Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി നരയെ പേടിക്കേണ്ട

hair

ലണ്ടൻ ∙ ഭാവിയിൽ നര ഉണ്ടാവില്ല. ഇക്കാര്യം പറയുന്നത് ബ്രിട്ടനിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ്. തങ്ങൾ നടത്തിയ പരീക്ഷണത്തിനിടയിൽ ‘പ്രതിയെ പിടിച്ചതായി’ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിലെ ശാസ്ത്രജ്‍ഞർ വെളിപ്പെടുത്തുന്നു.

മെലാനിന്റെ കുറവാണു മുടി നരയ്ക്കാൻ കാരണമെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഐആർഎഫ്–4 എന്ന ജീൻ ആണു മുടിക്കു നിറം കൊടുക്കുന്നതെന്നും മനസ്സിലാക്കിയിരുന്നു. എന്നാൽ ആദ്യമായാണ് ഇതേ ജീൻ തന്നെയാണു നരയ്ക്കും കാരണമാകുന്നതെന്നു കണ്ടെത്തിയത്. കണ്ടെത്തൽ നടത്തിയ സംഘത്തിൽ ഇന്ത്യൻ വംശജനായ ഡോ. കൗസ്തുഭ് അധികാരിയുമുണ്ട്.

പ്രായമേറുന്നതിന്റെ ലക്ഷണമായാണു മുടി നരയ്ക്കുന്നതിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യ നര കാണുമ്പോൾ തന്നെ തളർന്നുപോകുന്നവരുണ്ട്. എന്നാൽ നരയുടെ കാരണം കണ്ടെത്തുന്നതോടെ അതു തടയാനുള്ള വഴിയും തെളിഞ്ഞതായാണു ശാസ്ത്രജ്ഞർ പറയുന്നത്. ‘മനുഷ്യരിൽ നരയുണ്ടാകുന്നതിന്റെ യഥാർഥ കാരണക്കാരനായ ജീനിനെ കണ്ടെത്തുന്നത് ആദ്യമായാണ്’– ഡോ. കൗസ്തുഭ് അധികാരി പറയുന്നു.

അനവധി ജീനുകളാണു മുടിയുടെ നിറത്തിനും ആരോഗ്യത്തിനും അടിസ്ഥാനം. ഇതിൽ നിന്നു നരയ്ക്കു കാരണമാകുന്ന ജീനിനെ വേർതിരിച്ചെടുത്തതോടെ നര തടയാൻ കഴിയുമെന്നു മാത്രമല്ല, നരച്ച മുടിക്കു പഴയ നിറം തിരിച്ചുകൊടുക്കാനും സാധിക്കും. അതിനു വേണ്ട ഉത്തേജനം നൽകാൻ വേണ്ട പ്രോട്ടീനോ എൻസൈമോ കണ്ടെത്താനും കഴിയും. അതേസമയം ഈ ജീനിന്റെ റോൾ 30% മാത്രമാണ്. പ്രായം, മാനസിക സമ്മർദം, മറ്റു സാഹചര്യങ്ങൾ എന്നിവയാണു നരയുടെ 70% കാരണം.

വിവിധ വിഭാഗക്കാരായ 6600 പേരുടെ ഡിഎൻഎ പരിശോധിച്ചാണു പരീക്ഷണം നടത്തിയത്. പ്രഫ. ആൻറെസ് റൂയിസ് ലിനാർസിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

Your Rating: