ഫിസിക്കൽ സ്ട്രെസും സൈ‌ക്കോളജിക്കൽ സ്‌ട്രെസും ഒരുമിച്ച് ഉ‌ണ്ടാവുകയും പഠി‌ച്ച വിവരങ്ങൾ പോലും തലച്ചോറ് തിരസ്കരിക്കുകയും ഒന്നും ഓർത്തെടുക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു.

പഠിച്ച കാര്യങ്ങൾ ഓർമിച്ചെടുക്കാൻ വീഡിയോ ഗെയിമുകൾ ഒട്ടും സഹായിക്കില്ലെന്നും അതിനു പകരം ചെറിയ രീതിയിലുള്ള വ്യായാമം ചെയ്യുന്നത്് ഓർമശക്തിക്കു ഗുണകരമാണെന്നും ഈ പഠനഫലം സൂചിപ്പിക്കുന്നു.

കോഗ്‌നിറ്റീവ് സിസ്റ്റംസ് റിസർച്ചിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: