Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദഹനപ്രശ്നങ്ങൾക്കു വിട

no-to-acidity

ദഹനപ്രശ്നങ്ങൾ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇഷ്ടപ്പെട്ട് ഒരു ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്കു വരെ ഇതു പലപ്പോഴും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നതാണ് ചിലരിൽ ഗ്യാസ് കെട്ടലിന് കാരണമാകുന്നതെങ്കിൽ മറ്റു ചിലർക്കാകട്ടെ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോഴും. ഇതിനെല്ലാം നമ്മൾ പറയും അസിഡിറ്റി ആണെന്ന്. ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും നോക്കാം

1. എന്താണ് ജി ഇ ആർ ഡി? ഇതാണോ പുളിച്ചുതികട്ടൽ രോഗം? കാരണങ്ങളെന്തെല്ലാം?

ഗ്യാസ്ട്രോഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്(ജി ഇ ആർ ഡി) അന്നനാളത്തിലെ സ്ഫിങ്റ്റർ പേശികൾ ദുർബലമാകുന്നതിനെത്തുടർന്നാണുണ്ടാകുന്നത്. ഇതിനെ പുളിച്ചു തികട്ടൽ രോഗമെന്നും പറയാം. ഉദരത്തിലെ സ്ഫിങ്റ്റർ പേശി ദുർബലമാകാനുള്ള കാരണങ്ങളാണ് ഹയാറ്റസ് ഹെർണിയ , അമിതവണ്ണം, പുകവലി, മദ്യപാനം. മസാല ചേർന്ന ആഹാരങ്ങൾ എന്നിവ.

ഉള്ളി, തക്കാളി, ഉയർന്ന കാലറിയുള്ള ആഹാരം ഇവ സ്ഫിങ്റ്ററിനെ ദുർബലമാക്കും. ഹയാറ്റസ് ഹെർണിയയ്ക്കുള്ളിലും ആസിഡുണ്ട്. ഈ ആസിഡ് മുകളിലേക്കു വന്ന് സ്ഫിങ്റ്ററിനെ ദുർബലമാക്കും. പുകവലിയും മദ്യപാനവും ആമാശയത്തിലെ ആസിഡ് വർധിപ്പിക്കുന്നു. അതുപോലെ സ്ഫിങ്റ്ററിനെ ദുർബലമാക്കുകയും ചെയ്യും. നെഞ്ചെരിച്ചിൽ , പുളിച്ചുതികട്ടൽ, ഓക്കാനം, എക്കിട്ടം, അണ്ണാക്കിൽ നിന്ന് ഉമിനീർ വരുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. പ്രധാനലക്ഷണമായ നെഞ്ചെരിച്ചിൽ ജനിതകപരമായും കാണുന്നുണ്ടത്രേ.

2. അസിഡിറ്റിയും ഡിസ്പെപ്സിയയും തമ്മിലുള്ള വ്യത്യാസം? ലക്ഷണങ്ങൾ?

അസിഡിറ്റിയെ ഒരു രോഗമായി പറയാനാകില്ല. ഡിസ്പെപ്സിയ എന്ന വലിയൊരു വിഭാഗത്തിനു കീഴിലാണ് അസ്ഡിറ്റിയുടെ ലക്ഷണങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊക്കിളിനും മുകളിലായി വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതാണ് ഡിസ്പെപ്സിയ. അസിഡിറ്റി കൂടുമ്പോഴാണ് പുളിച്ചുതികട്ടൽ. നെഞ്ചെരിച്ചിൽ എന്നീ ലക്ഷണങ്ങൾ വരുന്നത്. വയറുവേദന, രക്തസ്രാവം, ചോരഛർദിക്കൽ , വയറുവീർക്കൽ , വയറുസ്തംഭനം, അൽപം കഴിച്ചാൽ വയറുനിറയൽ എന്നിവയാണ് ഡിസ്പെപ്സിയയുടെ ലക്ഷണങ്ങൾ .

3. ജി ഇ ആർ ഡി രോഗികൾ ശ്രദ്ധിക്കേണ്ട അപകട സൂചനകൾ? ചെയ്യേണ്ട പരിശോധനകളും ചികിത്സകളും?

പുളിച്ചുതികട്ടൽ പ്രശ്നമുള്ള ആളിന് ആഹാരമിറക്കാൻ തടസ്സം, ശരീരഭാരം കുറയുക, ചോര ഛർദിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ എൻഡോസ്കോപ്പി ചെയ്യണം. ഇത്തരം അപകടസൂചനകളില്ലെങ്കിൽ പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റർ മരുന്നുകൾ നൽകിയാണു ചികിത്സ. ഇതു കഴിച്ചിട്ടും മാറ്റമില്ലങ്കിൽ എൻഡോസ്കോപ്പി പരിശോധന ചെയ്യണം. സ്ഫിങ്റ്റിന്റെ മർദമളക്കുന്ന മാനോമെട്രി, സ്ഫിങ്റ്റിൽ റിഫ്ളക്സിലൂടെയെത്തുന്ന ആസിഡിന്റെയും ആൽക്കലിയുടെയും പി. എച്ച് പരിശോധന, ഇവ കൂടാതെ ആവശ്യമെങ്കിൽ ബയോപ്സിയും ചെയ്യുന്നു.

4. പുളിച്ചുതികട്ടൽ പ്രശ്നമുള്ളരോഗികൾ എന്തെല്ലാം മുൻകരുതലുകളെടുക്കണം ? പ്രത്യേകിച്ച് ആഹാരകാര്യത്തിൽ?

എരിവ്, പുളി, മസാല ഇവ ചേർന്ന ആഹാരം ഒഴിവാക്കണം. ഇവ ആമാശയത്തിൽ ഉത്തേജകങ്ങളായി പ്രവർത്തിച്ച് ആസിഡ് വർധിപ്പിക്കുന്നു. കാലറി കുറഞ്ഞ ആഹാരം കഴിക്കുക. വറുത്തതും കൊഴുപ്പു കൂടിയതുമായ ജങ്ക്ഫുഡുകളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. ഉള്ളി, പെപ്പർമിന്റ്, തക്കാളി ,കാപ്പി. ഓറഞ്ച്ജ്യൂസ് ഇവ ഒഴിവാക്കണം. അമിത അളവിൽ ആഹാരം കഴിക്കരുത് കഴിച്ചാൽ ആമാശയം വല്ലാതെ വീർക്കുകയും സ്ഫിങ്റ്ററിന്റെ അടവ് കൃത്യമല്ലാതാക്കുകയും ചെയ്യുന്നു. പുളിച്ചു തികട്ടൽ പ്രശ്നമുള്ള രോഗികൾ രാത്രി കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് ആഹാരം കഴിക്കണം. ആഹാരം കഴിഞ്ഞ് കടുത്ത വ്യായാമങ്ങൾ ഒഴിവാക്കണം. ഇത് ആസിഡ് തികട്ടിവരാനിടയാക്കും. ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അടിവയറിലെ സമ്മർദം വർധിപ്പിച്ച് ആസിഡ് തികട്ടാൻ കാരണമാകും. സാരി, അടിപ്പാവാട, അടിവസ്ത്രങ്ങൾ എന്നിവയ്ക്ക് ആവശ്യത്തിന് ഇറുക്കം മതി. പുകവലിയും മദ്യപാനവും നിർത്തണം. ബീറ്റാബ്ലോക്കറുകൾ, കാൽസ്യം ചാനൽ ബ്ലോക്കറുകൾ, ആസ്മയ്ക്കു നൽകുന്ന തിയോഫിലിൻ എന്നീ മരുന്നുകളും ആസിഡ് വർധിപ്പിക്കാം. കിടക്കുമ്പോൾ കട്ടിലിന്റെ തലഭാഗത്തെ കാലുകൾ ഇഷ്ടികയോ, തടിക്കഷണമോ വച്ച് ഉയർത്തി വയ്ക്കണം. ഇടതുവശം ചെരിഞ്ഞുകിടന്നാൽ മതി. ഇങ്ങനെ കിടന്നാൽ സ്ഫിങ്റ്ററിന്റെ അടവ് ശരിയാകുകയും ആസിഡ് അധികമായി തികട്ടിവരാതിരിക്കുകയും ചെയ്യും. അമിതവണ്ണം കുറയ്ക്കുകയും വേണം.

5. അസിഡിറ്റി പ്രശ്നങ്ങൾക്കു പാൽ മികച്ച ഔഷധമാണെന്നു പറയുന്നു ഇതു ശരിയാണോ?

അസിഡിറ്റി പ്രശ്നങ്ങൾക്ക് പാൽ മികച്ച ഔഷധമാണെന്ന ധാരണ ശരിയല്ല. പാലിൽ നിന്നു ലഭിക്കുന്ന കാൽസ്യം ഗ്യാസ്ട്രിൻ എന്ന ഹോർമോണിനെ വർധിപ്പിക്കുന്നു. ഗ്യാസ്ട്രിൻ എന്ന ഹൈഡ്രോക്ലോറിക് ആസിഡിനെ വർധിപ്പിക്കുന്നു. എന്നാൽ പാലിലുള്ള മറ്റൊരു ഘടകമായ പ്രൊട്ടീൻ ഹൈഡ്രോക്ലോറിക് ആസിഡിനെ നിർവീര്യമാക്കുന്നുമുണ്ട്. എങ്കിലും പാൽ കുടിക്കുന്നതു നല്ലൊരു പരിഹാര മാർഗമാണെന്നു പറയാനാകില്ല.

6. എന്താണ് ഗ്യാസ്ട്രബിൾ? കാരണങ്ങളും ലക്ഷണങ്ങളും വിശദമാക്കുക? ഇതിനെ ഹൃദയാഘാതമായി തെറ്റിദ്ധരിക്കാറുണ്ടോ?

ഗ്യാസ്ട്രബിളിനെ ഒരു രോഗമെന്നു പറയാനാകില്ല. ഇത് ഡിസ്പെപ്സിയയുടെ ഒരു ലക്ഷണമാണ്. കുടലിലെത്തുന്ന ആഗിരണയോഗ്യമല്ലാത്ത ആഹാരങ്ങളിൽ നിന്നുമാണ് ഗ്യാസ് ഉടലെടുക്കുന്നത്. അധികവും 12 വയസ്സിനു മുകളിലുള്ളവരിലാണ് ഈ പ്രശ്നം കാണാറുള്ളത്.

ആഹാരത്തിനൊപ്പം ഉള്ളിലെത്തുന്ന ഗ്യാസാണ് പ്രധാനം. വയറിനുള്ളിലെ ബാക്ടീരിയ ആഹാരവുമായി പ്രതിപ്രവർത്തിച്ചും ഗ്യാസ് ഉണ്ടാകുന്നു. ആഹാരരീതി, ആഹാരസമയത്തിലെ കൃത്യതയില്ലായ്മ, ആഹാരം കഴിക്കാതിരിക്കുന്നത് ഇവയെല്ലാം ഗ്യാസ്ട്രബിളിനു കാരണമാകാം. എൻ എസ് എയ്ഡുകൾ പോലുള്ളവേദനാസംഹാരികൾ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുന്നതും കാരണമാണ്. സാധാരണവ്യക്തിയുടെ ശരീരത്തിൽ ദിവസവും 200 മി ലി ഗ്യാസ് ഉത്പാദിപ്പിക്കുന്നുണ്ട്.

അൾസർ, കാൻസർ, പിത്താശയത്തിലെയും പിത്തനാളിയിലെയും മുഴകൾ, ഹൃദയാഘാതം, ന്യൂമോണിയ ഇവയെല്ലാം ഗ്യാസ്ട്രബിളിന്റെ ഭാഗമായി വരാം. പുകവലിക്കാരും മദ്യപാനികളും പ്രമേഹരോഗികളും പ്രത്യേകം ശ്രദ്ധിക്കണം. നെഞ്ചുവേദനയും മറ്റും വന്നാൽ ഗ്യാസാണെന്നു കരുതി നിസ്സാരമാക്കരുത്. ഇ.സി.ജി പരിശോധന നിർബന്ധമായും ചെയ്ത് ഹൃദയാരോഗ്യം ഉറപ്പു വരുത്തണം. അന്നനാളവും ഹൃദയവും രൂപപ്പെടുന്നത് ഒരേസ്ഥാനത്തു നിന്നാണ്. വിയർപ്പ് ഛർദി, കൈയ്ക്കുവേദന എന്നീ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റേതുമാകാം. ഇ.സിജിയിലും ട്രെഡ്മിൽ പരിശോധനയിലും കുഴപ്പമില്ലെങ്കിൽ പിന്നീട് ഉദരരോഗചികിത്സ ചെയ്യണം.

കാർബോഹൈഡ്രറ്റ് കൂടുതലുള്ള ആഹാരം ഒഴിവാക്കണം. ഇവ വിഘടിച്ചാൽ ലഭിക്കുന്നത് കാർബൺ ഡൈഓക്സൈഡ് എന്ന ഗ്യാസും വെള്ളവുമാണ്. ഉദാ. കടല, പരിപ്പ്, ഉരുളക്കിഴങ്ങ്, പയർ, മരച്ചീനി, ദഹിക്കാത്ത ആഹാരം വൻകുടലിലെത്തി അവയെ ബാക്ടീരീയ വിഘടിപ്പിക്കുമ്പോഴും കാർബൺഡൈഓക്സൈഡ് ഉണ്ടാകുന്നു.

7. നവജാതശിശുക്കളിലെ ഗ്യാസ്പ്രശ്നം അപകടകരമാകുമെന്നു കേട്ടിട്ടുണ്ട് എന്താണു ശ്രദ്ധിക്കേണ്ടത്?

കുഞ്ഞുങ്ങളുടെ വായിൽ മുലക്കണ്ണ് കൃത്യമായി വച്ചുകൊടുത്തില്ലെങ്കിൽ കുഞ്ഞുങ്ങൾ വായു വലിച്ചെടുക്കാം. മാത്രമല്ല, തുടർന്ന് ഛർദിക്കാനും ശ്വാസകോശത്തിലേക്ക് പാൽ കയറി ആസ്പിരേഷൻ, ന്യൂമോണിയ പോലുള്ള പ്രശ്നങ്ങളുണ്ടാകാനുമിടയുണ്ട്. ഇത്തരം പ്രശ്നങ്ങൾ വന്നാൽ കുഞ്ഞിന്റെ ജീവൻ പോലും നഷ്ടമാകാം. അതിനാൽ ഓരോ തവണ കുഞ്ഞിനു പാലു നൽകിയ ശേഷവും കുഞ്ഞിനെ തോളിൽ കിടത്തി പുറത്തു തട്ടി ഗ്യാസ് കളയണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സജി സെബാസ്റ്റ്യൻ അസിസ്റ്റന്റ് പ്രഫസർ. ഹെഡ് ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മെഡിക്കൽ കോളേജ്, തൃശൂർ