Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുണ പറയുന്നത് നിങ്ങളുടെ തെറ്റല്ല, പിന്നെയോ?

lieing

നുണ പറയരുതെന്ന ഉപദേശം കേട്ടു വളരാത്തവര്‍ ഉണ്ടാകില്ല. എന്നാലും ചെറിയ കള്ളങ്ങള്‍ പോലു പറയാത്തവരായി ആരും കാണുകയില്ലെന്ന് ഉറപ്പ്. കള്ളങ്ങള്‍ ആദ്യമായി പറയുമ്പോള്‍ ഉണ്ടാകുന്ന കുറ്റബോധം പിന്നീട് പിന്നീട് കുറയുകയും ഇല്ലാതാവുകയും ഒക്കെ ചെയ്യും. ഇതിനുള്ള കാരണത്തിന് ശാസ്ത്രീയ വിശദീരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

കള്ളം പറയുമ്പോള്‍ അതിനനുസരിച്ച് പ്രതികരിക്കുന്നത് തലച്ചോറിലെ അമിഡ്ഗാലയാണ്. ആദ്യം ചെറിയ കള്ളങ്ങള്‍ പറയുമ്പോള്‍ ഈ അമിഡ്ഗാല നെഗറ്റീവ് വികാരങ്ങള്‍ തോന്നിക്കാന്‍ ഇടയാക്കുന്നു. ഇതാണ് കുറ്റബോധമായി തോന്നുന്നത്. എന്നാല്‍ കള്ളം പറയുന്ന ശീലം ആവര്‍ത്തിക്കുന്നതോടെ അമിഡ്ഗാല നെഗറ്റീവ് ഇമോഷന്‍സ് ഉത്പാദിപ്പിക്കുന്നത് കുറയും. ഇതോടൊപ്പം കള്ളം പറയുന്നതില്‍ തോന്നുന്ന കുറ്റബോധവും. വൈകാതെ എത്ര പെരും നുണ പറഞ്ഞാലും ഒരു കൂസലുമില്ലെന്ന അവസ്ഥയിലെത്തും.

നുണ പറയുന്നത് തെറ്റാണെന്ന ബോധം നമ്മിലുള്ളത് കൊണ്ടാണ് നുണ പറയുമ്പോള്‍ നെഗറ്റീവ് ഇമോഷന്‍സ് തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. നുണയെക്കുറിച്ച് സമൂഹം നല്‍കുന്ന അറിവ് ഇല്ലാതെ വളരുന്ന ഒരാള്‍ക്ക് ഈ വികാരങ്ങള്‍ ഉണ്ടാകണമെന്നില്ലെന്ന് പഠനം നടത്തിയ ലണ്ടന്‍ സർവകലാശാലയിലെ ഗവേഷകയായ ഡോക്ടര്‍ ടാലി ഷാരോട്ട് പറയുന്നു. ചെറുപ്പത്തില്‍ കുട്ടികള്‍ സ്വയം ഉണ്ടാക്കിപ്പറയുന്ന കാര്യങ്ങളില്‍ ആദ്യം കുറ്റബോധം തോന്നാത്തത് ഇത് കാരണമാണ്.

നേച്ചര്‍ ന്യൂറോ സയന്‍സ് മാസികയാണ് ഇത് സംബന്ധിച്ച പഠനത്തിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തുന്നത് കുറ്റാന്വേഷണങ്ങള്‍ പോലുള്ള രംഗങ്ങളില്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.